ഒസ്യത്ത്
ഗ്രാമീണാനുഭവങ്ങളുടെ ചിത്രങ്ങൾ

ബക്കർ മേത്തല

ജീവിതസ്ഥാനങ്ങളെയും ചരിത്രവസ്തുതകളെയും സൗന്ദര്യാത്മകമായി ആവിഷ്‌കരിച്ചുകൊണ്ടാണ് നോവൽ  എന്നും മുന്നേറിയിട്ടുള്ളത്.  സാമൂഹികമോ വൈയക്തികമോ ആയ ചേരുവകൾക്ക് അതിൽ  വലിയ സ്ഥാനമുണ്ട്.  വ്യക്തികേന്ദ്രിതമായ ആഖ്യാനത്തോടൊപ്പം സാമൂഹീകാനുഭവത്തിന്റെ വിതാനത്തിലേക്കുയരുമ്പോൾ നോവലിന് പേശീബലം വർദ്ധിക്കുന്നതായി കാണാം. ആന്തരീകാനുഭവങ്ങളോടൊപ്പം ലോകാനുഭവ പ്രതിപത്തിയും നോവൽ കാരന് വളരെ പ്രധാനമാകുന്നു.  അപ്പോൾ ജീവിതത്തിന്റെ ഭാവവൈവിധ്യങ്ങൾ കൂടുതൽ  മിഴിവോടെ രചനയില്‍  തെളിഞ്ഞുനിൽക്കും.

നോവൽ രചനകൾ സമൃദ്ധമായി വിളയുന്ന കാലത്തിലൂടെയാണ് ഭാഷാമലയാളം  കടന്നുപോകുന്നത്.  പുതിയ പുതിയ ആശയങ്ങളും, സമീപനങ്ങളും ഭാഷാസാഹിത്യത്തെ ഒരുപാട് മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്.  മനുഷ്യാവസ്ഥയുടെ അനന്തവൈചിത്ര്യങ്ങളെ തനിമയോടെ ആവിഷ്‌കരിക്കാനുള്ള ത്വര മുമ്പെന്നത്തെക്കാളും നമ്മുടെ നോവൽ  രചയിതാക്കളിലിന്നു പ്രകടമാണ്.  പ്രാദേശികാംശത്തിന്റെ സ്വരഭംഗികൾ ചാരുതയോടെ അവതരിപ്പിക്കുന്ന നോവലുകൾ ഭാഷയുടെ ആഴത്തേയും പരപ്പിനേയും രേഖപ്പെടുത്തുന്നു.  ആ ഗണത്തിൽപ്പെടുത്താവുന്ന മനുഷ്യാനുഭവത്തിന്റെ സൂക്ഷ്മഭാവങ്ങളെ ഇതൾ വിടർത്തി കാണിക്കുന്ന ഒരു നോവലാണ് ടി.കെ. ഗംഗാധരന്റെ ‘ഒസ്യത്ത്’. 

ജീവിതാവസ്ഥകളെ കലാത്മകമായി ചിത്രീകരിക്കുകയാണ് തന്റെ കടമയെന്ന് നോവലിസ്റ്റ് നടേ പറയുന്നുണ്ട്.  അതിന് സഞ്ചാരസാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാടിന്റെ ‘ഒരു തെരുവിന്റെ കഥ’യാണ് അവലംബമായി കാണുന്നത്.  ഗൃഹാതുരത്വമാണ് ഒസ്യത്തിലെ പ്രമേയപശ്ചാത്തലം.  അനുഭവങ്ങൾ സ്വപ്നംപോലെ വിഭ്രമിപ്പിക്കുമ്പോഴും അതൊരു യാഥാർത്ഥ്യമാണെന്ന് നോവലിലൂടെ കടന്നുപോകുമ്പോൾ നാം മനസ്സിലാക്കുന്നു. 

കനോലിക്കനാലിന്റെ തീരത്തെ കൈതക്കടവ് എന്ന ഗ്രാമത്തിൽ  കാലുറപ്പിച്ചുനിന്നുകൊണ്ടാണ് നോവലിസ്റ്റ് എഴുത്തു തുടങ്ങുന്നത്.  ഒസ്യത്ത് നോവൽ  ഒരു കാലഘട്ടത്തിന്റെ മാത്രമല്ല ദേശത്തനിമയുടെയും സ്പന്ദനങ്ങൾ ഏറ്റുവാങ്ങുന്നതുകൊണ്ട് കൂടുതല്‍  ആസ്വാദ്യകരമായിരിക്കുന്നു എന്നാണനുഭവം.  മനുഷ്യപ്രകൃതിയെ സൂക്ഷ്മതയോടെ അവതരിപ്പിക്കാനുള്ള ശ്രമം പാത്രസൃഷ്ടികളിൽ  തെളിഞ്ഞുകാണാം.  പഞ്ചരത്‌നങ്ങൾ എന്ന ആദ്യദ്ധ്യായത്തിൽത്തന്നെ കൈതക്കടവിലെ റെഡ് സ്റ്റാർ ക്ലബ്ബിന്റെ വാർഷികാഘോഷം വളരെ വ്യത്യസ്തമാണെന്നു വായനക്കാരനു ബോധ്യപ്പെടും.  ഗ്രാമത്തിലെ ‘പഞ്ചരത്‌നങ്ങൾ’ക്ക്  ആദരം എന്ന പരിപാടിയാണ് ആഘോഷത്തിന്റെ പ്രത്യേകത.  സാധാരണ ക്ലബ്ബുകാരൊക്കെ സമൂഹത്തിൽ  പല നിലകളിൽ  പ്രശസ്തരായവരെയാണല്ലോ ആദരിക്കാറുള്ളത്.  ഇത്തവണ അതുമാറ്റി തഴക്കം വന്ന കൈത്തൊഴിലുകാരെ ആദരിക്കാനാണ് ക്ലബ്ബിന്റെ തീരുമാനം.  പുതുമയുള്ള അർത്ഥവത്തായ ചടങ്ങായി അതുമാറുന്നു.  ആയുസ്സിന്റെ അറ്റത്തു നില്ക്കുന്ന അവരെ കൈതക്കടവിലെ രത്‌നങ്ങൾ എന്നാണ്ക്ലബ്ബ് സെക്രട്ടറി വിശേഷിപ്പിച്ചത്.  അവരിൽ  ആദ്യനമ്പർ ഓണപ്പാട്ടുകാരി പാറുമ്മായി.  രണ്ടാമൻ മൂത്താശാരി വേലു.  മൂന്നാമത് വയറ്റാട്ടി ചീരു അമ്മൂമ്മ. നാലാമൻ വേലികെട്ടുകാരൻ കൊച്ചുവേലു.  അഞ്ചാമൻ പട്ടാളക്കാരനായ പരമു മാമൻ. ഇത്തരമൊരു ചടങ്ങ് വായനക്കാരിൽ  പുതുമയുളവാക്കുന്നതാണ് എന്നുപറയാം. 

കാലത്തിലൂടെയും ചരിത്രത്തിലൂടെയും സഞ്ചരിക്കുന്ന സാമാന്യജനങ്ങളുടെ ജീവിതാഖ്യാനമാണ് ‘ഒസ്യത്ത്’.  തേൻ നിറച്ച കൂടുകളായല്ല യാഥാർത്ഥ്യത്തിന്റെ യൗവ്വനവീര്യം പ്രകടിപ്പിക്കുന്ന രചനയായാണ് നോവൽ  ബോധ്യപ്പെട്ടത്.  സമകാലിക യാഥാർത്ഥ്യത്തിൽ  പദമൂന്നിനിന്നുകൊണ്ട് ചമയങ്ങളില്ലാത്ത ഒരു ലോകത്തെ എഴുത്തുകാരൻ അനാവരണം ചെയ്യുന്നു.  ജീവിതത്തിന്റെ വർണ്ണാഭമായ മുഖം വർണ്ണിക്കുന്നതിലല്ല, സങ്കടങ്ങളിലൂടെയും പ്രതീക്ഷകളിലൂടെയും കടന്നുപോകുന്ന എഴുത്താണ് ടി.കെ. ഗംഗാധരന്റേത്.  ഒസ്യത്തിലെ കഥാപാത്രങ്ങളെല്ലാം സാധാരണക്കാരിൽ  സാധാരണക്കാരാണ്.  വട്ടിയും കുട്ടയും നെയ്തും  ഓല മെടഞ്ഞും പായ നെയ്തും കായലിൽ നിന്നും മണലും ചളിയും കക്കയും വാരിയും, കയറുപിരിച്ചും, പുര മേഞ്ഞും, വേലികെട്ടിയും, പറമ്പും പാടവും കിളച്ചും, വയറ്റാട്ടി വേല ചെയ്തും ജീവിക്കുന്ന അവരുടെ വ്യഥകൾക്കും വിശപ്പിനും ഒരു കടലോളം ആഴവും പഴക്കവുമുണ്ട്.  വായനക്കാരെ രസിപ്പിക്കുന്ന സംഗീതാത്മകമായ ശൈലിയിൽ  നോവലിസ്റ്റ് ഓരോരോ സംഭവങ്ങളെയും സന്ദർഭങ്ങളെയും ഒട്ടും അതിശയോക്തിയില്ലാതെ വരഞ്ഞുവെച്ചിരിക്കുന്നു. 

റെഡ് സ്റ്റാർ ക്ലബ്ബിന്റെ ആദരം സ്വീകരിക്കാൻ നാട്ടിടവഴികളിലൂടെ വരുന്ന വേലുവാശാരി വഴിച്ചാലിന്റെ ഇരുഭാഗത്തുമുള്ള ചെറ്റപ്പുരകളും ഓടുമേഞ്ഞ പുരകളും കാണുന്നു.  പടിയും പടിപ്പുരേം വെച്ചുപണിത മാളികകളുണ്ട്.  വാസ്തുവിദ്യ നോക്കിയല്ല എമ്പാടും കാണുന്ന ചെറ്റപ്പുരകൾ കുത്തിക്കെട്ടിയിരിക്കു ന്നത്.  വേലുവാശാരി താൻ പണിതിട്ടുള്ള ഓടിൻപുരകൾ കണ്ട് നടക്കുമ്പോഴും ഓർക്കുന്നത് ചിരട്ടക്കയിലുകൾ പണിതൊരുക്കി ചന്തയിൽ  വിൽക്കുന്ന തന്റെ വൃദ്ധത്വത്തെക്കുറിച്ചാണ്.  എത്രയോ വീടുകൾക്ക് സ്ഥാനം നോക്കി. ആയുസ്സുമുഴുവൻ മരത്തിൽ  കൊത്തിപ്പണിതു.  എന്നിട്ടും വയസ്സ് തൊണ്ണൂറടുക്കാറായ കാലത്തും എന്താണ് തന്റെ നേട്ടം എന്നാണ് വൃദ്ധൻ ആലോചിക്കുന്നത്!

പഞ്ചരത്‌നങ്ങളിൽ  തുടങ്ങി പ്രാർത്ഥനയോടെ എന്നവസാനിക്കുന്ന ഇരുപത് അധ്യായങ്ങൾ 144 പേജുകളിൽ  ഒതുങ്ങുന്ന നോവലാണ് ഒസ്യത്ത്.  ഉൾനാട്ടിലെ കൈതക്കടവ് കനോലിക്കായലിന്റെ തീരത്തെ ഒരു ഗ്രാമപ്രദേശമാണ്.  നാട്ടുപണിക്കാരായ അവിടത്തുകാർ ഭാരമുള്ള സ്വപ്നങ്ങളൊന്നും കാണാറില്ല.  നെടുങ്കൻ പ്രതീക്ഷകളും അവർക്കില്ല.  അസ്തിത്വദു:ഖങ്ങളില്ല.  വിയർപ്പ് വലിച്ചുകുടിച്ചാണവർ ജീവിക്കുന്നത്.  അധ്വാനവും അയൽക്കാരുമായുള്ള പാരസ്പര്യവുമാണവരുടെ മുതൽക്കൂട്ട്.  പ്രമേയപരമായ ലാളിത്യം ഒസ്യത്തിന്റെ ഒരു പ്രത്യേകതയാണ്. ഭിന്നഭിന്നമായ ജീവിതധാരകളുടെ സരളസാന്നിധ്യം ഇരുപതധ്യായങ്ങളിലും നിറഞ്ഞുനില്ക്കുന്നു.  സ്വന്തമായ രചനാവഴികളിലും പ്രമേയത്തിലും ആരൂഢം ഉറപ്പിച്ച നോവലിന്റെ ശില്പഭംഗി പ്രശംസനീയമാണ്.

നാരുട്ടി എന്ന ചെറുപ്പക്കാരൻ പ്രതിനിധീകരിക്കുന്ന ജീവിതസംസ്‌കാരത്തിന്റെ രേഖാരൂപമാണീ നോവൽ  എന്നും പറയാം.  സിനിമാ കൊട്ടകയിലെ ചെണ്ടകൊട്ടുകാരനായും തട്ടുകടയിലെ സഹായിയായും ഓട്ടോ ഡ്രൈവറായും നിറഞ്ഞാടുന്ന നാരുട്ടി മറ്റു പലരുടേയും ജീവിതത്തോടുരുമ്മി നില്‍ക്കുന്ന കഥാപാത്രമാണ്. 

ചന്തയിൽ  ചുമട്ടുകാരനായിരുന്നു നാരായണൻകുട്ടി എന്ന നാരുട്ടിയുടെ അപ്പൂപ്പൻ.  അമ്മയ്ക്കും അമ്മൂമ്മയ്ക്കും പായ നെയ്ത്തായിരുന്നു.  ചെറുപ്പത്തിൽ  നാരുട്ടി അമ്മൂമ്മയോടൊപ്പം പായക്കെട്ടും ചുമന്ന് ചന്തയില്‍  പോകുമായിരുന്നു.  കൈതവേലികൾകൊണ്ടതിരിട്ട കക്കിരിപ്പാടങ്ങൾ കടന്ന്, ചിറകടിക്കുന്ന ഞാറകൊക്കുകളേയും കണ്ടുള്ള നടത്തം നാരുട്ടിക്ക് ഒട്ടും വിരസമായി തോന്നിയിരുന്നില്ല.  പായച്ചന്തയിൽ  പലവിധ കച്ചവടക്കാരുണ്ട്.  ഒണക്കമീനും ചക്കരയും ചുണ്ണാമ്പും, സർബത്തും, അരിപ്പായസവും വിൽക്കുന്നവർ.  വട്ടിയും കൊട്ടയും കൊടംപുളിയും വിൽക്കുന്നവർ. കോയമാപ്ല ചില്ലുഗ്ലാസിൽ  പകർന്നുതന്നിരുന്ന അരിപ്പായസത്തിന്റെ ഓർമ്മയിലായിരുന്നു അമ്മൂമ്മയോടൊപ്പമുള്ള നാരുട്ടിയുടെ യാത്രകൾ. 

ഒരു കായലോരഗ്രാമത്തിന്റെ സ്വച്ഛവും എന്നാൽ  ലേശം പരുക്കനുമായ ജീവിതമുഹൂർത്തങ്ങളിലൂടെയാണ് നോവൽ  കടന്നുപോകുന്നത്.  വാരിക്കുന്തങ്ങൾക്കുനേരെ നിറതോക്കുകൾ ഗർജിച്ച വയലാറിനെപ്പോലെ ചരിത്രപ്രാധാന്യമുള്ള ഒരു ചുവന്ന ചീന്താണ് നാരുട്ടിയുടെ കൈതക്കടവ് ഗ്രാമം.  സ്വാതന്ത്ര്യാനന്തരം കേന്ദ്രസർക്കാർ നിരോധിച്ച വിപ്ലവപ്രസ്ഥാനത്തിന്റെ കഥ നോവലിസ്റ്റ് കോറിയിടുന്നു.  റെഡ് സ്റ്റാർ ക്ലബ്ബ് ആദരിച്ച പട്ടാളം പരമുമാമൻ 1921 ൽ ആല ക്ഷേത്രത്തിൽ  പ്രതിഷ്ഠാകർമ്മത്തിനുവന്ന ഗുരുദേവനെയും 1931 ൽ ഗുരുവായൂരിൽ വെച്ച് ഗാന്ധിയെയും കണ്ടിട്ടുള്ള കാര്യങ്ങൾ ഓർത്തെടുക്കുന്നു.  തോരാതെ പെയ്ത ഇടവമഴയിൽ  കായൽ  പെരുകിയതും കുടിലുകൾ മലവെള്ളത്തിൽ  നടുവൊടിഞ്ഞുവീണതുമാണ് ഓണപ്പാട്ടുകാരി പാറുമ്മായി പറഞ്ഞത്.  നേർച്ചപ്പൊതികളുമായി വന്ന് തെറിപ്പാട്ട് പാടി അമ്മ ദേവിയെ പ്രസാദിപ്പിക്കുന്ന മലബാറുകാരെപ്പറ്റിയാണ് വയറ്റാട്ടി അമ്മൂമ്മ ചീരു ഓർമ്മിച്ചത്.  അവരുടെ വാക്കുകളിൽ  ഭക്തിയുടെ പേരും പറഞ്ഞ് കള്ളും കുടിച്ച് തെറിപ്പാട്ട് പാടി നാടിനെ അപമാനിക്കുന്ന കൂട്ടരെ നിലയ്ക്കുനിർത്തണമെന്ന ധ്വനി ഉണ്ടായിരുന്നു. 

ക്ഷേത്രപറമ്പിലെ തട്ടുകടയിൽ  ജോലി ചെയ്യുമ്പോൾ കടയുടമയുടെ മകൾ കമലുവുമായി നാരുട്ടി പ്രണയത്തിലാകുന്നു.  പണവും പത്രാസും എന്തിന് കിടക്കാൻ നല്ലൊരു വീടുപോലുമില്ലാത്ത നാരുട്ടിയെ പിന്നീട് കമലു നിരാകരിക്കുന്നു.  അപ്പോൾ പട്ടിലും പൊന്നിലും മാത്രമല്ല ഓലക്കുടിലിലും പ്രണയം പൂക്കുന്ന കാലം വരുമെന്ന് നാരുട്ടി സമാധാനിക്കുന്നു. 

ഗ്രാമീണവിശുദ്ധിയുടെ തേജസ്സുള്ള കലാശില്പമായാണ് ഒസ്യത്ത് അനുഭവപ്പെട്ടത്.  ഭാഷയിലും പ്രമേയത്തിലും പൗരാണികമായ ഗ്രാമീണ പാരമ്പര്യത്തിന്റെ പ്രഭാവം ഓരോ വരികളിലുമുണ്ട്.  നാടൻ നന്മയുടെ ഒരു വിശുദ്ധ വഴിയാണത്.  രഹസ്യങ്ങൾ അപഹരിക്കാത്ത വെളിച്ചത്തിന്റെ വഴി. ഉദാരമായ ഗ്രാമമനസ്സിന്റെ സഞ്ചാരമുദ്രകൾ കൂടിയാണത്.  നാഗരികതയുടെ വ്യാജമുഖങ്ങളെ ടി.കെ. ഗംഗാധരൻ എഴുത്തിലേക്ക് ആനയിക്കുന്നില്ല. നേരിന്റെ കാഴ്ചകൾ നല്കുന്ന നേർവഴിയിലേക്കാണ്  ഒസ്യത്തിന്റെ പ്രയാണം.