ചെവിക്കഥ

ആര്യഗോപി

ഇരുചെവികളും
നിർത്താതെ
സംസാരിക്കുന്ന നേരം
ചുണ്ടും നാവും
അനക്കമറ്റ്
മിണ്ടാതെ ഉരിയാടാതെ
കണ്ണും പൂട്ടിയിരിക്കുന്നു.
ഇരുചെവികളും
അദൃശ്യമായതൊക്കെ
കാണാൻ തുടങ്ങുന്ന നേരം
കാണാത്ത കിളിയെപ്പിടിക്കാൻ
ഉന്നം പിടിച്ച് മൂക്ക്
ആകാശം നോക്കിയിരിക്കുന്നു.
ഇരുചെവികളും
തൊട്ടാൽപൊട്ടും
കുമിള പോൽ
വിറയ്ക്കുന്ന നേരം
തൂവൽ മേഘത്തിന്റെ
ഇടിമിന്നൽ കൊണ്ട്
തലവട്ടം പൊന്നാകുന്നു
ചെവികൾ
ചെവികൾ മാത്രമല്ലെന്നും
മരങ്ങൾക്കിടയിലൂടെ
ഭൂമിയെ ചവിട്ടാതെ
ചില്ലയിൽ ഊയലാടി
ഓരോ മുറിവിലും
ഉമ്മ വയ്ക്കുന്ന
ചുണ്ടുകളാണെന്നും
വാക്കിന്റെ ഖനിയാണെന്നും
അറിഞ്ഞതു മുതൽ
ഞാൻ എന്റെ
ഞാത്തുകമ്മലുകൾ
ആഴകടലിലെറിഞ്ഞു കളഞ്ഞു!