ഇനി ഗുസ്തി, ദൈവങ്ങളും കൊറോണയും തമ്മിലോ?
“എഷ്യാനെറ്റ് ന്യൂസ്” ഇന്ന് (തിങ്കളാഴ്ച) രാത്രി ഒമ്പതിന് ആരംഭിച്ച ന്യൂസ് ഹൗര്‍ ചര്‍ച്ചയുടെ ദയനീയാവസ്ഥ കണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. ഈ ചാനലിലെ മികച്ച അവതാരകന്‍ എന്ന് ആരും സമ്മതിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളുടെ പൊതു നിലവാരമാണ് ഈ ദയനീയാവസ്ഥയ്ക്ക് കാരണം.ആരാധനാലയങ്ങള്‍ ഇപ്പോള്‍ തുറക്കാമോ എന്നതാണ് അവതാരകന്‍ ചര്‍ച്ചക്ക് കണ്ടുവെച്ച ചൂടുള്ള വിഷയം. “ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നീങ്ങികിട്ടും എന്ന് പ്രഖ്യാപിച്ച” ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ചങ്കുറപ്പോടെ നാട് ഭരിച്ച കേരളമാണിത്. ആ നാട്ടില്‍ ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് ദൈവത്തിന്‍റെ കാര്യം പറയാന്‍ മുട്ട് വിറയ്ക്കുന്നു.
എന്തുകൊണ്ട് ഇപ്പോള്‍ ആരാധനാലയങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കാം എന്നതിന് യുക്തിയുക്തമായ എന്തെങ്കിലും ഒരു
വാദം മുന്നോട്ടുവെക്കാന്‍ ചര്‍ച്ചയില്‍ അണിനിരന്ന ഒരു ആള്‍ക്കും കഴിഞ്ഞില്ല.തീര്‍ത്തും ഏകപക്ഷീയമായ ചര്‍ച്ച. ഒരു വസ്തുത മാത്രം ചര്‍ച്ചയില്‍ പൊന്തിവരാതിരിക്കാന്‍ അവതാരകനും ചര്‍ച്ചയില്‍ പങ്കെടുത്തവരും ജാഗ്രതകാണിച്ചതു പോലെ തോന്നി.
മാര്‍ച്ച് 25 ന് ഇന്ത്യ ലോക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 657 കോവിഡ് രോഗികളും 12 മരണങ്ങളും ആണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 181,827 ആണ്.മരണമാകട്ടെ 5,185 . രോഗികളുടെ എണ്ണത്തില്‍ 275 മടങ്ങ് വളര്‍ച്ച. മരണനിരക്കില്‍ 430 മടങ്ങും. ഇന്ത്യക്ക് ഇതില്‍ നിന്നും ഒന്നും പഠിക്കാനില്ലേ.!
ഇത്രയേറെ വൈകാരികമായ വിഷയത്തില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ അപക്വവും നിരുത്തരവാദപരവും ജനങ്ങളുടെ
സുരക്ഷിതത്വത്തിനു കഴിഞ്ച് പോലും വിലകല്പിക്കാത്തതുമായ സമീപനമാണ് ആരെയും അത്ഭുതപ്പെടുത്തുക. ഇപ്പോള്‍
ലോകമാകെ ചര്‍ച്ചചെയ്യുന്ന വിഷയമാണ് ഇത്. കോവിഡ് ശവങ്ങള്‍ കുന്നുപോലെ കൂമ്പാരം കൂടി കിടക്കുന്ന ചില രാഷ്ട്രങ്ങളിലും മത ശക്തികളുടെ സമ്മര്‍ദ്ദ ഫലമായി ആരാധനാലയങ്ങള്‍ തുറന്ന് കൊടുക്കുന്നുണ്ട്.എന്തായാലും ജനങ്ങള്‍ മരിക്കും, അപ്പോള്‍ മതമേധാവികള്‍ക്കു വഴങ്ങിക്കൊടുത്ത് തടിരക്ഷിക്കുന്നതല്ലേ നല്ലത് എന്ന് ചിന്തിക്കുന്നവരാണ് പല ഭരണാധികാരികളും. ഇന്ത്യയില്‍ ഈ വിഷയം പരിഗണിക്കപ്പെടാന്‍ എന്താണ് ഇത്ര വൈകി എന്നതിലാണ്
അത്ഭുതപ്പെടേണ്ടത്, ഇന്നത്തെ ചര്‍ച്ചയില്‍ ഒരു കാര്യം വ്യക്തമായി. മതത്തെ നിരാകരിക്കുന്നവര്‍ മുതല്‍ തീവ്ര മതവിശ്വാസം വെച്ച് പുലര്‍ത്തുന്നവര്‍ വരെ ഇക്കാര്യത്തില്‍ ഒരേ ചേരിയിലാണ്.ജനങ്ങള്‍ എത്ര തന്നെ ചത്തൊടുങ്ങിയാലും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ദോഷം വന്നുകൂടാ.
മാര്‍ക്സിസം എന്തെന്ന് പഠിക്കാതെ തന്നെ ആ പാര്‍ട്ടിയുടെ നേതാവും സമുന്നത മന്ത്രിയും മറ്റും ഒക്കെ ആര്‍ക്കും ആകാം എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ചര്‍ച്ചയില്‍ സിപിഎം പ്രതിനിധിയുടെ റോള്‍. (ആ മന്ത്രിയുടെ ഭരണ നൈപുണ്യത്തെയല്ല ഉദ്ദേശിച്ചത്). ആരാധനാലയം തുറക്കട്ടെ, തുറക്കാതിരിക്കട്ടെ ഇതുപോലൊരു വിഷയം ചര്‍ച്ചയ്ക്കു വന്നാല്‍ മാര്ക്സിസം- ലെനിനിസത്തിന്‍റെ പ്രാഥമിക പാഠം എങ്കിലും ഹൃദിസ്ഥമാക്കിയിട്ടുള്ള ഒരാളില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന ചില അടിസ്ഥാന നിലപാടുകളുണ്ട്. അനാവശ്യമായ “ദൈവ ഭയമുള്ള” യാളോ ഭക്തയോ അല്ല ഈ മന്ത്രി എന്ന് അറിയാം. പക്ഷെ ഇപ്പോള്‍ ആ മഹതി ചുമക്കുന്ന മന്ത്രി പദവി ഈ ചര്‍ച്ചയില്‍ ആ മുഖം ഏറെ വികൃതമാക്കി .ഇതുസംബന്ധിച്ചു ഇന്ത്യന്‍ പ്രധാനമന്ത്രി എട്ടാം തീയതി പ്രഖ്യാപനം നടത്തുമല്ലോ എന്ന് പറഞ്ഞു
വിഷയത്തില്‍ നിന്ന് വഴുതിമാറുകയാണ് മന്ത്രി ചെയ്തത്. ഒരമ്പലം കത്തിയാല്‍ അത്രയ്ക്ക് അന്ധവിശ്വാസം കുറയുമെന്ന് മുമ്പ് സി കേശവന്‍ പറഞ്ഞത് ഇപ്പോള്‍ ഈ മന്ത്രി ആവര്‍ത്തിക്കുമെന്ന തെറ്റിദ്ധാരണ ഒന്നും ആര്‍ക്കുമുണ്ടാകില്ല. അതൊക്കെ പഴയകാലം. പക്ഷെ മന്ത്രിക്ക് എടുത്തുകാണിക്കാന്‍ സുപ്രധാന തെളിവുകള്‍ കയ്യിലുണ്ടായിരുന്നു.രോഗികളുടെ എണ്ണത്തില്‍ 275 മടങ്ങ് വളര്‍ച്ചയും മരണനിരക്കില്‍ 430 മടങ്ങുവളര്‍ച്ചയും കണ്‍മുമ്പില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇനിയും നിഷ്ക്കളങ്കരായ വിശ്വാസികളെ മരണത്തിന്‍റെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കണോ? അവതാരകനെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി ഈ ചോദ്യം ശക്തിയുക്തം ഉയര്‍ത്തണമായിരുന്നു. അത് കണ്ടില്ല.
മറ്റ് പാര്‍ട്ടികളുടെ നേതാക്കളുടെ പരമദയനീയ സ്ഥിതിയെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. അവരില്‍ നിന്ന് ആര്‍ എന്ത് പ്രതീക്ഷിക്കാന്‍! അവതാരകന്‍ തെരഞ്ഞെടുത്ത വിഷയം ചര്‍ച്ചക്കിടയില്‍ ഞെരിഞ്ഞമരുന്നതിന്‍റെ ഭീകരത കണ്ടപ്പോള്‍
അമേരിക്കയില്‍ വെള്ളപോലീസുകാരന്‍റെ കരാളമായ പേശീബലത്തിനിടയില്‍ കിടന്നു പിടഞ്ഞു പിടഞ്ഞു അന്ത്യശ്വാസം വലിക്കുന്ന കറുത്തവര്‍ഗക്കാരന്‍റെ ദാരുണ ചിത്രമാണ് ഓര്‍മ്മയില്‍ വന്നത്. കേരള രാഷ്ട്രീയത്തിന്‍റെ ദയനീയ പരിച്ഛേദത്തെ
മലയാളികള്‍ എങ്ങിനെ ഇത്രയേറെ സമയം സഹിച്ചു?
യഥാര്‍ഥത്തില്‍ ഈ വിഷയത്തില്‍ ചാനലില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളെ കുറിച്ചല്ല ഇവിടെ പരാമര്‍ശിക്കാന്‍ഉദ്ദേശിക്കുന്നത്. ചര്‍ച്ചയില്‍ തമസ്ക്കരിച്ച പ്രധാന കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചപ്പോള്‍ മനസ്സ് നൊന്തത് കൊണ്ടാണ് ഇത്തരത്തിലൊരു പ്രതികരണം എഴുതുന്നതിന് നിര്‍ബന്ധിതമായത്.
കൊല്‍ക്കത്തയില്‍ നിന്നുള്ള ടെലിഗ്രാഫ് പത്രത്തില്‍ ഇതേ വിഷയത്തില്‍ ഇന്ന് (തിങ്കളാഴ്ച) ശ്രദ്ധേയമായ ഒരു ലേഖനം
പ്രസിദ്ധീകരിച്ച സാഹചര്യവും മനസ്സിലുണ്ടായിരുന്നു. ലോകത്തെ biotech ലാബുകളുടെ ഗവേഷണ വിഭാഗമായ Virology Group (ICGEB) മേധാവി ഷഹീല് ജമീല്‍ ആണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഈചര്‍ച്ചയില്‍ പങ്കെടുത്തവരാരും ഈ ലേഖനം വായിച്ചിരിക്കാനിടയില്ലെങ്കിലും ഈ ചര്‍ച്ച കണ്ടവരില്‍ ആരെങ്കിലുമൊക്കെ ഈ ലേഖനം വായിച്ചിരിക്കാം എന്ന പ്രതീക്ഷയുണ്ട്. അതിനാല്‍ ആ ലേഖനത്തിന്‍റെ സാരാംശമടക്കമുള്ള ചില കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു വിഷയം ചര്‍ച്ചയ്ക്ക് എടുക്കുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ എന്താണ് എന്ന് മാധ്യമ പ്രവര്‍ത്തകരും ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.
ഏതു കടുത്ത മതഭ്രാന്തനും ഈ ലേഖനത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ വായിക്കുമ്പോള്‍ അവന്‍റെ മനസ്സ് ഉലയും. കോവിഡ് രോഗവ്യാപന കാലത്തു ആരാധനാലയങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍ അനുവദിച്ചാല്‍ അത് വരുത്തിവെക്കാവുന്ന ദുരന്തം വളരെ വളരെ വലുതാണെന്ന് ആര്‍ക്കും ബോധ്യമാകും. പ്രത്യേകിച്ചും രോഗം തങ്ങളുടെ ജീവന്‍ മാത്രം കവര്‍ന്നെടുക്കാത്തിടത്തോളം തങ്ങള്‍ക്ക് ഒന്നും ഭയക്കാനില്ലല്ലോ എന്ന മിഥ്യാ ബോധത്തില്‍ ഒരു നിയന്ത്രണവും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ചിന്തിക്കുന്നവര്‍ ഏറെയുള്ള ഒരു നാട്ടില്‍ ഷഹീദ് ജമീലിന്‍റെ യുക്തിയുക്തമായ വാദമുഖങ്ങള്‍ക്ക്
വിലയുണ്ട്? അതിനൊന്നും വിലകല്‍പ്പിക്കുന്നതല്ലവരല്ല നമ്മുടെ രാഷ്ട്രീയ നേതൃത്വത്തില്‍ ഉള്ളവരും ആരാധനാലയങ്ങളിലേക്ക് എത്രയും വേഗം അനുയായികളെ എത്തിച്ചില്ലെങ്കില്‍ അവര്‍ക്കിടയിലെ സ്വാധീനം ഇന്നത്തെ തോതില്‍ തുടരാനാകുമോ എന്നു മതമേധാവികളും സാമുദായിക നേതാക്കളും ഭയപ്പെടുന്നു എന്ന് ഇന്നത്തെ ടെലിവിഷന്‍ ചര്‍ച്ച അസന്നിഗ്ധമായി തെളിയിച്ചു. അതാണ് ഇപ്പോഴത്തെ ഹാലിളക്കത്തിന് കാരണം.
‘ആരാധനാലയങ്ങള്‍ ജൂണ്‍ എട്ടുമുതല്‍ ഘട്ടം ഘട്ടം ആയി തുറന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചേക്കുമെന്ന് വ്യക്തമായി കഴിഞ്ഞു.നമ്മുടെ സമ്പദ് വ്യവസ്ഥയെ ഉന്നതിയിലേക്ക് മടക്കികൊണ്ടുവരാനാണ് വിവിധ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നതെങ്കില്‍ എങ്ങിനെയാണ് ആരാധനാലയങ്ങള്‍ക്ക് ഈ പ്രക്രിയയില്‍ പ്രാധാന്യം കിട്ടുന്നത്? രാജ്യത്തെ വികസന മേഖലയുമായി എന്ത് ബന്ധമാണ് ആരാധനാലയങ്ങള്‍ക്ക് ഉള്ളത്?
എങ്ങിനെയാണ് ഈ ഇളവ് കൊണ്ട് ഇന്ത്യന്‍ സമ്പത്ഘടന കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുക.?
എന്നാല്‍ ഇതേവരെയുള്ള സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ അനുഭവം കൊണ്ട് നമുക്ക് മനസിലായത് ആരാധനാലയങ്ങള്‍ പൂട്ടിയത്
കൊണ്ട് രോഗവ്യാപനം ഗണ്യമായി ഇന്ത്യയിലാകെ കുറഞ്ഞു എന്നാണ്. ആ നയം കീഴ്മേല്‍ മറിച്ചാല്‍ എന്താകും
സംഭവിക്കുക? പൊതു ആരാധനാലയങ്ങള്‍ മലര്‍ക്കെ തുറന്നിടുന്നതോടെ രോഗവ്യാപനം പതിന്മടങ്ങാകും എന്നത്
തര്‍ക്കമറ്റകാര്യമാണ്.
ആരാധനാലയ കേന്ദ്രങ്ങളില്‍ എങ്ങിനെയാണ് മറ്റിടങ്ങളിലേക്കാള്‍ രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യത എന്ന് സംശയിക്കുന്നവരുണ്ടാകാം. ഒന്നാമത്തെ കാരണം. ആരാധനാലയങ്ങളിലെ ആള്‍ക്കൂട്ടം ഒന്നോ രണ്ടോ ഡസന്‍ ആയി
പരിമിതപ്പെടുത്തുക സാധ്യമല്ല. എങ്കില്‍ പിന്നെ കോടിക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനം എന്തിന് ഇപ്പോള്‍ തടസ്സപ്പെടുത്തി
അടച്ചുപൂട്ടല്‍ തുടരുന്നു. രോഗവ്യാപന സാധ്യത കൂടുതല്‍ ആയതുകൊണ്ടാണല്ലോ ഇപ്പോള്‍ ആ മേഖലയില്‍ നിയന്ത്രണം
കര്‍ക്കശമായി തുടരുന്നത്. ആള്‍ക്കൂട്ടം ഉള്ള സ്ഥലങ്ങളില്‍ ആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയുയോ
മൂക്കുചീറ്റുകയോ ചെയ്യുമ്പോള്‍ വായുവില്‍ കലരുന്ന വൈറസ് രോഗാണുക്കള്‍ രോഗവ്യാപനതിന് കാരണമാകുമെന്നതില്‍ സംശയമില്ല. അന്തരീക്ഷത്തില്‍ തെറിച്ചു വീഴുന്ന ഇവ നമ്മള്‍ തന്നെ കയ്കൊണ്ട് എടുത്ത് വായിലോ മുഖത്തോ മൂക്കിലോ തേച്ചാലും നമ്മള്‍ രോഗത്തിന് ഇരയാകും. ആരാധനാലയങ്ങളിലെ കൂട്ട പാട്ടുപോലും രോഗവ്യാപനത്തെ ഉത്തേജിപ്പിക്കാം. ഓരോ ദിവസവും രോഗ വ്യാപനതോത് ഉയര്‍ന്നുകൊണ്ടിരിക്കു മ്പോഴാണ് സര്‍ക്കാര്‍ ആത്മഹത്യാപരമായ ഈ നടപടിയെ കുറിച്ച് ചിന്തിക്കുന്നത് എന്നത്
വിസ്മയകരമാണ്.’