തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്തത് എസ്ഡിപിഐ

 

കോഴിക്കോട്: കേരളത്തിലെ മുസ്ലിം സമുദായത്തിൽ  വേരുകളുള്ള പാർട്ടികളിൽ മുസ്ലിംലീഗിന്റെ പൂർണ ആധിപത്യത്തെ ചോദ്യം ചെയ്തു സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ )ഉയർന്നുവരുന്ന ചിത്രമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ കാണുന്നത്.

കോർപറേഷൻ, മുനിസിപ്പൽ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി ഏഴു സ്വാതന്ത്രരടക്കം 102 സ്ഥാനാർത്ഥികളെ ഇത്തവണ വിജയിപ്പിക്കാൻ എസ്ഡിപിഐയ്ക്ക് സാധ്യമായി. പലയിടങ്ങളിലും സിപിഎം അടക്കമുള്ള എൽഡിഎഫ്  കക്ഷികളുമായി  തന്ത്രപരമായ യോജിപ്പിൽ എത്തിയാണ് പാർട്ടി വോട്ടുകൾ വിനിയോഗിച്ചതെന്ന് തിരഞ്ഞെടുപ്പു ഫലങ്ങൾ വ്യക്തമാക്കുന്നുണ്ട്. യുഡിഎഫിലെ  മുഖ്യകക്ഷിയായ ലീഗ് കഴിഞ്ഞാൽ വെൽഫയർ പാർട്ടി, ഐഎൻഎൽ തടുങ്ങിയ കക്ഷികളേക്കാൾ  സീറ്റുകളും വോട്ടും നേടി എസ്ഡിപിഐയാണ് മുന്നിൽ നില്കുന്നത്. ജമാഅത്തെ ഇസ്ലാമി ആഭിമുഖ്യമുള്ള വെൽഫയർ  പാർട്ടിക്കു യുഡിഎഫിലെ കോൺഗ്രസ്സ് ,ലീഗ് കക്ഷികളുമായി നീക്കുപോക്കുകൾ ഉണ്ടായിട്ടും നേടാൻ കഴിഞ്ഞത് 27 സീറ്റുകളാണ്. എൽഡിഎഫിലെ ഘടകകക്ഷിയായ ഐഎൻഎൽ   നേടിയത് 29 സീറ്റുകളും.  മുസ്ലിം സമുദായത്തിൽ ലീഗിനോടു വിയോജിക്കുന്നവർ പോപ്പുലർ ഫ്രണ്ട് ആഭിമുഖ്യമുള്ള എസ്ഡിപിഐയുമായി അടുക്കുകയാണെന്നു വോട്ടെടുപ്പു ഫലങ്ങൾ വ്യക്തമാക്കുന്നു.

പ്രധാനമായി മലബാറിൽആധിപത്യം പുലർത്തുന്ന  മുസ്ലിംലീഗിൽ നിന്ന്  വ്യത്യസ്തമായി തെക്കൻ കേരളത്തിലെ മുസ്ലിം സ്വാധീനമേഖലകളിലും എസ്ഡിപിഐ കാര്യമായ നേട്ടങ്ങളുണ്ടാക്കിയതായി അതിന്റെ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരം , കൊല്ലം ,കോട്ടയം ,ആലപ്പുഴ ,കണ്ണൂർ  ജില്ലകളിൽ പാർട്ടിക്ക് പത്തു സീറ്റുകളിലധികം വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇരുനൂറോളം സീറ്റുകളിൽ പാർട്ടി രണ്ടാം സ്ഥാനത്തു എത്തിയെന്നും നേതാക്കൾ അവകാശപ്പെടുന്നു. 

ബിജെപിയുടെ വിജയം തടയുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ പിന്തുണ സിപിഎം അടക്കമുള്ള ഇടതുപക്ഷ കക്ഷികൾക്ക് നല്കിയതായി എസ്ഡിപിഐ നേതൃത്വം പറയുന്നു. കഴിഞ്ഞ തവണ കോഴിക്കോട് കോർപറേഷനിൽ ബിജെപി വിജയിച്ച ബേപ്പൂർ ,ബേപ്പൂർ പോർട്ട്,മാറാട് ഡിവിഷനുകളിൽ   ഇത്തവണ അവരെ തോല്പിക്കാനായി തങ്ങൾ സിപിഎമ്മിനു പിന്തുണ നൽകിയതായി പാർട്ടി പറയുന്നു. കണ്ണൂർ ജില്ലയിലും  കോഴിക്കോട്ടു അഴിയൂർ അടക്കമുള്ള പ്രദേശങ്ങളിലും ഇത്തരം നീക്കങ്ങൾ നടന്നിട്ടുണ്ട്. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *