ഹൈഡ്രോക്സി ക്ളോറോക്വിൻ: വിവാദ മരുന്നിന് വീണ്ടും അനുമതി

പ്രത്യേക പ്രതിനിധി

ന്യൂദൽഹി: വിവാദമായ  ഹൈഡ്രോക്‌സി ക്ളോറോക്വിൻ എന്ന മലേറിയ മരുന്ന് കോവിഡ് രോഗികളിൽ പരീക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടന വീണ്ടും അനുമതി നൽകി.  മരുന്ന് കോവിഡിന് ഫലപ്രദമല്ലെന്നും അതിനാൽ രോഗികളിലുള്ള പരീക്ഷണം  അവസാനിപ്പിക്കണമെന്നും സംഘടന ഒരാഴ്ച മുമ്പ് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ചോദ്യം ചെയ്തിരുന്നു. കോവിഡ് രോഗികളിൽ ഇന്ത്യ മരുന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ അതിന്റെ പാർശ്വഫലങ്ങൾ ഗുരുതരമാണെന്നും അതിനാൽ മരുന്നിന്റെ ഉപയോഗം ഒഴിവാക്കുന്നതാണ് ഉത്തമമെന്നു നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നും സംഘടനയുടെ മെഡിക്കൽ വിഭാഗത്തിലെ ഡോ .സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കിയിരുന്നു.

പരീക്ഷണാർത്ഥം മരുന്ന് ഉപയോഗിക്കുന്നതിനെതിരെ നേരത്തെ നൽകിയ നിർദേശം ലോകാരോഗ്യ സംഘടന പിൻവലിക്കാനുള്ള കാരണം അത് സംബന്ധിച്ച് പ്രമുഖ മെഡിക്കൽ ജേർണലുകളിൽ വന്ന പഠനങ്ങൾ ശരിയല്ലെന്ന കണ്ടെത്തലാണ്. പ്രസിദ്ധമായ ലാൻസെറ്റ്, ന്യൂഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ എന്നിവയിലാണ് മെയ് അവസാന വാരം രണ്ടു പഠനങ്ങൾ വന്നത്. അതിൽ പറഞ്ഞത് വിവിധ രാജ്യങ്ങളിൽ ഇതിനകം നടത്തിയ പരീക്ഷണങ്ങളിൽ  മരുന്ന് ഫലപ്രദമല്ലെന്നു കണ്ടെത്തി  എന്നാണ്. എന്നാൽ പ്രബന്ധം തയ്യാറാക്കിയ ഇന്ത്യൻ  ശാസ്ത്രജ്ഞൻ ഡോ .മൻദീപ് മെഹ്‌റയുടെ പഠനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു. അതേത്തുടർന്ന് രണ്ടു മെഡിക്കൽ ജേർണലുകളും പഠനങ്ങൾ പിൻവലിച്ചു. അതാണ് നിലപാട് മാറ്റാൻ ലോകാരോഗ്യ സംഘടനയെയും പ്രേരിപ്പിച്ചത്.

ബോസ്റ്റണിലെ ഒരു ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോ.മെഹ്‌റയുടെ പഠനം പുറത്തു വന്നതോടെ പലരും അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്തിരുന്നു. പഠനത്തിന്  ആധാരമായ മെഡിക്കൽ രേഖകൾ ആറു ഭൂഖണ്ഡങ്ങളിലെ 1200 ഓളം  ആശുപത്രികളിൽ നിന്ന് ശേഖരിച്ചതാണെന്നാണ് ഡോ .മെഹ്‌റ പറഞ്ഞത്. അവ തനിക്കു ലഭ്യമാക്കിയത്  ഡോ. സപൻ ദേശായി എന്നയാൾ നയിക്കുന്ന  സർജിസ്പിയർ എന്ന കമ്പനിയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. 

