ആത്മകഥ

സത്യൻ മാടാക്കര

പുറത്തെ ഞാൻ
അകത്തുള്ളവനെ നോക്കി
ഒറ്റയ്ക്കു വാഗ്വാദം നടത്തുന്നു.
അവികസിത വാക്കേറ്റം.

അകത്ത് അയാളോളം
കരിയില മൂടിക്കിടക്കുമ്പോൾ
പുറത്തുള്ളവൻ കൂകുന്നു
പൂ ഹോയ് … പൂ ഹോയ്…
പുറത്ത്  കമ്മീഷന്റെ കലപില
പൊന്നാടയ്ക്കുള്ള നോട്ടം
എന്തെങ്കിലും ഒരു ഉന്നം.
അകത്ത് വാതിൽ കുറ്റിയിട്ട്
ആത്മാക്കളുമായി സല്ലാപം.
എവിടെ രക്തം വീഴാത്ത തെരുവ്
എവിടെ സമചിത്തത കിട്ടുന്ന ദിവസം
എവിടെ തെരുവിലൂടെ നടക്കാത്ത ദാരിദ്ര്യം
എവിടെ ബഹുജനാവലിയുടെ വസന്തം
അതു തേടി ഭയം പങ്കു വെച്ച് കാത്തിരിപ്പ്.

പുറത്തുള്ളവനെന്നും ജയിക്കുന്നു
കള്ളനെങ്കിലും
ആളുകൾ തോളിലേറ്റുന്നു.
അകത്തെ ഇരിപ്പ്
പച്ചക്കറിയെന്നു പേരിട്ട്
നാണം കെടുത്തി പക തീർക്കുന്നു.
ഒരു കാര്യം മറന്നുപോയി
അകത്തും
പുറത്തും നടക്കുന്നതിന്റെ
വാസ്തവം നോക്കണ്ടെ.
മനസ്സു പറയുന്നു :
മതിയെടോ മതി
രണ്ടു പേരെയും വാഴ്ത്തി
ഞാനിപ്പോൾ
തീപ്പുരയിലാണ്.