തദ്ദേശ തിരഞ്ഞെടുപ്പ്: പ്രവാസികൾ പ്രധാന വിഷയമായി മാറുന്നു

പ്രത്യേക പ്രതിനിധി

കോഴിക്കോട്: നാലുമാസത്തിനപ്പുറം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മലബാറിൽ കരുത്തു തെളിയിക്കാൻ ഒരു ഭാഗത്തു സിപിഎമ്മും മറുഭാഗത്തു യുഡിഎഫിലെ പ്രധാന കക്ഷികളായ കോൺഗ്രസ്സും മുസ്ലിംലീഗും കരുക്കൾ നീക്കിത്തുടങ്ങി. മലബാറിൽ പ്രവാസികളുടെ നേരെയുള്ള സർക്കാർ നിലപാടും വൈദ്യുതി ബില്ലിലെ  പകൽക്കൊള്ളയുമാണ് ഇതിനകം പ്രധാന പ്രശ്നങ്ങളായി ഉയർന്നുവന്നിരിക്കുന്നത്. അതില്‍ വൈദ്യുതി ബില്ലിലെ  പകൽക്കൊള്ളയുടെ കാര്യത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടാക്കാന്‍ നീക്കം നടക്കുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ ഗൾഫ് പ്രവാസികളുള്ള പ്രദേശങ്ങളിൽ പലതും മലബാറിലാണ്. അവരുടെ തിരിച്ചുവരവിന് മുന്നിൽ സർക്കാർ അനാവശ്യമായ കടമ്പകൾ വലിച്ചിടുകയാണ് എന്ന തരത്തിലുള്ള ചർച്ചകൾ ഇതിനകം തന്നെ വ്യാപകമായിക്കഴിഞ്ഞു. അതു ഗുരുതരമായ തിരിച്ചടി ഉണ്ടാക്കും എന്ന വിലയിരുത്തൽ സിപിഎമ്മിനകത്തും ഉണ്ടായി എന്നതിന്‍റെ  തെളിവാണ് പ്രവാസികൾക്ക് ട്രൂനാറ്റ് കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് കിറ്റുകൾ കേരള സർക്കാർ തന്നെ ലഭ്യമാക്കും എന്ന പുതിയ തീരുമാനം.

പ്രവാസികളുടെ തിരിച്ചുവരവും അവരുടെ ശേഷി കേരളത്തിൽ തന്നെ ഉപയോഗിക്കാനുള്ള ശ്രമങ്ങളും മുൻഗണനാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട അവസരമാണിത്. കാരണം ലക്ഷക്കണക്കിനു  പ്രവാസികളാണ് തൊഴിൽ നഷ്ടപ്പെട്ടും ഉള്ള തൊഴിൽ നിലവിലുള്ള പ്രതിസന്ധിയിൽ ഉപേക്ഷിച്ചും നാട്ടിലേക്കു വന്നുകൊണ്ടിരിക്കുന്നത്.വരും ആഴ്ചകളിൽ എണ്ണൂറിലേറെ  ഫ്‌ളൈറ്റുകളാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികളുമായി എത്തുന്നത്. സ്വകാര്യ  ചാർട്ടർ ഫ്‌ളൈറ്റുകൾ വേറെയുമുണ്ട്. ചില പ്രദേശങ്ങളിലെ  പ്രവാസികൾ ഒന്നിച്ചു ചാർട്ടർ ഫ്‌ളൈറ്റുകൾ എടുത്തു തിരിച്ചുവരുന്നുമുണ്ട്. മലപ്പുറത്തെ കൽപകഞ്ചേരി പഞ്ചായത്തിലെ പ്രവാസികൾ ഒരു ചാർട്ടർ ഫ്‌ളൈറ്റിൽ വെള്ളിയാഴ്ച കോഴിക്കോട്ട് എത്തുന്നത് ഉദാഹരണം. ഇങ്ങനെ പല  സംവിധാനങ്ങൾ ഉപയോഗിച്ച് പ്രവാസികൾ തിരിച്ചുവരികയാണ് .

