ഗോൺ വിത്ത് ദി വിൻഡ്: ലോക ക്ലാസ്സിക്കിനു എച്ച് ബി ഓ യിൽ വിലക്ക്
ന്യൂയോർക്ക്: ലോക ക്ലാസ്സിക് സിനിമയായ ഗോൺ വിത്ത് ദി വിൻഡ് എച്ച് ബി ഓ വഴി വിതരണം ചെയ്യുന്നത് താത്കാലികമായി നിർത്തിയതായി കമ്പനി അധികൃതർ ഇന്നലെ അറിയിച്ചു. വംശീയമായി അധിക്ഷേപകരമായ പരാമർശങ്ങൾ സിനിമയിലുണ്ട് എന്ന ആരോപണത്തെ തുടർന്നാണ് വിതരണം നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.
1939ൽ പുറത്തുവന്ന ഗോൺ വിത്ത് ദി വിൻഡ് ലോക സിനിമകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ നേടിയ ഒന്നാണ്. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുള്ള റൊമാന്റിക്
ചിത്രത്തിൽ കറുത്തവർഗക്കാരുടെ ജീവിതം ചിത്രീകരിച്ചതിൽ വംശീയവും ചരിത്രപരവുമായ പിഴവുകളുണ്ടെന്നു നേരെത്തെ മുതലേ ആരോപണങ്ങളുണ്ടായിരുന്നു. അടിമത്തത്തെ ന്യായീകരിക്കുകയും അക്കാലത്തെ ഗൃഹാതുരമായി ഓർക്കുകയും ചെയ്യുന്ന കറുത്തവരായ ചില കഥാപാത്രങ്ങളെ അതിൽ ചിത്രീകരിക്കുന്നുണ്ട്. അത് അന്നും ഇന്നും ചരിത്രവിരുദ്ധവും തെറ്റുമാണ്. അതിനാൽ സിനിമയുടെ ചരിത്രപരമായ പശ്ചാത്തലം സംബന്ധിച്ച വിവരണങ്ങളോടു കൂടി അധികം വൈകാതെ അതു വീണ്ടും പ്രേക്ഷകർക്ക് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു
1936ൽ മാർഗരറ്റ് മിച്ചൽ എഴുതിയ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ചിത്രീകരിച്ചത്. മികച്ച ചിത്രമടക്കം അന്ന് പത്തു ഓസ്കാർ സമ്മാനങ്ങൾ ഗോൺ വിത്ത് ദി വിൻഡ് വാരിക്കൂട്ടിയിരുന്നു.
അതേസമയം ബിബിസി ഐപ്ലേയർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വിതരണ പ്ലാറ്റുഫോമുകൾ ലിറ്റിൽ ബ്രിട്ടൻ എന്ന സീരിയൽ വിതരണം ചെയ്യുന്നത് ഒഴിവാക്കി. വ്യത്യസ്ത സാമൂഹിക,വംശീയ പശ്ചാത്തലമുള്ള കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന പരമ്പരയിൽ വംശീയ സമീപനമുണ്ട് എന്ന്ആരോപണം വന്നിരുന്നു. “കാലംമാറി, അതിനാൽ പരമ്പര നിർത്തുന്നു” എന്നാണ് വിതരണക്കാർ പ്രേക്ഷകരെ അറിയിച്ചത്.
ഡിസ്നിയുടെ അതിപ്രശസ്തമായ ടോം ആൻഡ് ജെറി കാർട്ടൂണുകളിൽ വംശീയത സംബന്ധിച്ച മുന്നറിയിപ്പു നല്കാൻ കമ്പനി തീരുമാനിച്ചു. ചില കാർട്ടൂണുകളിൽ ഏതാനും കഥാപാത്രങ്ങൾ “സാംസ്കാരികമായി അന്യം നിന്ന” സമീപനങ്ങൾ എടുക്കുന്ന തരത്തിലുള്ള ഭാഗങ്ങൾ ഉണ്ടാകുമെന്നും അവ സ്ഥാപനത്തിന്‍റെ നിലപാടല്ലെന്നും ഡിസ്നിയുടെ മുന്നറിയിപ്പിൽ പറയുന്നു .