നിർമ്മലയുടെ പാക്കേജിന് ഒരുമാസം; പക്ഷേ കഞ്ഞി കുമ്പിളിൽ തന്നെ

ന്യൂദൽഹി: കൊറോണാ അടച്ചിടൽ പ്രതിസന്ധിയെ  മറികടക്കാൻ ധനകാര്യമന്ത്രി നിർമലാ സീതാരാമൻ മെയ് 13നു പ്രഖ്യാപിച്ച ആദ്യ പാക്കേജിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെയും സ്വയംതൊഴിൽ സ്ഥാപനങ്ങളുടെയും പുനരുജ്‌ജീവനത്തിനാണ് ഊന്നൽ നൽകിയത്. മൂന്നു ലക്ഷം കോടി രൂപയുടെ വായ്പാ ഗ്യാരണ്ടി, 20,000 കോടി രൂപയുടെ മൂലധന ലഭ്യത,   50,000 കോടിയുടെ പുതിയ മൂലധന സമാഹരണത്തിനു സഹായം എന്നിങ്ങനെ വിപുലമായ പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്.

പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസമാവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. എന്നാൽ ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ പറഞ്ഞ ആനുകൂല്യങ്ങൾ ഒന്നുപോലും ഇനിയും വ്യവസായ  സ്ഥാപനങ്ങൾക്ക് ലഭ്യമായിട്ടില്ല. അതിനാൽ സൂക്ഷ്‌മ,   ചെറുകിട, ഇടത്തരം വ്യവസായങ്ങൾ ഇനിയും പച്ച പിടിച്ചിട്ടുമില്ല. അതിൽ ജോലി ചെയ്തിരുന്ന കോടിക്കണക്കിനു അസംഘടിത തൊഴിലാളികളുടെ  ദുരിതമയമായ ജീവിത സ്ഥിതിയിലും ഒരു മാറ്റവുമില്ല.

അഖിലേന്ത്യാ മാനുഫാക്ച്ചറേഴ്‌സ് അസ്സോസിയേഷൻ (ഐമോ ) ഇന്നലെ പുറത്തിറക്കിയ ഒരു  സർവേയിൽ ചുണ്ടിക്കാണിക്കുന്നതു രാജ്യത്തെ 60  ദശലക്ഷം  വരുന്ന ചെറുകിട, ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളിൽ ഭൂരിപക്ഷത്തിനും സർക്കാർ പാക്കേജിന്റെ ആനുകൂല്യങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്നാണ്. കോടിക്കണക്കിനു വരുന്ന സ്വയംതൊഴിൽ സംരംഭങ്ങളിലെ അവസ്ഥയും സമാനമാണ്. സർവേയിൽ പങ്കെടുത്ത എംഎസ്എംഇ വിഭാഗത്തിലെ 78 ശതമാനം പേരും സർക്കാർ പാക്കേജിന്റെ നടത്തിപ്പ് സംബന്ധിച്ച്  കടുത്ത അസംതൃപ്തിയാണ് പ്രകടിപ്പിച്ചത്.  സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെട്ട 83 ശതമാനം പേരും പാക്കേജ് ആനുകൂല്യങ്ങൾ തങ്ങൾക്കു ഇനിയും ലഭ്യമായിട്ടില്ല എന്നാണ് പറഞ്ഞത്.

വലിയ ഉത്സാഹമാണ് പാക്കേജ് ചെറുകിട വ്യവസായികൾക്കിടയിൽ ഉണ്ടാക്കിയത്. കാരണം സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭ്യമായാൽ ഇത്തരം സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി ഒരു വലിയ പരിധി വരെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ  പ്രതീക്ഷയുടെ നാളുകൾ അവസാനിച്ചെന്നും ചെറുകിട വ്യവസായികൾ ഇന്ന് നിരാശരാണെന്നും ഐമോ വൈസ് പ്രസിഡന്റ്  ഹരീഷ് മേത്ത പറയുന്നു. ബാങ്കുകളിൽ സർക്കാർ ഈടിൽ വായ്പക്ക് ചെന്നവർക്കും നിരാശയാണ് ഫലം. കാരണം അത് സംബന്ധിച്ച ഉത്തരവുകളൂം ചട്ടങ്ങളും ഇതുവരെയും ബാങ്കുകൾക്ക് ലഭിച്ചിട്ടില്ല. അതിനാൽ ഈടില്ലാതെ വായ്പ നല്കാൻ ഒരു ബാങ്കും തയ്യാറായിട്ടുമില്ല. വായ്പയും സഹായവും ലഭ്യമാക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കിയാൽ  അത് മേഖലയുടെ ആവശ്യത്തിന് പര്യാപ്തമാകും എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ മൂലധന നിക്ഷേപവും പിന്തുണയും സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം വന്നത് ധനമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞു ആഴ്ചകൾക്കു ശേഷമാണ്. ജൂൺ ഒന്നിനാണു 20,000 കോടിയുടെ മൂലധന സഹായം സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം വന്നത്. പ്രതിസന്ധിയിലായ സ്ഥാപനങ്ങൾക്കു 75 ലക്ഷം രൂപ വരെ വായ്പക്കുള്ള പദ്ധതി ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ബാങ്കുകൾക്ക് ഇത് സംബന്ധിച്ച ഒരു നിർദേശവും ഇനിയും റിസർവ് ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് പ്രമുഖ ബാങ്കുകളുടെ തലവന്മാർ വ്യക്തമാക്കി.

വായ്പാ പദ്ധതി ചുവപ്പുനാടയിൽ നിന്നും കരകേറിയാൽ ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങളുടെ തകർച്ച ഒഴിവാക്കാൻ കഴിയുമെന്ന്  ചെറുകിട ഉൽപാദക സംഘങ്ങളുടെ സംഘടനകൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വർഷങ്ങളായി മേഖല പല പ്രതിസന്ധികളെയും  നേരിടുകയായിരുന്നു. കൊറോണാ അടച്ചിടലിന്റെ ആഘാതം വരുന്നതിനു മുമ്പ് തന്നെ നിരവധി സ്ഥാപനങ്ങൾ വായ്പാ പ്രശ്നങ്ങൾ  കാരണവും തിരിച്ചടവ് മുടങ്ങിയതിനാലും കുഴപ്പത്തിലായിരുന്നു. ബാങ്കുകളിൽ എൻപിഎ അക്കൗണ്ടുകളായി മാറിയ പല വായ്പകളും പുനസ്സംവിധാനം ചെയ്യാനും സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനു ആവശ്യമായ അധിക വായ്പ ലഭ്യമാക്കാനും പദ്ധതി സഹായകമായിരുന്നു. എന്നാൽ അത് ഇനിയും പ്രായോഗികമായിട്ടില്ല. നടപടികൾ വൈകുന്നതനുസരിച്ചു കൂടുതൽ സ്ഥാപനങ്ങൾ തകർച്ചയിലേക്ക് നീങ്ങുകയും ചെയ്യും. ദൈവം കനിഞ്ഞാലും പൂജാരി ഉടക്കുണ്ടാക്കുന്ന സ്ഥിതിയാണ് ചെറുകിട വ്യവസായികളും സ്വയംതൊഴിൽ സ്‌ഥാപനങ്ങളും  നേരിടുന്നതെന്നു അവയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

Leave a Reply