ട്രംപിന് പുതിയ ഭീഷണി; ബോൾട്ടൻ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ

പ്രത്യേക പ്രതിനിധി

ന്യൂയോർക്ക്: ട്രംപ് ഭരണകൂടത്തിലെ ആഭ്യന്തര വിവരങ്ങൾ വെളിപ്പെടുത്തുന്ന ദേശീയ മുൻ  സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്‍റെ അടുത്തയാഴ്‌ച പുറത്തിറങ്ങുന്ന പുസ്തകം തടയാൻ അമേരിക്കൻ ഭരണകൂടം കോടതിയെ സമീപിച്ചു. പുസ്തകത്തിൽ  ബോൾട്ടൻ വെളിപ്പെടുത്തുന്ന വിവരങ്ങൾ നവംബറില്‍  നടക്കുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ ക്ഷീണമുണ്ടാക്കുമെന്നു നിരീക്ഷകർ വിശ്വസിക്കുന്നു.

വിവാദ പുസ്തകത്തിൽ നിന്നുള്ള ചില  ഭാഗങ്ങൾ ഇന്നലെ ന്യൂയോർക്ക് ടൈംസ്വാഷിങ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേർണൽ എന്നീ പത്രങ്ങൾ പ്രസിദ്ധീകരിച്ചു. ട്രംപിനെ ശക്തിയായി വിമർശിക്കുന്ന പുസ്തകത്തിൽ ,അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാനായി ചൈന സഹായിക്കണമെന്ന് അദ്ദേഹം ചൈനീസ് പ്രസിഡനറും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായ ഷി ജിൻ പിങ്ങിനോട് നേരിട്ട് അഭ്യർത്ഥിച്ചതായി ആരോപിക്കുന്നുണ്ട്. ചൈനീസ് നേതാവിന്‍റെ അമേരിക്കൻ  പര്യടനത്തിനിടയിലാണ് സംഭവം എന്ന്  ദി റൂം വേർ ഇറ്റ് ഹാപ്പെൻഡ്: വൈറ്റ് ഹൌസ്  മെമ്മോയർ എന്ന പുസ്തകത്തിൽ ബോൾട്ടൻ വിവരിക്കുന്നു.

ട്രംപിനെ പുകഴ്ത്തിയ ഏകാധിപതികൾക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾ മരവിപ്പിക്കാനും അദ്ദേഹം തയ്യാറായതായി മുൻ സുരക്ഷാ ഉപദേഷ്ടാവ് ആരോപിക്കുന്നു.  വെനിസ്വേലയെ ആക്രമിക്കാനും ട്രംപ് പദ്ധതിയിട്ടിരുന്നു. ഹ്യൂഗോ ഷാവേസിന്റെ മരണശേഷം  നിക്കോളാസ് മദുറോ ഭരണത്തിൽ അവിടെ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ട അവസരത്തിലാണ് വെനിസ്വേലയെ ആക്രമിക്കുന്നത് ട്രംപ് പരിഗണിച്ചത്. ആ രാജ്യം  അമേരിക്കയുടെ ഭാഗമാണെന്നാണ് ട്രംപ് തന്‍റെ നിലപാടിന് ന്യായീകരണമായി പറഞ്ഞത്.

ചൈനയിൽ വൈഗുർ മുസ്ലിംകളെ തടങ്കൽ പാളയങ്ങളിൽ അടക്കുന്ന സർക്കാർ നയങ്ങളെ അമേരിക്കയും മറ്റു രാജ്യങ്ങളും വിമർശിക്കുമ്പോൾ തന്നെ ട്രംപ് അതിനെ ന്യായീകരിച്ചതായും ബോൾട്ടൻ പറയുന്നു .അതാണ് ശരിയായ നടപടി എന്ന് ഷി ജിൻ പിങ്ങുമായുള്ള  കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു എന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറയുന്നത്. തന്‍റെ  തിരഞ്ഞെടുപ്പു വിജയത്തിന് ചൈനയുടെ പിന്തുണ ഉറപ്പിക്കുക മാത്രമായിരുന്നു ട്രംപിന്‍റെ ലക്‌ഷ്യം.

തിരഞ്ഞെടുപ്പിൽ എതിരാളി ജോ ബൈഡനും മകനുമെതിരെ ഉക്രൈനിൽ നിന്ന് വിവരങ്ങൾ ചോർത്താൻ ട്രംപ് നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ വിദേശശക്തികളെ ഇടപെടാൻ അനുവദിക്കുന്നത് അമേരിക്കൻ നിയമപ്രകാരം കുറ്റകരമാണ്. അതിനാൽ അമേരിക്കൻ കോൺഗ്രസ്സ് ട്രംപിനെ  കുറ്റവിചാരണ നടത്തുകയും ചെയ്തു. സെനറ്റിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഇമ്പീച്ച്മെന്റെ  പ്രമേയം തള്ളപ്പെടുകയായിരുന്നു. പക്ഷേ ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്‍റെ പിന്തുണ  തേടിയത് സംബന്ധിച്ച ആരോപണം കോൺഗ്രസ്സ് പരിശോധിച്ചിരുന്നുവെങ്കിൽ സ്ഥിതി മാറുമായിരുന്നു എന്നും ബോൾട്ടൻ പറയുന്നു.

പക്ഷേ  വിചാരണാ വേളയിൽ കോൺഗ്രസ്സിന് മുന്നിൽ തെളിവു നൽകാൻ  ബോൾട്ടൻ വിസമ്മതിക്കുകയായിരുന്നു എന്നു വിചാരണയ്ക്ക് നേതൃത്വം നൽകിയ ഡെമോക്രാറ്റിക്‌ കക്ഷി നേതാവ് ആദം ഷിഫ്‌ ചൂണ്ടിക്കാട്ടി. അന്നു കോൺഗ്രസ്സിന് മുന്നിൽ വിവരം വെളിപ്പെടുത്താൻ  തയ്യാറാകാതെ അതു പുസ്തകമാക്കാനാണ് ബോൾട്ടൻ തയ്യാറായത്. അദ്ദേഹം ഗ്രന്ഥകാരനായിരിക്കാം; പക്ഷേ ദേശസ്നേഹിയാണെന്നു പറയാനാവില്ല –ഷിഫ്‌ മാധ്യമങ്ങളോട് പറഞ്ഞു.  ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ പദവിയിൽ നിന്നും കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ട്രംപ് ബോൾട്ടനെ പുറത്താക്കിയത്. ട്രംപ് ഭരണകൂടത്തിലെ   ഏറ്റവും പ്രമുഖരിൽ ഈയാഴ്ച്ച ഇതു രണ്ടാമത്തെ ആളാണ് ട്രംപിനെതിരെ ശക്തമായി രംഗത്തു വരുന്നത്. മുൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്‌ ട്രംപ് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന പ്രസിഡന്റാണ് എന്ന് സി എൻ എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെട്ടിത്തുറന്നു പറഞ്ഞു

Leave a Reply