വിഎസ്: കേരളത്തിന്റെ സ്പാർട്ടക്കസ്

ചെക്കുട്ടി

മുഖ്യമന്ത്രി വി എസ്  അച്യുതാനന്ദൻ മൂന്നാർ സന്ദർശിച്ചത് 2007 ഏപ്രിൽ അവസാനത്തെ ആഴ്ചയിലായിരുന്നു. തുടർന്ന് മെയ് മാസത്തിലാണ് ഐതിഹാസികമായ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ മൂന്നാർ മലനിരകളിൽ ആരംഭിച്ചത്. സർക്കാർ നടപടികളുടെ ഭാഗമായി മൂന്നുമാസത്തിനകം ആയിരക്കണക്കിനു ഹെക്ടർ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചു. അനധികൃ തമായി കെട്ടിപ്പൊക്കിയ ഡസൻ കണക്കിന് കെട്ടിടങ്ങൾ ഇടിച്ചുനിരത്തി.

പാർട്ടിക്കകത്തെ എതിർപ്പുകളെ തുടർന്ന് മൂന്നാറിൽ നിന്ന് വിഎസ് പിൻവാങ്ങിയിട്ടിപ്പോൾ ഒന്നര പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു.  മൂന്നാറിൽ സർക്കാർ വിമോചിപ്പിച്ച ഭൂമിയിൽ അധികപങ്കും വീണ്ടും സ്ഥാപിത താല്പര്യങ്ങളുടെ കൈകളിൽ തിരിച്ചെത്തി. അനധികൃത റിസോർട്ട് വ്യവസായവും അതിന്റെ തണലിൽ വാഴുന്ന രാഷ്ട്രീയവും ഇന്നും അവിടെ അരങ്ങുതകർക്കുന്നു. തോട്ടം തൊഴിലാളികളും കർഷകത്തൊഴിലാളികളും ആദിവാസികളും ഭൂരഹിത വിഭാഗങ്ങളും തടയാനാവാത്ത ഒരു ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി സമൂഹത്തിന്റെ ഓരങ്ങളിൽ കഴിഞ്ഞുകൂടുന്നു. ആധുനിക കേരളത്തിന്റെ പോരാട്ട ചരിത്രത്തിൽ നിന്നുപോലും വിഎസ്സിന്റെ നാമധേയം ബോധപൂർവം മായ്ക്കപ്പെടുന്നു. പകരം  ആയിരങ്ങൾ അണിനിരക്കുന്ന തിരുവാതിരക്കളിയുടെ താളമേളങ്ങളിൽ ഇരട്ടച്ചങ്കന്മാർ അരങ്ങുവാഴുന്നു.

അതിനാൽ, ഒരു വനരോദനം പോലെയെങ്കിലും ഈ ചോദ്യം ചോദിക്കേണ്ടി വരുന്നു: എന്താണ് വി എസ് അച്ചുതാനന്ദന്റെ സാഹസികമായ മൂന്നാർ മുന്നേറ്റത്തിന്റെ യഥാർത്ഥ രാഷ്ട്രീയ സൂചനകൾ? എന്തുകൊണ്ടാണ് കേരളത്തിലെ അധികാരശക്തികളും ഇടതുപക്ഷത്തെ കയ്യടക്കിയ ഒരു പ്രബലവിഭാഗവും അതിനെതിരെ തിരിഞ്ഞത്? എന്തുകൊണ്ട് മൂന്നാറിൽ വി എസ് പരാജയപ്പെട്ടു പിൻവാങ്ങേണ്ടി വന്നു? എന്താണ് അതിന്റെ ചരിത്രപരമായ പാഠങ്ങൾ? ഇതെല്ലാം സുപ്രധാനമായ ചോദ്യങ്ങളാണ്. അവയ്ക്കുള്ള ഉത്തരം കണ്ടെത്തുകയെന്നത് എളുപ്പവുമല്ല. കാരണം നമ്മുടെ സമകാല ജീവിതവും അതിന്റെ ഒത്തുതീർപ്പുകളും താല്പര്യങ്ങളും ഒരുവശത്തും നമ്മുടെ സമൂഹത്തിന്റെ ദീർഘപാരമ്പര്യങ്ങളും നീതിയ്ക്കു വേണ്ടിയുള്ള സമരങ്ങളും തുല്യതയെ സംബന്ധിച്ച ആദർശാത്മക ചിന്തകളും മറുഭാഗത്തും നിന്ന് പരസ്പരം പോരാടിയ ഒരു ചരിത്ര മുഹൂർത്ത മാണത്. മൂന്നാറിൽ തോറ്റുപോയ അച്യുതാനന്ദൻ കേരളത്തിലെ സാധാരണക്കാരുടെ മനസ്സുകളിൽ എന്നും കെടാവിളക്കുപോലെ നിറഞ്ഞുനിൽക്കുന്നതും അക്കാരണം കൊണ്ടുതന്നെ.

മൂന്നാറിലെ ഒഴിപ്പിക്കൽ മൂന്നാറിനെ മാത്രം ബാധിക്കുന്ന ഒരു വിഷയമായിരുന്നില്ല. നേരത്തെ  മതികെട്ടാനിലും പൂയംകുട്ടിയിലും കുട്ടനാട്ടിലും മറ്റു പലയിടങ്ങളിലും വി എസ് തന്നെ നടത്തിയ നിരവധി പോരാട്ടങ്ങളുടെ ഒരു തുടർച്ചയായിരുന്നു മൂന്നാറിലേത്. അതിനു തൊട്ടുമുമ്പ് വയനാട്ടിലെ ആദിവാസികൾ നടത്തിയ മുത്തങ്ങ ഭൂസമരവും അതിനെ തോക്കുപയോഗിച്ചു സർക്കാർ അടിച്ചമർത്തിയ അനുഭവവും കേരളത്തിന്റെ ചിന്താമണ്ഡലത്തിലുണ്ടായിരുന്നു. അതിനും മുമ്പ് ആദിവാസികളുടെ കയ്യേറപ്പെട്ട ഭൂമികൾ അവർക്കു തിരികെ നൽകാനുള്ള കേന്ദ്രസർക്കാർ നിയമത്തെ കേരളത്തിലെ മുഖ്യധാരാ സമൂഹവും അധികാരം പങ്കിടുന്ന പാർട്ടികളും ചേർന്ന് അട്ടിമറിച്ച ചരിത്രസ്മരണകളും അതിന്റെ പിന്നാമ്പുറങ്ങളിൽ അലയടിച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചും അതിന്റെ വിനിയോഗം സംബന്ധിച്ചും ദീർഘകാലമായി നിലനിന്ന ഭിന്ന വീക്ഷണങ്ങളാണ് മൂന്നാർ നടപടികൾക്കു പിന്നിലെ താത്വികപ്രശ്‌നം. ആരാണ് ഭൂമിയുടെ  അവകാശികൾ? എന്താണ് അതിന്റെ വിനിയോഗത്തിനു പിന്നിലെ ദീർഘകാല സാമൂഹിക താല്പര്യങ്ങൾ? ഈ ചോദ്യം കഴിഞ്ഞ നൂറ്റാണ്ടിലെ നാല്പതുകൾ മുതൽ കേരളത്തിൽ ഉയർന്നുകേട്ടതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ഭൂമിയുടെ പേരിലുള്ള  സമരങ്ങൾക്കു പ്രധാനമായും നേതൃത്വം നൽകിയത്. 

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മുപ്പതുകളുടെ അന്ത്യം മുതൽ ഉയർന്നുവന്ന കർഷകപ്രക്ഷോഭങ്ങൾ ഭൂമിയുടെ മേലുള്ള അവകാശവും അതിന്റെ വിനിയോഗവും സംബന്ധിച്ച പ്രശ്‌നങ്ങളെ ആസ്പദമാക്കിയായിരുന്നു. എന്നാൽ മലബാറിൽ കർഷക സമരങ്ങൾക്കു അതിനേക്കാൾ ദീർഘമായ ഒരു ചരിത്രമുണ്ട്. കൊളോണിയൽ ഭരണത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ മുതൽ മലബാറിൽ നടന്ന മാപ്പിള കലാപങ്ങളിൽ വലിയ പങ്കും ഭൂമിയുടെ മേലുള്ള അവകാശവുമായി ബന്ധപ്പെട്ടവയായിരുന്നു. ഭൂവുടമകളും അവരെ പിന്തുണക്കുന്ന കൊളോണിയൽ ഭരണകൂടവും ഒരുവശത്തും കർഷകരും കർഷകത്തൊഴിലാളികളും മറുവശത്തും നിന്നാണ് ആ പോരാട്ടങ്ങൾ നടന്നത്. തെക്കേ മലബാറിലെ ഗ്രാമങ്ങളിൽ അതിനു മതപരമായ നേതൃത്വമാണ് ഉണ്ടായിരുന്നതെങ്കിലും അതിന്റെ പിന്നിലെ യഥാർത്ഥ താല്പര്യങ്ങളും മുദ്രാവാക്യങ്ങളും തീർത്തും മതേതരമായ സാമ്പത്തിക ചൂഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയവ തന്നെ ആയിരുന്നു. മാപ്പിള കലാപങ്ങൾ എന്നാണ് കൊളോണിയൽ ചരിത്രകാരന്മാർ അവയെ വിശേഷിപ്പിച്ചതെങ്കിലും അയിത്ത സമുദായക്കാരായ നിരവധി പോരാളികൾ അവരുടെ കൂടെ അണിചേർന്നിരുന്നു. സാമൂതിരിക്കാലത്തെ ഒരു കർഷക കലാപത്തെ അനുസ്മരിക്കുന്ന മലപ്പുറം നേർച്ചയുടെ ഭാഗമായ തട്ടാന്റെ പെട്ടി വരവ് എന്ന ചടങ്ങു ഉദാഹരണം. കലാപത്തിൽ പങ്കെടുത്തു രക്തസാക്ഷിയായ കുഞ്ഞേലു എന്ന തട്ടാന്റെ ഓർമകളാണ് അതിൽ മലപ്പുറം മാപ്പിളമാർ ആവിഷ്‌കരിക്കുന്നത്. ഈ കീഴാള സമരപരമ്പര്യം മലബാറിൽ നൂറ്റാണ്ടുകൾ നിലനിന്നു. 1921ലെ കലാപകാലത്തു സമരം നയിച്ച വാരിയംകുന്നത്തു കുഞ്ഞമ്മദ് ഹാജിയുടെ അനുയായി തിയ്യനായ പന്തല്ലൂർ താമിയുടെ ഓർമക്കുറിപ്പുകൾ എ കെ കോഡൂർ കണ്ടെടുത്തിട്ടുണ്ട്. കർഷക കലാപങ്ങളുടെ മതപരമായ പശ്ചാത്തലം മലബാറിലെ മാപ്പിളമാരുടെ മാത്രം സവിശേഷതയായിരുന്നില്ല. ജർമനിയിലെ കർഷക സമരങ്ങൾ സംബന്ധിച്ച തന്റെ പഠനത്തിൽ അതിനു ക്രൈസ്തവ പൗരോഹിത്യം നൽകിയ നേതൃത്വം മാർക്‌സ് പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാൽ 1921ലെ കലാപത്തോടെ തെക്കൻ മലബാറിൽ കലാപങ്ങൾ അടിച്ചമർത്തപ്പെട്ടു. എന്നാൽ മലബാറിലെ പാട്ടവ്യവസ്ഥയിലും ഏകപക്ഷീയമായ ഒഴിപ്പിക്കൽ  നടപടികളിലും നിയന്ത്രണം കൊണ്ടുവരുന്ന നിയമങ്ങൾ ബ്രിട്ടീഷ് ഭരണകൂടം അംഗീകരിച്ചു. പക്ഷേ കൊളോണിയൽ ഭരണത്തിൽ തെക്കൻ കാനറാ ജില്ലയുടെ ഭാഗമായിരുന്ന വടക്കേ മലബാറിലെ പല താലൂക്കുകളിലെയും കർഷകർക്കു അതിന്റെ സംരക്ഷണം കിട്ടിയില്ല. അതാണ് മുപ്പതുകളുടെ അവസാനം മുതൽ ഒഴിപ്പിക്കലും അമിതപാട്ടവും മറ്റു ചൂഷണങ്ങളും മുൻനിർത്തി വടക്കേ മലബാറിൽ കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. 1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവിർഭാവകാലം മുതൽ അവരാണ് അവിടെ കർഷകപ്രസ്ഥാനത്തെ നയിച്ചത്. മലബാറിൽ വ്യവസായ തൊഴിലാളികൾ വളരെ പരിമിതമായിരുന്നു. അതിനാൽ കർഷകരും കർഷക തൊഴിലാളികളുമാണ് അവിടെ പ്രസ്ഥാനത്തിന്റെ നട്ടെല്ലായി നിന്നത്.

