അതിരുകളില്ലാത്ത ആനന്ദവും
ചില വിചിത്രജീവികളും
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേ തന്നെ മുക്തി വരുത്തുവാൻ
എന്നാണ് പൂന്താനം പാടിയിട്ടുള്ളത്. എന്നുവെച്ചാൽ നാല് യുഗങ്ങൾ ഉള്ളതിൽ കലിയുഗമാണ് മോക്ഷം നേടാൻ എളുപ്പം. മറ്റു യുഗങ്ങളിൽ കഠിനമായ തപസ്സുകൾ ആചരിച്ചാലേ മോക്ഷം ലഭിക്കൂ. ഓരോ യുഗവും ഓരോ യുഗപുരുഷന്മാരെ മനുഷ്യരാശിക്ക് സംഭാവന ചെയ്യാറുണ്ട്. കേരളം ചോദിച്ചു വാങ്ങിയ കലിയുഗ പുരുഷനാണ് പിണറായി വിജയൻ. ഉഗ്രമൂർത്തിയായതിനാൽ ജപ ധ്യാനങ്ങളാൽ പ്രീതിപ്പെടുത്തണം. വാഴ്ത്തുപാട്ടുകളാൽ പ്രസാദിപ്പിക്കണം. അത്തരം ഭക്തർക്ക് മുക്തി ലഭിക്കും. 78-ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായിക്ക് ആരാധന അർപ്പിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എഴുതി അവതരിപ്പിച്ച മംഗള പത്രത്തിലാണ് അടിമ വർഗ്ഗത്തിന് മുഴുവൻ രോമാഞ്ചം ഉണ്ടാക്കിയ ഒരു പ്രയോഗം കടന്നുകൂടിയത്. ജൈവബുദ്ധി ജീവി. ആരാധന മൂത്താൽ ഭ്രാന്ത് പിടിക്കുന്ന ഒരു അവസ്ഥ എല്ലാ ഭക്തസംഘങ്ങൾക്കും ഉണ്ട്.ബുദ്ധിജീവികളെ ജൈവമെന്നും സാദാ എന്നും വിശേഷിപ്പിച്ച അന്റോണിയോ ഗ്രാംഷി പോലും ഇങ്ങനെ ഒരു കടുംകൈ നാളെ കാലത്ത് ഉണ്ടാകുമെന്ന് കരുതി കാണില്ല.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആകയാൽ വിവരദോഷത്തിന്റെ കാര്യത്തിലും ഔന്നത്യം പുലർത്തണമെന്ന് നിർബന്ധമുള്ള ആളാണ് ബിന്ദു. പണ്ട് ഇഎംഎസ് നമ്പൂതിരിപ്പാട് കേസരിയെ വിളിച്ച വിളി പോലെ ഒന്നിന് മന്ത്രി ബിന്ദുവും അർഹയാണ്. പണ്ഡിത മൂഢ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്താണ് ബിന്ദു അഭിമാനപുരസരം ജൈവബുദ്ധി ജീവിയെ അവതരിപ്പിക്കുന്നത്. ജൈവമാകുമ്പോൾ എല്ലുപൊടിയും ചാണകവും ആയിരിക്കണം വളം. ക്ലിഫ് ഹൗസിലെ തൊഴുത്തു നിറയെ പശുക്കളായതിനാൽ ക്ഷാമമുണ്ടാകില്ല. ലോക കേരളസഭയിൽ പ്രദർശനത്തിന് വെച്ച ജൈവബുദ്ധി ജീവി കടിക്കുമോ എന്നറിയാൻ ഒരു ഗോൾഡൻ പാസ്സുകാരൻ ചുമലിൽ കൈവെച്ചുനോക്കി . ഉടൻ മനസ്സിലായി തിരിഞ്ഞു കടിക്കുന്ന ഇനമാണെന്ന് . ഒന്നു തൊടാനുള്ളിൽ തീരാമോഹം എന്ന് പാടിക്കൊണ്ട് ചുമലിൽ തൊടാൻ വന്നവനോട് ആ കൈ എടുത്തോളൂ എന്ന് പറഞ്ഞു. അതോടെ ഗോൾഡൻ മുഖം മഞ്ഞ നിറമായി. പണ്ട് ബ്രണ്ണൻ കോളേജിൽ സുധാകരനെ പേടിപ്പിച്ച ആ പ്രത്യേകതരം ഏക്ഷൻ പുറത്തെടുക്കാഞ്ഞത് ഭാഗ്യം .അഗ്‌നിപർവ്വതം പൊട്ടിയതിന്റെയും പുക നിറഞ്ഞതിന്റെയും ഭീതിയിലായ അമേരിക്കക്കാർക്ക് അതുകൂടി താങ്ങാനുള്ള കെൽപ്പുണ്ടാകില്ല.
തനിക്ക് ചുറ്റും നിന്നവർ എത്ര ലക്ഷം കൊടുത്തു എന്നൊന്നും ജൈവവിജയന് അറിയില്ല.തന്നെ തൊഴാൻ വരുന്നവർ വഴിപാട് കൗണ്ടറിൽ എത്ര അടച്ചു എന്ന് ഗുരുവായൂരപ്പന് നോക്കേണ്ട കാര്യമുണ്ടോ? അങ്ങനെ കാശടച്ച് ദർശനത്തിന് ചെല്ലുന്ന ഭക്തർക്ക് ചിലപ്പോൾ ഒന്ന് തൊട്ടു തൊഴാൻ തോന്നും. അതൊരു തെറ്റല്ല. അങ്ങനെ തൊടുന്നത് ഇഷ്ടമല്ലെങ്കിൽ ഒരു മെഴുക് പ്രതിമ കൂടി കരുതണമായിരുന്നു സ്റ്റെപ്പിനിക്ക്. കുശുമ്പും ഞരമ്പ് രോഗവുമുള്ളവരാണ് ലോക കേരള പിരിവിനെ ആക്ഷേപിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. നോക്കണേ അമേരിക്കയിൽ ചെന്ന് നിന്ന് സ്വന്തം നാട്ടുകാരുടെ രോഗവിവരങ്ങൾ ഇങ്ങനെ വിളിച്ചു പറയാമോ ? ഏത് ചരക്കും വിപണിയിൽ വിറ്റഴിക്കണമെങ്കിൽ നല്ല പേര് വേണം. ഇത്രയേറെ വിശേഷണങ്ങൾ കൊണ്ട് ധന്യനായ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ക്യൂബയിൽ പോലും ഉണ്ടായിട്ടില്ല. അതാണ് വിദേശ മാർക്കറ്റിൽ ഇത്ര പൊന്നും വിലയ്ക്ക് ലേലം പോയത്. വീണാ ജോർജിന് കപ്പിത്താൻ, ആരാധകർക്ക് ക്യാപ്റ്റൻ, തിരുവാതിര സംഘത്തിന് കാരണഭൂതൻ, അടിമകൾക്ക് ഇരട്ടചങ്കൻ, ചാനൽ ചർച്ചയിലെ അടിമക്കണ്ണായ അനിൽകുമാറിന് പിണറായി സൂര്യതേജസ് ആണ് . ഇ പി ചിറ്റപ്പന്റെ സങ്കല്പത്തിലെ പിണറായി മാത്രമല്ല ആ കുടുംബം ആകെ കേരളത്തിന്റെ ഐശ്വര്യമാണ് ഏറ്റവും ഒടുവിലത്തെതാകുമോ ജൈവ ബുദ്ധിജീവി . നിർമ്മിത ബുദ്ധിയാൽ ഉപദേശകരുടെ വലയത്തിൽ കഴിയുന്ന ഒരു മനുഷ്യൻ എങ്ങനെ ജൈവബുദ്ധി ജീവിയാകും.
പലതരം ഉരുപ്പടികളാണ് ഇന്ന് കേരളത്തിലെ സിപിഎമ്മിൽ ഉള്ളത്. വകയ്ക്കു തക്കതേ വായ പൊളിക്കാവൂ എന്നറിയാത്ത ഒരു കൂട്ടർ, വിവരദോഷത്തെ അലങ്കാരമാക്കിയ മറ്റൊരു കൂട്ടർ, താൻ പറയുന്നത് എന്തെന്ന് തനിക്ക് പോലും അറിയാത്ത ഒരിനം വേറെ. മനുഷ്യന് മനസ്സിലാകുന്ന തരത്തിൽ .സംസാരിക്കുന്നവരാകട്ടെ വായ തുറന്നാൽ കുന്തവും കുട ചക്രവും പ്രയോഗിക്കും. ഒരു കുട്ട അപ്പത്തിന്റെ കഥ പോലും നന്നായി പറഞ്ഞു മനസ്സിലാക്കാൻ കഴിയാത്ത സെക്രട്ടറി ഉള്ളപ്പോൾ അതിന്റെ അടിയിൽ ഉള്ളവരുടെ കാര്യം പറയണോ? മന്ത്രി പി രാജീവിന്റെ ഒരു പ്രഭാഷണം അബദ്ധത്തിൽ എങ്കിലും കേട്ടുപോയാൽ 10 ദിവസമെങ്കിലും പനിച്ചു കിടക്കും. വസ്തുനിഷ്ഠ ഘടകത്തെ മാത്രം നോക്കാതെ ആത്മനിഷ്ഠ ഘടകത്തെ കാണാതെ ഒരു ഘട്ടത്തെ മൂർത്തമായി നിർണയിക്കാൻ കഴിയില്ലത്രെ! കേരളത്തിൽ നിന്നും വ്യവസായികൾ ഓടിപ്പോകുന്നതിനെപ്പറ്റി ചോദിച്ചതിന്റെ മറുപടിയാണിത്. പല്ലില്ലാത്ത പശുവിന് പുല്ലില്ലാത്ത പറമ്പ് എന്നപോലെ മൈക്കിനു മുമ്പിൽ നിന്ന് നാവുകൊണ്ട് മേയുന്ന സജി ചെറിയാനാണ് മറ്റൊരു നാട്ടു മനുഷ്യൻ.
ശത്രുക്കളെ പോലും ആക്ഷേപിക്കാൻ ആണെങ്കിൽ കൂടി ഇങ്ങനെയൊന്നും വിളിക്കരുത് . അല്ലെങ്കിൽ തന്നെ കേരളത്തിലെ ബുദ്ധിജീവികൾക്ക് ഇപ്പോൾ ചമ്പൻ പാക്കിന്റെ വിലപോലുമില്ലാത്ത കാലമാണ്. ചില മൂർത്തികൾ വാഴുന്ന ക്ഷേത്രങ്ങളിൽ ഉപദേവതമാർ ഉണ്ടാകില്ല. ജൈവബുദ്ധി ജീവി അവതരിച്ചതോടെ കേരളത്തിൽ ഇനി ബുദ്ധിജീവി എന്ന ഒരു ഐറ്റം ഉണ്ടാകില്ല. ഒരുകാലത്ത് ബുദ്ധിജീവികളാൽ സമൃദ്ധം ആയിരുന്നു കേരളം. മണ്ണിൽ വിളഞ്ഞതും മട്ടുപ്പാവിൽ വിളഞ്ഞതുമായ രണ്ടിനം ജീവികൾ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. തുണിസഞ്ചി നീണ്ട താടി ബ്രഷ് കാണാത്ത പല്ല് പൊട്ടിയ ചെരിപ്പ് എന്നിവയായിരുന്നു പ്രാചീന ബുദ്ധിജീവികളുടെ ലക്ഷണം . കള്ളും ശിവമൂലിയും ആയിരുന്നു അവരുടെ ഭക്ഷണം. എസി റൂമിലിരുന്ന് കവിതയെഴുതി മസ്‌കറ്റ് ഹോട്ടലിൽ പ്രകാശനം നിർവഹിക്കുന്ന മറ്റൊരുതരം ജീവികൾ ഉണ്ട് . സിന്തറ്റിക് ബുദ്ധിജീവികൾ. സർക്കാരിന്റെ ഏതെങ്കിലും ഒക്കെ അക്കാദമികളിൽ സീറ്റ് കിട്ടിയതോടെ ‘കോലായിലേതാണ്ട് നമസ്‌കരിച്ച പോലായ് കിടപ്പുണ്ടൊരു സാരമേയം എന്ന മട്ടിൽ കിടപ്പാണ്. കിട്ടിയ എല്ലിൻകഷണം ഉറുഞ്ചി കൊണ്ട് കിടക്കുന്നതിനാൽ വിശപ്പറിയില്ല. പാതാള തവളയെ പോലെ പെട്ടെന്ന് പൊങ്ങി വന്നതല്ല ഈ ജൈവബുദ്ധി ജീവി. ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു. മറ്റുപല പേരുകളിലാണ് അറിയപ്പെട്ടിരുന്നത് എന്ന് മാത്രം. 