ദൈവത്തെ ചാരിയോ ഇനി രോഗവ്യാപനം
കേരളത്തിലെ ആരാധനാലയങ്ങള്‍, വിശ്വാസിസമൂഹത്തിന്‍റെ ആഗ്രഹം മുന്‍ നിര്‍ത്തി ഉടന്‍ തുറക്കണമെന്ന് ആദ്യം ആവശ്യം ഉന്നയിച്ചത് ( മെയ്31) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. തൊട്ട് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും (ജൂണ്‍ മൂന്ന് ) ഇതേ ആവശ്യം ഉന്നയിച്ചു രംഗത്ത്‌വന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ എന്തെങ്കിലും ഇളവ് അനുവദിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് അറിയാത്തവരല്ല ഇരുവരും. വിശ്വാസികളുടെ പ്രശ്നം എന്ന നിലക്കാണെങ്കില്‍, എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിക്കാത്തത്? കേരളത്തിലെ ഭക്തര്‍ക്ക് മാത്രം മതിയോ ഈ ഇളവ്? കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനില്‍ അടക്കം ഈ ഇളവ് നല്‍കാത്തതെന്താണ്? അവിടത്തെ വിശ്വാസികളുടെ വികാരം എന്താണ് കോണ്‍ഗ്രസ് മാനിക്കാത്തത്. പല സംസ്ഥാന സര്‍ക്കാരുകളും ഇപ്പോള്‍ ഈ ഇളവ് നല്‍കാനാകില്ലെന്ന് പറയുമ്പോള്‍ എന്തേ കോണ്‍ഗ്രസ് അതില്‍ ഇടപെടാതെ ഒളിച്ചു കളിക്കുന്നു. വിശ്വാസികളുടെ വികാരം മാനിച്ചാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ഈ നേതാക്കള്‍ പറയുമ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല ആരാധനാലയങ്ങളുടെയും മേധാവികള്‍, പറയുന്നത് ഞങ്ങളുടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ സമയമായിട്ടില്ല എന്നാണ്. ആ ഉത്തരവാദിത്വ ബോധം പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇല്ലാതെ പോകുന്നത് മഹാകഷ്ടം തന്നെ. ജനങ്ങളുടെ സുരക്ഷ പ്രധാനമായി കാണുന്ന ഒരു പ്രതിപക്ഷം ഇതാണോ ചെയ്യേണ്ടത്? ഈ നടപടി സാമൂഹ്യവ്യാപനത്തിന് ഇടയാക്കിയാല്‍ ആര്‍ സമാധാനം പറയും?
ജനങ്ങളുടെ മതവിശ്വാസത്തിന്‍റെ പേരില്‍ സംസാരിക്കുന്ന പ്രതിപക്ഷത്തിന് അവരുടെ ജീവന്‍റെ കാര്യത്തില്‍ ഒരു ഉത്ക്കണ്ഠയുമില്ലേ.യഥാര്‍ഥത്തില്‍ രോഗവ്യാപനം ഭീകരമായിക്കൊണ്ടിരിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഇപ്പോള്‍ ആരാധനാലയങ്ങള്‍ തുറന്ന് എരിതീയില്‍ എണ്ണ ഒഴിക്കരുതെന്നു പറയേണ്ടതാണ്പ്രതിപക്ഷം. അത്തരത്തില്‍ സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരു പ്രതിപക്ഷത്തെ കേരളത്തില്‍ എന്നു കാണാനാകും? ലോകമാകെ കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ചിട്ടുള്ള അംഗീകൃത പ്രമാണങ്ങള്‍ക്ക് നിരക്കുന്നതാണോ ഈ നേതാക്കളുടെ ആവശ്യം? ജനങ്ങള്‍കൂട്ടം കൂടുന്നതും കൂട്ടത്തോടെ നീങ്ങുന്നതും പിന്തിരിപ്പിക്കണമെന്നതാണ് ലോകമാകെ നടപ്പിലാക്കികൊണ്ടിരിക്കുന്ന പ്രതിരോധനയം . എന്നാല്‍ അതിനു വിരുദ്ധമായി ഇളവുകള്‍ നല്‍കുന്നത് അപകടമാണ്.
കേന്ദ്ര സര്‍ക്കാരില്‍നിന്നും ഇക്കാര്യത്തില്‍ തെറ്റായ തീരുമാനം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നു കേട്ട മാത്രയില്‍ തന്നെ അതിനെതിരെ ശബ്ദമുയര്‍ത്തിയത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ്. ഏതെങ്കിലും മതത്തെ പ്രീണിപ്പിക്കാനല്ല ഐ എം എ ഈ നിലപാട് എടുത്തത്. ആ സംഘടനയ്ക്ക് രാഷ്ട്രീയ നേതാക്കളെക്കാള്‍ സാമൂഹ്യ ഉത്തരവാദിത്വം ഉണ്ട്. ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചവര്‍ ഇത്തരത്തിലുള്ള സംഘടനകളുടെ അഭിപ്രായം ആരായുക പോലും ഉണ്ടായിട്ടില്ല. അവര്‍ക്ക് മതമേധാവികളെ സുഖിപ്പിച്ചാല്‍ മതി.
കേരളത്തിലെ പല ആരാധനാലയങ്ങളും ഈ ഇളവ് തല്‍ക്കാലം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികളുടെ പേരിലുള്ള ഈ മുറവിളിയുടെ പിന്നിലെ സത്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഒരുകൂട്ടം പുരോഹിത വര്‍ഗ്ഗം തൊഴില്‍രഹിതരായി എന്നത് സത്യമാണ്.അതിന് പ്രതിവിധി ഇതല്ല.
ഏറെ കൌതുകകരം രണ്ട് ദിവസം മുമ്പ് നടന്ന ടെലിവിഷന്‍ചര്‍ച്ചയില്‍ ഒരു ഡോക്ടര്‍കൂടിയായ പ്രമുഖ എം ഇ എസ് നേതാവു പറഞ്ഞത് സമയ നിയന്ത്രണമില്ലാതെ തന്നെ മുഴുവന്‍ മുസ്ലിം ആരാധനാലയങ്ങളും ഉടന്‍ തുറന്നു കൊടുക്കണമെന്നും അക്കാര്യം ഈ ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ മുസ്ലിം മതമേധാവികള്‍ ഒന്നടങ്കം തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നുമായിരുന്നു. ആ പഹയന്‍ ടെലിവിഷന്‍ സ്റ്റുഡിയോയില്‍നിന്നിറങ്ങി ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ അതേ സമുദായത്തിന്‍റെ പ്രമുഖ മേധാവികള്‍ ഒന്നൊന്നായി വെളിപ്പെടുത്തിയത് ഞങ്ങളുടെ പ്രധാന ആരാധനാലയങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ തുറക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും എന്നതിനാല്‍ ഞങ്ങള്‍ അവ തുറക്കില്ല എന്നായിരുന്നു. എത്ര യാഥാര്‍ഥ്യബോധമുള്ള തീരുമാനം.
ഇന്ത്യയില്‍ മുസ്ലിം സമുദായം നേരിടുന്ന ഒറ്റപ്പെടല്‍ കൂടി നാം കാണണം. നിഷ്ക്കളങ്കരായ ജനങ്ങളെ പോലും തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങള്‍ ആണ് ഇന്ത്യക്കകത്തും പുറത്തും കെട്ടഴിച്ചുവിടുന്നത്. ഇന്ത്യയിലെ രോഗവ്യാപനത്തിന് ഒരേയൊരു കാരണം കഴിഞ്ഞ മാര്‍ച്ച് ആദ്യം ദില്ലിയില്‍ നടന്ന തബ്ളിഗി ജമാഅത്തെ സമ്മേളനം ആണെന്നായിരുന്നു വലിയ പ്രചാരണം. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലെ സിക്ക് ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികളില്‍ നിന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നതു മുസ്‌ലിംകള്‍ നടത്തുന്ന ഡയറിയില്‍ നിന്ന് കൊണ്ടുവരുന്ന പാല്‍ വാങ്ങരുതെന്നാണ്. അതിലൂടെ കൊവിഡ് രോഗവ്യാപനം ഉണ്ടാകുമെന്നാണ്. എന്നാല്‍ അതേ സമുദായമാണ് സര്‍ക്കാര്‍ കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറന്നോളൂ എന്ന് പറഞ്ഞിട്ടും അത് രോഗവ്യാപനത്തിന് ഇടയാക്കിയാലോ എന്ന് സംശയിച്ച് അതില്‍നിന്നും പിന്മാറി മാതൃക കാട്ടുന്നത് എന്നതും ഓര്‍ക്കണം.
ഇന്ത്യയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ഏകാതാനതയില്ല എന്നതാണ് വസ്തുത. തമിഴ്നാട്ടില്‍ ജൂണ്‍ എട്ടിന് തുറക്കുന്നില്ല. ബീഹാറിലും ഭാഗിക നിയന്ത്രണം ഉണ്ട്. പശ്ചിമ ബംഗാളില്‍ ജൂണ്‍ ഒന്നുമുതല്‍ തുറന്നിട്ടും അപൂര്‍വ്വം ഭക്തരെ എത്തുന്നുള്ളൂ. ഈസ്റ്റര്‍ ഈദ് തുടങ്ങിയ ആഘോഷങ്ങളിലും ആരാധനാലയങ്ങള്‍ ശുഷ്ക്കമായിരുന്നു. തുറക്കാന്‍അനുവദിച്ചിട്ടും സാമൂഹ്യവ്യാപനം ഭയന്ന് ആളുകള്‍ എത്തുന്നില്ല.
പ്രാര്‍ത്ഥനയ്ക്ക് ആണെങ്കില്‍ ഓരോ ഭക്തനും അവരവരുടെ കുടുംബങ്ങളില്‍ തന്നെ ആവശ്യത്തിലേറെ സമയം ഇപ്പോള്‍ ലഭ്യമാണെന്നതാണ് വസ്തുത. ജനങ്ങള്‍ ഭക്തിയില്‍നിന്ന് അകലുകയല്ല കൂടുതല്‍ ഭക്തിയോടെ പ്രാര്‍ഥനയില്‍ മുഴുകുന്ന ദൃശ്യങ്ങള്‍ ആണ് കാണുന്നത്.ആപത്തുകള്‍ ചുറ്റും വലയം ചെയ്തു നില്‍ക്കുമ്പോള്‍ നിസ്സഹായരായ മനുഷ്യര്‍ അവരുടെ രക്ഷയ്ക്ക് മനമുരുകി പ്രാര്‍ത്ഥിക്കും. അന്യരാജ്യങ്ങളില്‍ പണിയെടുക്കുന്ന ബന്ധുക്കള്‍ രോഗം ബാധിച്ചവര്‍ക്കൊപ്പമാണോ ജോലി ചെയ്യുന്നത് എന്ന് ആശങ്കപ്പെടാത്തവര്‍ ആരാണുള്ളത്? .ജന്മദിനങ്ങളും വിശേഷ ദിനങ്ങളും മറ്റും ആഘോഷിക്കപ്പെടാനകാതെ അകലെയിരുന്നു നൊമ്പരപ്പെടുന്ന മനസ്സുകള്‍ക്കും ആശ്രയം ഈ പ്രാര്‍ത്ഥന തന്നെയാകും.ഫലത്തില്‍ മതത്തിലുള്ള വിശ്വാസങ്ങള്‍ ഇത്തരം വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ ഇല്ലാതാകുകയല്ല കൂടുതല്‍ ബലപ്പെടുകയാണ് അനുഭവം.ദൈവത്തിന് പോലും രക്ഷയില്ലാത്ത കാലം എന്ന് നമുക്ക് വീമ്പു പറയാമെങ്കിലും ജനങ്ങളില്‍നിന്നുള്ള അനുഭവം നേരെ മറിച്ചാണ്.
ജൂണ്‍ എട്ടിന് ആരാധനാലയങ്ങള്‍ തുറക്കുന്നതോടെ ഇനി മതമേധാവികള്‍ എന്തൊക്കെയാണ് വിശ്വാസികളെ ഹരം കൊള്ളിക്കാന്‍ വിളിച്ചു പറയാന്‍പോകുന്നതെന്ന് കാത്തിരിക്കുക. നിസാമുദീനില്‍ തബ്ളിഗ് ജമാഅത്തെ സമ്മേളനത്തില്‍ അതിന്റെ നേതാവ് മൌലാന സദ്‌കന്തല്‍വി പ്രസംഗിച്ചത് കൊവിഡ് “ദൈവ ശിക്ഷ” ആണെന്നായിരുന്നു. മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ പ്രഖ്യാപിച്ചത് തബ്ലിഗ് അംഗങ്ങളെ കണ്ടാലുടന്‍വെടിവെച്ചു കൊല്ലണം എന്നായിരുന്നു. ബിജെപി നേതാവ് രാജീവ് ബിദര്‍ടല്‍ ഭയപ്പെടുത്തിയത് തബ്ലിഗ് അംഗങ്ങള്‍ ജനക്കൂട്ടത്തിനിടയില്‍നുഴഞ്ഞു കയറിയ മനുഷ്യ ബോംബുകള്‍ ആണെന്നായിരുന്നു. ഇത്തരം കുത്സിത പ്രസംഗങ്ങള്‍ക്ക് ഇനിയും അവസരമൊരുങ്ങുകയാണ്. ഏതു കോണില്‍നിന്നായാലും കൊറോണയുടെ പേരില്‍ മതപരമായ മുതലെടുപ്പിന് മുതിരുന്നത് നന്മ ചെയ്യില്ല. കൊറോണ നാളെ നശിക്കും. പക്ഷെ ഇതിന്‍റെ പേരില്‍ സൃഷ്ടിക്കുന്ന മത വൈരം പെട്ടെന്നൊന്നും കെട്ടടങ്ങില്ല.