തെക്കൻ പ്രദേശങ്ങളിൽ അതിൽനിന്നും അല്പം വ്യത്യസ്തമായ അന്തരീക്ഷമാണ് നിലനിന്നത്. അവിടെ കുറേക്കൂടി ശക്തമായ ഒരു തൊഴിലാളിപ്രസ്ഥാനം 1920കൾ മുതലേ നിലനിന്നിരുന്നു. കയർ, കശുവണ്ടി മേഖലകളിൽ നിരവധി വ്യവസായ സ്ഥാപനങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ സ്ഥാപിതമായി. ആദ്യകാലത്തു യൂറോപ്യൻ ഉടമകളും പിന്നീട് നാട്ടുകാരായ വ്യവസായികളും ഈ മേഖലകളിൽ പിടിമുറുക്കി. അക്കാലം മുതലേ ആരംഭിച്ച ട്രേഡ് യൂണിയൻ പ്രസ്ഥാനം പിന്നീട് നാല്പതുകളിൽ ശക്തമായ തൊഴിലാളിവർഗ രാഷ്ട്രീയപ്രസ്ഥാനമായി വളർന്നു.

നാല്പതുകളിൽ ആലപ്പുഴയിൽ ആരംഭിച്ച തൊഴിലാളി സമരങ്ങളുടെ കാലത്താണ് അച്യുതാനന്ദൻ തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. ദിവാൻ ഭരണത്തിനെതിരെ ഒരു മഹത്തായ ജനകീയ ചെറുത്തുനിൽപ് പ്രസ്ഥാനമായാണ് അത് വളർന്നത്. അക്കാലത്തു കുട്ടനാട്ടിലെ കർഷക- കർഷകത്തൊഴിലാളി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കാനായി അച്യുതാനന്ദനെ നിയോഗിക്കുന്നത് ആലപ്പുഴയിലെ ഐതിഹാസിക  സമരത്തിന്റെ നായകനായിരുന്ന പി കൃഷ്ണപിള്ള തന്നെയാണ്. പിൽക്കാലത്തു കേരളത്തിലെ ശക്തമായ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ നായകനായാണ് വിഎസ് നമ്മുടെ പൊതുജീവിതത്തിൽ ഉയർന്നുവരുന്നത്.

ആലപ്പുഴയിലായാലും മലബാറിലായാലും കർഷക-കർഷകത്തൊഴിലാളി വിഭാഗങ്ങൾക്കിടയിലും ഭൂവുടമ-ഭൂരഹിത വിഭാഗങ്ങൾക്കിടയിലും ആഭ്യന്തരമായി വർഗപരമായ സംഘർഷങ്ങൾ നിലനിന്നിരുന്നു. 1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരും പിന്നീടുവന്ന സർക്കാരുകളും ഭൂപരിഷ്‌കരണം തങ്ങളുടെ മുഖ്യ അജണ്ടയായി മുന്നോട്ടുവെച്ചു. പക്ഷേ ഭൂമി കിട്ടിയത് പലപ്പോഴും കൃഷിയുമായി ബന്ധമില്ലാത്ത വിഭാഗങ്ങൾക്കായിരുന്നു. അതിന്റെ ഒരു പരിണതി ഭൂമിയുടെ തുണ്ടുവത്കരണവും ക്രമേണ കൃഷിഭൂമി മറ്റാവശ്യങ്ങൾക്കായി മാറ്റുന്ന പ്രക്രിയയുമായിരുന്നു. ഭൂമി ഒരു ഉല്പന്നമായി; അതിന്റെ ഉപയോഗം വിപണിയുടെ താൽപര്യങ്ങൾക്കു അനുസരിച്ചു മാറാൻ തുടങ്ങി. അതാണ് മധ്യവർഗ ഭൂവുടമകളും അവർക്കു കീഴിൽ ജോലി ചെയ്ത കർഷകത്തൊഴിലാളികളും തമ്മിലുള്ള സംഘർഷങ്ങളിലേക്കു നയിച്ചത്. പഴയകാലത്തു കർഷകസംഘത്തിന്റെ നേതാക്കളായിരുന്ന പലരും ഇടതുപക്ഷ പ്രസ്ഥാനത്തെ കയ്യൊഴിഞ്ഞു. കർഷകർ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥ വ്യാപകമായി. ഭൂമി വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചു കൈമാറ്റം ചെയ്യപ്പെടുന്ന ഉപഭോഗവസ്തുവായി.

ഭൂമിയുടെ വിപണിവത്കരണത്തിന്റെ സ്വാഭാവിക ഭാഗമായി വന്നതാണ് വാണിജ്യവിളകളുടെ അമിതമായ വ്യാപനം. എന്നാൽ പഴയകാല തോട്ടങ്ങളെ ഭൂപരിഷ്‌കരണം ഒട്ടും തൊടുകയുണ്ടായില്ല. വമ്പൻ കമ്പനികളുടെ കൈവശമുള്ള ആയിരക്കണക്കിന് ഏക്കർ ഭൂമി അവരുടെ ഇഷ്ടങ്ങൾക്കു അനുസരിച്ചു ക്രയവിക്രയം ചെയ്യപ്പെട്ടു. അവിടെയുള്ള തൊഴിലാളികളും ക്രമേണ അപ്രസക്തരായി. മറുഭാഗത്തു കൃഷിഭൂമി വാണിജ്യവിളകൾക്കായി മാറ്റി ഉപയോഗിക്കുന്ന പ്രവണത ശക്തിപ്പെട്ടു. നെല്ലിന്റെ കേദാരമായ കുട്ടനാട്ടിലും  കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടും വയലുകളിൽ തെങ്ങും പനയും വളർന്നു. വയലുകൾ നികത്തി കെട്ടിടങ്ങൾ നിരന്നു. അവ വാണിജ്യകേന്ദ്രങ്ങളായി.

ഭൂപരിഷ്‌കരണം അപൂർണമായി അവസാനിപ്പിക്കുക എന്ന സന്ദേശമാണ് ഈ ദുരവസ്ഥ നൽകുന്നത്. എന്നാൽ അതിനെ മുന്നോട്ടു കൊണ്ടുപോകുന്ന നയങ്ങൾ  ആവിഷ്‌കരിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിമുഖത കാണിച്ചു. തങ്ങൾ നേരിട്ട വെല്ലുവിളികളോട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രണ്ടുവിധത്തിലാണ് പ്രതികരിച്ചത്. സിപിഎം നേതാക്കളിൽ പലരും അതിനോടു കണ്ണടയ്ക്കുന്ന സമീപനമാണ് പലേടത്തും സ്വീകരിച്ചത്. വയലിനെ വിപണിയാക്കുന്ന പ്രക്രിയക്കു പലപ്പോഴും  മുൻനിര നേതാക്കളുടെ പിന്തുണ പോലും ഉണ്ടായിരുന്നു. നീർത്തടങ്ങൾ നികത്തി കെട്ടിടങ്ങൾ പണിയുന്ന സഹകരണ സംഘങ്ങളുടെ നേതാക്കളായിരുന്നു പലരും. 1967ലെ സർക്കാർ കൊണ്ടുവന്ന നെൽവയൽ സംരക്ഷണ നിയമം പൂർണമായും അട്ടിമറിക്കപ്പെട്ടു.  നേതാക്കളിൽ ചിലരെങ്കിലും ആധുനികകാലത്തു സ്വാധീനമുള്ള മധ്യവർഗങ്ങളുടെ താൽപര്യങ്ങൾക്കു അനുഗുണമായ കേളീഗൃഹങ്ങളുടെ നിർമാണത്തിനു ഭൂമിയും ജലാശയങ്ങളും വിട്ടുകൊടുക്കണം എന്നും വാദിച്ചു. മധ്യ-ഉപരിമധ്യ വർഗങ്ങളാണ് കേരളത്തിലെ ഏറ്റവും നിർണായകമായ സാമ്പത്തിക-സാമൂഹികശക്തി എന്നാണ് അവർ സിദ്ധാന്തിച്ചത്. അക്കൂട്ടരെ  പിണക്കി ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മുന്നോട്ടുപോകാനാവില്ല എന്നും അവർ മുന്നറിയിപ്പു നൽകി. ഇടതുപക്ഷ രാഷ്ട്രീയത്തെ തുരങ്കം വെക്കുന്ന അത്തരം ആശയങ്ങളുടെ നിർമാതാക്കൾക്ക് നാട്ടിലും മറുനാട്ടിലുമുള്ള പുത്തൻ സാമ്പത്തികശക്തികളുടെ പിന്തുണയും കിട്ടി.

അവസരവാദപരമായ  സമീപനങ്ങളെ വിട്ടുവീഴ്ചയില്ലാതെ ചെറുത്ത  അപൂർവം നേതാക്കളിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. പാർട്ടിയിൽ അവർ ഒരു ന്യൂനപക്ഷമായി മാറിയിരുന്നു. എന്നിരുന്നാലും ”കൃഷിഭൂമി കൃഷിക്കാരന്” എന്ന പഴയകാല മുദ്രാവാക്യം അദ്ദേഹം ഒരിക്കലും കൈവിട്ടില്ല. കൃഷിക്കാരൻ വിപണിയുടെ ആശ്രിതനാവരുത്. കൃഷിഭൂമി കച്ചവടവസ്തുവുമല്ല. അത് ഓരോ  മനുഷ്യന്റെയും പ്രകൃതിയിലെ അധിവാസത്തിന്റെ അടിസ്ഥാനമാണ്. അതാണ് എഴുപതുകളിൽ മിച്ചഭൂമി പിടിച്ചെടുക്കൽ സമരത്തിനും പിന്നീട് കുട്ടനാട്ടിലും മറ്റും നടന്ന ഭൂമിയുടെ വാണിജ്യവത്കരണത്തിനു എതിരായ ”വെട്ടിനിരത്തൽ” എന്ന പേരിൽ അപഹസിക്കപ്പെട്ട മഹാപ്രക്ഷോഭത്തിനും പിന്നിലെ പ്രചോദനം. ഒരുപക്ഷേ നമ്മുടെ ചരിത്രത്തിൽ  ഏകെജിയും വിഎസും മാത്രമാണ് ഈയൊരു കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ കേരളത്തിലെ ഭൂസമരങ്ങളിൽ ഇടപെട്ട രണ്ടു നേതാക്കൾ. വിഎസ് അധികാരത്തിൽ വന്ന ശേഷം കേരളത്തിന്റെ പ്രകൃതിയെ പുത്തൻ സാമ്പത്തികശക്തികളുടെ കയ്യേറ്റത്തിൽ നിന്നും വിമോചിപ്പിക്കാനായി നെൽവയൽ നീർത്തട സംരക്ഷണ നിയമം പോലുള്ള നിയമനിർമാണങ്ങൾ കൊണ്ടുവന്നു. പാർട്ടിയിലെ എതിരാളികൾ അതിനെ പല ഭേദഗതികൾ വഴി നിർദാക്ഷിണ്യം ചിത്രവധം ചെയ്തു.

എണ്‍പതുകളിൽ ഇന്ത്യയിൽ വേരുപിടിച്ച പുത്തൻ സാമ്പത്തിക നയങ്ങളോടുള്ള സാധാരണ ജനങ്ങളുടെ ഒരു പ്രതികരണം കൂടിയായിരുന്നു കർഷകത്തൊഴിലാളികൾ നടത്തിയ വെട്ടിനിരത്തൽ പ്രക്ഷോഭം. അക്കാലത്താണ് ആഗോളവത്കരണ സാമ്പത്തിക നയങ്ങൾ ഔപചാരികമായിത്തന്നെ നാട്ടിൽ അംഗീകരിക്കപ്പെട്ടത്. രാജീവ് ഗാന്ധിയുടെ കാലത്തു ആരംഭിച്ച ഈ പ്രക്രിയ നരസിംഹറാവു ഭരണത്തിൽ ഡോ. മൻമോഹൻസിങ് അവതരിപ്പിച്ച 1991ലെ ബജറ്റോടെ പൂർണമായി നടപ്പിൽ വന്നു. ഇന്ത്യൻ ജനതയുടെ ഭാഗധേയം നിർണയിക്കുന്നത് ആഗോളവിപണിയാണ് എന്ന നില വന്നു.

ആഗോളവത്കരണ നയങ്ങളോടു കടുത്ത വിയോജിപ്പാണ് ഇടതുപക്ഷം ആദ്യഘട്ടത്തിൽ പ്രകടിപ്പിച്ചത്. പക്ഷേ അത് പ്രത്യയശാസ്ത്രപരമായ ഒരു വിയോജിപ്പിന്റെ പ്രശ്നമായിരുന്നില്ല; മറിച്ചു പ്രായോഗിക ചിന്തകളാണ് അവരെ നയിച്ചത് എന്ന് പിന്നീടുള്ള അനുഭവങ്ങൾ തെളിയിച്ചു. ബംഗാളിൽ ജ്യോതിബസു അധികാരമൊഴിഞ്ഞു ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിപദ ത്തിലെത്തിയ കാലം മുതൽ (നവംബർ 2000) പാർട്ടിയിലെ ഒരു പ്രബല വിഭാഗം ഈ നയങ്ങളുടെ വക്താക്കളും പിന്തുണക്കാരുമായി മാറിക്കഴിഞ്ഞിരുന്നു. കേരളത്തിൽ ഏതാണ്ട് ഇതേകാലത്താണ് പാർട്ടി നേതൃത്വത്തിൽ ഒരു  തലമുറമാറ്റം സംഭവിച്ചത്. കണ്ണൂരിലെ പഴയ ബീഡിത്തൊഴിലാളി ചടയൻ ഗോവിന്ദൻ നിര്യാതനായതോടെ പുതിയ സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയൻ ചുമതലയേറ്റു (സപ്റ്റംബർ 1998).

ഇതൊരു ചെറിയ മാറ്റമായിരുന്നില്ല. ദേശീയപ്രസ്ഥാനത്തിലും പിന്നീട് വർഗബഹുജന പ്രസ്ഥാനങ്ങളിലും ആഴത്തിൽ വേരുകളുള്ള ഒരു മുൻ തലമുറയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിയന്ത്രണം പുതിയൊരു തലമുറയിലേക്കും പുതിയൊരു കാഴ്ചപ്പാടിലേക്കും മാറുകയായിരുന്നു. ബംഗാളിലെപ്പോലെ കേരളത്തിലും അതുണ്ടാക്കിയ ആഘാതം  ചെറുതായി രുന്നില്ല. പുതിയ പാർട്ടി സെക്രട്ടറി പിണറായി വിജയൻ അടിസ്ഥാന വർഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു വർഗസംഘടനയിലും സജീവമായിരുന്നില്ല. അദ്ദേഹം വിദ്യാർത്ഥി-യുവജന പ്രസ്ഥാനത്തിലും പിന്നീട് കണ്ണൂരിലെ പാർട്ടി നേതൃത്വത്തിലും അതിനകം തന്നെ വമ്പിച്ച സാമ്പത്തിക ശേഷി നേടിയെടുത്ത സഹകരണ പ്രസ്ഥാനത്തിലുമാണ് പ്രധാനമായി പ്രവർത്തിച്ചത്. ബീഡിത്തൊഴിലാളിയുടെയും കർഷക തൊഴിലാളിയുടെയും ജീവിതാനുഭവങ്ങളിൽ നിന്നും അവരുടെ താല്പര്യങ്ങളിൽ നിന്നും ഏറെ അകന്നാണ് ഈ പുതുനേതൃത്വം ജീവിച്ചത്. സമ്പന്നമായ ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലെ യുവരാജകുമാരന്മാരായാണ് അവരിൽ പലരും സ്വയം സങ്കല്പിച്ചത്.

ഒരു തയ്യൽ തൊഴിലാളിയായി ജീവിതം ആരംഭിച്ച അച്യുതാനന്ദൻ കേരളത്തിലെ പാർട്ടിയിൽ  ഏറ്റവും ശക്തമായ സാന്നിധ്യമായി നിൽക്കുന്ന കാലത്തു തന്നെയാണ് പിണറായി വിജയൻ സംസ്ഥാന നേതൃത്വം കയ്യേൽക്കുന്നത്. അദ്ദേഹം അതിൽ സ്വീകരിച്ച നിലപാടു നിഷേധാത്മകമായിരുന്നില്ല; എന്നാൽ കൊല്ലത്തെ തൊഴിലാളി പാരമ്പര്യമുള്ള നേതാവ് പി കെ ഗുരുദാസൻ സെക്രട്ടറിയാകണമെന്ന താൽപര്യമാണ് വിഎസ്സിന് ഉണ്ടായിരുന്നത് എന്ന് ചില അടുത്ത അനുയായികൾ പറയുന്നുണ്ട്. എന്തായാലും ഒരു കാര്യം തീർച്ചയാണ്: അതിന്റെ പേരിൽ ഒരു തർക്കവും അന്ന് അദ്ദേഹം പാർട്ടിയിൽ ഉന്നയിക്കുകയുണ്ടായില്ല.

എന്നാൽ വിഎസ്സും പിണറായിയും പിന്നീട് ഒരേ പാർട്ടിയിൽ രണ്ടുപാതയിലൂടെ സഞ്ചരിക്കുന്നതാണ് കേരളം കണ്ടത്. ഇരുവരും തമ്മിലുള്ള തർക്കങ്ങളുടെ ചരിത്രം ഇവിടെ പ്രസക്തമല്ല. പക്ഷേ പുതിയ നൂറ്റാണ്ടിൽ പാർട്ടിക്ക് വിഎസ്  അഭികാമ്യനായ നേതാവല്ല എന്ന സന്ദേശമാണ് എതിരാളികൾ നൽകിയത്. അതിനാലാണ് 2006ലെ  തിരഞ്ഞെടുപ്പിൽ വിഎസ്സിന് സീറ്റു നല്കുന്നതുപോലും തടയാൻ കേന്ദ്രക്കമ്മിറ്റിയിൽ അവർ സംഘടിതമായി ശ്രമിച്ചത്. അണികളാണ് അത്തരം ഗൂഢാലോചനകളെ തകർത്തെറിഞ്ഞത്. ഈ തർക്കങ്ങളിൽ ആദ്യമാദ്യം ഒരു മധ്യനില സ്വീകരിച്ചുവന്ന കേന്ദ്രനേതൃത്വമാകട്ടെ, പിന്നീട് പൂർണമായും പിണറായിയുടെ ഭാഗത്തേയ്ക്ക് കളംമാറ്റി ചവിട്ടി.

പാർട്ടി അച്ചടക്കവും ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളും ലംഘിച്ച ഒരു ഒറ്റയാനാണ് അച്യുതാനന്ദൻ എന്ന പ്രചാരണമാണ് കേരളത്തിലെ പുതുനിര നേതൃത്വം വിഎസിനെ ഒതുക്കാനായി ഉന്നയിച്ചത്. അതിന്റെ പിന്നിലെ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ശേഷി ഇല്ലാത്തവരൊന്നും ആയിരുന്നില്ല അന്ന് പാർട്ടി നേതൃത്വത്തിൽ. 2005ൽ   ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പ്രകാശ് കാരാട്ടും പിന്നീട് അതേ പദവിയിൽ എത്തിയ സീതാറാം യെച്ചൂരിയും കേരളത്തിലെ തർക്കങ്ങൾ സംബന്ധിച്ച് കൃത്യമായ അവബോധം ഉള്ളവർ തന്നെയായിരുന്നു. എന്നാൽ കേരളത്തിലെ നേതൃത്വം പാർട്ടിയെ  നിയോലിബറൽ സാമ്പത്തിക-രാഷ്ട്രീയ പാതയിലൂടെ നയിക്കുമ്പോൾ അതിനെ ചെറുക്കാനുള്ള വിഎസിന്റെ ശ്രമങ്ങൾക്ക് അവർ ഒരു പിന്തുണയും നൽകിയില്ല. അതേസമയം, കേന്ദ്രസർക്കാരുമായുള്ള ബന്ധങ്ങളിൽ ഈ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറായതുമില്ല. ഇത്തരം ഇരട്ടത്താപ്പ് ഒരിക്കലും വിശദീകരിക്കപ്പെടുകയും ഉണ്ടായില്ല.

ഇവിടെ ഒരു ഉദാഹരണം മാത്രമെടുക്കാം. 2007 മെയ് മാസത്തിൽ വിഎസ് സർക്കാരിന്റ പ്രതിനിധികളായി മൂന്നാറിലെത്തിയ മൂന്നു പൂച്ചകൾ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായി ശക്തമായ നടപടികൾ ആരംഭിച്ചപ്പോൾ പലരും കോടതിയിൽ പോയി. ചിലർ പോയത് എകെജി  സെന്ററിലേക്കും സിപിഐയുടെ ആസ്ഥാനത്തേക്കുമാണ്. അവർക്കു പൂർണ പിന്തുണയാണ് ഇരു പാർട്ടി നേതൃത്വങ്ങളും നൽകിയത്. മൂന്നാർ വിഷയത്തിൽ എം എം മണി മുതൽ പിണറായി വിജയൻ വരെ ഒരേ ശബ്ദത്തിലാണ് സംസാരിച്ചത്. ഭൂമാഫിയയുടെ ഏജന്റുമാരായി കാണപ്പെട്ട ഈ നേതാക്കൾ കേരളത്തിന്റെ ദീർഘകാല താല്പര്യങ്ങളെയല്ല, മറിച്ചു തങ്ങളുടെ സ്വന്തം സ്ഥാപിത താല്പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് വ്യക്തമായിരുന്നു. എന്നാൽ കേന്ദ്രനേതൃത്വം അതു കണ്ടില്ലെന്നു നടിച്ചു.

എന്നാൽ അതേസമയം, യുപിഎ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാരും അമേരിക്കയുമായി അക്കാലത്തു ഊർജരംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമാക്കി ഒരു കരാറിൽ ഏർപ്പെടാനുള്ള നീക്കങ്ങൾ നടന്നിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ നേതൃത്വത്തിലാണ് സിവിൽ ആണവകരാർ സംബന്ധിച്ച ചർച്ചകൾ വാഷിങ്ങ്ടണിൽ നടന്നത്. അതിനെ പല്ലും നഖവും ഉപയോഗിച്ചാണ് കാരാട്ടും കൂട്ടരും എതിർത്തത്. കേന്ദ്രമന്ത്രിസഭയെ മറിച്ചിടാനും (അതിലൂടെ ബിജെപി നിയന്ത്രണത്തിലുള്ള ഒരു മന്ത്രിസഭയ്ക്ക് വഴിയൊരുക്കാനും)  തങ്ങൾ മടിക്കില്ല എന്നാണ് ”സാമാജ്യവിരുദ്ധ”രായ  കമ്മ്യൂണിസ്റ്റ് നേതാക്കൾ  ഡോ. മൻമോഹൻ സിങിനെ ഭീഷണിപ്പെടുത്തിയത്. ”അങ്ങനെയെങ്കിൽ അങ്ങനെയാവട്ടെ” എന്നാണ് ഒരിക്കൽ സഹികെട്ടു പ്രധാനമന്ത്രി പ്രതികരിച്ചത്.

എന്നാൽ ഇത്ര കടുത്ത സാമ്രാജ്യവിരുദ്ധരുടെ പാർട്ടിയിലെ ഒരു വിഭാഗം അതേനാളുകളിൽ തന്നെ അമേരിക്കൻ സാമ്രാജ്യത്വ ഏജന്റുമാരുമായി രഹസ്യ ചർച്ചകൾ നടത്തുകയായിരുന്നു. കാരാട്ട് മൻമോഹനെ കണ്ടു ആണവക്കരാർ റദ്ദാക്കണം എന്നാവശ്യപ്പെട്ട അതേ നാളുകളിലാണ് പിബിയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ പിണറായി വിജയനു വേണ്ടി പ്രമുഖ മാധ്യമപ്രവർത്തകൻ അമേരിക്കൻ എംബസിയിലെ ഉദ്യോഗസ്ഥനുമായി സംസാരിക്കുന്നത്. അടുത്ത പാർട്ടി സംസ്ഥാന സമ്മേളനത്തിൽ വിഎസ് അച്യുതാനന്ദനെ ഒതുക്കുമെന്നും വേണ്ടിവന്നാൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യുമെന്നും കൂടിക്കാഴ്ചയിൽ ”സിപിഎം ഇൻസൈഡർ” എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി ഉറപ്പു നൽകുന്നുണ്ട്. അമേരിക്കൻ സാമ്പത്തിക താല്പര്യങ്ങൾക്കു കേരളത്തിൽ ഏറ്റവും വലിയ ഊർജം പകരുന്ന നേതാവ് പിണറായി വിജയൻ തന്നെയാണ് എന്നാണ് കുറിപ്പിൽ അമേരിക്കൻ പ്രതിനിധി വിശദീകരിക്കുന്നത്. അന്ന് രഹസ്യമായി വെച്ച ഈ രേഖ പിന്നീട് വിക്കിലീക്സ് ചോർത്തി പ്രസിദ്ധീകരിക്കുകയായി രുന്നു.

എന്നാൽ തന്റെ സാമ്പത്തിക-സാമൂഹിക നയങ്ങളെ പിണറായി വിജയൻ ഒരിക്കലും മറച്ചുവെക്കുകയുണ്ടായില്ല എന്നതാണ് സത്യം. കമ്മ്യൂണിസ്റ്റ് പാർട്ടിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെങ്കിലും വലതുപക്ഷ നയങ്ങൾ എന്ന് ഉറപ്പായി വിശേഷിപ്പിക്കാവുന്ന പലതും അദ്ദേഹത്തിന്റേതായുണ്ട്. തന്റെ ഗുരുനാഥൻ എം എൻ വിജയൻ ഈ നയങ്ങൾക്കെതിരെ ആഞ്ഞടിച്ചപ്പോൾ ഗുരുവിനെ തള്ളിപ്പറയാൻ അദ്ദേഹം മടിച്ചില്ല. വ്യക്തിപരവും സാമ്പത്തികവുമായ ബന്ധങ്ങളിൽ സാധാരണ കമ്മ്യൂണിസ്റ്റ് നേതാക്കൾ പുലർത്തിവന്ന കരുതലും നിഷ്ഠയും ഒരിക്കലും അദ്ദേഹത്തെ അലട്ടിയില്ല. രാഷ്ട്രീയബോധ്യങ്ങളല്ല, മറിച്ചു അതാതുകാലത്തെ താല്പര്യങ്ങളാണ് അദ്ദേഹത്തെ നയിച്ചത്. ആ നിലയ്ക്ക് നോക്കിയാൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ എത്തിച്ചേർന്ന ആദ്യത്തെ ”അരാഷ്ട്രീയ നേതാവ്” എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാവും. ഉദാഹരണത്തിന്, സെക്രട്ടറി സ്ഥാനം കയ്യേറ്റു ആദ്യം തുടങ്ങിയ വ്യവസായ സംരംഭം കൈരളി ചാനലിന്റെ തലപ്പത്തു മുസ്ലിംലീഗിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നുമുള്ള ധനപ്രഭുക്കളെ കുടിയിരുത്താനും അവരുടെ താൽപര്യങ്ങൾക്കു അനുസരിച്ചു നയരൂപീകരണം നടത്താനും  അദ്ദേഹം മടിച്ചില്ല. തുടർന്ന് 2006ൽ, അടിയന്തിരാവസ്ഥയിലെ അത്യാചാരങ്ങളുടെ കരിനിഴലിൽ കഴിഞ്ഞ കരുണാകരനെ ഇടതുപക്ഷത്തു കുടിയിരുത്തി വിശുദ്ധനാക്കാൻ അദ്ദേഹം നടത്തിയ ശ്രമം പിബി ഇടപെട്ടാണ് തടഞ്ഞത്.  ലീഗിനെ മുന്നണിയിൽ കൊണ്ടുവരാനായി ശ്രമങ്ങൾ നടത്താനും ആർഎസ്എസ്സുമായി രഹസ്യ വെടിനിർത്തൽ ചർച്ചകൾക്കും അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇത്തരം താല്പര്യങ്ങൾ തന്നെ. സംഘപരിവാര നേതൃത്വത്തെ പ്രീണിപ്പി ക്കാനായി, അവരുടെ കണ്ണിലെ കരടായി എന്നും നിലകൊണ്ട കണ്ണൂരിലെ ഏറ്റവും പ്രമുഖ നേതാവിനെ രാഷ്ട്രീയമായി ബലി കൊടുക്കാനും അദ്ദേഹം മടിച്ചില്ല.

 സത്യത്തിൽ, സിപിഎം നേതൃത്വത്തിൽ ഇരിക്കുമ്പോഴും മുഖ്യമന്ത്രിയായി വാഴുമ്പോഴും നാട്ടിലും മറുനാട്ടിലുമുള്ള ഒരു പുതുമടിശ്ശീല വർഗത്തിന്റെ താല്പര്യങ്ങളെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്തത്. മൂന്നാറിലായാലും കോവളം കൊട്ടാര വില്പനയിലായാലും ബോൾഗാട്ടി കൈമാറ്റ വിഷയത്തിലായാലും ചന്ദ്രശേഖരൻ വധത്തിലായാലും പിണറായി സംരക്ഷിച്ചതു  സ്ഥാപിത താല്പര്യങ്ങളെയാണ്. അതിനപ്പുറം തനിക്ക് അടിസ്ഥാനപരമായ ഒരു ഇടതുപക്ഷ സമീപനം ഉള്ളതായി ഒരിക്കലും അദ്ദേഹം സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടില്ല. ഒരുപക്ഷേ അതുകൊണ്ടാകാം ദേശീയസമര കാലം മുതലുള്ള സമുജ്വല രാഷ്ട്രീയപാരമ്പര്യങ്ങൾ പേറുന്ന വിഎസിനെ തനിക്കു മുമ്പിൽ കിടക്കുന്ന ഒരു വഴിമുടക്കി എന്ന നിലയിൽ മാത്രം അദ്ദേഹം കണ്ടത്. ഉമ്മൻ ചാണ്ടി മുതൽ വിഎസ് വരെ നമ്മുടെ ഏറ്റവും മുതിർന്ന നേതാക്കളെ വ്യക്തിഹത്യ നടത്തുന്ന വിധം പാർട്ടിചാനൽ നടത്തിയ നീക്കങ്ങളെ അപലപിക്കാൻ വിസമ്മതിച്ചതും ഇതേ കാരണം കൊണ്ടാവണം. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ നൈതികതയുടെ പശ്ചാത്തലത്തിൽ ഒരിക്കൽപ്പോലും ഒരു സ്വയംവിമർശനം നടത്താനും അദ്ദേഹം മെനക്കെട്ടില്ല.

മൂന്നാറിലെ സംഭവങ്ങൾ കഴിഞ്ഞിട്ട് ഇപ്പോൾ ഒന്നര പതിറ്റാണ്ടു കടന്നു പോയിരിക്കുന്നു. അന്നത്തെ ഏറ്റുമുട്ടൽ കേരളീയ സമൂഹത്തിൽ രണ്ടു വിരുദ്ധ ചേരികൾ തമ്മിലുള്ള വർഗസമരത്തിലെ ഒരു സുപ്രധാന അധ്യായമായി മാത്രമേ കാണാനാവുകയുള്ളൂ എന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു. ഭൂമിയുടെ മേലുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശവും അതിന്റെ നൈസർഗികവും ജൈവവുമായ വിനിയോഗവും ഇന്നൊരു അടിയന്തിര രാഷ്ട്രീയപ്രശ്‌നമായി ആഗോളതലത്തിൽ തന്നെ ഉയർത്തപ്പെട്ടിരിക്കുന്നു. ആധുനിക മുതലാളിത്തത്തിന്റെ കാഴ്ചപ്പാടിൽ ഭൂമി സാമ്പത്തികോല്പാദന സംവിധാനത്തിൽ ഒരു ഘടകം മാത്രമായിരുന്നു. എന്നാൽ ഭൂമിയുടെയും അതിന്റെ ഭാഗമായി നിലനിൽക്കുന്ന സകല ചരാചരങ്ങളുടെയും അവകാശങ്ങൾ ഇന്ന് അന്താരാഷ്ട്രതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഒരോ പുഴയും ഒരോ പ്രാണിയും ഒരോ ചരിത്ര സ്മാരകവും സ്വന്തം നിലയിൽ അസ്തിത്വമുള്ള ജൈവഘടകങ്ങളായി നിയമപരമായി തന്നെ അസ്തിത്വം നേടിയെടുക്കുന്ന കാലമാണിത്. കൊളോണിയൽ ആധിപത്യത്തിന്റെ കാലത്തെ ”പ്രകൃതിയെ കീഴടക്കുക” എന്ന ചിന്താസരണയിൽ നിന്നും ലോകം മാറി സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. കേരളത്തിൽപ്പോലും ഒരു രണ്ടാം ഭൂപരിഷ്‌കരണത്തിന്റെ ആവശ്യകത ഇന്ന് ചർച്ചയാണ്. കാരണം ഒന്നാം ഭൂപരിഷ്‌കരണം അതിന്റെ പൂർണഫലപ്രാപ്തിയിൽ  എത്തും മുമ്പ് തകർക്കപ്പെട്ടു എന്ന് ഇന്നു നമ്മുടെ സമൂഹം തിരിച്ചറിയുന്നുണ്ട്. കൃഷിഭൂമി കൃഷിക്കായി ലഭ്യമാക്കുക, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഭൂമി നൽകുക, സഹകരണാടിസ്ഥാനത്തിൽ കാർഷിക പ്രവർത്തനങ്ങൾ പുനരാവിഷ്‌കരിക്കുക, പാരിസ്ഥിതിക ആഘാതം വരുത്തിവെക്കുന്ന വികസന നയങ്ങൾ ഉപേക്ഷിക്കുക, ഒന്നാം ഭൂപരിഷ്‌കരണത്തിൽ തഴയപ്പെട്ട ദളിത്, ആദിവാസി ജനതകളുടെ അവകാശങ്ങൾക്കു പ്രാമുഖ്യം നൽകുക തുടങ്ങിയ അടിയന്തിര കടമകളാണ് ഈയൊരു രണ്ടാം ഭൂപരിഷ്‌കരണ മുന്നേറ്റം അനിവാര്യമാക്കുന്നത്. തന്റെ  രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ വിഎസ് കേരളത്തിന് നൽകിയ മഹത്തായ ഒസ്യത്തും അതുതന്നെയാണ്.

ആധുനികാനന്തരകാലത്തെ ഈ  രാഷ്ട്രീയദർശനത്തെ പുരോഗമന പാരിസ്ഥിതിക രാഷ്ട്രീയം (റാഡിക്കൽ ഇക്കോളജിക്കൽ പൊളിറ്റിക്‌സ്) എന്നു ചില ചിന്തകർ വിശേഷിപ്പിക്കുന്നുണ്ട്. പുരോഗമന രാഷ്ടീയം ആഗോളരംഗത്തു ഇന്ന് അത്തരം പുതു ദർശനങ്ങളെയാണ് മുന്നിൽ വെക്കുന്നത്. അതു മാർക്‌സിന്റെ കാലത്തു തന്നെ ആരംഭിച്ച ഒരു തിരിച്ചറിവിന്റെ ഭാഗമാണ് എന്ന് ഈയിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ അവസാനകാല രചനകളുടെയും കുറിപ്പുകളുടെയും പഠനത്തിന്റെ അടിസ്ഥാനത്തിൽ പല പണ്ഡിതന്മാരും ചൂണ്ടിക്കാണി ക്കുന്നുണ്ട്. എന്നാൽ ഈ മാറ്റങ്ങളെ കാണാനാവാതെ പോകുന്ന ചില കമ്മ്യൂണിസ്റ്റ് നേതാക്കളും  നമുക്കിടയിലുണ്ട്. അവർ ലണ്ടൻ ഓഹരികമ്പോളത്തിലും ന്യൂയോർക്കിലെ വമ്പൻ ഹോട്ടലുകളിലും തങ്ങളുടെ മധുരമനോജ്ഞ ഭാവിയെ വിഭാവനം ചെയ്യുന്നു. സാമ്രാജ്യത്വത്തിന്റെ പൊളിഞ്ഞു പാളീസായ ആശയങ്ങളെ അവർ താലോലിക്കുന്നു.  ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാൻ ന്യൂയോർക്കിൽ ഒരു ലക്ഷം ഡോളർ  മുടക്കാൻ പുതു മടിശ്ശീലസംഘത്തിലെ പലരും തയ്യാറാവുന്നത് എന്തിന്റെ ലക്ഷണമാണ് എന്ന് അത്തരം കോമാളിത്തരങ്ങൾക്കു ഇരുന്നു കൊടുക്കുന്നവരും  ആലോചിക്കുന്നത് നല്ലതാണ്. ഒരുപക്ഷേ അന്യംനിന്നുപോയ ദിനോസറിന്റെ കൂടെയിരുന്നു സെൽഫി എടുക്കാനും അവർ അത്രയോ അതിലധികമോ പണം ചെലവാക്കാനിടയുണ്ട്. അല്ലെങ്കിൽ കേരളത്തിന്റെ പ്രകൃതിയും ജീവനും ഊറ്റിയെടുക്കാനും അവർ പണം നൽകിയേക്കും. അതാണ് മുതലാളിത്തത്തിന്റെ സവിശേഷത.