കുടുംബശ്രീ@25: വനിതാ ശാക്തീകരണ പാഠശാല

അനിൽകുമാർ പി വൈ

ഈ പൊന്നാടയും ഫലകവും റോസാപുഷ്പവും ഞാനെന്റെ നെഞ്ചോട് ചേർത്തു പിടിക്കുന്നു. ചൂർണ്ണിക്കരയുടെ ജനതതികൾ എന്നെ ചേർത്തുപിടിക്കുംപോലെ..കുടുംബശ്രീയുടെ പ്രഥമ ചെയർപേഴ്‌സൺ ആയി പ്രവർത്തിച്ചത് 2000 മുതൽ 2007 വരെ.ഇന്ന് 2023 മെയ് 29ന് 16 വർഷങ്ങൾക്കു ശേഷം കുടുംബശ്രീ പഠിക്കാനെത്തിയ ആസ്സാം ബോഡോ ടെറിട്ടോറിയൽ കൗൺസിൽ അംഗങ്ങൾക്കൊപ്പം ഗ്രാമപഞ്ചായത്തിന്റെ മുറ്റത്ത് ഒരിക്കൽ കൂടി ഞാൻ എത്തിയപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി… കാരണം ഇന്നലെയെന്നപോലെ അവർ എന്റെ ശബ്ദത്തെ തിരിച്ചറിഞ്ഞു.ചോർന്നു പോകാത്ത സ്‌നേഹത്താൽ അവർ എന്നെ വാരിപ്പുണർന്നു.. ജാതിയും മതവും രാഷ്ട്രീയവും അതിർവരമ്പുകൾ സൃഷ്ടിക്കാത്ത നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ’…

അടുത്ത സുഹൃത്ത് ദേശീയ ഉപജീവന മിഷൻ റിസോഴ്സ് പേഴ്‌സൺ എറണാകുളം ജില്ലയിലെ മായ ശശിധരന്റെ വികാരപരമായ ഫേസ്ബുക് കുറിപ്പാണിത്. ഇങ്ങനെ കാര്യശേഷി തെളിയിച്ച നിരവധി മായമാരുടെ വിയർപ്പും വൈകാരിക അനുഭവങ്ങളും കൂടിച്ചേർന്നതാണ് കുടുംബശ്രീ.  കേരളത്തിന്റെ ഐശ്വര്യമാണ് ‘കുടുംബശ്രീ’എന്ന വനിതാ ശാക്തീകരണ പ്രസ്ഥാനം.     വർത്തമാന കേരളത്തിന്റെ സാമൂഹിക,രാഷ്ട്രീയ ഭൂമികയിൽ നിർവ്വചിക്കാവുന്നതിനപ്പുറം ഒരുപിടി കാര്യങ്ങൾ നിർവ്വഹിക്കുന്ന പ്രാദേശിക സർക്കാരുകളുടെ അവിഭാജ്യ ഘടകമാണ് കുടുംബശ്രീ.

ഉപജീവനത്തിന് ചെറു സമ്പാദ്യത്തിലൂടെ സ്വയം തൊഴിൽ കണ്ടെത്തി, സംരഭകരായി സാമ്പത്തിക ഭദ്രത കൈവരിച്ചതിലൂടെ കുടുംബത്തിൽ തന്റേതായ ഇടം സ്വന്തമാക്കിയതും ഈ വനിതാ പ്രസ്ഥാനം നിർണ്ണായക പങ്ക് വഹിച്ചു. പൊതുബോധത്തിൽ ലിംഗനീതിയിലധിഷ്ഠിതമായ സാമൂഹിക ക്രമം സൃഷ്ടിക്കാനുള്ള ബോധപൂർവ്വ ഇടപെടൽ കുടുംബശ്രീ സാധ്യമാക്കിയിട്ടുണ്ട്. ഏറെ ശ്രദ്ധേയം,

പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ സംവരണത്തിന്റെ പിൻബലത്തിലും അല്ലാതെയും 7,071 വനിതാ ജനപ്രതിനിധികൾ കുടുംബശ്രീയുടെ സംഭാവനയാണ്.16,965 വനിതകൾ മത്സരത്തിൽ പങ്കാളികളായി.

നിലവിൽ രാഷ്ട്രീയപ്പാർട്ടികളുടെ റിക്രൂട്ടിങ് ഏജൻസിയാണ് കുടുംബശ്രീ.

ഇങ്ങിനെ കേരളത്തിൽ കുടുംബശ്രീ സർവ്വസ്പർശിയാണ്.അസാധ്യമായതൊന്നും കുടുംബശ്രീയുടെ നിഘണ്ടുവിലില്ല.സർക്കാരിന്റെ,പ്രത്യേകിച്ച് സേവന മേഖലയിൽ കുടുംബശ്രീയുടെ കൈയൊപ്പ് പതിയാത്ത ഒരു സംരംഭവുമില്ല.

1970 കളിൽ ആലപ്പുഴയിലെ കഞ്ഞിപ്പാടം ഗ്രാമത്തിൽ തുടക്കമിട്ട ‘അയൽക്കൂട്ടം’ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ 2004 സെപ്റ്റംബർ 19 ന് നമ്മെവിട്ടുപോയ പങ്കജാക്ഷക്കുറുപ്പെന്ന ഗാന്ധിമാർഗപ്രവർത്തകനെ ഓർക്കാതെ കുടുംബശ്രീ എന്ന ആശയം പൂർണ്ണമാകില്ല.

‘ഉണ്ടല്ലോ കൊണ്ടുപോകാം’ എന്ന വിഭവങ്ങൾ പരസ്പരം പങ്കിടാനാണ്, പങ്കജാക്ഷക്കുറുപ്പ് 15കുടുംബങ്ങളെച്ചേർത്ത് ‘അയൽക്കൂട്ടം’എന്നും അയൽക്കൂട്ടങ്ങൾ ചേർന്ന ‘തറക്കൂട്ടവും’ തറക്കൂട്ടങ്ങൾ ചേർന്ന ‘ഗ്രാമക്കൂട്ട’ങ്ങളും സംഘടിപ്പിച്ചത്. അതിലൊരു പടി കടന്നാണ് ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് എന്ന നൊബേൽ ജേതാവ് ചെറുസമ്പാദ്യവും വായ്പയും എന്ന ആശയവുമായി ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക് ആരംഭിച്ചത്. പങ്കജാക്ഷക്കുറുപ്പിന്റെയും മുഹമ്മദ്യൂനസിന്റെയും ചുവടുപിടിച്ചാണ് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും സ്വയം സഹായ സംഘങ്ങൾ, അയൽക്കൂട്ടങ്ങൾഎന്നിവയിലൂടെ ചെറു സമ്പാദ്യശീലങ്ങൾക്കും സൂക്ഷ്മ സംരംഭങ്ങൾക്കും തുടക്കമിട്ടത്.ഇതിന്റെ സാമൂഹിക രാഷ്ട്രീയം മനസ്സിലാക്കിയ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കഞ്ഞിപ്പാടം അനുഭവത്തിൽ നിന്നും മറ്റുചില രാഷ്ട്രീയ കാഴ്ചപ്പാട് ലക്ഷ്യമിട്ട് പഞ്ചായത്ത്തല വികസന പരിപാടി എന്ന പേരിൽ 1990കളിൽ ചില ഇടപെടൽ സാധ്യതകൾ കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലൂടെ നടപ്പിലാക്കി.പഞ്ചായത്തീരാജ് ഭരണഘടനാ പിൻബലത്തിൽ എസ്.ബി. സെന്നാണ് ഈ അനൗദ്യോഗിക സംവിധാനത്തെ പദ്ധതി ആസൂത്രണ മാർഗ്ഗരേഖയിൽ ഉൾച്ചേർത്തതിനു പിന്നിൽ.നബാർഡ് തുടക്കത്തിൽ പിന്തുണാ സംവിധാനം നൽകി.

രാജ്യവ്യാപകമായി 1980 കളിൽ ദാരിദ്ര്യ നിർമ്മാർജന പരിപാടിയായ സംയോജിത ഗ്രാമീണ വികസന പരിപാടിയിലൂടെ സ്വയം തൊഴിൽ സഹായപരിപാടികൾ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം, വികസന ബ്ലോക്കുകൾ മുഖേന നടപ്പിലാക്കിയിരുന്നു. ഇതിനു ചുവടുപിടിച്ച് ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതിയും നടപ്പിലാക്കി.

1986 ലാണ് അയൽക്കൂട്ട പ്രസ്ഥാനത്തെ ബാങ്കുകളുമായി ബന്ധിപ്പിച്ച് അംഗീകാരം നൽകിയത്. തുടർന്ന് 1999 ൽ സുവർണജയന്തി ഗ്രാമറോസ്ഗർ യോജനയായും ഇപ്പോൾ ദേശീയ ഗ്രാമീണ ഉപജീവന മിഷനായും മാറിയത്. കുടുംബശ്രീയാണ് ഇപ്പോൾ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്.ദാരിദ്ര്യ ഗ്രാമ വികസനത്തിലും സന്നദ്ധസംഘടനകളുടെ പങ്ക് വിസ്മരിക്കാനാകില്ല.

വിവിധ സന്നദ്ധ സംഘടനകൾ പരീക്ഷിച്ച അയൽക്കൂട്ടങ്ങളുടെ രീതിശാസ്ത്രമാണ് കേന്ദ്ര ഗ്രാമ വികസന വകുപ്പ് മാതൃകയാക്കിയിട്ടുള്ളത്.

കേരളത്തിൽ സംഘടിത സാമുദായിക,മത സംഘടനകളും ഇത്തരം കൂട്ടായ്മകൾക്ക് നേതൃത്വം നൽകി.വിവിധ ധനകാര്യ ഏജൻസികളിൽ നിന്നും നാമമാത്ര പലിശക്ക് പണം വായ്പയെടുത്ത് അയൽക്കൂട്ടങ്ങൾക്ക് ഇരട്ടിപ്പലിശക്ക് പണം കടംകൊടുത്ത് മറ്റൊരു തരത്തിൽ നവോത്ഥാന ഷൈലോക്കുമാരായതും വർത്തമാന ചരിത്രം.

 രാജീവ് സദാനന്ദൻ മലപ്പുറം ജില്ലാ കളക്ടറായിരിക്കുമ്പോഴാണ് ദാരിദ്ര്യനിർമാർജന പരിപാടിയെന്ന നിലയിൽ അയൽക്കൂട്ടങ്ങളിലൂടെ ചെറുതൊഴിൽ സംരംഭങ്ങൾക്ക് ബാങ്കുകളുമായി ബന്ധപ്പെടുത്തി തുടക്കമിട്ടത്. ഈ പരീക്ഷണം ശ്രദ്ധേയമായി.

ഈ ഒരു ചരിത്ര ഭൂമികയിലാണ് 1998 മെയ് 17 ന് മലപ്പുറത്ത് അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയ് ഉദ്ഘാടനം ചെയ്ത കുടുംബശ്രീ.ഈ വിവരം സംബന്ധിച്ച് കുടുംബശ്രീയുടെ വെബ്‌സൈറ്റിൽ ഒരു ചിത്രമോ പരാമർശമോ ഇല്ല. റ്റി.കെ. ജോസ് എന്ന ആദ്യകാല കുടുംബശ്രീ ചുമതലക്കാരനായ ഐ എ എസുകാരന്റെ ഭാവനയിലെ ആശയങ്ങളുടെ പിൻബലമാണ് ഇപ്പോഴും കുടുംബശ്രീ സംവിധാനത്തിന്റെ അസ്തിത്വം. ഗ്രാമപഞ്ചായത്തുകളിൽ നേരിട്ടുപോയി കുടുംബശ്രീയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും നല്ല മാതൃകകൾ അവതരിപ്പിച്ചും അവിടെയൊക്കെ വനിതകളുടെ ഇടവും പ്രാധാന്യവും സാധ്യതകളും ബോധ്യപ്പെടുത്തിയ ആശയ വിനിമയ ബോധന വിദ്യാഭ്യാസ പരിപാടികൾ ഏറെ ഗുണം ചെയ്തു. തുടർന്നാണ് ഇതിനൊരു സംഘടനാ സംവിധാനവും ചട്ടക്കൂടും വിപുലമായത്.

ത്രിതല പഞ്ചായത്തീരാജ് സംവിധാനത്തിലൂടെ അധികാരവും പണവും കീഴ്തലത്തിൽ വന്നപ്പോൾ കുടുംബശ്രീക്കും പ്രവർത്തിക്കാനുള്ള ഇടം സ്വാഭാവികമായും കൈവന്നു.രജതജൂബിലി നിറവിൽ 46.16 ലക്ഷം അംഗങ്ങൾ, 03.09 ലക്ഷം അയൽക്കൂട്ടങ്ങൾ,19,470 അഉടഅൃലമ ഉല്‌ലഹീുാലി േടീരശശേല,െ1,070 ഇഉടഇീാാൗിശ്യേ ഉല്‌ലഹീുാലി േടീരശലശേല െഎന്നിങ്ങനെ കുടുംബശ്രീയുടെ ശ്രേണീബന്ധം സമ്പന്നവും ശക്തവുമായി ആൽമരംപോലെ പടർന്നുവെന്നാണ് അവകാശം.550 അംഗങ്ങളുള്ള 48 അയൽക്കൂട്ടങ്ങളുള്ള ഠൃമിഴെലിറലൃ വ്യക്തികളും കുടുംബശ്രീയുടെ മുഖമാണ്.

കുടുംബശ്രീയുടെ കുടത്തണലിലെ അയൽക്കൂട്ടങ്ങളുടെ സമ്പാദ്യം 8,029.47 കോടിയാണ്.18 മുതൽ 40 വയസ്സുവരെയുള്ള വനിതകൾക്കായി സാമൂഹിക ഇടപെടൽ ശക്തമാക്കാൻ 19,544 ഓക്‌സിലറി ഗ്രൂപ്പുകളിൽ 3,06,692 അംഗങ്ങൾ പ്രവർത്തിക്കുന്നു. ഭിന്നശേഷിപിന്തുണക്കായി 3,352 അയൽക്കൂട്ടങ്ങളിലായി 32,860 അംഗങ്ങളുണ്ട്.

കേവലം വീട്ടുപണികളിലും പരിചരണത്തിലും ഒതുങ്ങി വേതനമില്ലാത്ത കാണാപ്പണികളുമായി ജീവിതം നയിച്ച സാഹചര്യത്തിൽനിന്നും വ്യത്യസ്തമായി സ്വന്തം കഴിവും കാര്യശേഷിയും കുടുംബത്തിനു പുറത്തേക്ക് പ്രകാശിപ്പിച്ചും പ്രകടിപ്പിച്ചും കൊണ്ടുള്ള വനിതകളുടെ സ്വത്വ പ്രഖ്യാപനമാണ് കുടുംബശ്രീ പ്രസ്ഥാനം.

 2012 ഒക്ടോബർ മാസൽ സെക്രട്ടറിയേറ്റിനു മുന്നിൽ സിപിഎം ന്റെ വനിതാവിഭാഗമായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരശീലക്കു പിന്നിൽ നിന്നുകൊണ്ട് കുടുംബശ്രീയെ സമരം ചെയ്യാനും പഠിപ്പിച്ചു.കുടുംബശ്രീയെ രക്ഷിക്കുക എന്ന മുദ്രാവാക്യമായിരുന്നു ദിവസങ്ങൾ നീണ്ട സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരം. ടി പി ചന്ദ്രശേഖരൻ വധത്തിനു ശേഷം സിപിഎം പ്രതിരോധത്തിലായ കാലമായിരുന്നു. അവിടെയാണ് പാട്ടും കലാപരിപാടികളുമായി പ്രത്യക്ഷത്തിൽ രാഷ്ട്രീയം ഇല്ലെന്ന് വരുത്തി സെക്രട്ടറിയേറ്റിൽ ദിവസവും ആയിരത്തോളം കുടുംബിനികളെ സമരത്തിനായി എത്തിച്ച് സജീവമാക്കിയത്. അതിനു കണ്ടെത്തിയ കാരണം 2008 ൽ തുടക്കമിട്ട കോൺഗ്രസ് ആഭിമുഖ്യമുള്ള ‘ജനശ്രീ’ പ്രസ്ഥാനം കുടുംബശ്രീയെ ഇല്ലാതാക്കുവാനാണ് എന്ന പ്രചരണത്തോടെ ആയിരുന്നു. കുടുംബശ്രീയുടെ പിന്നിലെ രാഷ്ട്രീയം അറിയുന്ന ഡോ ടി എം തോമസ് ഐസക് ഇതിന്റെ അണിയറയിലുണ്ടായിരുന്നു.

ജനശ്രീക്ക് കേന്ദ്രസർക്കാർ രാഷ്ട്രീയ കൃഷി വികാസ് യോജനയിലൂടെ അനുവദിച്ച ?14.9 കോടി കുടുംബശ്രീയെ തകർക്കുമെന്നും സർക്കാർ കുടുംബശ്രീക്ക് നൽകുന്ന വായ്പക്ക് ഉയർന്ന പലിശ ഇടാക്കുന്നു എന്നൊക്കെയായിരുന്നു രാപ്പകൽ സമരത്തിൽ ഉന്നയിച്ചത്.മറ്റൊന്ന് ദേശീയ ഉപജീവന മിഷന്റെ നോഡൽ ഏജൻസി കുടുംബശ്രീയാണെന്നും കേന്ദ്രം അംഗീകരിച്ചിട്ടും സംസ്ഥാന സർക്കാർ അംഗീകരിക്കുന്നില്ല എന്നൊക്കെയായിരുന്നു ആരോപണങ്ങൾ.ഒടുവിൽ സമരം ചർച്ചയിലൂടെ അവസാനിപ്പിച്ചു എന്ന് വരുത്തിതീർത്തു. രാഷ്ട്രീയമായി അതിന്റെ ഗുണം സിപിഎം ന് ലഭിച്ചു.     കുടുംബശ്രീയുടെ ഭൗതികനേട്ടവും അതിലൂടെ വനിതകൾ ആർജിച്ച പ്രത്യക്ഷ, പരോക്ഷ മാറ്റങ്ങളും എന്തെന്ന് അവതരിപ്പിക്കേണ്ടതുണ്ട്.   കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതിയായ ജൽ ജീവൻ മിഷന്റെ നിർവ്വഹണ സഹായ ഏജൻസിയായി 100 ലധികം ഗ്രാമപഞ്ചായത്തുകളിൽ കുടുംബശ്രീയുണ്ട്.

കുടുംബശ്രീയിലെ ഓരോ അംഗങ്ങളുടെയും കടബാധ്യതയുടെ കണക്കെടുപ്പും വായ്പയായും ധനസഹായമായും വിതരണം ചെയ്ത സംഖ്യയുടെ മൂല്യത്തിനനുസരിച്ചുള്ള ശാക്തീകരണവും ഓഡിറ്റു ചെയ്യേണ്ടതല്ലേ? രജത ജൂബിലി വർഷത്തിൽ ഇക്കാര്യവും ആലോചിക്കാവുന്നതാണ്.