നടൻ വിജയ് മപ്പടിച്ച് രാഷ്ട്രീയ ഗോദയിലേക്ക്
പി കെ ശ്രീനിവാസൻ
സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സംസ്ഥാനത്തിനു ഭാഗ്യപരീക്ഷണങ്ങൾ പുത്തരിയല്ല. വ്യത്യസ്ത സംസ്‌ക്കാരിക സമവാക്യങ്ങളാണ് സിനിമക്കും രാഷ്ട്രീയത്തിനും ചരിത്രം ഇവിടെ കൽപ്പിച്ചുകൊടുത്തിരിക്കുന്നത്. രാഷ്ട്രീയത്തിന്റെ വളർച്ചക്ക് തമിഴകം സിനിമയുടേയും നാടകത്തിന്റേയും തോളിൽ കൈയിട്ടു നടക്കാൻ തുടങ്ങിയത് ദ്രാവിഡ കഴകം നേതാവ് അണ്ണാദുരെയുടെ കാലം മുതലാണ്. അറുപതിലധികം വർഷം പിന്നിട്ടപ്പോൾ സിനിമയും രാഷ്ട്രീയവും സയാമീസ് ഇരട്ടകളെപ്പോലെ വിഛേദിക്കാനാവാത്ത വിധം മാറിക്കഴിഞ്ഞിരുന്നു. സിനിമ വിട്ടൊരു രാഷ്ട്രീയമില്ലെന്ന ചിന്താഗതി തമിഴ് മക്കളുടെ മനസ്സിൽ വേരുറച്ചതോടെ ക്യാമറയുടെ മുന്നിൽ നിന്ന് നിരവധി പേർ അധികാരത്തിന്റെ സുഖശീതളച്ഛായകളിലേക്ക് നീന്തിക്കയറാൻ മുന്നോട്ടുവന്നു.
കരുണാനിധിയും എംജിആറും ജയലളിതയും ശരത്കുമാറും വിജയകാന്തും രജനീകാന്തും കമലഹാസനുമൊക്കെ അത്തരത്തിൽ വന്നുപെട്ടവരാണ്.
തമിഴകത്തിന്റെ രാഷ്ട്രീയ നഭസ്സിൽ ഇതാ മറ്റൊരു താരോദയം കൂടി സംഭവിക്കുന്നു. പുരട്ച്ഛിത്തലൈവനും മറ്റും ഉദിച്ചുയർന്ന അതേ രാഷ്ട്രീയാകാശത്തിലേക്കാണ് ദളപതി എന്നറിയപ്പെടുന്ന സാക്ഷാൽ വിജയ് എന്ന വിജയ് ജോസഫ് ഭാഗ്യപരീക്ഷണത്തിന് കച്ചകെട്ടി ഇറങ്ങുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി എവിടെ എങ്ങനെ തുടങ്ങണമെന്ന് ലക്ഷ്യമില്ലാതെ ആശയക്കുഴപ്പത്തിലായ വിജയ് ഇപ്പോൾ ദളപതി വിജയ് മക്കൾ ഇയക്കം എന്ന ഫാൻസ് അസോസിയേഷന്റെ പിന്തുണയോടെയാണ് രാഷ്ട്രീയത്തിന്റെ ഗോദയിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. 100 കോടി പ്രതിഫലം വാങ്ങുന്ന 48 കാരനായ ഈ ചലച്ചിത്രതാരം സ്വന്തം രാഷ്ട്രീയമോഹങ്ങൾ ഊതി പെരുപ്പിക്കുന്നതിൽ തെറ്റില്ലല്ലോ.
തമിഴ് നാട്ടില്‍ സിനിമയും രാഷ്ട്രീയവും ഇരട്ടകളെപ്പോലെ കെട്ടുപിണഞ്ഞു കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. എം ജി രാമചന്ദ്രനാണ് ഇതിന് തുടക്കം കുറിച്ചത്. തുടർന്ന് തലൈവന്റെ പിന്നാലെ എത്തി അധികാരത്തിന്റെ ചെങ്കോൽ പിടിച്ചെടുത്തു വിപ്‌ളവ നായിക ജയലളിത. തലൈവിയുടെ ഭരണം അവസാനിച്ചതോടെ സിനിമ രാഷ്ടീയത്തിൽ നിന്ന് മുക്തി നേടിയെന്ന് പാവം വോട്ടർമാർ കരുതി. എന്നാൽ അതിന് മുൻപ് രാഷ്ട്രീയ കിരീടവും ചൂടി വന്ന ക്യാപ്റ്റൻ വിജയകാന്ത് മുഖ്യമന്ത്രിയാകാനുള്ള അടവുകൾ പയറ്റിയെങ്കിലും അമ്പേ പരാജയപ്പെട്ടു.
പക്ഷേ ജയലളിതയുമായി കൈകോർത്തുപിടിച്ച് മൽസരത്തിനിറങ്ങിയ വിജയകാന്തിന് പ്രതിപക്ഷ നേതാവാകാനെങ്കിലും കഴിഞ്ഞു. ഇന്ന് വിജയകാന്തിന്റെ പാർട്ടിയെ ഭൂതക്കണ്ണാടി വച്ചു നോക്കിയാൽ പോലും തമിഴകത്ത് കാണാനില്ല. രജനിയാകട്ടെ ഒരു വമ്പൻ ഭീരുവിനെപ്പോലെ, ചാർലി ചാപ്ലിൻ മോഡലിൽ ഗുസ്തിക്കളത്തിൽ ചാടിക്കളിച്ച് മറുകണ്ടം ചാടി ഓടി രക്ഷപ്പെട്ടു. എന്നാൽ കമലഹാസൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അങ്ങുമിങ്ങും സ്ഥാനാർത്ഥികളെ നിർത്തി പരീക്ഷിച്ചെങ്കിലും തോറ്റു തുന്നം പാടി. കോയമ്പത്തൂരിൽ കമലിന് കെട്ടിവച്ച പണവും കാവേരി നദിയിൽ ഒലിച്ചു പോയെന്നാണ് നിരീക്ഷകർ കരുതുന്നത്.
അപ്പോഴാണ് എഴുപതോളം ചിത്രങ്ങളിൽ അഭിനയിച്ച ദളപതി വിജയ് രാഷ്ട്രീയത്തിന്റെ ചെങ്കോൽ പിടിച്ചെടുക്കാൻ എത്തുന്നത്. എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പദം ഏറ്റെടുത്തു രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് ”ഉണ്ടിരിക്കുന്ന നായർക്ക് ഒരു ഉൾവിളി തോന്നി” എന്നുപറഞ്ഞ പോലെ വിജയ് രാഷ്ട്രീയത്തിന്റെ കമ്പിളി എടുത്തണിയാൻ തീരുമാനിക്കുന്നത്. സ്റ്റാലിൻ ഭരണം ജനങ്ങളെ അഴിമതിയിൽ മുക്കിക്കൊല്ലാൻ തുടങ്ങിയിരിക്കുന്നു എന്ന അറിവാണ് വിജയ് യെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രേരിപ്പിച്ചതെന്ന് കേൾക്കുന്നു. സ്റ്റാലിന്റെ മകൻ ഇളയ ദളപതി ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി കിരീടമണിയിക്കാൻ അരമനയിൽ പൊടിപൊടിച്ച ചർച്ചകൾ നടക്കുകയാണ്. മന്ത്രിമാരുടെ പേരിൽ നിരവധി അഴിമതി ആരോപണങ്ങൾ വന്നിട്ടും അന്വേഷണമൊന്നും നടക്കുന്നില്ല. സാധാരണക്കാരെ പിഴിഞ്ഞെടുക്കുന്ന നികുതികളും ദിനംപ്രതിയുള്ള വിലക്കയറ്റവും സംസ്ഥാനത്തെ പൊറുതി മുട്ടിക്കുകയാണ്. സ്റ്റാലിന്റെ മകന്റേയും മരുമകന്റേയും അഴിമതിയെക്കുറിച്ച് വന്ന ഓഡിയോ ക്ലിപ്പിന്റെ പേരിൽ ധനമന്ത്രി പളനി വേൽ ത്യാഗരാജന് മന്ത്രി സഭയിൽ സ്ഥാനഭ്രംശവും വന്നുപെട്ടു.
നിലവിലുള്ള തമിഴക ഭരണത്തിന്റെ ഗതികേടുകളാണ് വിജയിനെ രാഷ്ട്രീയത്തിന്റെ മേൽക്കൂരയിലേക്ക് കയറാൻ പ്രേരിപ്പിച്ചതെന്ന് തമിഴകത്തെ കണക്കപ്പിള്ളമാർ കവടി നിരത്തി പ്രവചിക്കുന്നു. ദളപതി വിജയ് മക്കൾ ഇയക്കം (ടി വി എം ഡി) എന്ന ഫാൻസ് ക്ലബ് 2009 ൽ സ്ഥാപിതമായെങ്കിലും കഴിഞ്ഞ രണ്ടു മാസത്തിനകത്താണ് കാര്യങ്ങൾ പ്രവർത്തന പഥത്തിൽ എത്തുന്നത്. 2023 ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ വാരിശിന് ശേഷം ലിയോയുടെ പണിപ്പുരയിലാണ് വിജയ്. 2024 ൽ റിലീസ് ചെയ്യാൻ പാകത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു.
വിജയിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാനും അവക്ക് കാതലായ മാറ്റങ്ങൾ വരുത്താനും നിരവധി ബ്യൂറോക്രാറ്റുകൾ രംഗത്തുവന്നിട്ടുണ്ട്. 20 21 ൽ തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങാനായിരുന്നു പരിപാടി. എന്നാൽ രജനീ കാന്തിന്റെ രാഷ്ട്രീയ പ്രവേശന വിളംബരവും തുടർന്നുണ്ടായ ദയനീയമായ പിൻമാറ്റവും വിജയിനെ ചിന്താക്കുഴപ്പത്തിലാക്കി.
മണ്ഡലങ്ങളും അവയുടെ ബൂത്തുകളിലെ സ്വാധീനം കൃത്യമായ രാഷ്ട്രീയ സ്വഭാവം തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ പ്രകടനം തുടങ്ങിയ ഘടകങ്ങളെക്കുറിച്ച് കാതലായ പഠനങ്ങൾ നടത്താനുള്ള ശ്രമത്തിലാണ് വിജയ്‌സംഘം. നിലവിലുള്ള ദ്രാവിഡപ്പാർട്ടികളുടെ നിബന്ധനകളും അവയുടെ ശക്തിദൗർബല്യങ്ങളും പഠിക്കാനാണ് ടിവിഎംഐ ശ്രമിക്കുന്നത്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നുണ്ടെങ്കിലും വിജയിന്റെ ഉന്നം 2026 ലെ നിയമസഭാ തെരഞ്ഞെട്ടുപ്പാണ്.
2021 ൽ തദ്ദേശീയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയ് ഫാൻസ് ക്ലബ് മത്സരിക്കുകയും 129 സീറ്റുകളിൽ വിജയിക്കുകയും ചെയ്തിരുന്നു. ഫാൻസ് അസോസിയേഷൻ രാഷ്ട്രീയ കക്ഷിയായി പരിണമിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ്. അതിന് മുന്നോടിയായി തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ള ഭാരതീദാസൻ, ധീരൻ ചിന്നമലൈ, ഡോക്ടർ അംബേദ്കർ, മുത്തരയ്യർ, ഐ യു എൽ എൻ നേതാവ് ക്വി ഈ മിലറ്റ് തുടങ്ങിയ മഹാന്മാരുടെ പ്രതിമകളിൽ അവരുടെ ജന്മദിനവേളകളിൽ ഹാരാർപ്പണം ചെയ്യാനും തീരുമാനിച്ചിരിക്കുകയാണ്.
എല്ലാ മണ്ഡലങ്ങളിലെയും പാവപ്പെട്ടവർക്ക് സൗജന്യഭക്ഷണം വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. മണ്ഡലങ്ങളിലെ പത്തും പന്ത്രണ്ടും ക്ലാസ്സുകളിൽ കൂടുതൽ മാർക്ക് നേടിയവർക്കു ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്. 1600 വിദ്യാർത്ഥികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ ചില ചിത്രങ്ങളിൽ രണ്ടു ദ്രാവിഡപ്പാർട്ടികളേയും വിമർശിക്കുന്നതിന് വിജയ് സന്ദർഭം കണ്ടെത്തിയിരുന്നു. എന്നാൽ ബിജെപിയാകട്ടെ വിജയ് ജോസഫ് എന്ന പേര് എടുത്തു പറഞ്ഞ് കൊണ്ടാണ് ഈ നടനെ ആക്രമിക്കുന്നത്. അയാൾ ഹിന്ദുവല്ല എന്ന് തെളിയിക്കാൻ വിജയിന്റെ വോട്ടർ കാർഡും നേതാക്കൾ പ്രദർശിപ്പിച്ചു. 2017 ൽ കേന്ദ്രത്തിന്റെ ജി എസ് ടി നയത്തെ മെർസൽ എന്ന ചിത്രത്തിൽ വിജയ് പരസ്യമായി വിമർശിച്ചിരുന്നു. 2020 ൽ നെയ്‌വേലിയിൽ മാസ്റ്റർ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുമ്പോൾ ഇൻകംടാക്‌സ് വിഭാഗത്തെക്കൊണ്ട് പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും സർക്കാർ ശ്രമിച്ചിരുന്നു.
1974 ൽ ജനിച്ച വിജയ് ജോസഫിന്റെ പിതാവ് തമിഴ് സംവിധായകൻ എസ് എ ചന്ദ്രശേഖറാണ്. 1984 ൽ ബാലതാരമായി പിതാവിന്റെ വെട്രിയെന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് അഭിനയരംഗത്ത് എത്തുന്നത്. 1992 ൽ നാളൈയാതീർപ്പ് എന്ന ആക്ഷൻ ചിത്രത്തിൽ നായകനായി. 1994 ൽ രസികൻ വൻ ഹിറ്റായി.
2023 ൽ വാരിശ് ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രമായി. ശ്രീലങ്കക്കാരി സംഗീതയാണു ഭാര്യ. 2009 ൽ രാഹുൽ ഗാന്ധിയെ ദൽഹിയിലെ വീട്ടിൽ പോയി കണ്ടത് വിവാദങ്ങൾക്ക് കാരണമായിരുന്നു. കോൺഗ്രസിന്റെ യൂത്ത്‌വിങ്ങിന്റെ പ്രസിഡന്റ് സ്ഥാനം കൊടുക്കുമെന്ന പ്രചാരണങ്ങളും ഉണ്ടായി. 2014 ൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോദിയെ കോയമ്പത്തൂരിൽ സന്ദർശിച്ചും വാർത്തകൾ സൃഷ്ടിച്ചിരുന്നു.
വിജയകാന്തിന്റെ രാഷ്ട്രീയചരിത്രം തമിഴകത്ത് വളരെ വ്യക്തമായി വരച്ചിട്ടതാണ്. 2018 ൽ സ്ഥാപിച്ച കമലഹാസന്റെ മക്കൾ നീതി മയ്യവും എങ്ങും തൊടാതെ കാറ്റിലാടി നിൽക്കുന്നു. ഒടുവിൽ രക്ഷയില്ലാതെ കമൽ ഡിഎംകെയുമായി കൈകോർക്കാൻ കാത്തു നിൽക്കുന്നു എന്നാണ് കേൾക്കുന്നത്.
എന്നാൽ വിജയ് ഇന്നും എന്നും യുവാക്കളുടെ ഹരമാണ്. എല്ലാ ചിത്രങ്ങളിലും സൂപ്പർ ഹീറോ കഥാപാത്രങ്ങളാണ് വിജയിന്റെ ലക്ഷ്യം. മാസ്റ്ററായാലും ബീസ്റ്റായാലും യുവാക്കളെ തിയേറ്ററിൽ കയറ്റാനുള്ള ചേരുവ അവയിലുണ്ടെന്ന് നിരീക്ഷകർ കരുതുന്നു.
വിജയിന്റെ രാഷ്ട്രീയപ്രവേശനം ഡിഎംകെയെ മാത്രമല്ല എഐഎഡിഎംകെയേയും ബിജെപിയേയും ആശയക്കുഴപ്പത്തിലാക്കുകയാണ്. എന്തായാലും കാലത്തിന്റെ ചരിത്രസന്ധികളിലൂടെ വിജയ് ജോസഫ് എന്ന വിജയിന് നടന്നു എത്രത്തോളം കയറിപ്പോകാനാകും എന്ന് കണ്ടു തന്നെ അറിയണം.