ന്യുയോർക്ക് ടൈംസ് കോവിഡ് പേജ് ലോകശ്രദ്ധ നേടുന്നു

ന്യുയോർക്ക് : അമേരിക്കയിൽ കോവിഡ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിയുന്ന സന്ദർഭത്തിൽ ന്യുയോർക്ക് ടൈംസ് ദിനപത്രം തയ്യാറാക്കിയ ഒന്നാം പേജ് ലോകശ്രദ്ധയാകർഷിക്കുന്നു. ഞായറാഴ്ച  പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാംപേജിൽ മരിച്ചവരുടെ പേരുകളാണ് നിരനിരയായി കൊടുത്തിരിക്കുന്നത്. ഒരു  സെമിത്തേരിയിൽ സ്മാരകശിലകൾ കണ്ണെത്താദൂരത്തോളം നിരന്നുനില്ക്കുന്ന പ്രതീതിയാണ് ഈ പേജ് നൽകുന്നത്.

പത്രം പുറത്തിറങ്ങിയ ദിവസം തന്നെ പേജ്  മാധ്യമലോകത്തും സാമൂഹികമാധ്യമങ്ങളിലും വലിയ ചർച്ചയായി. സിഎൻഎൻ ചാനൽ അവരുടെ പ്രൈംടൈം വാർത്തയിൽ വിശദമായ ചർച്ചയോടെയാണ് വാർത്ത നൽകിയത്. ലോകത്തെ മറ്റു പല മാധ്യമങ്ങളും വാർത്തയായും ഫീച്ചറായും പേജിനു പ്രചാരണം നൽകി.

ഒരു നൂറ്റാണ്ടു കഴിഞ്ഞു ലോകം കോവിഡ് അനുഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോഴും ഓർമിക്കപ്പെടുന്ന പേജ് തയ്യാറാക്കുകയെന്ന ദൗത്യമാണ് തങ്ങൾക്കു മുമ്പിലുണ്ടായിരുന്നതെന്നു അത് തയ്യാറാക്കിയ ടീമിന്റെ നേതാവ് ഡാൻ ബാരി പറഞ്ഞു .സീനിയർ പത്രപ്രവർത്തകരും  ഗ്രാഫിക് ആർട്ടിസ്റ്റുകളും റീസെർച് വിഭാഗവും അടക്കം മുപ്പതിലേറെയാളുകൾ ആഴചകളോളം ജോലി ചെയ്താണ് അസാധാരണമായ പേജ് രൂപകൽപന ചെയ്തു തയ്യാറാക്കിയത്.  അമേരിക്കയിലെ വിവിധ നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമായി പുറത്തിറങ്ങുന്ന 270ലേറെ പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും പരിശോധിച്ചാണ് മരിച്ചവരുടെ മുഴുവൻ പേരുകളും അവരെ സംബന്ധിച്ച വിവരങ്ങളും  പത്രം ശേഖരിച്ചത്. അതിൽ കണ്ടെത്തിയ സ്മരണീയമായ പല അനുസ്മരണ വാക്യങ്ങളും പേരുകൾക്കിടയിൽ വായിക്കാനാകും.  ചരമ വാർത്തകൾ, മരണ സംബന്ധമായ അറിയിപ്പുകൾ, ഓർമക്കുറിപ്പുകൾ എന്നിങ്ങനെ വിവിധ സ്രോതസ്സുകളാണ്  വിവരശേഖരണത്തിന് ഉപയോഗിച്ചത്.

ഓൺലൈനിൽ ഇതേ പേജ് വിശദമായി പരിശോധിക്കാവുന്ന വിധം പത്രം നൽകിയിട്ടുണ്ട്. ഓരോ മരണവും രേഖപ്പെടുത്തുന്ന ഒരു രേഖാചിത്രവുമായാണ് അവിടെ പേജ്  രൂപ കല്പന ചെയ്തിരിക്കുന്നത്.

Leave a Reply