പലരും അവകാശപ്പെടുന്നത് ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കും എന്നാണ്. ജനങ്ങളെ വിഡ്ഢിയാക്കലാണ് ഇത്. കേരളം ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങള്‍ക്കും ഇളവ് നല്‍കിയ ഇന്നത്തെ അവസ്ഥ നാം കാണുന്നതല്ലേ. ബാര്‍ബര്‍ഷോപ്പുകള്‍ തുറന്നപ്പോള്‍ പറഞ്ഞത് അവിടെ വരുന്നവരുടെ പേരും വിലാസവും ഫോണ്‍വിവരങ്ങളും രേഖപ്പെടുത്തണം എന്നായിരുന്നു. എവിടെ ആണ് ഇത് നടക്കുന്നത്? ഇപ്പോള്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരെക്കുറിച്ചും ഇത് തന്നെ ആവര്‍ത്തിക്കുന്നു. എവിടെ നടക്കാന്‍?
നമ്മുടെ ക്ഷേത്രങ്ങള്‍പുലര്‍കാലം മുതലുള്ള ആചാരക്രമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. നിര്‍മ്മാല്യം തൊഴാന്‍ എത്തുന്നവര്‍ ശ്രീകോവിലില്‍ ഇടുങ്ങിയ ഇടത്തില്‍ ഒറ്റമുണ്ടോ തോര്‍ത്തോ ധരിച്ചു അര്‍ദ്ധനഗ്നരായി തൊട്ട് മുന്നില്‍നില്‍ക്കുന്നവരുമായി തൊട്ടുരുമ്മി നിന്നാണ് അത് ദര്‍ശിച്ച് സായൂജ്യമടയുന്നത്. ഇവിടെ എങ്ങിനെ സാമൂഹ്യ അകലം പാലിക്കാനാകും. സ്ത്രോത്രങ്ങള്‍ ഉരുവിടുന്നതും കീര്‍ത്തനങ്ങള്‍ ചൊല്ലുന്നതും ഭക്തരുടെ ശീലമാണ്. ക്ഷേത്രത്തില്‍ കയറുന്നവര്‍ വായ് തുറക്കാന്‍പാടില്ലെന്ന് പറഞ്ഞാല്‍ ആര്‍ അനുസരിക്കും. ഒരു ഗാനം ആലപിക്കുന്ന ആളിന്‍റെ അടുത്തു നില്‍ക്കുന്നത് പോലും രോഗ വ്യാപനത്തിന് കാരണമാകും എന്നാണ് വൈറോളജി ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പള്ളികളിലെ കൂട്ട പ്രാര്‍ഥനകളും ഇക്കൂട്ടത്തില്‍പ്പെടുന്നു. വായില്‍നിന്ന് പുറത്തേക്ക് ചാടുന്ന തുപ്പല്‍രോഗാണു സാന്നിധ്യം ഉള്ളതാകാം.
ശബരിമല ക്ഷേത്ര ദര്‍ശനം ആകും രോഗവ്യാപനത്തിന് സഹായിക്കുന്ന മറ്റൊരു സ്ഥലം. ഏതെങ്കിലും വാഹനത്തില്‍ നേരിട്ട് ചെന്ന് ക്ഷേത്രത്തില്‍ കയറുക അല്ല ഭക്തര്‍ ചെയ്യുന്നത്. നീണ്ട വാഹനയാത്രയും കാനനത്തിലൂടെയുള്ള വേച്ചും ക്ഷീണിച്ചുമുള്ള കാല്‍നട യാത്രയും ഒരിക്കലും സൈനിക മുറയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ഇപ്പോഴത്തെ കാലാവസ്ഥയില്‍. അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് ഭക്തരില്‍ നൂറുകണക്കിന് രോഗികളുടെ സാന്നിധ്യം ഉറപ്പാണ്. അത് തിരിച്ചറിയാന്‍ഒരു പരിശോധനയും ഇല്ല. ശബരിമലയില്‍ എത്തും മുമ്പോ മല ഇറങ്ങിയ ശേഷമോ ഒരു ടെസ്റ്റിനും വിധേയമാകണ്ട. ക്വാറന്റിനും ഇല്ല. രോഗവ്യാപനത്തിന് ഇനി എന്ത് വേണം. കേരളത്തില്‍ രോഗ വ്യാപനത്തിന് സാഹചര്യമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് നമ്മുടെ നേതാക്കള്‍ക്ക് കൈകഴുകി രക്ഷപ്പെടാനാകില്ല. ജനങ്ങള്‍ അവരെ വെറുതെ വിടില്ല.