സർവ്വകലാശാലകളിൽ പിടിമുറുക്കുന്നത് മാഫിയാ രാഷ്ട്രീയം

ആർ എസ് ശശികുമാർ

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഓരോ ദിവസവും പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആണ്. ക്രിമിനൽ മനസ്സുള്ളവരെ പ്രോത്സാഹിപ്പിച്ചു  അവരെ എന്തും ചെയ്യാൻ മടിക്കാത്തവരാക്കി  തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചേർത്ത് നിർത്താൻ സിപിഎം നടത്തുന്ന ഹീനനീക്കങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഇന്നത്തെ ദുസ്ഥിതിക്ക് മുഖ്യകാരണം.അവർ കാട്ടിക്കൂട്ടുന്ന എല്ലാ ക്രിമിനൽ നടപടികളെയും സംരക്ഷിക്കാൻ സിപിഎം ബാധ്യസ്ഥമാണ് താനും.

ഈ അടുത്ത ദിവസങ്ങളിൽ ക്യാമ്പസുകൾ സാക്ഷ്യം വഹിച്ച വിദ്യാർത്ഥി നേതാക്കളുടെ  പരീക്ഷ തട്ടിപ്പും, വ്യാജ ഗസ്റ്റ് അധ്യാപിക പരിചയ സർട്ടിഫിക്കറ്റ് നിർമ്മാണവും, PhD രജിസ്‌ട്രേഷൻ നേടലും, തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ യൂണിയൻ കൗൺസിലറാകുന്നതുമെല്ലാം രക്ഷാകവചമൊരു ക്കാൻ സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ തങ്ങൾക്കൊപ്പമുണ്ടെന്ന അഹങ്കാരത്തിന്റെ തണലിലാണ്.

കോളേജ് കാമ്പസ്സുകളിൽ രാഷ്ട്രീയം വർഷങ്ങൾക്കുമുൻപേ ഉണ്ടെങ്കിലും അന്നൊക്കെ രാഷ്ട്രീയത്തോടൊപ്പം ക്രിയാത്മകമായ അക്കാദമിക് ചർച്ചകൾക്കുംക്യാമ്പസുകളിൽ വഴിയൊരുക്കിയിരുന്നു വിദ്യാർഥികളുടെ ഭാവി കരുപ്പിടിപ്പിക്കാൻ അത് സഹായകവുമായിരുന്നു. കാലക്രമേണ ക്യാമ്പസ് രാഷ്ട്രീയം അക്രമ രാഷ്ട്രീയത്തിലേക്ക് വഴിമാറി. വിദ്യാർത്ഥികളിൽ ജനാധിപത്യബോധം നഷ്ടമായി. വിദ്യാർത്ഥി യൂണിയനുകൾ കൈയ്യൂക്ക് ഉള്ളവരുടെ നിയന്ത്രണത്തിലായി. കോളേജുകളുടെ ഭരണ നിയന്ത്രണം തന്നെ വിദ്യാർത്ഥി യൂണിയനുകളുടെ കൈകളിലായി. പ്രിൻസിപ്പൽ ഉൾപ്പടെയുള്ള അധ്യാപകർ വിദ്യാർത്ഥി നേതാക്കളെ അക്ഷരാർത്ഥത്തിൽ ഭയക്കുന്ന നിലയിലായി. ഒരു പറ്റം അധ്യാപകരാകട്ടെ  അക്രമികളായ  വിദ്യാർത്ഥി നേതാക്കൾക്ക് കവചമൊരുക്കാൻ മുന്നിട്ടിറങ്ങിയ തോടെ സമാധാനപൂർണ്ണമായിരുന്ന പഠനം ക്യാമ്പസുകളിൽ  നിന്നും  പടിയിറങ്ങി.

അധ്യാപക നിയമനങ്ങളിലും ഗവേഷകരുടെ നിയമനത്തിലും, പഠനബോർഡുകളുടെ പുന:സംഘടനയിലും  എല്ലാം രാഷ്ട്രീയ ഇടപെടൽ എല്ലാക്കാലത്തും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടെങ്കിലും ഇത്രയേറെ ലജ്ജാകരമായ ഇടപെടൽ കേട്ടു കേൾവി ഇല്ലാത്തതാണ്. മന്ത്രിമാരായ രാജേഷിന്റെയും രാജീവിന്റെയും ഭാര്യമാരുടെയും അതുപോലെ മുൻ പാർലിമെന്റ് അംഗം പി കെ ബിജുവിന്റ ഭാര്യയുടെയും ഇപ്പോൾ സ്പീക്കർ ആയിരിക്കുന്ന ഷംസീറിന്റെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാകേഷിന്റെയും ഭാര്യമാരുടെയുമെല്ലാം നിയമനങ്ങൾ പച്ചയായ നിയമ ലംഘനങ്ങൾ ആയിരുന്നു എന്ന് മറ നീക്കി പുറത്തു വന്നിട്ടും ഒന്നും സംഭവിക്കാത്ത മട്ടിലാണ് പാർട്ടി നേതൃത്വം.

പി എസ് സി പരീക്ഷാ തട്ടിപ്പ് വഴി പോലീസ് നിയമന റാങ്ക് ലിസ്റ്റിൽ ശിവരഞ്ജിത്തും കൂട്ടരും ഉയർന്ന  റാങ്ക് നേടിയ കേസുകളിൽ അന്വേഷണം എവിടെയും എത്തിയില്ല. പാർട്ടി നേതൃത്വം ഇടപെട്ട് എല്ലാം മരവിപ്പിക്കുന്നതായാണ് കാണുന്നത്.  യൂണിവേഴ്‌സിറ്റിയുടെ ഉത്തരകടലസുകളും സീലും വിദ്യാർഥി നേതാവിന്റെ വീട്ടിൽനിന്നും പോലിസ് കണ്ടെത്തിയതിനെ തുടർന്നുനടന്ന അന്വേഷണത്തിൽ നേതാവിന് സഹായം ഒരുക്കിയ യൂണിവേഴ്‌സിറ്റി കോളേജ് അധ്യാപകനെ സ്ഥലം മാറ്റുകയും യൂണിവേഴ്‌സിറ്റി പരീക്ഷാ ജോലികളിൽ നിന്നും സ്ഥിരമായി വിലക്കുകയും ചെയ്തുവെങ്കിലും, പ്രസ്തുത അധ്യാപകനെ കേരള സർവ്വകലാശാല പ്രൊഫസ്സർ തസ്തികയിലേയ്ക്ക് നടത്തിയ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നൽകി ആദരിക്കുകയായിരുന്നു. ആസനത്തിൽ വാല് മുളച്ചാൽ അതും ചേല് എന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. അതുകൊണ്ട് തന്നെയാണ് ഇത്തരക്കാരുടെ എണ്ണം കൂടി കൂടി  വരുന്നത് എന്ന് പറയാതെ വയ്യ.

 ഇന്റർവ്യൂ കഴിഞ്ഞു തങ്ങൾ തയാറാക്കിയ റാങ്ക് ലിസ്റ്റ് ശീർഷാസനം ചെയ്‌തെന്ന് പരസ്യമായി സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ വിളിച്ചു പറഞ്ഞിട്ടും, സാക്ഷാൽ കേളന് ഒരു കുലുക്കവും ഉണ്ടായില്ല. പി കെ ബിജുവിന്റെ ഭാര്യയുടെ ഗവേഷണ പ്രബന്ധത്തിലെ ഡാറ്റാ തട്ടിപ്പ് കയ്യോടെ പിടിച്ച ആ ശാസ്ത്ര ജേർണലിൽ മാപ്പ് പറഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ അവർ അത് ചൂണ്ടികാണിച്ചവർക്കെതിരെ ഹാലിളകി  ആക്രമണം നടത്തുകയായിരുന്നു. അവരെ നിയമിച്ച കേരള സർവകലാശാല ഇക്കാര്യത്തിൽ ഒരു അന്വേഷണം പോലും നടത്തിയില്ല.

കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക ജോലി നേടിയ ഒരു അധ്യാപികയുടെ ഡോക്ടറൽ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് പരാതി വന്നപ്പോൾ പരാതിക്കാരിക്കെതിരെ അന്വേഷണം നടത്താനാണ് സിൻഡിക്കേറ്റ് തീരുമാനിച്ചത്. പരാതി തെളിഞ്ഞെങ്കിലും സിപിഎം അനുഭാവിയായതോടെ യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം ഉറപ്പിക്കാനായി.

 കണ്ണൂർ സർവകലാശാല നിയമവകുപ്പ് മേധാവിയുടെ ഗവേഷണ പ്രബന്ധവും പ്രസിദ്ധീകരണങ്ങളും കോപ്പി അടിച്ചതാണെന്ന പരാതി തെളിവുകൾ സഹിതം നൽകിയിട്ടും ഒരു അന്വേഷണം പോലും നടത്തിയില്ല. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആകുമ്പോൾ പിന്നെ യുവതലമുറയിലെ നേതാക്കൾ ആരെ പേടിക്കണം. എന്തെങ്കിലും ആരോപണം കയ്യോടെ പിടിക്കപ്പെടുമ്പോൾ അവരെ പുറത്താക്കുന്നതിനു പകരം അവരെ സംരക്ഷിക്കാൻ സൈദ്ധാന്തിക നേതാക്കളെ വച്ചു വ്യാജ ന്യായീകരണങ്ങൾ ക്യാപ്‌സുളാക്കി അത് പിന്നീട് പാർട്ടി ഗ്രൂപ്പുകൾ വഴി സമൂഹ മാധ്യമങ്ങളിൽ നിറക്കുകയും ചെയ്യാൻ ആളുള്ളപ്പോൾ പിന്നെ ആരെ പേടിക്കണം?

ഇപ്പോൾ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോക്കെതിരെ ആരൊക്കെയോ ചേർന്നു ഗൂഢാലോചന നടത്തി എന്നാണല്ലോ കേസ്. ഇത്തരം കള്ളക്കേസുകളുമായി വരുന്ന കേരള പോലീസിന് എന്തെങ്കിലും ഒരു അവാർഡ് കൊടുക്കേണ്ടതാണ്. സത്യം എന്താണ്? വധശ്രമവും തട്ടിക്കൊണ്ടു പോകലുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആർഷോ. പക്ഷെ ഇയാളെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ പോലീസിന് ധൈര്യം ഇല്ലാത്തതിനാൽ തുടർന്നും ഇത്തരം ലീലാവിലാസങ്ങളിൽ മുഴുകി നടക്കുകയായിരുന്നു ആർഷോ. അങ്ങനെ പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ച പ്രതി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം റിമാൻഡ് ചെയ്യപ്പെട്ടു ജയിലിൽ കഴിയുകയായിരുന്നു. അവിടന്ന് പരോളിൽ പുറത്തിറങ്ങാനാണ് ആർഷോ മഹാരാജാസ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളുമായ തന്റെ അഭ്യുദയ കാംക്ഷികളുടെ സഹായത്തോടെ പരീക്ഷക്ക് അപേക്ഷിച്ചത്. നിയമപ്രകാരം ഹാജർ കുറവ് കാരണം ആർഷോക്ക് പരീക്ഷക്ക് അപേക്ഷിക്കാൻ യോഗ്യത ഇല്ലാതിരുന്നിട്ടും പരീക്ഷക്ക് രജിസ്റ്റർ ചെയ്ത് ഒരു ഹാൾ ടിക്കറ്റ് കൈക്കലാക്കി. ആ ഹാൾ ടിക്കറ്റ് കോടതിയിൽ സമർപ്പിച്ചു ജയിലിൽ നിന്നു പരോൾ വാങ്ങി പുറത്തിറങ്ങി. നഗ്‌നമായ നിയമ ലംഘനം മാത്രമല്ല കോടതിയെയും പൊതുജനത്തെയും ജനാധിപത്യസംവിധാനങ്ങളെയും എല്ലാം വിഡ്ഢികൾ ആക്കുകയാണ് ആർഷോയും അയാളെ സഹായിച്ച മഹാരാജാസിലെ കൂട്ടാളികളും ചെയ്തത്. ഹാൾ ടിക്കറ്റ് ജനറേറ്റ് ചെയ്ത ആർഷോക്ക് പിന്നെ എല്ലാ വിഷയങ്ങളിലും പൂജ്യം മാർക്ക് കിട്ടിയിട്ടും വിജയിപ്പിച്ചത് NIC സോഫ്റ്റ്‌വെയർ ആയിരിക്കാം. ഇത് പുറത്തു വന്നപ്പോൾ സർക്കാരിനെയും  ആർഷോയെയും ഭയന്ന് എല്ലാം ഒളിപ്പിക്കാൻ ശ്രമിക്കുകയാണ് മഹാരാജാസിലെ പ്രിൻസിപ്പലും മറ്റു അധ്യാപകരും. ജീവനിൽ കൊതി കാണില്ലേ അവർക്കും. ഇതൊക്കെ ഇവിടെ നാട്ടുനടപ്പാണ്.

 ‘മഹാരാജാസി’ൽ രണ്ട് വർഷം ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തിരുന്നതായി വ്യാജ രേഖ ചമച്ചു രണ്ട് സർക്കാർ കോളേജുകളിൽ ഗസ്റ്റ് ജോലി നേടിയ വിദ്യ പണ്ട് തനിക്കു വേണ്ടത്ര ഇന്റേർണൽ മാർക്ക്  നൽകാത്തതിന്റെ പേരിൽ ഒരു അധ്യാപികയെ ദ്രോഹിച്ച കഥയും അടുത്തിടെ അവർ തന്നെ പുറത്തു വിട്ടിരുന്നു. എസ് എഫ് ഐ നേതാവാണെന്ന എട്ടടി നീളമുള്ള അഹങ്കാരമാണ് ആർഷോയെയും വിദ്യയേയും എല്ലാം ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

 ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്തെ ഒരു സംഭവം ഓർമ വരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ കുറച്ചു പേർ അവിടത്തെ ചില യൂണിയൻ നേതാക്കളുടെ സഹായത്തോടെ അന്നത്തെ വൈസ് ചാൻസലർ ഡോ. അബ്ദുൽ സലാമിന്റെ ഔദ്യോഗിക മുറിയിൽ കയറി തൊട്ടടുത്ത മുറിയിൽ ഇരുന്ന ഗ്യാസ് സിലിണ്ടർ കൊണ്ട് വന്നു അദ്ദേഹത്തെ ജീവനോടെ കത്തിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. തല ചുറ്റി വീണ അദ്ദേഹത്തെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു ചികിൽസിച്ചു. ഉത്തരേന്ത്യയിൽ പോലും കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങൾക്കാണ് സാക്ഷര കേരളം കഴിഞ്ഞ കുറെ വർഷങ്ങളായി സാക്ഷ്യം വഹിക്കുന്നത്.

 ഇതേ മഹാരാജാസ് കോളേജിൽ കുറച്ചു വർഷം മുൻപ് ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നു പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ മാരകായുധങ്ങൾ പിടിച്ചപ്പോൾ അത് ‘വാർക്കപ്പണിക്ക്’ കൊണ്ട് വന്നതാണെന്നാണ് അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. പ്രിൻസിപ്പലിന്റെ കസേര കത്തിച്ചവർക്കെതിരെ നടപടി ഉണ്ടായില്ലെന്നു മാത്രമല്ല കോളേജിൽ പ്രിൻസിപ്പലിനെക്കാൾ വലിയവർ എസ് എഫ് ഐ നേതാക്കളാണെന്ന് സ്ഥാപിക്കാൻ അവരെ അവിടെ നിന്നും സ്ഥലം മാറ്റാനും സർക്കാർ മടിച്ചില്ല. ഇതൊക്കെ  മറ്റു അധ്യാപകർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്.

പാലക്കാട് വിക്ടോറിയ കോളേജിൽ പ്രിൻസിപ്പലിന്റെ ശവകുടീരം തീർത്തപ്പോൾ അത് ആർട്ട് ഇൻസ്റ്റലേഷൻ ആണെന്നാണ് അന്ന് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ബേബി പറഞ്ഞത്. നേതാക്കളുടെ ഇത്തരം നിലപാടുകളാണ് ക്യാമ്പസ്സിലെ അക്രമങ്ങൾക്ക് വളം വച്ചു കൊടുക്കുന്നത്. വിതക്കുന്നതേ കൊയ്യൂ. എസ് എഫ് ഐ ആയുധം സൂക്ഷിച്ച മഹാരാജാസിലാണ് പാവപ്പെട്ട അഭിമന്യു എന്ന വിദ്യാർത്ഥി കത്തിക്കിരയായത് എന്നത് ചരിത്രം.

ലോകത്ത് എവിടെയെങ്കിലുമുള്ള യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിൽ ഇത്രയേറെ രാഷ്ട്രീയ അതിപ്രസരം ഉണ്ടോ? ഇല്ലെന്ന് മാത്രമല്ല ക്യാമ്പസുകൾ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും അക്കാദമിക്ക് മികവിന്റെയും സർഗാത്മകതയുടെയും മാനവികതയുടെയും കേന്ദ്രങ്ങളായി ലോകത്തിനു മൊത്തം വെളിച്ചം വീശുന്നു. അപ്പോഴാണ് നമ്മുടെ ക്യാമ്പസുകൾ അസഹിഷ്ണുതയുടെയും ഗുണ്ടായിസത്തിന്റെയും കേന്ദ്രങ്ങൾ ആക്കി നിർത്തുന്നത്. നമ്മുടെ സമൂഹത്തിലെ സാധാരണക്കാരന്റെ ഗതികേടാണ് ഇത്. ഇതെല്ലാം നടത്തുമ്പോഴും തങ്ങളുടെ മക്കളെ കോയമ്പത്തൂരിലെ സ്വാശ്രയ കോളേജിലും ബർമിംഗ്ഹാമിലും ഒക്കെ അയച്ചു പഠിപ്പിച്ചു നവയുഗ മുതലാളിമാരാക്കി മാറ്റുന്ന നേതാക്കളാണ് ഇവിടെ ഉള്ളത്.

നമ്മുടെ  സർവകലാശാലകളും കോളേജുകളും സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ അതി ഭീകരമായ പിടിയിലാണ്.സിപിഎം നിയന്ത്രണത്തിലുള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും അനധ്യാപക യൂണിയനുകളുടെയും സംയുക്തമായ നീരാളിപ്പിടുത്തത്തിലാണ് ഈ സ്ഥാപനങ്ങൾ.

‘ആർഷോ’ ഒറ്റപ്പെട്ട സംഭവമല്ല. ഇന്ന് നമ്മുടെ  ക്യാമ്പസുകളിൽ  ആർഷോമാരും വിദ്യമാരും നിരവധിയാണ്. ഇവരെയൊക്കെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവരാണ് ഇന്നത്തെ സിപിഎം നേതൃത്വം. ഇന്ന് സിപിഎം നേതൃത്വത്തിലുള്ള പലരും സമാന മാർഗ്ഗങ്ങളിലൂടെ  പദവികളിലെത്തിയിട്ടുള്ളവരാണ്. അധ്യാപകരെ ഭീഷണിപ്പെടുത്തി ഉയർന്ന മാർക്ക് നേടുന്നവരും, ക്ലാസ്സിൽ ഹാജരാവാതെ ഹാജർ നേടുന്നവരും, അധ്യാപകരിൽ നിന്നും പ്രതിമാസം നിർബന്ധ പിരിവ് നടത്തുന്നവരും, ഏറ്റവും ഉയർന്ന PhD ഗവേഷണബിരുദം വരെ കൃത്രിമ മാർഗ്ഗങ്ങളിലൂടെ അനായാസേന നേടുന്നവരും,ഇന്ന് ക്യാമ്പസുകളിൽ സർവ്വസാധാരണമാണ്.മിടുക്കരായ വിദ്യാർഥികൾ രാപകൽ പഠിച്ച് ഉയർന്ന മാർക്കുകൾ നേടി തൊഴിൽ രഹിതരായി അലയുമ്പോൾ ‘ദിവ്യ’മാർ മന്ത്രി ഭാര്യയെപ്പോലെ പിൻവാതിലൂടെ പ്രൊഫസ്സർമാരാകുമെന്നത് ഉറപ്പാണ്.

നമ്മുടെ ക്യാമ്പസുകളിൽ നിന്നു കുട്ടികൾ അകന്നു തുടങ്ങി കഴിഞ്ഞു. രക്ഷിതാക്കൾ കുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് അയക്കുകയാണ്. സാമ്പത്തികമായി പിന്നോക്ക  അവസ്ഥയിൽ നിന്നു വരുന്ന കുട്ടികളാണ് മറ്റ് പോം വഴിയില്ലാതെ ഇന്നു നമ്മുടെ ക്യാമ്പസുകളെ ആശ്രയിക്കുന്നത്.  അവരുടെ ഭാവിയുടെ കടയ്ക്കലാണ് സിപിഎമ്മും അവർക്ക് വിധേയമായി പ്രവർത്തിക്കുന്ന സംഘടനകളും കത്തി  വക്കുന്നത് എന്നത് കാണാതിരുന്നു കൂടാ.