ഗുജറാത്ത് വികസന മാതൃക ചോദ്യം ചെയ്യപ്പെടുന്നു

ന്യൂദൽഹി: നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് നയിച്ച ഗുജറാത്ത് വികസന മാതൃക ചോദ്യം ചെയ്യപ്പെടുന്നു. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും മോശമായ പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങളിലൊന്ന്  എന്ന നിലയിൽ ഗുജറാത്തിന്റെ ആരോഗ്യ -സാമൂഹികക്ഷേമ മേഖലകളിലെ പ്രവർത്തനവും നയങ്ങളും ഗുരുതരമായ വിമർശനങ്ങൾക്കു കാരണമായിരിക്കുകയാണ്‌.

“ ഗുജറാത്ത് മോഡൽ തുറന്നു കാട്ടപ്പെട്ടു“എന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഏതാനും വാക്കുകളിൽ സംസ്ഥാനത്തിന്റെ ദയനീയസ്ഥിതിയെ തുറന്നു കാണിച്ചു. കോവിഡ് മരണ നിരക്കിൽ ഗുജറാത്തും കോൺഗ്രസ്സ് ഭരണപങ്കാളിത്തമുള്ള മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഗുജറാത്ത് മരണനിരക്ക് 6.25 ശതമാനം, മഹാരാഷ്ട്ര 3.73%, രാജസ്ഥാൻ 2.32%, പഞ്ചാബ് 2.17%,പുതുശ്ശേരി 1.98%,ജാർഖണ്ഡ് 0.5%, ഛത്തീസ്ഗഡ് 0.35 എന്നിങ്ങനെയാണ് കണക്കുകൾ. ഇന്ത്യയിൽ ഏറ്റവും ഉയർന്ന രോഗവ്യാപന നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ നാലാമതാണ് ഗുജറാത്ത്. 

ഗുജറാത്തിന്റെ ദയനീയമായ പ്രകടനത്തിന് മുഖ്യ കാരണം പൊതു മേഖലയിലെ ആരോഗ്യ സംവിധാനം അവഗണന നേരിട്ടത് കൊണ്ടാണെന്ന് പല പണ്ഡിതരും ചൂണ്ടിക്കാട്ടി. ഇരുപത് വർഷത്തിനിടയിൽ  ഇൗ രംഗത്ത് വൻ തകർച്ച ഗുജറാത്ത് നേരിട്ടു. ഉദാഹരണത്തിന് , രോഗ പ്രതിരോധ കുത്തിവെപ്പ് അവിടെ കുറഞ്ഞു. 2000ന് മുൻപ് ബജറ്റ് ചെലവിൽ 4.3 % തുക ആരോഗ്യ രക്ഷക്ക് കൊടുത്ത സംസ്ഥാനം ഇപ്പൊൾ 0.72% മാത്രമാണ് അതിനായി ചെലവിടുന്നത്. അതിന്റെ പ്രത്യാഘാതം ഇപ്പൊൾ സംസ്ഥാനം അനുഭവിക്കുകയാണ് എന്ന് പ്രമുഖ കോൺഗ്രസ് നേതാവ് അഹമദ് പട്ടേലും ചൂണ്ടിക്കാട്ടി. പ്രതിരോധ കുത്തിവെപ്പ് രംഗത്ത് സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടുന്ന റാങ്കിൽ ആകെയുള്ള 36 പ്രദേശങ്ങളിൽ  33 മത് സ്ഥാനത്താണ് ഗുജറാത്ത്. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply