ലോക്ക്ഡൗണിനിടയിൽ വനങ്ങൾക്കു നേരെ കയ്യേറ്റം; 30 പദ്ധതികൾക്ക് അനുമതി

ഡൽഹി: രാജ്യത്തു ലോക്ക് ഡൗണിന്റെ രണ്ടു  മാസങ്ങൾക്കിടയിൽ പരിസ്ഥിതി പ്രാധാന്യമുള്ള മുപ്പതിലേറെ പദ്ധതികൾക്ക് കേന്ദ്ര ജൈവവൈവിധ്യ ബോർഡും ദേശീയ വനോപദേശക സമിതിയും അനുമതി നൽകി. സാധാരണ നടപടിക്രമങ്ങൾ മറികടന്നാണ് പദ്ധതികൾക്കു വീഡിയോ കോൺഫറൻസ് വഴി അനുമതി നൽകിയത്. അരുണാചൽ പ്രദേശ്, അസം, ഗോവ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ആരംഭിക്കാനിരിക്കുന്ന പദ്ധതികൾ വൻതോതിൽ വന-പരിസ്ഥിതി നാശത്തിനു കാരണമാവുമെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ദി ഹിന്ദു ദിനപത്രത്തിൽ മെയ് 24 ഞായറാഴ്ച എഴുതിയ  ലേഖനത്തിലാണ് പ്രശസ്ത വൈൽഡ് ലൈഫ് ബയോളജിസ്റ്റായ  നന്ദിനി വെൽഹോ  ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. സാധാരണ നിലയിൽ ഒരു ദിവസത്തിലേറെ സമയമെടുത്ത് വിവിധ വശങ്ങൾ പരിശോധിച്ചു, വിദഗ്ധരുടെ അഭിപ്രായം  തേടി പലപ്പോഴും ബന്ധപ്പെട്ട പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് പരിസ്ഥിതി അനുകൂല സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ ലോക്ക് ഡൗണിൽ അത്തരം വിശദമായ  പരിശോധനകൾ ഒഴിവാക്കി രണ്ടുമണിക്കൂറിൽ കുറഞ്ഞ സമയത്തെ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് എല്ലാ പദ്ധതികൾക്കും അനുമതി നൽകിയതെന്ന് ലേഖനം പറയുന്നു. പദ്ധതി പ്രദേശങ്ങളിലെ മുഴുവൻ ജനങ്ങളുടെയും അഭിപ്രായം കേൾക്കുന്ന പതിവ് ഒഴിവാക്കി പദ്ധതിക്ക് വേണ്ടി പണമിറക്കുന്ന കമ്പനികളുടെ അഭിപ്രായങ്ങൾ മാത്രമാണ് തീരുമാനം എടുക്കുന്നതിൽ അധികൃതർ പരിഗണിച്ചതെന്നും ആരോപണമുണ്ട്.

പദ്ധതികൾക്ക്  പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് ലോക്ക് ഡൗണിന്റെ അവസരത്തിൽ എളുപ്പത്തിൽ അനുമതി നൽകുന്ന സ്ഥിതിയിൽ ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യയിലെ ഒരു സംഘം ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർക്കു നിവേദനം നൽകിയിട്ടുണ്ട്.

Leave a Reply