പ്രവാസി സമൂഹത്തിന്‍റെ സമൃദ്ധിയുടെ കാലത്തു അവരുടെ തോളിൽ കയ്യിട്ടുനിന്ന സർക്കാരും ഭരണകക്ഷികളും ഇപ്പോൾ അവരെ കൈവിടുകയാണ് എന്ന തോന്നൽ ഇപ്പോൾ പ്രബലമാണ്. മുഖ്യമന്ത്രിയുടെ തന്നെ ചില നിലപാടുകളും പ്രഖ്യാപനങ്ങളും അത്തരം ഒരു വിലയിരുത്തലിലേക്കാണ് പ്രവാസി  കുടുംബങ്ങളെ നയിക്കുന്നത്. ലോക കേരള സഭയ്ക്ക് കോടികൾ മുടക്കിയ സർക്കാർ ഇപ്പോൾ പറയുന്നത് പ്രവാസികൾക്ക്  ക്വാറന്റൈൻ പോലും സ്വന്തം ചെലവിൽ  വേണമെന്നാണ്. പ്രവാസികളിൽ  വൻ പണക്കാരായ ചിലരെ മാത്രമാണ് സർക്കാർ യഥാർത്ഥത്തിൽ കണക്കിലെടുക്കുന്നത് എന്ന നേരത്തെയുള്ള വിലയിരുത്തൽ ശക്തിപ്പെടുത്തുന്ന പ്രസ്താവനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നത്.

 അതിനിടയിലാണ്  വെദ്യുതി ബില്ലിലെ ഇരുട്ടടി മിക്കവാറും എല്ലാ കുടുംബങ്ങളെയും ബാധിച്ചത്.  എത്ര ഗുരുതരമായ പ്രതിസന്ധിയാണ് പല കുടുംബങ്ങളും ഇന്ന് നേരിടുന്നത് എന്ന കാര്യത്തെപ്പറ്റി  സർക്കാരിനു ഒരു ധാരണയും ഇല്ലാത്ത മട്ടിലാണ് വൈദ്യുതി മന്ത്രി എം എം മണി പരാതികളോട് തുടക്കത്തിൽ പ്രതികരിച്ചത്. നാലും അഞ്ചും ഇരട്ടിയാണ് മിക്ക കുടുംബങ്ങൾക്കും കിട്ടിയ ബില്ലുകൾ.  തുടക്കത്തിൽ തന്നെ പരാതികൾ പരിഹരിക്കാൻ ശ്രമം നടത്തുന്നതിന് പകരം അമിതമായ വൈദ്യുതി ഉപഭോഗമാണ് പ്രശ്നത്തിന് കാരണം എന്ന ന്യായമാണ് സർക്കാരും വൈദ്യുതി ബോർഡും എടുത്തത് . വേനലിൽ അധിക ഉപഭോഗം കേരളത്തിലാദ്യമല്ല. പക്ഷേ നാലു മാസത്തെ ബില്ല് ഒന്നിച്ചു നൽകുന്നത് ആദ്യമാണ്. അതിനാലാകട്ടെ , സ്ലാബ് മാറുന്നതു വഴിയുള്ള അമിത ചാർജുമുണ്ട്. പക്ഷേ അതൊന്നും തുടക്കത്തിൽ സർക്കാർ  പരിഗണിച്ചില്ല. ഇപ്പോൾ 200 കോടിയുടെ ചാർജ് സബ്സിഡി വഴി തലയൂരാനാണ്  ശ്രമം. കെടുകാര്യസ്ഥതയുടെ ഉദാഹരണമായാണ് പലരും അതിനെ കാണുന്നത്.

പ്രതിപക്ഷം അതു മുതലെടുക്കാനുള്ള സംഘടിത നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രവാസി , വൈദ്യുതി വിഷയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിപക്ഷ പ്രക്ഷോഭങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ജനപങ്കാളിത്തമുണ്ടായി. പ്രവാസി വിഷയത്തിൽ സർക്കാർ നിലപാട് വിശദീകരിക്കാൻ ഇടതുപക്ഷത്തു ആരുമില്ല  എന്ന ദയനീയ സ്ഥിതിയാണ് നിലവിലുള്ളത്. മലബാറിൽ  പ്രവാസി സമൂഹത്തിൽ സ്വാധീനമുള്ള സിപിഎം നേതാക്കളിൽ പലരും ഇതിനകം തന്നെ ലീഗിൽ എത്തിക്കഴിഞ്ഞു.  സിപിഎം നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനയാകട്ടെ , നേതാക്കൾക്ക് വേണ്ടപ്പെട്ടവരെ കുടിയിരുത്താനുള്ള ഒരു സംവിധാനം മാത്രമായാണ് പ്രവർത്തിക്കുന്നത്. അതേസമയം ലീഗിന്‍റെ കെഎംസിസി, പോപ്പുലർ ഫ്രണ്ടിന്‍റെ ഫ്രറ്റേർണിറ്റി ഫോറം ,  ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകൾ  തുടങ്ങിയ പ്രസ്ഥാനങ്ങൾ ഗൾഫിലും കേരളത്തിലും പ്രവാസികൾക്കിടയിൽ സജീവമാണ്. എല്ലാവരും പ്രവാസി കാര്യത്തിൽ സർക്കാരിനോട് അതൃപ്തി ഉള്ളവരുമാണ്

ഇതിന്‍റെ ഭാഗമായി , ഇത്തവണ മലബാറിൽ മുസ്ലിം വോട്ടുകൾ ഭിന്നിക്കുന്നതു ഒഴിവാക്കാനുള്ള ചർച്ചകളും പലതലത്തിൽ നടക്കുന്നുണ്ട്. പ്രാദേശിക തലത്തിൽ ഇതു നേരത്തെയും പതിവുള്ളതാണ്. എന്നാൽ ഇത്തവണ കൂടുതൽ  സംഘടിതമായി വോട്ടുകൾ സമാഹരിക്കാനുള്ള ചർച്ചകൾ നേതൃതലത്തിലും നടക്കുന്നുണ്ട് . ഇക്കാര്യം ലീഗ് ജനറൽസെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തന്നെ കഴിഞ്ഞ ദിവസം സൂചിപ്പിച്ചു . ജമാഅത്ത് പിൻതുണയുള്ള വെൽഫേർ പാർട്ടിയുമായി ചർച്ച നടക്കുന്നു എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. മുൻതിരഞ്ഞെടുപ്പുകളിൽ ശക്തമായ ജനപിന്തുണ തെളിയിച്ച പോപ്പുലർ ഫ്രണ്ടിന്‍റെ എസ്ഡിപിഐ വോട്ടുകളും പ്രതിപക്ഷനിരയിൽ ഒന്നിപ്പിക്കാനുള്ള

ശ്രമങ്ങളുണ്ട്. അതിനോട് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എളമരം കരീം പോലുള്ള ചില നേതാക്കളും  പ്രതികരിച്ചതു ലീഗ് തീവ്രവാദികളുമായി കൂട്ടുകൂടുന്നു എന്ന മട്ടിലാണ്. ഇതു മുസ്ലിം പിൻതുണ ഉറപ്പിക്കാൻ   സിപിഎമ്മിനെ സഹായിക്കുകയില്ല. പൗരത്വ വിഷയം പോലുള്ള പ്രശ്നങ്ങളിൽ സമീപ കാലത്തു നടന്ന പ്രക്ഷോഭങ്ങളിൽ  സമുദായത്തിലെ വിവിധ സംഘടനകൾ ഒന്നിച്ചു നിന്നാണ് പ്രക്ഷോഭ രംഗത്തു ഇറങ്ങിയത് . മുസ്ലിം സമുദായം ഇന്നു നേരിടുന്ന പ്രതിസന്ധിയിൽ ഭിന്നതകൾ മാറ്റിവെച്ചു ഒന്നിച്ചു നിൽക്കണം എന്ന വികാരത്തിനാണ് ഇപ്പോൾ മേൽകൈയുള്ളത് . അതു തിരിച്ചറിയാതെയാണ് സിപിഎം തന്ത്രങ്ങൾ മെനയുന്നത് എന്ന് സംശയിക്കണം

Leave a Reply