ജോർജ് ഫ്ലോയ്ഡിനു യാത്രാമൊഴി ; പൊലീസ് അതിക്രമങ്ങൾക്കെതിരെ ജനരോഷം
ഹൂസ്റ്റൺ: രണ്ടാഴ്ച മുമ്പ് പോലീസ് പീഡനത്തിൽ നടുറോഡിൽ കൊല്ലപ്പെട്ട കറുത്തവർഗക്കാരൻ ജോർജ് ഫ്‌ലോയ്ഡിന് ജന്മനാട്ടിൽ അതിഗംഭീര യാത്രാമൊഴി. ഫ്‌ലോയ്ഡിന്‍റെ ജന്മനാടായ ഹൂസ്റ്റണിലെ ഫൗണ്ടൻ ഓഫ് പ്രെയ്‌സ് പള്ളിഅങ്കണതിൽ നടന്ന അനുസ്മരണ ചടങ്ങിൽ അമേരിക്കയിലെ വിവിധമേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അഞ്ഞൂറോളം അതിഥികൾ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ റവ .അൽ ഷാർപ്റ്റൻ നേതൃത്വം നൽകിയ ചടങ്ങിൽ അമേരിക്കൻ മുൻ വൈസ്പ്രസിഡന്റും നവമ്പർ തിരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക്പാർട്ടി സ്ഥാനാർത്ഥിയുമായ ജോ ബൈഡൻ വിഡിയോ ലിങ്കിലൂടെ പങ്കെടുത്തു.
അമേരിക്കൻ സമൂഹത്തെ കാർന്നുതിന്നുന്ന വംശീയതയുടെ വിഷത്തെ ഇല്ലായ്മ ചെയ്യാൻ സമൂഹം ഒത്തൊരുമിച്ചുനിൽക്കണം എന്നു ബൈഡൻ അദ്ദേഹത്തിന്‍റെ സന്ദേശത്തിൽ പറഞ്ഞു. ഇനിമുന്നോട്ടു പോകണമെങ്കിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആശയങ്ങളെ ചെറുത്തു തോൽപ്പിക്കുക തന്നെവേണം.
അൽ ഷാർപ്റ്റൻ അനുസ്മരണ പ്രഭാഷണത്തിൽ അമേരിക്കയെയും ലോക സമൂഹത്തെയും മാറ്റിമറിക്കാൻ ദൈവം ജോർജിനെ ഒരു ആണിക്കല്ലായി ഉപയോഗിച്ചിരിക്കുകയാണെന്നു പറഞ്ഞു. അദ്ദേഹം ഒരു സാധാരണമനുഷ്യനായിരുന്നു. അന്തിമനിമിഷത്തിൽ പോലീസ് ബൂട്ടിനടിയിൽ ഞെരിഞ്ഞമരുന്ന കഴുത്തുമായി ശ്വസിക്കാനാവാതെ അദ്ദേഹം പിടഞ്ഞു. ഇത് നമ്മുടെയെല്ലാം അനുഭവമാണ്. ഈ പിടച്ചിൽ നമ്മുടെയെല്ലാം ആത്മാവിന്റെ പിടച്ചിലാണ്. അതിനാൽ ഈ മരണം അനിവാര്യമായ പരിവർത്തനത്തിന്‍റെ സൂചനയാണ്, അദ്ദേഹം പാഞ്ഞു.
അതേസമയം, അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പോലീസ് അതിക്രമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുകയാണ്. പോലീസിനെ നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നിയമ നടപടികൾക്ക് തങ്ങൾ തയ്യാറാകും എന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനാർഥി ജോ ബൈഡൻ ഇന്നലെ ഫ്ലോയിഡിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. പോലീസ് സംവിധാനത്തിന് വേണ്ടി വിനിയോഗിക്കുന്ന ഫണ്ട് വെട്ടിക്കുറയ്ക്കണമെന്നും പകരം ജനകീയ സുരക്ഷാ സംവിധാനങ്ങൾക്ക് രൂപം കൊടുക്കണമെന്നുമാണ് പ്രക്ഷോഭകർ ഇപ്പോൾ ആവശ്യപ്പെടുന്നത്