പ്രധാനമന്ത്രിയുടെ ഓഫീസ്സിനു മുന്നില്‍ മുഖ്യമന്ത്രി സത്യഗ്രഹം ചെയ്യട്ടെ

വൈകും വരെ വെള്ളം കോരിയിട്ട് കുടം ഉടച്ച് പോകുന്നത് മലയാളത്തില്‍ പരിചിതമായ ചൊല്ലാണ്. മുഖ്യമന്ത്രി പിണറായിവിജയന്‍റെ ഇന്നത്തെ (ബുധനാഴ്ച ) പത്രസമ്മേളനം കണ്ടപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്. മലയാളികളെ ഗള്‍ഫില്‍നിന്നും മടക്കി കൊണ്ടുവരുന്നതിനു അദ്ദേഹം മുന്നോട്ടുവെച്ച കര്‍ക്കശ നിലപാട് ഇതാണ് തെളിയിക്കുന്നത്. ഗള്‍ഫില്‍നിന്നുള്ള മലയാളികളെ കേരളത്തില്‍ വരാന്‍ ഇനി അനുവദിക്കണമെങ്കില്‍ അവര്‍ കൊവിഡ് രോഗിയല്ലെന്ന് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്ത് യുക്തിയാണ് ഇതില്‍ ഉള്ളത്. ഇതേ മുഖ്യമന്ത്രിയല്ലേ കേരളത്തില്‍ കെ എസ് ആര്‍ ടി സി ബസില്‍ മുഴുവന്‍ സീറ്റിലും യാത്രചെയ്യാമെന്നു ഉത്തരവിറക്കിയത്. ബസില്‍ യാത്രക്കാരെ കയറ്റുന്നത് കൊവിഡ് പരിശോധനാ ഫലം നോക്കിയാണോ? എന്തേ ബസില്‍ അടുത്തടുത്ത സീറ്റില്‍ ഇരുന്ന് യാത്രചെയ്താല്‍ കൊവിഡ് പിടികൂടില്ലെന്ന് ആരാ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയത്?

ഇപ്പോള്‍ ഇന്ത്യയില്‍ പറക്കുന്ന വിമാനങ്ങളില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാര്‍ക്ക് അടുത്തടുത്ത് ഇരിക്കാമല്ലോ. നേരത്തെ മധ്യ സീറ്റില്‍ യാത്രക്കാരെ ഇരുത്തില്ലായിരുന്നു.ഇരുത്താം എന്ന് തീരുമാനിച്ചത് വിദഗ്ദരും ശാസ്ത്രജ്ഞരും അടങ്ങിയ സമിതി നല്‍കിയ ശുപാര്‍ശ അനുസരിച്ചാണ്. അതില്‍ എടുത്തുപറയുന്നത് , അടുത്തടുത്ത സീറ്റില്‍ ഇരിക്കുന്നത് കൊണ്ട് ആര്‍ക്കും രോഗം പകരില്ലെന്നാണ്. ഇത് ഔദ്യോഗിക റിപ്പോര്‍ട്ട് ആണ്. ഇത് കേരള മുഖ്യമന്ത്രി വായിച്ച് നോക്കണം. എങ്ങിനെയാണ് ലക്ഷക്കണക്കിന്‌ പ്രവാസികളെ മുഴുവന്‍ ടെസ്റ്റിന് ഇരയാക്കാന്‍ കഴിയുക. എത്രവര്‍ഷം കഴിഞ്ഞാലാണ് ഈ ടെസ്റ്റ്‌, നടന്നാല്‍ തന്നെ, പൂര്‍ത്തിയാകുക. ഏതു രാജ്യത്താണ് ലക്ഷക്കണക്കിന്‌ പ്രവാസികളെ ടെസ്റ്റ്‌ ചെയ്യാന്‍ സൌകര്യമുള്ളത്. ഇതിന്‍റെ സാമ്പത്തിക ബാധ്യത ആര്‍ ഏറ്റെടുക്കും? രോഗം ബാധിച്ചവരോട് കാരുണ്യം കാണിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഇല്ലേ. അതോ അവരെക്കോ അവിടെ കിടന്ന് ചത്തൊടുങ്ങട്ടെ എന്നാണോ? ഈ മഹാമാരിയെ ആദ്യഘട്ടത്തില്‍ കൈകാര്യം ചെയ്ത അഭിമാനകരമായ ചരിത്രം ഇന്നത്തെ സര്‍ക്കാരിനുണ്ട്. ആ സല്‍പ്പേര് കളഞ്ഞു കുളിക്കരുത്. പ്രവാസികളുടെ ഓരോ കുടുംബവും നാട്ടില്‍ അവരെ കാണാനായി കണ്ണില്‍ എണ്ണ ഒഴിച്ചിരിക്കുകയാണ്. അവരുടെ ശാപം ഏറ്റുവാങ്ങരുത് ഈ മന്ത്രിസഭ. രോഗമുള്ളവരും രോഗം ഇല്ലാത്തവരും ഒന്നിച്ചു യാത്രചെയ്യാന്‍ അനുവദിക്കുകയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് നിഷ്ക്കളങ്കമായാണ്‌ എന്ന് തോന്നാം. പക്ഷെ അതത്ര നിഷ്ക്കളങ്കമാകാന്‍ സാധ്യതയില്ല. മുഖ്യമന്ത്രി ദുശാഠൃഠ ഒഴിവാക്കി ‌‍പ്രായോഗിക ബുദ്ധി കാണിക്കണം. അതല്ലെങ്കില്‍ മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചു ദില്ലിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്സിനു മുന്നില്‍ സത്യഗ്രഹം അനുഷ്ഠിച്ചു മാതൃക കാട്ടണം. അദ്ദേഹം ഉന്നയിച്ച ആവശ്യം അങ്ങിനെ നേടിയെടുക്കണം. എന്ത് മാര്‍ഗം ഉപയോഗിച്ചായാലും പ്രവാസികളെ എത്രയും വേഗം കേരളത്തില്‍ എത്തിച്ചേ തീരൂ.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *