വേദാന്തങ്കൽ: പക്ഷികള്‍ പുറത്ത് സൺഫാർമ അകത്ത്

ചെന്നൈ :ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ വേദാന്തങ്കൽ പക്ഷി നിരീക്ഷണ കേന്ദ്രത്തിന്‍റെ ഭാഗമായ അഞ്ചു ചതുരശ്ര കിലോമീറ്റർ ചുറ്റളവ് പ്രദേശം മൂന്ന് കിലോമീറ്ററായി ചുരുക്കാൻ തമിഴ്നാട് വനംവകുപ്പ് പദ്ധതി തയ്യാറാക്കി. പ്രദേശത്തു വ്യവസായസ്ഥാപനങ്ങൾക്കു അനുമതി തേടി വനംവകുപ്പ് ദേശീയ വന്യജീവി ബോർഡിന് കത്തെഴുതി.

പക്ഷികളുടെ ആവാസകേന്ദ്രമായ തടാകവും പരിസരത്തെ അഞ്ചുകിലോമീറ്റർ റവന്യൂഭൂമിയും ദേശീയ പക്ഷിനിരീക്ഷണ കേന്ദ്രമായി 1998 ജൂലൈ 8നു കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. തടാകം ഏതാണ്ട് 30 ഹെക്ടർ  വലുപ്പമുളളതാണ്. എല്ലാ വർഷവും 40,000 ത്തിൽ അധികം പക്ഷികൾ ഇവിടെ എത്താറുണ്ട്. ഇരുന്നൂറോളം ഇനത്തിൽ പെട്ട പക്ഷികൾ ഇവിടെ കൂടുകൂട്ടാറുണ്ട്.  രാജ്യത്തിന്‍റെ എല്ലാഭാഗത്തു നിന്നും ഇവിടെ സ്ഥിരമായി പക്ഷിനിരീക്ഷകരും ഗവേഷകരും എത്തിച്ചേരുന്നു.

സർക്കാരിന്‍റെ  പദ്ധതി പ്രകാരം തടാകവും ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ പ്രദേശവും മാത്രമായി സങ്കേതം ചുരുങ്ങും. അതിൽ തടാകവും തൊട്ടുള്ള ഒരുകിലോമീറ്റർ ചുറ്റളവു സ്ഥലവും കോർ ഏരിയ ആയും ബാക്കിയുള്ള രണ്ടു  കിലോമീറ്റർ  ബഫർസോൺ ആയും കണക്കാക്കും. ഇപ്പോൾ ബഫർ സോണിൽ  പെട്ട ബാക്കി രണ്ടുകിലോമീറ്റർ  ഭൂമി വ്യവസായത്തിനും മറ്റു ആവശ്യങ്ങൾക്കുമായി അനുവദിക്കാനാണ്  നീക്കം. അതിനായി വനംപരിസ്ഥിതി വകുപ്പ്സെക്രട്ടറി ശംഭുകല്ലോലികർ ദേശീയ വന്യജീവി ബോർഡിനു കത്തെഴുതിയതായി ഇന്ത്യൻ എക്സ്പ്രസ്സ്  കഴിഞ്ഞ ദിവസം റിപ്പോർട്ട്  ചെയ്തു.

പ്രദേശത്തു ഇപ്പോൾ പ്രവർത്തിക്കുന്ന സൺഫാർമ കമ്പനിയുടെ  പ്രവര്‍ത്തന വ്യാപനത്തിനായാണ്  പക്ഷിസങ്കേത്തിന്‍റെ അളവ് ചുരുക്കുന്നതെന്നു   പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു. പ്രദേശത്തെ കർഷകരുടെ താല്പര്യങ്ങൾക്കും സർക്കാർ തീരുമാനം   ഹാനികരമാകും. കാരണം മരുന്ന്  കമ്പനിയുടെ ഫാക്ടറിയില്‍ നിന്നുള്ള മാലിന്യങ്ങൾ പക്ഷിസങ്കേതത്തിലെ  തടാകത്തിലാണ് എത്തിച്ചേരുക. ഇപ്പോൾ കൃഷിക്ക്  തടാകത്തിൽ നിന്ന് ജലം ലഭ്യമാകുന്നുണ്ട്. അത്  ഭാവിയിൽ തടയപ്പെടുമെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

Leave a Reply