നാസ പേടകം ചൊവ്വയിൽ ഇറങ്ങി; അന്വേഷണം ജീവൻറെ കണികകൾ തേടി

ഹൂസ്റ്റൺ: അമേരിക്കയുടെ ബഹിരാകാശ ഏജൻസി നാസയുടെ പെർസീവേറൻസ് പേടകം ഇന്നുപുലർച്ചെ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയതായി അധികൃതർ അറിയിച്ചു.  ചൊവ്വയുടെ മധ്യരേഖക്കു സമീപമുള്ള ഒരു ഗർത്തത്തിലാണ് പേടകം സുരക്ഷിതമായി ഇറങ്ങിയത്. ഇനി രണ്ടുവർഷക്കാലം അതു അവിടെ പര്യവേക്ഷണങ്ങൾ  നടത്തും.

ആറു കാലുകളിൽ നീങ്ങുന്ന പേടകം  യാതൊരു കേടുപാടുമില്ലാതെയാണ് ചൊവ്വയിൽ ഇറങ്ങിയതെന്നു നാസയുടെ ഡെപ്യൂട്ടി പ്രോജക്ട് മാനേജർ മാറ്റ് വല്ലസ് അറിയിച്ചു. പേടകം ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും നിശ്ചിതമായ സ്ഥലത്തു ഇറങ്ങുകയും ചെയ്യുന്നതിന് എടുത്ത ഏഴുമിനുറ്റ് സമയം അങ്ങേയറ്റം ഉത്കണഠ നിറഞ്ഞതായിരുന്നു എന്നു ഗവേഷകർ പറഞ്ഞു. 

കോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഒരു വൻ തടാകം നിലനിന്ന സ്ഥലമാണ് പേടകം ഇറങ്ങിയ പ്രദേശം എന്ന് ഗവേഷകർ പറയുന്നു . ജെസീറൊ എന്നാണ് സ്ഥലത്തിന്അവർ പേര് നൽകിയത്. ജലം  ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ജീവനുള്ള സാധ്യതയും ഉണ്ടാകും. അതിനാൽ ഈ  പ്രദേശത്തു നടക്കുന്ന അന്വേഷണങ്ങൾ ചൊവ്വയിൽ ജീവൻ നിലനിന്നുവോ എന്ന ചോദ്യത്തിനു ഉത്തരം നൽകും.  ഭാവിയിൽ മനുഷ്യർ ചൊവ്വയിൽ എത്തുന്നതു സംബന്ധിച്ച സാധ്യതകളും അന്വേഷണത്തിൽ തെളിയുമെന്നു ഗവേഷകർ കരുതുന്നു . 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *