കോവിഡ് വാക്സിനുകൾ ഫലപ്രദം; ഇനി പ്രശ്‍നം വിതരണ സംവിധാനം

 ലണ്ടൻ: കോവിഡ് വൈറസിനെതിരെ  ആഗോളതലത്തിൽ മൂന്നു പ്രതിരോധ വാക്‌സിനുകൾ ഫലപ്രദമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ അതു ലോകജനതയ്ക്കു എങ്ങനെ വേഗത്തിലും ചുരുങ്ങിയ ചെലവിലും ലഭ്യമാക്കാം എന്നതാണ് ലോകം അഭിമുഖീകരിക്കുന്ന പ്രശ്നമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

 ഫൈസർ കമ്പനിയും ജർമനിയിലെ ബയോ എൻ ടെക് എന്ന ഗവേഷണ സ്ഥാപനവും ചേർന്നു വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ആദ്യം  മൂന്നാംഘട്ട ഗവേഷണ വിവരങ്ങൾ പുറത്തു വിട്ടത്. തങ്ങളുടെ മരുന്ന് 90 ശതമാനം ഫലപ്രദമാണെന്നു കണ്ടെത്തിയതായി അവർ അറിയിച്ചു.  തൊട്ടുപിന്നാലെ അമേരിക്കൻ സർക്കാരിന്റെ ഓപ്പറേഷൻ വാർപ് സ്പീഡ്  പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത  മോഡേണ കമ്പനിയുടെ വാക്‌സിൻ 94.5 ശതമാനം ഗുണഫലം കാണിച്ചെന്നു കമ്പനി വെളിപ്പടുത്തി. ഫൈസർ വാക്‌സിനേക്കാൾ വിതരണ സംവിധാനത്തിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യമാണ് മോഡേണ വാക്‌സിൻ പ്രദാനം ചെയ്യുന്നത് . ഫൈസർ വാക്‌സിൻ സൂക്ഷിക്കാൻ മൈനസ് 70 ഡിഗ്രിയിൽ  കവിഞ്ഞ ശീത സംവിധാനം വേണം .അതു ഡീപ് ഫ്രീസറുകളിൽ മാത്രമേ സൂക്ഷിക്കാൻ കഴിയുകയുള്ളു എന്നതിനാൽ അവികസിത രാജ്യങ്ങൾക്ക് അത് വളരെ പ്രയോജനം ചെയ്യാനിടയില്ല. എന്നാൽ അമേരിക്കൻ കമ്പനി  മോഡണയുടെ വാക്‌സിൻ മൈനസ് 20 ഡിഗ്രി ഊഷ്മാവിൽ സൂക്ഷിക്കാം., . അതായതു സാധാരണ റെഫ്രിജറേറ്റർ ഉണ്ടെങ്കിൽ ഈ മരുന്ന്  വിതരണം ചെയ്യാനാവും.

ഈ രണ്ടു ഫലങ്ങൾ പുറത്തു വന്നതിനു  തൊട്ടുപിന്നാലെ ഇന്നലെ ബ്രിട്ടീഷ് കമ്പനി അസ്ത്ര സെനേക ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്നു വികസിപ്പിച്ച മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച ഗവേഷണ വിവരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.ബ്രിട്ടീഷ് ശാസ്ത്ര  മാസിക ലാൻസെറ്റിൽ വന്ന പഠനത്തിൽ പറയുന്നതു കോവിഡ് ഭീഷണി ഏറ്റവും  ഗുരുതരമായി ബാധിക്കുന്ന 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തി  കണ്ടെത്തി എന്നാണ്. മറ്റു പ്രായക്കാരിലും ഓക്സ്ഫോർഡ്  മരുന്നു വളരെ ഫലപ്രദമാണ്. 

ഇന്ത്യയിൽ ഓക്സ്ഫോർഡ് -അസ്ത്ര സെനേക്ക വാക്‌സിൻ നിർമിക്കുന്നത് പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സ്ഥാപനമാണ് .അടുത്ത മാസം തന്നെ മരുന്ന് കമ്പോളത്തിൽ ലഭ്യമാക്കാൻ കഴിയുമെന്നു കമ്പനിയുടെ ഡയറക്റ്റർ ആദർ പൂനവാല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മരുന്ന്  വിതരണം ആരംഭിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട രാജ്യങ്ങളുടെ ഡ്രഗ് കൺട്രോൾ ഏജൻസികൾ അവയ്ക്കു അംഗീകാരം നൽകണം. അതിനുള്ള  പ്രക്രിയകളാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *