മരണ ഘടികാരത്താല്‍ ഒരു ജനത
നേരമളക്കുമ്പോള്‍

കെ ഗോപിനാഥൻ

പുലർച്ചെ,
അച്ഛൻ അമ്മയോടിങ്ങനെ.
‘അവനെ കണ്ടിട്ടു നാളേറെയായി’.
മഴയുടെ ആൾകൂട്ടകരച്ചിലിൽ,
വെളിച്ചം ജനലഴിയിലൂടെ പിളർന്നു കമിഴുമ്പോൾ
ഇരുവരവറിയാതെ മലർന്നുറങ്ങുന്നു മകൻ.
മുനയിറങ്ങിയ ആ നെഞ്ചിലെ  കുതിർന്നു കീറിയ
രക്തഭൂപടത്തിലേക്ക് പിടഞ്ഞു ചിതറുകയാണ്,
കാണേ
വീണു പൊട്ടിയ ഒരു പരീക്ഷണ നാളി.
നൊന്തു പെറ്റവൾ.

ഉച്ചയാവുന്നു.
ഇന്നലത്തെ അന്നം
പകുത്തു ചൂടാക്കുന്ന അമ്മയോട്,
ഉറക്കെയാരാഞ്ഞത്
അവനെ.
വിറങ്ങലിച്ച വിറകിനെ ചീന്തിയ മറുപടി.
കാട് കേറി .
ഇടയിലാ കണ്ണുകൾ നിറഞ്ഞത്
നനഞ്ഞ അടുപ്പിലെ പുക കൊണ്ടല്ല,
വിശപ്പിനെ കണ്ടു പേടിക്കുകയും,
പ്രാണസഞ്ചി
ചുമന്നു ക്ഷീണിക്കുകയും ചെയ്ത
മകനെ
ഓർത്തത് കൊണ്ടു തന്നെ.

സന്ധ്യകളിൽ,
പതിവ് ചായക്കടയിൽ,
കട്ടപിടിച്ച കറപ്പാടുകൾ കറുപ്പിച്ച
ഒരു ബെഞ്ച്
ഈയിടെ ഒഴിഞ്ഞു കിടക്കുന്നു.
കാഴ്ച്ചപ്പുറത്തെ ബലമുള്ളയതിന്റെ വക്കിലാണ്
അവർ എന്നും ഇരിക്കാറുള്ളത്.
അന്ന്
വിയർപ്പിന് പകരം തെറിച്ചു വീണ
ചോരക്കു 
അതിലൊരാളുടെ ചൂട്.
ശരീരവും, മണ്ണും, മരവും
ആർക്കോ വേണ്ടി മൂർച്ച കൊണ്ട ഒരു ദിവസത്തിൽ.

രാത്രിയിൽ
ഉള്ളിലെ  കണ്ണുകൾ നീട്ടുന്ന
പുറത്തെക്കുള്ള വെളിച്ചത്തിലാണ്
അച്ഛൻ
മുറ്റത്ത് എത്താറുള്ളത്.
അന്ന്, നിലാവില്ലാത്ത വഴിയിൽ
യന്ത്രമുടഞ്ഞ
വണ്ടി ഞെരങ്ങുമ്പോൾ
കേൾക്കാതെ മുറിഞ്ഞു തീർന്നു,
ഒരു ശ്വാസം.
കരയുന്നതിനു മുന്നേ അവൻ കണ്ടു
ഓടി വന്നവരെക്കാൾ
കൂടുതൽ മുറിവുകളുള്ള ദേഹമായി
അച്ഛൻ.

ദിവസത്തിൽ
നേരങ്ങൾ പോലെ തീരുന്ന 
സാന്നിധ്യങ്ങളാണ് ഓരോ പിറവികളും.
കൊല്ലപ്പെട്ടവർ, മറവിക്രമത്തിൽ
മരിക്കുക തന്നെ ചെയ്യുന്നതാണ് ശീലം.
അല്ലെങ്കിലും ഒഴിവാക്കാൻ  സമയത്തിനു
ഒരോ ന്യായങ്ങൾ ഉണ്ട്.
‘മൃതിപ്പെടുന്നവർ’ വല്ല കാരണങ്ങളും
ചൊല്ലി പോകാറുണ്ടോ..
മരണഘടികാരം  നേരമളക്കുന്ന
ഒരു ദേശത്ത്.