UDF Manifesto janashakthionline

യുഡിഎഫ് മാനിഫെസ്റ്റോ: കുടുംബത്തിന് 72,000 രൂപ വരുമാനം ഉറപ്പാക്കും

തിരുവനന്തപുരം: കേരളത്തിൽ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഓരോ കുടുംബത്തിനും 72,000 രൂപ വാർഷികവരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന് യുഡിഎഫ് പ്രകടനപത്രിക പ്രഖ്യാപിച്ചു. സാമൂഹികക്ഷേമ  പെൻഷനുകൾ മാസംപ്രതി 3000 രൂപയായി വർധിപ്പിക്കുമെന്നും വീട്ടമ്മമാർക്ക്‌ 2000 രൂപ വേതനം നൽകുമെന്നും പത്രികയിൽ പറയുന്നു.

തിരുവനന്തപുരത്തു ഇന്നു രാവിലെയാണ് യുഡിഎഫ് നേതാക്കൾ സംയുക്തമായി പത്രിക പുറത്തിറക്കിയത്. യുഡിഎഫ് അധ്യക്ഷൻ രമേശ് ചെന്നിത്തല യോഗത്തിൽ അധ്യക്ഷത വഹിച്ചു.  പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങൾ മാനിഫെസ്റ്റോ തയ്യാറാക്കിയ സമിതിയുടെ ചെയർമാൻ ബെന്നി ബെഹനാൻ വിശദീകരിച്ചു. റബ്ബറും തേങ്ങയും നെല്ലും അടക്കമുള്ള ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട താങ്ങുവില, കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പാക്കൽ, എല്ലാവർക്കും ഭവനം, കൂടുതൽ തൊഴിൽ  അവസരങ്ങൾ തുടങ്ങി നിരവധി വാഗ്‌ദാനങ്ങൾ പത്രികയിലുണ്ട്.

കേരളത്തെ വൈജ്ഞാനിക രംഗത്തെ ആഗോള കേന്ദമാക്കി വികസിപ്പിക്കാനായുള്ള പദ്ധതികൾ മാനിഫെസ്റ്റോ ആസൂത്രണം ചെയ്തതായി അതു തയ്യാറാക്കിയ വിദഗ്ദ്ധ സമിതിയുടെ തലവൻ ഡോ. ശശി തരൂർ പറഞ്ഞു. ,ജനങ്ങളിൽ നിന്നു നേരിട്ടു അഭിപ്രായങ്ങൾ അറിഞ്ഞും അവരുടെ ജീവിതത്തിലെ അനുഭവങ്ങൾ നേരിട്ടു നിരീക്ഷിച്ചുമാണ് പത്രിക തയ്യറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതു പൂർണമായും നടപ്പാക്കാനുള്ള ഉത്തരവാദിത്വം യുഡിഎഫ്  അധികാരത്തിൽ വന്നാൽ ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കൺവീനർ എം എം  ഹസ്സൻ സ്വാഗതവും പത്രിക സമിതി കൺവീനർ സി പി ജോൺ നന്ദിയും പറഞ്ഞു .

ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കും
സംസ്ഥാനത്ത് വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കും.ശബരിമല ആചാരസംരക്ഷണ നിയമം കൊണ്ടുവരും.പ്രളയത്തിനു മുമ്പുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യം .

SHARE
  •  
  •  
  •  
  •  
  •  
  •