പലസ്‌തീനിൽ യുദ്ധം കനക്കുന്നു;മരണം നൂറു കവിഞ്ഞു

   

ബെയ്‌റൂത്ത്: പലസ്‌തീൻ പോരാളികളും ഇസ്രായേലി  സൈന്യവും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യങ്ങളിലേക്കു നീങ്ങിയതോടെ ഗസ അതിർത്തിയിൽ ഇസ്രയേലിസേനകൾ കരയുദ്ധത്തിന് തയ്യാറെടുത്തതായി ബിബിസി,സിഎൻഎൻ അടക്കമുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.

അഞ്ചുദിവസമായി തുടരുന്ന സൈനിക സംഘർഷത്തിൽ പലസ്‌തീൻ   പക്ഷത്തു 103 പേർ ഇതിനകം മരിച്ചതായി ഹമാസ് നിയന്ത്രണത്തിലുള്ള ഗസയിലെ അധികൃതർ വ്യാഴാഴ്ച്ച അറിയിച്ചു.  ഇസ്രായേലിൽ ഔദ്യോഗികമായി ഏഴു മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം മിസ്സൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ആരോഗ്യപ്രവർത്തക സൗമ്യയും ഇതിൽ ഉൾപ്പെടും. സൗമ്യയുടെ  മൃതദേഹം പ്രത്യേക വിമാനത്തിൽ ഇന്നു ഇന്ത്യയിലേക്ക് അയക്കുമെന്നു ഇസ്രായേൽ അധികൃതരും ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കിഴക്കൻ ജറുസലേമിൽ ആരംഭച്ച സംഘർഷം പെട്ടെന്നാണ് കടുത്ത ഏറ്റുമുട്ടലായി മാറിയത്. 1967ലെ   യുദ്ധത്തിലാണ് പുണ്യനഗരമായ ജെറുസലേം ഇസ്രായേൽ പിടിച്ചെടുത്തത്. 1980  മുതൽ നഗരം തങ്ങളുടെ ഭാഗമാണെന്നും അത് ഇസ്രയേലിന്റെ തലസ്ഥാനമായി മാറ്റുമെന്നും ഇസ്രായേൽ പ്രഖ്യാപിക്കുകയുണ്ടായി. കഴിഞ്ഞ വർഷം  അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ജെറുസലേം ഇസ്രായേൽ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ മറ്റു ലോകരാജ്യങ്ങൾ അത് അംഗീകരിച്ചിട്ടില്ല .

ഹറമുൽ ഷരീഫ് എന്ന് മുസ്‌ലിംകളും ടെംപ്ൾ മൌണ്ട് എന്ന് ജൂതന്മാരും വിശേഷിപ്പിക്കുന്ന കുന്നിൻപ്രദേശത്തു കഴിഞ്ഞയാഴ്ച റംസാൻ വ്രതാനുഷ്ടാനത്തിന്റെ അവസാന വാരത്തിൽ ഉടലെടുത്ത സംഘർഷമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളിലേക്ക് നയിച്ചത്. മുസ്ലിംകളുടെ ഏറ്റവും പുണ്യ കേന്ദ്രങ്ങളിൽ ഒന്നായ അൽ അഖ്‌സ  പള്ളിയിലേക്ക് വിശ്വാസികൾ പ്രവേശിക്കുന്നത് ഇസ്രായേൽ സേന തടഞ്ഞു. തുടർന്ന് അറബ് മുസ്ലിം  വിഭാഗങ്ങളും സേനയുമായി ഏറ്റുമുട്ടൽ ആരംഭിച്ചു.  

തൊട്ടടുത്ത ഗസയിൽ നിന്ന് ഹമാസ് സൈനിക വിഭാഗങ്ങൾ ഇസ്രായേലിനു  നേരെ ആയിരക്കണക്കിന് മിസ്സൈലുകൾ പ്രയോഗിച്ചു. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനത്തെ ഭേദിച്ചു നിരവധി മിസൈലുകൾ വിവിധ  ഇസ്രായേലി നഗരങ്ങളിൽ പതിച്ചിട്ടുണ്ട്. ഇസ്രായേൽ  ഗസയുടെ നേരെ വ്യോമാക്രമണം നടത്തുന്നു. ജനവാസകേന്ദ്രങ്ങളിൽ നിരവധി  കെട്ടിടങ്ങൾ ഇസ്രായേൽ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ഹമാസിന്റെ ചില പ്രമുഖ സൈനിക നേതാക്കൾ കൊല്ലപ്പെട്ടതായി വാർത്തയുണ്ട്.  മരിച്ചവരിൽ അധികവും സാധാരണ ജനങ്ങളാണെന്നു ഹമാസ് അറിയിച്ചു.

 അടിയന്തിരമായി സംഘർഷം അവസാനിപ്പിക്കണമെന്ന് വിവിധ ലോകനേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. അമേരിക്ക വെടിനിർത്തൽ ആവശ്യപ്പെട്ടുവെങ്കിലും ഇസ്രായേലിനു  സ്വയംരക്ഷക്ക് നടപടി എടുക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡൻ ഭരണകൂടം വ്യക്തമാക്കി. ഇസ്രായേൽ സൈന്യം ഗസയിലേക്കു നീങ്ങാനുള്ള നീക്കം ഉപേക്ഷിച്ചാൽ വെടിനിർത്തലിന് തയ്യാറാണെന്ന് ഹമാസ് നേതാക്കൾ വ്യക്തമാക്കി.

അതിനിടയിൽ അറബികളും ജൂതന്മാരും  ഇടകലർന്നു ജീവിക്കുന്ന പല ഇസ്രായേലി നഗരങ്ങളിലും ഇരുവിഭാഗവും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയാണ്. ഇത് ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന്  ഇസ്രായേലി പ്രസിഡണ്ട് ഇന്നലെ ചൂണ്ടിക്കാട്ടി.  

SHARE
  •  
  •  
  •  
  •  
  •  
  •