2020 ചരിത്രത്തിലെ ദുരന്തങ്ങളുടെ വർഷം: നുറിയേൽ റൂബിനി

ന്യൂയോർക്ക് : 2020 ലോക ചരിത്രത്തി‍ലെ ദുരന്തങ്ങളുടെ വർഷമായി അറിയപ്പെടുമെന്നു പ്രശസ്ത അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ നുറിയേൽ റൂബിനി അഭിപ്രായപ്പെട്ടു. കൊറോണാവൈറസ്  ഉണ്ടാക്കിയ സാമ്പത്തിക ആഘാതവും അതിന്റെ ഭാഗമായി ഉയരുന്ന സാമൂഹിക സംഘർഷങ്ങളും  അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അടക്കമുള്ള സമ്പന്ന രാജ്യങ്ങളെ വൻ പ്രതിസന്ധിയിലേക്ക് നയിക്കും.  ലോക സമ്പദ് ഘടനയിൽ വന്നു കൊണ്ടിരിക്കുന്ന തിരിച്ചടിയിൽ നിന്ന് കരകേറാൻ വർഷങ്ങൾ എടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രമുഖ ജർമൻ പ്രസിദ്ധീകരണമായ ദേർ സ്പീഗലിനു നൽകിയ  അഭിമുഖത്തിലാണ് ലോകത്തെ ഏറ്റവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരിൽ മുന്നിൽ നിൽക്കുന്ന റൂബിനി തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്. ന്യൂയോർക്കിലെ സ്റ്റെൺ സ്‌കൂൾ ഓഫ് ബിസിനസ് പ്രഫസറായ റൂബിനിയാണ് 2008ൽ ലോകം നേരിട്ട വൻ തകർച്ചയെക്കുറിച്ചു ആദ്യം മുന്നറിയിപ്പ് നൽകിയത്. കോവിഡ് ആഘാതം ലോകസമ്പദ് ഘടനയെ ഗുരുതരമായി ബാധിക്കും എന്നു ആദ്യം ചൂണ്ടിക്കാട്ടിയവരിൽ ഒരാളുമാണ് അദ്ദേഹം.

സാമ്പത്തിക തകർച്ചയും അതുണ്ടാക്കിയ വമ്പിച്ച തൊഴിൽ നഷ്ടവും പെട്ടെന്നൊന്നും പരിഹരിക്കപ്പെടുകയില്ല എന്നു റൂബിനി വ്യക്തമാക്കി. കൂടുതൽ തൊഴിലുകൾ  വരും ദിവസങ്ങളിൽ നഷ്ടമാവും. സാധാരണക്കാർ ജോലി ചെയ്യുന്ന മേഖലകളിലാണ് അതു കൂടുതൽ വ്യാപിക്കുക.  ഉദാഹരണത്തിന് അമേരിക്കയിലെ ചെറുകിട, ഇടത്തരം ഹോട്ടലുകളിൽ പകുതിയിലേറെയും പൂട്ടേണ്ടിവരും. അടച്ചിടലിന്റെ ആഘാതം അവയ്ക്കു  താങ്ങാനാവില്ല. ഇതുതന്നെയാണ് മറ്റുരാജ്യങ്ങളിലും സംഭവിക്കാൻ പോകുന്നത്. സർക്കാർ സഹായം കൊണ്ടു വിവിധ മേഖലകളിലെ  തകർച്ച മറികടക്കനാവില്ല. അതിനാൽ കൂടുതൽ ആളുകൾ കൂടുതൽ ദുരിതങ്ങളെ നേരിടാൻ പോവുകയാണ്. പ്രതിസന്ധിയുടെ ആദ്യനാളുകളിൽ  വൻ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങൾ ജനങ്ങൾക്ക് നൽകിയ ആനുകൂല്യങ്ങൾ ഏതാനും മാസങ്ങൾക്കകം അവസാനിക്കും. എന്നാൽ അപ്പോഴും ജനജീവിതം സാധാരണ നിലയിൽ എത്തുകയില്ല. അതിനാൽ വളരെ സംഘർഷ ഭരിതമായ ഒരു ലോകമാണ് ഇനിയുള്ള നാളുകളിൽ നമ്മൾ കാണുക.

ലോകത്തെ വിവിധ രാജ്യങ്ങളിൽ വംശീയതയുടെയും പോലീസ് അതിക്രമത്തിന്റെയും പേരിൽ നടക്കുന്ന പ്രക്ഷോഭത്തിന്‌ ഇതും ഒരു  കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ  നഗരങ്ങളിൽ അലയടിക്കുന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിൽ കറുത്തവർ മാത്രമല്ല അണിചേരുന്നത്; പ്രക്ഷോഭകരിൽ ചുരുങ്ങിയത് മൂന്നിലൊന്നു വെള്ളക്കാരായ യുവാക്കളാണ്. തങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളും സാമൂഹികമായ അസ്വസ്‌ഥതകളുമാണ് അവരെ തെരുവിലിറക്കുന്നത്.

ഇന്നത്തെ പ്രതിസന്ധിയുടെ മുഖ്യ ഗുണഭോക്താക്കൾ വൻകിട കമ്പനികളും ആഗോള കോർപറേഷനുകളുമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ സ്ഥിതി കൂടുതൽ ഭദ്രമാവും; സാധാരണ ജനങ്ങൾ കൂടുതൽ ദുരിതത്തിലാവും. അമേരിക്കയും യൂറോപ്പുമടക്കം വൻസാമ്പത്തിക ശക്തികളും ഈ പ്രതിസന്ധി നേരിടും.   

ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന അസംതൃപ്തി നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയുണ്ടാക്കും. പക്ഷേ തിരഞ്ഞെടുപ്പിൽ തോറ്റാലും  അധികാരത്തിൽ നിന്ന് വിട്ടൊഴിയാൻ അദ്ദേഹം വിസമ്മതിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. തപാൽ വോട്ടു അംഗീകരിച്ചാൽ വോട്ടെടുപ്പിൽ കൃത്രിമം നടക്കും എന്ന ട്രംപിന്റെ വാദം അതിനുള്ള തയ്യാറെടുപ്പാണ്. വേണ്ടിവന്നാൽ തന്റെ അനുയായികളായ തീവ്ര വലതുപക്ഷ വിഭാഗങ്ങളെ ആയുധവുമായി തെരുവിലിറങ്ങാൻ അദ്ദേഹം പ്രേരിപ്പിക്കും. തിരഞ്ഞെടുപ്പു പരാജയത്തിന് അദ്ദേഹം ചൈനയേയോ റഷ്യയേയോ കുറ്റപ്പെടുത്തും; അവരുടെ ഇടപെടൽ എതിരാളിക്ക് അനുകൂലമായി ഉണ്ടായി എന്നു വാദിക്കും. മാധ്യമങ്ങളെ കുറ്റപ്പെടുത്തും. അക്രമത്തിനും  തയ്യാറാവും. അതുകൊണ്ടാണ് ആയുധം കൈവശം വെക്കാൻ അമേരിക്കൻ ഭരണഘടന പൗരനു അനുമതി നൽകുന്നു എന്നദ്ദേഹം  അനുയായികളെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇത് ഈ വർഷം അവസാനം അമേരിക്ക നേരിടാൻ പോകുന്ന ഒരു പ്രതിസന്ധിയാണ്. അധികാര കൈമാറ്റത്തിനു സായുധ പോരാട്ടം ഒഴിവാക്കണമെങ്കിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ വമ്പിച്ച ഭൂരിപക്ഷത്തിനു ജയിക്കണം. നേരിയ  ഭൂരിപക്ഷമാണ് ബൈഡനു ലഭിക്കുന്നതെങ്കിൽ തെരുവിൽ രക്തച്ചൊരിച്ചിൽ ഉറപ്പാണ്.

ആഗോളവൽക്കരണ പ്രക്രിയ  ഇപ്പോൾ  പിന്നാക്കം പോവുകയാണ്. ചൈനയിലെയും  ഇന്ത്യയിലെയും മറ്റു വികസ്വര രാജ്യങ്ങളിലെയും 250 കോടി തൊഴിലാളികളെ ചൂഷണം ചെയ്താണ് ഇത്രയും കാലം വൻശക്തി രാജ്യങ്ങൾ നേട്ടമുണ്ടാക്കിയത്. ഇപ്പോൾ പല കാരണങ്ങളാൽ അത്  പിന്നോട്ടടിക്കുകയാണ്. ഉല്പാദന പ്രക്രിയയിൽ മാറ്റം വരുന്നു. കമ്പനികൾ കൂടുതൽ ആഭ്യന്തര ഉല്പാദന പ്രക്രിയകൾ അവലംബിക്കുന്നു. ചൈനയുമായും മറ്റുമുള്ള വ്യാപാര തർക്കങ്ങളും ഇതു കൂടുതൽ രൂക്ഷമാക്കുന്നുണ്ട്. അതിന്റെ ഒരു ഫലം വരാൻ പോകുന്ന ഗുരുതരമായ വിലക്കയറ്റമാണ്. ഒരേസമയം  തൊഴിൽ നഷ്ടവും വരുമാന നഷ്ടവും;  അതോടൊപ്പം കടുത്ത വിലക്കയറ്റം. അതാണ് സമ്പദ്ഘടനയിൽ ഇനി കാണാൻ പോകുന്ന അവസ്ഥ. അതിനു ഉദാഹരണമായി ഫൈവ് ജി ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെ പേരിൽ നടക്കുന്ന തർക്കങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ ഉപകരണങ്ങൾ പാടില്ല എന്നാണ് അമേരിക്ക പറയുന്നത്. സഖ്യ രാജ്യങ്ങളെയും അതു ഉപയോഗിക്കുന്നതു തടയാൻ നിർബന്ധിക്കുന്നു. എന്നാൽ ചൈനീസ്  ഹുവായി കമ്പനിയുടെ സാങ്കേതിക ഉല്പന്നനങ്ങളെക്കാൾ 30ശതമാനം വില കൂടുതലാണ് നോക്കിയ, എറിക്‌സൺ തുടങ്ങിയ പാശ്ചാത്യ കമ്പനികളുടെ സാങ്കേതിക വിദ്യയ്ക്ക്. മാത്രമല്ല, അവയുടെ ശേഷി ചൈനീസ് കമ്പനിയുടേതിനേക്കാൾ 20 ശതമാനം കുറവുമാണ്. ഫൈവ് ജി സാങ്കേതികവിദ്യ സകല രംഗങ്ങളിലും ഇനിയങ്ങോട്ട് അനിവാര്യമാണ്. അടുക്കളയും കാറുകളും ഓഫീസുകളും ആശുപത്രികളും  എല്ലാം അതിലൂടെ  നിരന്തരം ബന്ധപ്പെടും. പക്ഷേ ചൈനയുടേതിനേക്കാൾ  വളരെ ഉയർന്ന വില ഓരോ ഉല്പന്നത്തിനും കൊടുക്കേണ്ടിവരും. അതിന്റെ ഫലം വമ്പിച്ച വിലക്കയറ്റവും നാണയപ്പെരുപ്പവുമാണ്.  അതുണ്ടാക്കുന്ന സാമ്പത്തിക അസമത്വങ്ങൾ ചെറുതാവില്ല.

അഭിമുഖത്തതിന് ഒടുവിൽ താങ്കൾക്ക് പ്രതീക്ഷ നൽകുന്ന എന്തെങ്കിലും കാണാനുണ്ടോ എന്ന ചോദ്യത്തിന് റൂബിനി നൽകിയ ഉത്തരം അതേക്കുറിച്ചു ആലോചിച്ചു പറയാം എന്നാണ്. 2020 ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും വർഷമായി തുടരും. അതിനെ നേരിടാൻ തയ്യാറെടുക്കുകയാണ് അഭികാമ്യം,  അദ്ദേഹം പറഞ്ഞു.

Leave a Reply