കാലാവസ്ഥാ വ്യതിയാനം അമേരിക്കൻ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു

ന്യൂയോർക്ക്: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ശാസ്ത്ര -സാമൂഹിക രംഗങ്ങളിൽ മുഖ്യചർച്ചാവിഷയമായിട്ടും രാഷ്ട്രീയത്തിൽ അതിന്റെ സ്വാധീനം താരതമ്യേന  പരിമിതമാണ്. എന്നാൽ  നവംബർ മൂന്നിനു നടക്കുന്ന അമേരിക്കൻ  പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കാലാവസ്ഥാ വ്യതിയാനവും അതിനോടുള്ള മുഖ്യധാരാ പാർട്ടികളുടെ പ്രതികരണവും പ്രധാന വിഷയങ്ങളിൽ ഒന്നായി മാറിയതായി ബിബിസി, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

 അമേരിക്കയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളായ കാലിഫോർണിയ, ഒറിഗോൺ  തുടങ്ങിയ പ്രദേശങ്ങളിലും കിഴക്കൻ തീരത്തു വാഷിംഗ്ടൺ സംസ്ഥാനത്തും കാട്ടുതീ കാരണം കഴിഞ്ഞ ആഴ്ചകളിൽ അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് രാജ്യം അഭിമുഖീകരിക്കുന്നത്. 1910ൽ  ഉണ്ടായ കടുത്ത കാട്ടുതീ ദുരന്തത്തിനുശേഷം ഇത്രയും കടുത്ത നാശനഷ്ടങ്ങൾ ആ ദ്യമാണെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതിനകം 50 ലക്ഷം ഏക്കർ കാടുകൾ ഈ പ്രദേശങ്ങളിൽ  കത്തിനശിച്ചു. മൊത്തം 36 പേരുടെ മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. 

കാട്ടുതീ  ബാധിച്ച പ്രദേശങ്ങളിൽ ഇന്നലെ സന്ദർശനം നടത്തിയ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞതു അതിനു കാലാവസ്ഥാ വ്യതിയാനവുമായി എന്തെങ്കിലും ബന്ധമുള്ളതായി താൻ കരുതുന്നില്ല എന്നാണ്. വനസംരക്ഷണ കാര്യങ്ങളിലുള്ള ശ്രദ്ധക്കുറവും ഉദ്യോഗസ്ഥരുടെ അലംഭാവവും മാത്രമാണ്    ഇപ്പോഴത്തെ പ്രതിസന്ധിക്കു കരണമെന്നും അദ്ദേഹം പറഞ്ഞു.  ഏതാനും ആഴ്ചകൾ കഴിഞ്ഞാൽ തണുപ്പുകാലമാവും. അതോടെ പ്രശ്നങ്ങൾ തീരും എന്നാണ് പ്രസിഡണ്ട് മാധ്യമങ്ങളോടു പറഞ്ഞത് .

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച   ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകളെ ഡൊണാൾഡ് ട്രംപ് തുടക്കം മുതലേ അവഗണിക്കുകയായിരുന്നു. 2015ൽ  പ്രസിഡണ്ട് ബരാക് ഒബാമയുടെ നേതൃത്വത്തിൽ 145 രാഷ്ട്രങ്ങൾ പാരിസിൽ ഒപ്പുവെച്ച കാലാവസ്ഥാ ഉടമ്പടിയിൽ നിന്നും അദ്ദേഹം പിൻവാങ്ങുകയായിരുന്നു.  അമിത താപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കാൻ ലക്ഷ്യമിട്ടു മുൻ സർക്കാരുകളുടെ കാലത്തു കൊണ്ടുവന്ന എഴുപതോളം നിയമങ്ങൾ ട്രംപ് ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്. വൻകിട ബിസിനസ്സ് സ്ഥാപനങ്ങളുടെയും  ആഗോളതാപനം നിഷേധിക്കുന്ന ചില തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളുടെയും നിലപാടുകളെയാണ് അദ്ദേഹം അംഗീകരിച്ചത്. 

എന്നാൽ ട്രംപിന്റെ നയങ്ങളെ ഡമോക്രറ്റിക് പ്രസിഡണ്ട് സ്ഥാനാർഥി ജോ ബൈഡൻ ശക്തമായി വിമർശിച്ചു. കാലാവസ്ഥാ  വ്യതിയാന വിഷയത്തിൽ തീയിൽ എണ്ണയൊഴിക്കുന്ന നയമാണ് ട്രംപ് പിന്തുടരുന്നതെന്നു അദ്ദേഹം ഇന്നലെ പറഞ്ഞു. അമേരിക്കൻ   സമൂഹത്തിലും ആഗോള രംഗത്തും ഇന്നു നിലനിൽക്കുന്ന ഏറ്റവും പ്രമുഖമായ പ്രശ്നത്തെ അവഗണിക്കാനാണ്  ട്രംപ് ശ്രമിക്കുന്നത്. അമേരിക്കയും ലോകവും അതിനു വലിയ വില  കൊടുക്കേണ്ടിവരും. താൻ  പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടാൽ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതിനു പ്രാധാന്യം നൽകുന്ന നയങ്ങൾ തിരിച്ചുകൊണ്ടുവരും എന്നു ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തരം നയങ്ങളെ പിൻപറ്റുന്ന വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും   പരിസ്ഥിതി സൗഹൃദ വികസന നടപടികൾക്കുമായി 1.70 ലക്ഷം കോടി ഡോളർ അടുത്ത നാലുവർഷങ്ങളിൽ ചെലവഴിക്കും എന്നു ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ തുക വർധിപ്പിക്കുമെന്നും 2.00  ലക്ഷം കോടി ഡോളർ ഇതിനായി വിനിയോഗിക്കും എന്നും അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചു. അമേരിക്കയിലെ യുവവോട്ടർമാർക്കിടയിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അവബോധവും ഉത്കണ്ഠയും വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ കൂടുതൽ ശക്തമായ ഊന്നൽ നൽകാൻ ബൈഡനും  ഡെമോക്രാറ്റിക്‌ പാർട്ടിയും തീരുമാനിച്ചത്. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *