വിഎസ് മൂന്നാറിനെ അടയാളപ്പെടുത്തിയത് എങ്ങനെ?

മിനിമോഹന്‍

ഭൂമിയുടെ രാഷ്ട്രീയം മാനവികതയുടെ സമഗ്രമായ വളർച്ചയുടേതാണ്. അതുകൊണ്ടാണ് ഭൂമി കയ്യേറ്റങ്ങൾ കേവലമായ നിയമലംഘനങ്ങൾക്കപ്പുറത്ത്, എല്ലാ കാലത്തേക്കും എല്ലായിടത്തുമുള്ള മനുഷ്യസമൂഹത്തിനോട് ചെയ്യുന്ന കൊടുംക്രൂരതയാണെന്ന് വിലയിരുത്തപ്പെടുന്നത്. അത് അയൽപക്കത്തെ പറമ്പിലേക്ക് അതിരുകല്ല് മാറ്റിയിടുന്നതിൽ നിന്ന് തുടങ്ങി വനങ്ങളും കുന്നുകളും തണ്ണീർത്തടങ്ങളും കയ്യേറി സ്വകാര്യ ലാഭത്തെ പെരുപ്പിക്കുന്ന കച്ചവടതന്ത്രമായി മാറുമ്പോഴാണ് തലമുറകളെ തന്നെ ബാധിക്കുന്ന വിപത്തായി കലാശിക്കുന്നത്. എന്നാൽ വൻതോതിൽ ഭൂമി കയ്യേറുന്നതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെയും പ്രതികരണങ്ങളെയും വികസനവിരുദ്ധം എന്ന പട്ടം ചാർത്തി തള്ളിക്കളയുന്ന സമീപനമാണ് എല്ലാ നിറങ്ങളിലുമുള്ള ഭരണകൂടങ്ങൾ സാധാരണയായി ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെയാണ് നാളിതു വരെ ആരോപിക്കപ്പെട്ട എല്ലാ ഭൂമി കയ്യേറ്റങ്ങളിലും മുഖ്യപ്രതിസ്ഥാ നത്ത് ഭരണകൂടങ്ങൾ തന്നെ നിൽക്കുന്നത്.

സമീപകാലത്തെ കേരള ചരിത്രത്തിൽ ഭൂമിയുടെ രാഷ്ട്രീയം നിരന്തരം ചർച്ച ചെയ്യപ്പെടുന്നത് വികസനത്തെ മുൻനിർത്തിയും അതിൽ ഇടതുപക്ഷത്തിന്റെ ഉൾപ്പെടെയുള്ള ഭരണകൂടങ്ങൾ എടുക്കുന്ന നിഷേധാത്മക നിലപാടിനെയും സംബന്ധിച്ചാണ്. ആദിവാസികൾക്ക് അർഹതപ്പെട്ട വനഭൂമി അവർക്ക് കൈമാറാത്തതിനെ സംബന്ധിച്ച പരാതികൾ ഉന്നയിക്കപ്പെടുമ്പോഴും, കായലുകളും കണ്ടൽക്കാടുകളും മണ്ണിട്ട് നികത്തി അമ്യൂസ്‌മെൻറ് പാർക്കുകളും ശോഭാ സിറ്റിയും കെട്ടിപ്പൊക്കുമ്പോഴും, അതിസമ്പന്നരായ ചെറുന്യൂനപക്ഷത്തിന് സംതൃപ്തി നൽകുന്ന സൂപ്പർഹൈവേയും കെ റെയിലും ഒക്കെ കെട്ടിപ്പൊക്കാനായി ഭൂമി ബലമായി പിടിച്ചെടുക്കുമ്പോഴും ഭൂമിയുടെ രാഷ്ട്രീയവും രാഷ്ട്രീയ സംഘടനകളുടെ ഇരട്ടത്താപ്പുകളും മറ്റും എല്ലാ മറകളും നീക്കി കൃത്യമായി പുറത്തു വരാറുണ്ട്. ചരിത്രവും നിയമവും വികസന സമീപനങ്ങളും ഉദ്യോഗസ്ഥ നിലപാടുകളും പാരിസ്ഥിതിക പ്രശ്‌നങ്ങളും എല്ലാം കൂടി കുഴഞ്ഞു കിടക്കുന്ന ഒരു സങ്കീർണ്ണ വിവാദ വിഷയം കൂടിയാണ് ഭൂമിയുടേത്.

അസമത്വം നിറഞ്ഞ വികസനത്തിന്റെ ബാക്കിപത്രം കൂടിയാണ് ഭൂമിയെ സംബന്ധിച്ച രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നത്. ഏതാനും വ്യക്തികളോ കുടുംബങ്ങളോ നേരിട്ടോ ഏതെങ്കിലും സ്ഥാപനങ്ങൾ വഴിയോ നിരന്തരം ലാഭം ഉണ്ടാക്കാനാകുന്ന ഭൂമി കഴിയുന്നിടത്തോളം സ്വന്തമാക്കി വയ്ക്കുന്ന തന്ത്രം പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഇന്ത്യയിലും സമൃദ്ധമായി സംഭവിക്കുന്നുണ്ട്. തിരുവിതാംകൂറിന് കീഴിൽ ഉണ്ടായിരുന്ന പൂഞ്ഞാർ കോവിലകം ഏകവിള തോട്ടങ്ങൾ സൃഷ്ടിക്കാനായി മൺറോ സായിപ്പിന് പാട്ടത്തിന് നൽകിയ മൂന്നാറിലെ ഭൂമിയെ സംബന്ധിച്ച തർക്കങ്ങളും ഇതിന്റെ ഭാഗമാണ്.

മൂന്നാറിൽ നടക്കുന്ന കയ്യേറ്റങ്ങളെ സംബന്ധിച്ച് പുറത്തു വന്ന ചില വാർത്തകളാണ് മൂന്നാർ ദൗത്യത്തിന് 2007ൽ നിമിത്തമാകുന്നത്. പ്രസ്തുത വാർത്തകളിൽ ചിലതെങ്കിലും മാറി മാറി വരുന്ന സർക്കാരുകളുടെ അഴിമതിയും സ്വജനപക്ഷ പാതവും കെടുകാര്യസ്ഥതയും തുറന്നു കാട്ടുന്ന തരത്തിലുള്ള, കൃത്യമായ രേഖകൾ സഹിതമുള്ള, വിമർശനങ്ങൾ ആയിരുന്നു. 1998ലെ സുമിത എൻ മേനോൻ റിപ്പോർട്ടും 2005ലെ നിവേദിത ഹരൻ റിപ്പോർട്ടും ചേർത്തു വെച്ച് മൂന്നാറിലെ സ്വകാര്യഭൂമി കളിൽ ബഹുഭൂരിപക്ഷവും പൊതുമുതലാണെന്ന് സമർത്ഥിക്കാൻ അവർക്ക് സാധിച്ചു. ഇതോടെയാണ് അന്നത്തെ  മുഖ്യമന്ത്രി സഖാവ് വിഎസ് അച്യുതാനന്ദൻ മൂന്നാറിലും ചുറ്റിലുമുള്ള അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനായി പ്രത്യേക ദൗത്യസംഘത്തെ അയക്കുന്നത്. രാജു നാരായണ സ്വാമിയും ഋഷിരാജ് സിങും സുരേഷ് കുമാറും നേതൃത്വം നൽകിയ ദൗത്യസംഘം അനവധി റിസോർട്ടുകൾ തകർക്കുകയും നിയമലംഘകർക്ക് നോട്ടീസുകൾ നൽകുകയും ചെയ്തു. സമാനമായ നീക്കങ്ങൾ കേരളത്തിലെ പല ഭാഗങ്ങളിലും ആവർത്തിച്ചു. പക്ഷെ, കയ്യേറ്റ ഭൂമിയിലുണ്ടാക്കിയ സിപിഐയുടെ ഓഫീസ് കണ്ടെത്തിയതോടെ ഈ ദൗത്യത്തിന് ഭരണതലത്തിൽ അന്ത്യമാകാൻ തുടങ്ങി.

അതിനേക്കാളും പ്രത്യേക ദൗത്യസംഘത്തെ  തടഞ്ഞത് സിപിഎമ്മിന് അകത്തെ ഗ്രൂപ്പിസം ആയിരുന്നു. മൂന്നാർ ദൗത്യത്തിലൂടെ സഖാവ് വിഎസ് കേരളീയരുടെ പകരം വയ്ക്കാനില്ലാത്ത നേതാവായി അക്ഷരാർത്ഥത്തിൽ മാറിയിരുന്നു. സമ്പന്നരുടെ വീണ്ടും വീണ്ടും ഉള്ള കയ്യേറ്റങ്ങളും അതിനെ കയ്യയച്ച് സഹായിക്കുന്ന ഇടതും വലതുമുള്ള രാഷ്ട്രീയപ്രവർത്തകരും ഏതാനും ഉദ്യോഗസ്ഥരും ചേർന്ന് നാടു മുടിപ്പിക്കുമ്പോൾ, കെട്ടിപ്പൊക്കിയ അതേ റിസോർട്ടുകൾ ജെസിബി കൊണ്ട് പൊളിക്കാൻ തുടങ്ങിയതോടെ കേരളം അതേ വരെ കണ്ടിട്ടില്ലാത്ത ഒരു രാഷ്ട്രീയാന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടത്. പ്രതിപക്ഷത്ത് ഉണ്ടായിരുന്ന കോൺഗ്രസിന് പോലും തള്ളാനും കൊള്ളാനും കഴിയാതെ ഒരു മൂലയിൽ ഒതുങ്ങേണ്ടി വന്നു. പക്ഷെ, അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രിക്കെതിരെ ശക്തമായ നിലപാടെടുത്തു. പാർട്ടിയെ ഭരിക്കാത്ത അഥവാ പാർട്ടിയുടെ അച്ചടക്കം പ്രവൃത്തിയിലും പുലർത്തുന്ന വിഎസിനെതിരെ പാർട്ടിയുടെ നേതൃത്വത്തെ തിരിച്ചു വിട്ട സെക്രട്ടറി പിണറായി വിജയൻ മൂന്നാർ ദൗത്യത്തിന്റെ ചിറകരിഞ്ഞു. പാർട്ടി സെക്രട്ടറിയുടെ ‘മൂന്നാർ ദൗത്യ’ത്തിന് സിപിഐയുടെ പരസ്യപിന്തുണയും ഉണ്ടായിരുന്നു. ആയിരക്കണക്കിന് ഭൂമി അനധികൃതമായി കയ്യിൽ വച്ചിരിക്കുന്ന ടാറ്റാ കമ്പനിയും അതിന് അവരെ നിർലോഭം സഹായിച്ചിട്ടുണ്ടാവണം.

ഇത്രമാത്രം പൊതുജന പിന്തുണയുണ്ടായിരുന്ന, അന്നത്തെ ഔദ്യോഗിക പ്രതിപക്ഷം ഔപചാരികമായി മാത്രം എതിർത്ത, ഒരു രാഷ്ട്രീയനീക്കം പരാജയപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിച്ചാൽ, അത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ഉത്തമോദാഹരണമെന്ന് ലളിതമായി കണ്ടെത്താനാവും. സ്വാതന്ത്ര്യസമരകാലം മുതൽക്കുള്ള വിപ്ലവ പാർട്ടി തൊഴിലാളികളുടെ അവകാശങ്ങളുടെ പേരിൽ സമത്വത്തിന്റെയും സോഷ്യലിസത്തിന്റെയും പേരിൽ നടത്തിയ കൊടുക്കൽ വാങ്ങലുകളുടെയും അഴിമതിയുടെയും അറപ്പുളവാക്കുന്ന പിന്നാമ്പുറ വൃത്താന്തങ്ങളായിരിക്കും അതിലൂടെ കണ്ടെത്താനാവുക. എംഎം മണിയെന്ന തോട്ടം തൊഴിലാളി നേതാവിന്റെ എംഎൽഎയായും മന്ത്രിയുമായുള്ള ഉയർച്ചയും ഇതേ മൂന്നാർ ദൗത്യത്തിന്റെ തുടർച്ചയാണ്. മൂന്നാറിൽ നിയമലംഘനങ്ങളിലൂടെ ഉയർത്തിയ കെട്ടിടങ്ങളിൽ ഏറെയും മണിയുടെയും കുടുംബത്തിന്റെയും ആയതിനാൽ, വിഎസിന്റെ രാഷ്ട്രീയ നീക്കം തന്റെ നിലനിൽപ്പ് ഇല്ലാതാക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതോടെ വിഎസ് പക്ഷത്ത് അത്രയും കാലം ഉറച്ചു നിന്നിരുന്ന അദ്ദേഹം കളം മാറി. ഭൂമാഫിയയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സ്വയം ഇറങ്ങിത്തിരിച്ച പാർട്ടി സെക്രട്ടറിക്ക് പിന്നിൽ എംഎം മണി അടിയുറച്ചു നിന്നു. അതോടെ മൂന്നാറിലെ താഴെത്തട്ടിൽ നിന്നും പാർട്ടിയുടെ ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നിന്നും ദൗത്യത്തിന് എതിർപ്പ് ഉയരാൻ തുടങ്ങി.

പാർട്ടി ഓഫീസും കയ്യേറ്റ ഭൂമിയിലാണെന്ന സത്യം പരസ്യമായതോടെ സിപിഐയും അഭിനയം മതിയാക്കി ദൗത്യത്തിന്റെ ലക്ഷ്യങ്ങളെയും പ്രവർത്തനരീതിയെയും നിശിതമായി ചോദ്യം ചെയ്യാൻ തുടങ്ങി. കെ പി രാജേന്ദ്രനും ബിനോയ് വിശ്വവുമെല്ലാം പരസ്യമായി രംഗത്തിറങ്ങി. വിപ്ലവ പാർട്ടികളുടെ രാഷ്ട്രീയ പാപ്പരത്തവും നേതാക്കളുടെ തനിനിറവും കേരളം നേരിട്ടു കണ്ട ദിവസങ്ങൾ കൂടിയായിരുന്നു അത്. തൊഴിലാളി വർഗ്ഗപ്രസ്ഥാനങ്ങളിൽ പണാധിപത്യത്തിനും മൂലധന ശക്തികളോടുള്ള സഹവർത്തിത്വത്തിനും ഉള്ള പ്രസക്തിയും പിന്തുണയും തുടർന്നിങ്ങോട്ട് കൂടുതൽ വ്യക്തതയോടെ വെളിപ്പെട്ടു കൊണ്ടിരുന്നു. ഇതിനിടെ കോൺഗ്രസിന്റെ തൊഴിലാളി നേതാവ് മൂന്നാർ ദൗത്യത്തെ പരസ്യമായി വെല്ലുവിളിച്ചത് ഒരു സാധാരണ പ്രതിപക്ഷ പ്രതികരണമായി മാത്രം കാണാം.

1877ലാണ് ഇന്ന് കണ്ണൻദേവൻ ഹിൽസ് (KDH) ഗ്രാമം എന്ന് പറയുന്ന ഭൂമിയിൽ കൃഷി ചെയ്യാൻ പൂഞ്ഞാർ കോവിലകത്ത് നിന്നും മൺറോ സായിപ്പ് അനുവാദം നേടിയെടുക്കുന്നത്. പക്ഷെ, തങ്ങളുടെ കീഴിലുള്ള പൂഞ്ഞാർ കോവിലകത്തിന് അങ്ങനെയൊരു അനുമതി നൽകാൻ അധികാരമില്ലെന്ന് 1898-ല്‍ തന്നെ തിരുവിതാംകൂർ ഭരണകൂടം പ്രഖ്യാപിക്കുന്നുണ്ട്. എന്തുതന്നെയായാലും സ്വാതന്ത്ര്യാനന്തരം ഈ ഭൂമി കേരള സർക്കാരിൽ നിക്ഷിപ്തമായി. പിന്നീടാണ് പാട്ട വ്യവസ്ഥയിൽ തന്നെ 1974-ല്‍ ഭൂമി ടാറ്റയ്ക്ക് തേയില കൃഷിക്ക് കൈമാറുന്നത്. എന്നാൽ പാട്ട കരാറിന്റെ അനവധി ലംഘനങ്ങൾ ടാറ്റ ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിട്ടും, മേൽനടപടികൾ ഒരു സർക്കാറും സ്വീകരിച്ചിരുന്നില്ല. ആദ്യമായും അവസാനമായും ഭരണകൂടത്തിൽ നിന്ന് അതിനായി ഒരു നീക്കമുണ്ടാകുന്നത് സഖാവ് വിഎസിൽ നിന്നാണ്.

തുടർന്ന് പാർട്ടിയിൽ നടന്ന പരസ്യമായ ഗ്രൂപ്പ് തർക്കങ്ങൾ ഒടുവിൽ എത്തിയത് വിഎസിനെയും പിണറായി വിജയനെയും പോളിറ്റ് ബ്യൂറോയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നിടത്താണ്. അത്യന്തം വലതുവൽക്കരിക്കപ്പെട്ടു കൊണ്ടിരുന്ന ഒരു പാർട്ടിയിൽ വിഎസ് കൂടുതൽ കൂടുതൽ സ്വീകാര്യനല്ലാതായി. വിഎസിനോട് പുലർത്തിയ അകൽച്ച, പാർട്ടിക്ക് സാധാരണ ജനങ്ങളോടുള്ള അസഹിഷ്ണുതയായിരുന്നു. രാഷ്ട്രീയത്തെ കച്ചവടമാക്കിയ വലതുവൽക്കരിക്കപ്പെട്ട ഇടതുപക്ഷത്തിന്റെ തണലിലാണ് വേമ്പനാട്ട് കായലിലെ കാപ്പിക്കോ റിസോർട്ടും മരടിലെ ഫ്‌ളാറ്റുകളും പുഴക്കലിലെ ശോഭാ സിറ്റിയും പിൻകാലത്ത് ഉയരുന്നത്. സർക്കാർ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് പണം കൊടുത്ത് സർക്കാർ തന്നെ വാങ്ങുന്നതും, തൂത്താംപാറ എസ്റ്റേറ്റ് തിരിച്ചു സ്വകാര്യ ഗ്രൂപ്പിന് കൊടുക്കാൻ ശ്രമിക്കുന്നതിനുമൊക്കെയുള്ള ഊർജ്ജം ലഭിക്കുന്നതും വിഎസ് ഒഴിഞ്ഞുപോയ രാഷ്ട്രീയത്തിന്റെ അപചയ ഭൂമിയിൽ നിന്നാണ്. ടാറ്റ, ഹാരിസൺ, ആംഗ്ലോ ഇന്ത്യൻ കമ്പനി ലിമിറ്റഡ്, ട്രാവൻകൂർ റബ്ബർ കമ്പനി, പീരുമേട് ടീ കമ്പനി തുടങ്ങിയ അഞ്ചു കമ്പനികൾ കൈവശം വെച്ചിരിക്കുന്ന, കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 58 ശതമാനം വരുന്ന, അഞ്ചു ലക്ഷത്തി ഇരുപതിനായിരം ഏക്കർ തോട്ടം ഭൂമി അനധികൃതമാണെന്ന് കണ്ടെത്തിയ രാജമാണിക്യം റിപ്പോർട്ടിന് നിയമസാധുതയില്ലെന്ന് നിയമ വകുപ്പ് തന്നെ സർക്കാരിന് നിയമോപദേശം നൽകുന്നത് പഴയ പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഇടതുപക്ഷ ഭരണകൂടത്തിന്റെ തണലിലാണ്. ഏഴായിരം ഏക്കറോളം വരുന്ന പൊന്തൻപുഴ വനം നഷ്ടപ്പെടുന്ന തരത്തിൽ, കേസിൽ തോൽക്കാനായി വനം വകുപ്പ് പ്ലീഡറായിരുന്ന സുശീല ഭട്ടിനെ ആ സ്ഥാനത്തുനിന്ന് മാറ്റിയതും നിലവിലെ ഭരണകൂടത്തിന്റെ ഒളിച്ചു കളി തന്നെയാണ്.

പാർട്ടി പ്രതിവിപ്ലവം എന്ന് വിലയിരുത്തിയ വിഎസിന്റെ ഇടപ്പെടലുകൾ സക്രിയമായ ജനാധിപത്യ ഭരണകൂടത്തിന്റെ സ്വാഭാവിക പ്രവർത്തന മാണെന്ന് ജനം തിരിച്ചറിഞ്ഞെങ്കിലും, പാർട്ടിയിൽ ഒറ്റപ്പെട്ടുപോയ അദ്ദേഹത്തിന് ആവശ്യമായ തുറന്ന പിന്തുണ നൽകാൻ പൊതുജനങ്ങൾക്കും വേണ്ട രീതിയിൽ കഴിഞ്ഞില്ല. തങ്ങളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളാത്ത പ്രസ്ഥാനങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ട് ‘പെമ്പിളൈ ഒരുമൈ’ പോലുള്ള സംഘടനകൾ പിന്നീട് ഉയർന്നു വരുന്നുണ്ടെങ്കിലും, ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവയൊക്കെ ക്രമേണ അദൃശ്യമായി. അതിന്റെ കൂടി ഫലമായിട്ടാണ്, എന്തൊക്കെ എതിർപ്പ് ഉണ്ടായാലും പാർട്ടി തീരുമാനിച്ച വികസന പദ്ധതികൾക്കുള്ള ഭൂമി നിർബന്ധമായും പിടിച്ചെടുക്കുമെന്ന ആക്രോശം പുറത്ത് കേൾക്കുന്നത്. ഇടതുപക്ഷ ഭരണകൂടത്തിന്റെ അസഹിഷ്ണുതയുടെ, ധാർഷ്ട്യത്തിന്റെ, കൃത്യമായി പറഞ്ഞാൽ ഔദ്യോഗിക ഗുണ്ടായിസത്തിന്റെ, പ്രതീകമായി മഞ്ഞകുറ്റികൾ മാറുന്നത് അങ്ങനെയാണ്.

നിയമം ലംഘിച്ചുള്ള ഭൂമി കയ്യേറ്റങ്ങളുടെയും അവിടെ കെട്ടിപ്പൊക്കുന്ന റിസോർട്ടുകളും ഫ്‌ളാറ്റുകളും എങ്ങനെ പാർട്ടി സംരക്ഷണയിൽ വളർന്നു പന്തലിക്കുന്നു എന്ന് ബോധ്യമാകാൻ മരടിലെ പൊളിച്ച ഫ്‌ളാറ്റുകളിൽ നിലവിലെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനുള്ള പങ്ക് അന്വേഷിച്ചാൽ മാത്രം മതിയാകും. രേഖകൾ പ്രകാരം മൂന്ന് ലക്ഷവും പിൽക്കാലത്ത് വന്ന എഫ്ബി പോസ്റ്റ് പ്രകാരം ഇരുപത്തിരണ്ട് ലക്ഷവുമാണ് അദ്ദേഹത്തിന്റെ ഫ്ലാറ്റിന്റെ വില. പക്ഷെ, തീരദേശ നിയമങ്ങൾ എല്ലാം ലംഘിച്ചു കൊണ്ട് അതിവേഗത്തിൽ ഫ്‌ളാറ്റുകൾ ഉയർന്ന മരടിൽ, തടസ്സങ്ങളില്ലാതെ ‘വികസന ഗോപുരങ്ങൾ’ ഉയർത്താൻ സഹായിച്ചതിന് ഉപകാരസ്മരണയായി പാർട്ടിയിൽ പലർക്കും കിറ്റുകൾ കിട്ടിയിട്ടുണ്ടാകും. പഞ്ചായത്ത് ഭരിച്ചിരുന്ന പാർട്ടിയുടെ അറിവില്ലാതെ ഇത്രയും കെട്ടിടങ്ങൾ അവിടെ എന്തായാലും ഉയരില്ല. അപ്പോൾ ഒത്താശ ചെയ്ത മുഖ്യർക്ക് ഫ്ലാറ്റ് തന്നെ കിട്ടുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല. ‘കൊല്ലുന്ന ക്യാപ്റ്റന് തിന്നുന്ന എംപി’ തന്നെ വേണം.

ഒരു പ്രശസ്തമായ മലയാളം പരിസ്ഥിതി മാസിക നൽകിയ കണക്കുപ്രകാരം ‘കേരളത്തിൽ രണ്ടര ലക്ഷം കുടുംബങ്ങൾ ഔദ്യോഗികമായും അഞ്ചേകാൽ ലക്ഷം കുടുംബങ്ങൾ അനൗദ്യോഗികമായും മരിച്ചാൽ അടക്കാൻ ഭൂമിയില്ലാതെ ജീവിക്കുന്നുണ്ട്. കേരളത്തിലെ ദളിതരുടെ എഴുപത്തിയൊമ്പത് ശതമാനവും 26,293 കോളനികളിൽ ആയാണ് കഴിയുന്നത്. 8200 കോളനികളിൽ ആദിവാസികളും പതിനായിരത്തിലധികം ലയങ്ങളിൽ തോട്ടം തൊഴിലാളികളും 522 കോളനികളിൽ മത്സ്യത്തൊഴിലാളികളും ഒരു തുണ്ട് ഭൂമിയില്ലാത്തവരാണ്’. അപ്പോഴാണ് അഞ്ച് കമ്പനികൾ ചേർന്ന് സംസ്ഥാനത്തിന്റെ പകുതിയിലധികം സ്വന്തമാക്കി അനുഭവിക്കുന്നത്. അതാണ് ഭൂമിയുടെ രാഷ്ട്രീയം. അതുതന്നെയാണ് കേരളത്തിലെ ഭരണകൂട ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വഞ്ചനയും.