ലോക സമ്പദ് വ്യവസ്ഥയിൽ കനത്ത ഇടിവ്; ഇന്ത്യയിൽ 3.2 % തകർച്ച: ലോകബാങ്ക്

ന്യൂദൽഹി: ഇന്ത്യൻ സസമ്പദ്ഘടന ഈ വർഷം 3.2 ശതമാനം തകർച്ച നേരിടുമെന്ന് ലോകബാങ്കിന്‍റെ ആഗോള സാമ്പത്തിക അവലോകന റിപ്പോർട്ട്. കൊറോണ ബാധ കാരണമുള്ള അടച്ചിടലും കയറ്റുമതി-ഇറക്കുമതി വ്യാപാരത്തിലെ കുറവുമാണ് ഗുരുതരമായ  ഇടിവിനു കാരണമെന്നു ലോകബാങ്ക് ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ലോക സമ്പദ്ഘടനയിൽ  കൊറോണയുടെ ആഘാതം കൂടുതൽ ഗുരുതരമാണ്. മൊത്തം ആഗോള ജിഡിപിയുടെ 5.2 ശതമാനം ഇടിവാണ് ഈ വർഷം പ്രതീക്ഷിക്കുന്നതെന്നു ലോകബാങ്ക് പറയുന്നു. ഇത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ചയാണ്.  പല രാജ്യങ്ങളുടെയും കാര്യത്തിൽ ഇടിവ് 150 വർഷത്തിനിടയിലെ ഏറ്റവും വലിയ ആഘാതമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഇതിൽ നിന്നുള്ള തിരിച്ചുവരവ് പെട്ടെന്ന് നടക്കുന്നതല്ലെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നു. വൻസാമ്പത്തിക ശക്തികളുടെ  തിരിച്ചുവരവിന്‌ കൂടുതൽ സമയമെടുക്കും എന്നാണ് ലോകബാങ്കിന്‍റെ നിഗമനം. വികസ്വര രാജ്യങ്ങളുടെ  കാര്യത്തിലും സ്ഥിതിഗതികൾ ഒട്ടും ആശ്വാസകരമല്ല. ഇന്ത്യ അടുത്ത സാമ്പത്തിക വർഷം 3.1ശതമാനം വളർച്ച തിരിച്ചുപിടിക്കുമെന്നു   ലോകബാങ്ക് പറയുന്നു. എന്നാൽ  അത് നേരത്തെ  ഇന്ത്യ നേടിയ വളർച്ചയുടെ തോതുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ പിന്നിലാണ്.

ലോക സാമ്പത്തിക വ്യവസ്ഥയുടെ തകർച്ച ഏറ്റവും ഗുരുതരമായി ബാധിക്കുക  പാവപ്പെട്ട ജനങ്ങളെയാണെന്നു ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു. ലോകബാങ്ക് പ്രസിഡണ്ട് കഴിഞ്ഞ ആഴ്ച പറഞ്ഞത് നിലവിലുള്ള തിരിച്ചടികൾ കാരണം ഈ വർഷം 60 ദശലക്ഷം  ആളുകൾ വീണ്ടും ദാരിദ്ര്യരേഖയ്ക്ക് കീഴിലേക്ക്പതിക്കുമെന്നാണ്. എന്നാൽ ഇന്നലെ പുറത്തിറങ്ങിയ റിപ്പോർട്ടിൽ പറയുന്നത് ഈ വർഷം 70 മുതൽ 100 ദശലക്ഷം വരെ ജനങ്ങൾ വീണ്ടും ദാരിദ്ര്യത്തിലേക്കു തിരിച്ചു പതിക്കുമെന്നാണ്. ഭക്ഷ്യക്ഷാമവും പട്ടിണിയും മാരകരോഗങ്ങളുടെ തിരിച്ചുവരവും മാതൃ-ശിശു മരണത്തിലെ കുതിപ്പുമാണ്  ഇതിന്‍റെ  പ്രത്യാഘാതമായി ലോകം ഇനി നേരിടാൻ പോകുന്നത്.

Leave a Reply