 പക്ഷേ  സർജിസ്പിയർ നൽകിയ മെഡിക്കൽ രേഖകൾ വ്യാജമാകാനിടയുണ്ടെന്നു പലരും ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന് ആഫ്രിക്കയിലെ പല ആശുപത്രികളിൽ  നിന്നുമുള്ള രേഖകൾ   പരിശോധിച്ചതായി പഠനത്തിൽ പറഞ്ഞിരുന്നു.  എന്നാൽ ആ സമയത്തു ആഫ്രിക്കയിൽ കോവിഡ് കേസുകൾ കാര്യമായി പൊട്ടിപ്പുറപ്പെട്ടിരുന്നില്ല. രോഗചികിത്സക്ക് യാതൊരു സൗകര്യവുമില്ലത്ത ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള രേഖകളും സർജിസ്പിയർ  നൽകിയ ഡാറ്റയിൽ ഉൾപ്പെട്ടിരുന്നു. അതാണ് ഡാറ്റയുടെ വിശ്വാസ്യത നഷ്ടപ്പെടാനിടയാക്കിയത്. പഠനത്തിന് ഡാറ്റ ലഭ്യമാക്കിയ കമ്പനി വെറും 12 പേർ മാത്രം ജീവനക്കാരായുള്ള ഒരു സ്ഥാപനമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

വാർത്ത ആദ്യമായി പുറത്തു കൊണ്ടുവന്ന ന്യുയോർക്ക് ടൈംസ് പത്രം ഡോ .മെഹ്റയുമായും അദ്ദേഹത്തിന് മെഡിക്കൽ വിവരങ്ങൾ നൽകിയ സപൻ ദേശായിയുമായും ബന്ധപ്പെട്ടിരുന്നു. വിവരം നല്കിയതായി പറയുന്ന ഏതെങ്കിലും ഒരു ആശുപത്രിയുടെയെങ്കിലും വിലാസം നല്കാൻ ആവശ്യപ്പെട്ടെ ങ്കിലും സർജിസ്പിയർ മറുപടി നൽകിയില്ല എന്ന് പത്രം വെളിപ്പെടുത്തി. 

എച്ച് സി എൽ എന്ന പേരിൽ അറിയപ്പെടുന്ന മരുന്ന് മലേറിയയ്ക്കു വേണ്ടിയാണ് പ്രധാനമായി ഉപയോഗിച്ചു വന്നത്. ഇന്ത്യയിലാണ് അതിന്റെ പ്രധാന ഉല്പാദനകേന്ദ്രങ്ങളും. മരുന്ന് ഫലപ്രദമാണെന്നും താൻ അത് പ്രതിരോധ  മരുന്നായി ഉപയോഗിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡണ്ട് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ മരുന്നിന്റെ കയറ്റുമതി നിരോധിച്ച അവസരത്തിൽ അതിനായി ട്രംപ് ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതേത്തുടർന്ന് മോദി സർക്കാർ കയറ്റുമതി നിരോധനം നീക്കി.

മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് അമേരിക്കയിലെ ഗവേഷകർക്കും സർക്കാർ ഏജൻസികൾക്കും ഇടയിൽ അഭിപായ ഭിന്നതകൾ ഉണ്ടായിരുന്നു. മരുന്ന് ഒന്നാന്തരമാണെന്നു പ്രസിഡണ്ട് പറഞ്ഞപ്പോൾ അമേരിക്കൻ രോഗപ്രതിരോധ ഏജൻസിയുടെ  ഡയറക്റ്റർ ഡോ.ആന്റണി  ഫൗസി അതു നിരാകരിച്ചു. മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ചു കൃത്യമായ വിവരദങ്ങൾ ലഭ്യമല്ലെന്നും അതിനാൽ ഉപയോഗിക്കുന്നതു പ്രോത്സാസാഹിപ്പിക്കാൻ ആവില്ലെന്നുമാണ്  അദ്ദേഹം പറഞ്ഞത്. വിവാദം കത്തി നിൽക്കുമ്പോഴാണ് മരുന്നിന്റെ ഉപയോഗത്തിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയത്.

മരുന്ന് പരീക്ഷണം തുടരാനുള്ള ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തെ ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസേർച് (ഐസിഎംആർ ) ഡയറക്ടർ ജനറൽ ഡോ .ബൽറാം  ഭാർഗവ സ്വാഗതം ചെയ്തു. ഇന്ത്യയടക്കം പല രാജ്യങ്ങളും മരുന്നിന്റെ പരീക്ഷണത്തിൽ മുന്നേറിയിട്ടുണ്ടന്നും അത് കോവിഡിനെതിരെ  ഫലപ്രദമാണെന്ന് കണ്ടാൽ  ലോകജനതയ്ക്കു വലിയ നേട്ടമാകുമെന്നും ഡോ.ഭാർഗവ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply