രണ്ടു തുള്ളികള്‍
സ് ബിഗ്‌നീവ്  ഹെർബെർട്

വിവ. ദേശമംഗലം രാമകൃഷ്ണൻ

കാടുകൾ കത്തുകയായിരുന്നു
എങ്ങനെയൊക്കെയോ അവർ സ്വന്തം കഴുത്തിൽ
കൈ പിണച്ചു നിൽക്കുകയായി
റോസാച്ചെണ്ടുകൾ പോലെ.
ആളുകൾ താവളങ്ങളിലേക്കോടിപ്പോയി
ഒരുവൻ വീട്ടുകാരിയോട് ചോദിച്ചു:
എനിക്കൊളിച്ചിരിക്കാൻ പാകത്തിൽ
അത്രയും ഇടതൂർന്ന മുടി നിനക്കുണ്ടോ.
പിന്നെ
ഒറ്റപ്പുതപ്പു കൊണ്ട് മൂടിപ്പുതച്ച്
അവർ നാണം കെട്ട വാക്കുകൾ ഉരുവിട്ടു
 പ്രേമികളുടെതായ ഒരുവക  സംസാരം.
ആ പുതപ്പിനടിയിൽ വഷളത്തം മൂത്തപ്പോൾ
അവന്റെ കണ്ണിലേയ്ക്ക് അവളും
അവളുടെ കണ്ണിലേയ്ക്ക് അവനും ഇഴഞ്ഞു കയറി,
കണ്ണുകൾ ഭദ്രമായി അടച്ചു വെച്ചു.
കണ്ണുകൾ അത്രയ്ക്ക് മുറുക്കിയടച്ചിരിക്കയാൽ,
കൺപോളയ്ക്കരികിലേയ്ക്ക് അവരെത്തിയിട്ടും
തീജ്വാലകൾ അനുഭവപ്പെട്ടില്ല
ഒടുവിലൊടുവിൽ ,അവർ ധീരരായി
ഒടുവിലൊടുവിൽ, അവർ വിശ്വസ്തരായി
ഒടുവിൽ
ഒരേ മുഖത്തിന്റെ കോണിൽ പറ്റിപ്പിടിച്ച
രണ്ടു തുള്ളികൾ പോലെയായി, അവർ.