78-ാം വയസ്സിലാണ് ഈ പേരിൽ അറിയപ്പെടാൻ ഭാഗ്യം കിട്ടിയത് .ഈ ജൈവ സ്വത്വത്തിന് അരുണാഭിവാദനം അർപ്പിച്ചുകൊണ്ട് ബിന്ദു മറ്റൊരു വിശേഷണവും നൽകുന്നുണ്ട് മതനിരപേക്ഷ രാഷ്ട്രീയത്തിലെ യുഗപുരുഷൻ . അരുണം എന്ന വാക്കിന്റെ അർത്ഥം പലതാണ് . സ്വർണം ചുവപ്പ് കുങ്കുമം ഒരു വിഷജന്തു ഒരിനം കുഷ്ഠം എന്നൊക്കെയാണ് നിഘണ്ടുവിൽ കിടക്കുന്നത്. ഒരർത്ഥത്തിൽ അവലിനെ നിനച്ച് ഉരലിനെ ഇടിക്കുന്ന പണിയല്ലേ മന്ത്രി ബിന്ദു ചെയ്തത് ചുവപ്പൻ അഭിവാദ്യം എന്നു പറഞ്ഞിരുന്നെങ്കിൽ ഈ ആശയക്കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു. കരിങ്കാളിപ്പാട്ടിനൊപ്പം നൃത്തം ചെയ്തും കൂടൽമാണിക്യം ക്ഷേത്രത്തിൽ നളചരിതം ഒന്നാം ദിവസം ആടിയും മന്ത്രി ബിന്ദു ആനന്ദിക്കുന്നതിൽ ഒരു തെറ്റുമില്ല. മന്ത്രി ബിന്ദുവിന് ദമയന്തി ആകാമെങ്കിൽ എന്തുകൊണ്ട് പിണറായിക്ക് ജൈവബുദ്ധി ജീവിയോ വിചിത്ര ജീവിയോ ആയിക്കൂടാ
കൈക്കൂലി വാങ്ങുന്ന സർക്കാർ ജീവനക്കാർ ഗതി പിടിക്കില്ലെന്നും അവസാനം പുഴുത്ത് ചാകും എന്നുമാണ് സജിയുടെ ശാപവചനങ്ങൾ . മന്ത്രി പറഞ്ഞത് വളരെ ശരിയാണ് . നക്കാപ്പിച്ച വാങ്ങുന്നവനേ പുഴുത്തു ചാകൂ. ലക്ഷങ്ങൾ വാങ്ങുന്നവൻ പ്രഭുവായും കോടികൾ വാങ്ങുന്നവൻ ഈശ്വരനായും ജീവിക്കും. അവർക്ക് ആളകമ്പടിയും ആയുർദൈർഘ്യവും ഉണ്ടാകും. ശലഭങ്ങൾ അവർക്ക് ചുറ്റും നൃത്തം വയ്ക്കും. നക്കാപ്പിച്ച കൈക്കൂലി വാങ്ങുന്നവരെ മന്ത്രി ശപിച്ചു എന്ന് കരുതി ആരും മേടിച്ചത് തിരിച്ചു കൊടുക്കാൻ പോകേണ്ടതില്ല. ആ പാപത്തിൽ നിന്ന് മോചനം നേടാൻ കൂടുതൽ പണി ചെയ്താൽ മതിയാകും. ജനങ്ങളുടെ കണ്ണീർ വീണ കാശ് വീട്ടിൽ കൊണ്ടുപോയാൽ സന്തതി പരമ്പരകൾക്ക് ഗതി പിടിക്കില്ല എന്നാണ് മന്ത്രി തലയിൽ കൈവച്ച് ശപിച്ചത്. ഇതൊക്കെ കേൾക്കുമ്പോൾ എവിടെയൊക്കെയോ അടക്കിപ്പിടിച്ച ചിരികൾ പൊട്ടുന്നുണ്ട് സാർ . കമ്മീഷൻ ഇനത്തിൽ എത്ര വാങ്ങിയാലും ജനങ്ങളുടെ ശാപം ഫലിക്കില്ല എന്നാണ് കമ്മ്യൂണിസ്റ്റ് വിവക്ഷ. ഒന്നാലോചിച്ചു നോക്കൂ കഴിഞ്ഞ ഏഴ് വർഷമായി കേരളം തുടർച്ചയായി ഭരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പ്രതിനിധിയാണ് കൈക്കൂലിക്കാരെ ശപിച്ചു കൊല്ലുന്നത്. ഇവറ്റകളെ കൊണ്ട് മര്യാദയ്ക്ക് പണിയെടുപ്പിക്കാൻ പോലും കഴിയാത്ത മന്ത്രിയാണ് മലർന്നു കിടന്നു തുപ്പുന്നത്. അല്ലെങ്കിൽ തന്നെ കമ്മ്യൂണിസത്തിൽ എവിടെയാണ് സാർ പാപവും ശാപവും പുണ്യവും ഒക്കെ പ്രതിപാദിക്കുന്നത്. നമ്മുടെയൊക്കെ മാതാപിതാക്കൾ ടാറ്റയും ബിർളയും അല്ലെന്നും അവർ ചെയ്ത പുണ്യം കൊണ്ടാണ് ഞാൻ ഒക്കെ ഈ പദവിയിൽ എത്തിയതെന്നുമാണ് സജി ചെറിയാൻ പറയുന്നത്. ടാറ്റയ്ക്ക് ബിർളയിൽ പിറന്ന മക്കളല്ലാഞ്ഞിട്ടും എങ്ങനെയാണ് ഈ മന്ത്രിമാരും നേതാക്കന്മാരും ഒക്കെ അഞ്ചു വർഷം കൊണ്ട് കോടീശ്വരനായി മാറുന്നത്. കമ്മീഷൻ തട്ടിയും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയും വിരാജിച്ച ശേഷം വിരമിച്ച എത്ര ഉദ്യോഗസ്ഥരാണ് പുഴുത്ത് ചത്തതും ഗതി പിടിക്കാതെ അലയുന്നതും. അതറിയാൻ വിവരാവകാശ നിയമപ്രകാരം എവിടെ അപേക്ഷിക്കണം. ഒരുത്തൻ വാങ്ങിക്കൂട്ടിയ 35 ലക്ഷം മാറാലയടിച്ച് ഇരിക്കുന്നത് കണ്ടതാണ് മന്ത്രിയെ സങ്കടപ്പെടുത്തുന്നത്. അയാൾ അതെടുത്ത് വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്തില്ല എന്നതിലാണ് മന്ത്രിക്ക് സങ്കടം. അയാൾ കല്യാണം കഴിക്കാഞ്ഞത് ഭാഗ്യമായി. അല്ലെങ്കിൽ മന്ത്രിയുടെ ശാപം കാരണം മക്കൾ ഗതി പിടിക്കാതെ അലഞ്ഞേനേം. അങ്ങയുടെ പ്രസംഗം എല്ലാവർക്കും സുഖിച്ചു. കൈക്കൂലിക്കാരെ ശപിച്ചു കൊല്ലാനെങ്കിലും നമുക്ക് ഒരു മന്ത്രി ഉണ്ടായല്ലോ. മുഖ്യന്റെ അനുഗ്രഹാശിസുകളോടെ കോടികൾ കിമ്പളം പറ്റിയ ഒരു ശിവശങ്കരൻ ഉണ്ടായിരുന്നല്ലോ. അയാൾ പുഴുത്തു തുടങ്ങിയോ ഒന്നും. ചെയ്യാൻ കഴകത്തില്ലെങ്കിലും മൈക്കിനു മുമ്പിൽ നിന്ന് വലിയ വായിൽ വർത്തമാനം പറഞ്ഞാൽ തന്നെ കമ്മ്യൂണിസം വൻ വിജയമാകും. ഒരു നാലാംകിട അന്ധവിശ്വാസിയുടെ ഭാഷയിലാണ് സജി ചെറിയാൻ പ്രസംഗിച്ചത്. അഴിമതിക്കും കൈക്കൂലിക്കും എതിരെ ഒന്നും ചെയ്യാൻ കഴിയാതെ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ ശപിക്കേണ്ടിവരുന്ന ഒരു മന്ത്രിയുടെ ദയനീയാവസ്ഥ നമ്മളൊന്ന് മനസ്സിലാക്കണം. കുംഭകോണവും കുമ്പസാരവും ഒന്നിച്ചു കൊണ്ടുപോകുന്ന ചില നേതാക്കളും ഉദ്യോഗസ്ഥരും ഉണ്ട് . പത്തു ചക്രം കയ്യിൽ ഉണ്ടെങ്കിൽ ചക്രശ്വാസം വലിക്കുന്ന നേരത്ത് ആരെങ്കിലുമൊക്കെ അടുത്തുണ്ടാകുമെന്ന് ഈ വാങ്ങുന്നവർക്ക് അറിയാം. ഒരു വില്ലേജ് അസിസ്റ്റൻറ് ഇത്രയൊക്കെ കൈക്കൂലി വാങ്ങി കൂട്ടിയിട്ടും മേലുദ്യോഗസ്ഥന്മാർ അറിഞ്ഞില്ലേ എന്നായിരുന്നു നമ്മുടെ മുഖ്യമന്ത്രിയുടെ ചോദ്യം ഓരോ ചോദ്യവും തിരിഞ്ഞു കുത്തുന്നത് തന്നെയാണെന്ന് നമ്മുടെ മുഖ്യമന്ത്രി അറിയുന്നതേയില്ല. നിഴലുപോലെ കൂടെ നിന്ന് ശിവശങ്കരൻ കാണിച്ചതും വാങ്ങിച്ചു കൂട്ടിയതും ഒന്നും അറിയാത്ത മുഖ്യമന്ത്രിയാണ് നമ്മളോട് ചോദ്യം ചോദിക്കുന്നത്.
കളങ്കമേശാത്ത മനസ്സുകൾക്ക് മാത്രമേ ഇങ്ങനെയൊക്കെ സന്ദേഹിക്കാനാകൂ. എമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും എന്നത് അടിസ്ഥാന പ്രമാണമാണ്. ഭൗതികവാദത്തിൽ നിന്നും പാപ പുണ്യങ്ങളിലേക്കും ശാപവചനങ്ങളിലേക്കു മുള്ള ഈ ചാഞ്ചാട്ടം നല്ല ലക്ഷണമാണ്. പ്രപഞ്ചത്തിലുള്ളതെല്ലാം ഭഗവൽ മയം എന്ന് സങ്കൽപ്പിച്ചാൽ ശപിക്കാൻ തോന്നില്ല. ഈ കലികാലത്ത് ശാപം പോലും ഫലിക്കില്ല. ഏതു ദുഷ്ടനും പനപോലെ വളരും. നടൻ പി ജെ ആന്റണിയെ കവി ജി ശങ്കരക്കുറുപ്പ് ശപിച്ചതോർമ്മയില്ലേ? താൻ എവിടെ ചെന്നാലും ഗുണം പിടിക്കില്ല എന്നായിരുന്നു ജി യുടെ ശാപം. അധികം വൈകാതെ ആന്റണി നാടകത്തിൽ നിന്നും സിനിമയിലെത്തി ഭരത് അവാർഡ് വരെ വാങ്ങി. തന്റെ ശാപം ഫലിച്ചില്ലെന്ന് കരുതി ജി ശപിക്കൽ നിർത്തിയില്ല. തന്റെ കവിതയ്ക്ക് പാരഡി ചമച്ച കുറ്റത്തിന് എസ് കെ പൊറ്റക്കാടിനെയും ശങ്കരക്കുറുപ്പ് ശപിച്ചു. ചട്ടുകക്കള്ളി എന്ന കള്ളിമുള്ളായി തീരട്ടെ എന്നായിരുന്നു ശാപം. എസ് കെ പൊറ്റക്കാടിനും കിട്ടി ജ്ഞാനപീഠം. ചിലർ ശപിച്ചാലും അത് മോക്ഷമായി മാറും. പ്രശ്‌നങ്ങളെ മറികടക്കാനുള്ള വിഷമതകൾ നമ്മുടെ പ്രസ്ഥാനങ്ങളെ യൊക്കെ ബാധിക്കുന്നുണ്ട്. പരിമിതമായ സംതൃപ്തി ഉണ്ടാക്കുന്ന ഒരുതരം ആലസ്യത്തിലാണ് ജനങ്ങൾ പ്രതീക്ഷയർപ്പിച്ച ഈ പ്രസ്ഥാനം എത്തിച്ചേർന്നിരിക്കുന്നത്. വിപ്ലവ പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ വാക്കു കളുടെയും അർത്ഥം ക്ഷയിച്ചു വരികയാണ്. സഖാവ് എന്നത് ഇപ്പോൾ വെറും ഒരു ശബ്ദം മാത്രമാണ്.