കൊവിഡ് നയതന്ത്രത്തിൽ ഇന്ത്യയും ചൈനയും മത്സരിക്കുന്നു

പ്രത്യേക പ്രതിനിധി

ന്യൂദൽഹി: ഏഷ്യൻ രാജ്യങ്ങളിലും ഇന്ത്യാസമുദ്ര പ്രദേശങ്ങളിലെ രാജ്യങ്ങളിലും കൊറോണാ വൈറസ്ഭീഷണിയെ നേരിടുന്നതിന് സഹായിക്കുന്ന കാര്യത്തിൽ മേഖലയിലെ പ്രധാന ശക്തികളായ ഇന്ത്യയും ചൈനയും തമ്മിൽ നിശ്ശബ്ദ മത്സരം നടക്കുകയാണ്. ചൈനയിലാണ് ഡിസംബർ അവസാനത്തിൽ കോവിഡ് വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്.  അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകരാജ്യങ്ങളിൽ നിന്നു തുടക്കത്തിൽ മറച്ചുവെച്ചു എന്ന ഗുരുതരമായ ആരോപണവും ചൈന നേരിടുന്നു. അതിനാൽ ലോകരംഗത്തെ നയതന്ത്ര യുദ്ധത്തിൽ വിജയം നേടാൻ മറ്റു രാജ്യങ്ങളുടെ പിന്തുണയും സഹായവും അനിവാര്യമാണെന്ന് ചൈന നിരീക്ഷിക്കുന്നു. ചൈനയിൽ വൈറസിനെതിരെ അധികൃതർ പോരാടുന്ന അവസരത്തിൽ തന്നെ ഇറ്റലി അടക്കം രോഗബാധ വ്യാപകമായ രാജ്യങ്ങളിലേക്ക് മെഡിക്കൽ സംഘങ്ങളെയും ആരോഗ്യപ്രവർത്തകർക്കു പ്രതിരോധ കവചം അടക്കമുള്ള ഉപകരണങ്ങളും നൽകി ചൈന മാതൃക കാണിച്ചിരുന്നു.

ഇന്ത്യ തുടക്കത്തിൽ  രോഗപ്രതിരോധത്തിൽ ദേശവ്യാപകമായ അടച്ചിടൽ അടക്കമുള്ള നടപടികൾ സ്വീകരിച്ചുവെങ്കിലും രാജ്യത്തു രോഗം മാരകമായി വർധിക്കുന്ന പ്രതിസന്ധിഘട്ടത്തിലാണ്. ലോകത്തു  വ്യാപനത്തിന്റെ വേഗതയിൽ അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ; പ്രതിദിന മരണനിരക്കിൽ നാലാമതും. മുന്നിൽ ബ്രസീലും അമേരിക്കയും മെക്സിക്കോയും മാത്രം. അങ്ങനെ ആഭ്യന്തരമായി രോഗത്തെ ചെറുക്കുന്നതിൽ മോശം പ്രകടനമാണ് ഇന്തയുടേതെങ്കിലും അയൽക്കാരെ കോവിഡ്  പ്രതിരോധ സഹായങ്ങളിലൂടെ ആകർഷിക്കാനാണ് ഇന്ത്യയും ശ്രമിക്കുന്നത്.

 രണ്ടു രാജ്യങ്ങൾക്കും ഇടയിലുള്ള നേപ്പാളിലാണ് കോവിഡ് നയതന്ത്രം ഇപ്പോൾ കാര്യമായി മാറ്റുരക്കുന്നത്. ചൈനയും ഇന്ത്യയും അങ്ങോട്ട് മെഡിക്കൽ സംഘങ്ങളെ അയക്കാൻ  സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ മെഡിക്കൽ സംഘങ്ങളെ തത്കാലം വേണ്ടെന്നും രോഗപ്രതിരോധത്തിന് സഹായകമായ മെഡിക്കൽ കിറ്റുകൾ അടക്കമുള്ള ഉപകരണങ്ങളാണ് തങ്ങൾക്കു വേണ്ടതെന്നും നേപ്പാൾ ഇരുരാജ്യങ്ങളെയും അറിയിച്ചു. രോഗത്തെ നേരിടാൻ തങ്ങളുടെ മെഡിക്കൽ സംഘങ്ങൾ പര്യാപ്തമാണെന്നും എന്നാൽ മരുന്നുകളുടെയും ഉപകരണങ്ങളുടെയും അഭാവമാണ് തങ്ങളെ അലട്ടുന്നതെന്നും നേപ്പാൾ പ്രധാനമന്ത്രി കെ പി ഒലി മാധ്യമങ്ങളോട് പറഞ്ഞു.

 ഏഷ്യയിലെ മറ്റു രാജ്യങ്ങളിലും ഇന്ത്യയും ചൈനയും സഹായ വാഗ്‌ദാനവുമായി രംഗത്തുണ്ട്. സാർക് രാജ്യങ്ങളിൽ ഉൾപ്പെട്ട  ഇന്ത്യ, പാകിസ്ഥാൻ, മാലദ്വീപ് , ശ്രീലങ്ക, അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലായി ഇപ്പോൾ ആറു  ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്‌. ലോകത്തെ മൊത്തം 79 ലക്ഷം കേസുകളിൽ ഏഴര ശതമാനമാണ് ഈ എട്ടു രാജ്യങ്ങളിലുമായി ഉള്ളത്. മൊത്തം മരണങ്ങളിൽ മൂന്നു ശതമാനം ഇവിടെയാണ്.

രോഗബാധ വർധിക്കുന്ന അവസ്ഥയിലാണ് മിക്ക സാർക്ക് രാജ്യങ്ങളും. ഇന്ത്യയിൽ നവമ്പർ മദ്ധ്യംവരെ കേസുകളുടെ എണ്ണം വർധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനിടയിൽ പാകിസ്ഥാൻ  ഒഴികെയുള്ള സാർക് രാജ്യങ്ങളിലേക്ക്‌ സഹായമെത്തിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു.  ചൈന ഈ മേഖലയിലും പുറത്തുമുള്ള 27 രാജ്യങ്ങളിൽ സഹായം എത്തിച്ചിട്ടുണ്ട്. അതിൽ 29 വൈദ്യസഹായ സംഘങ്ങളും ഉൾപ്പെടുന്നു. ഹെൽത്ത് സിൽക്ക് റോഡ് എന്നാണ് ഈ  സഹായ പദ്ധതിയെ ചൈന വിളിക്കുന്നത്.  പാകിസ്ഥാൻ, മ്യാന്മാർ, ലാവോസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ചൈനയുടെ മെഡിക്കൽ സംഘങ്ങൾ പ്രവർത്തിക്കുന്നു. ഇന്ത്യയുടെ മെഡിക്കൽ സംഘങ്ങൾ മാലദ്വീപ്, മൗറീഷ്യസ്, കൊമോറോസ്, കുവൈറ്റ്‌ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ പ്രവർത്തന രംഗത്തുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ റാപിഡ് റെസ്പോൺസ് ടീമിന്റെ ഭാഗമായ മെഡിക്കൽ സംഘങ്ങളാണ് വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നത്. ചൈനയുടെ സഹായപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് അവരുടെ  പീപ്പിൾസ് ലിബറേഷൻ ആർമിയാണ്.

Leave a Reply