ഇനി യുദ്ധം ജനശക്തി
ഓണ്‍ലൈനില്‍

ഒരു സാധാരണ പൗരന്‍  എന്ന നിലയില്‍  സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിര്‍ഭയം നിര്‍വ്വഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാന്‍. വര്‍ഷങ്ങള്‍ മുമ്പ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും, എന്റെ പെണ്‍മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്ടഭാഷയില്‍ നിരന്തരം തേജോവധം ചെയ്യുന്നത് കണ്ണുള്ളവര്‍ കാണുന്നുണ്ടാകുമല്ലോ. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സമസ്ത  ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ  ഒത്താശയോടെയാണ്  ഇത്  ചെയ്തു കൊണ്ടിരിക്കുന്നത്. ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത ഹിംസ്രജന്തുക്കളോട് വേദോപദേശം നടത്തിയിട്ട് കാര്യമില്ല എന്നറിയാം.

മുമ്പ് തലസ്ഥാനത്തെ  മിടുമിടുക്കിയായ  ഒരു സീനിയര്‍ വനിതാ മലയാളി ജേര്‍ണലിസ്റ്റിനെ സൈബര്‍  കൂട്ടസംഘം  പിച്ചിച്ചീന്തുന്നത് കണ്ടപ്പോള്‍, ഈ ക്ഷുദ്രപ്രവര്‍ത്തനം എല്ലാ സീമകളും ലംഘിക്കുകയാണെന്നു മാനവികതയുടെ പേരില്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്റെ അഭിപ്രായം തെല്ലും കാലുഷ്യമില്ലാതെ സ്‌നേഹത്തോടെ മാനിക്കുകയും തത്സമയം ഡിജിപിയെ വിളിച്ചു  സംസാരിക്കുകയും ചെയ്തിരുന്നു. കാര്യപ്രാപ്തിയുള്ള  ഒരു  ഭരണാധികാരി എന്ന നിലയില്‍  പാര്‍ട്ടിയില്‍ നിന്ന്  അദ്ദേഹം ആര്‍ജ്ജിച്ച  സിദ്ധിയാണത്. ഓരോ കമ്മ്യുണിസ്റ്റ്കാരനും  അങ്ങിനെയാണ്. ആക്രമണത്തിന് ഇരയായ  മാധ്യമപ്രവര്‍ത്തകയുടെ  പ്രൊഫഷണല്‍  മികവിനെക്കുറിച്ചു  ഓര്‍മ്മിപ്പിച്ചപ്പോളും മറിച്ചൊരക്ഷരം അദ്ദേഹം പറഞ്ഞില്ല.

 ജനങ്ങളുടെ  ഏതെങ്കിലും ഒരു വിഷയം    ഉള്ളില്‍തട്ടുന്ന വിധം  ഞാനായാലും മറ്റൊരാളായാലും  പ്രതിപക്ഷമായാലും  അവതരിപ്പിച്ചാല്‍ അതിനു നേരെ  പുറംതിരിഞ്ഞു  നില്‍ക്കുന്ന ഒരു മനുഷ്യനേയല്ല മുഖ്യമന്ത്രി. എന്‍ഡോസള്‍ഫാന്‍  ഇരകളുടെ    സെക്രട്ടറിയേറ്റിന് മുന്നിലെ അതിദയനീയമായ പ്രതിഷേധസമരം നീണ്ടുപോയപ്പോള്‍  അതില്‍ ഹൃദയം നൊന്ത് ജനയുഗം പത്രാധിപര്‍  രാജാജി മാത്യു   തോമസ് പാതി രാത്രി വരെ എന്നെ ഫോണിലൂടെ  ശല്യം ചെയ്തു കൊണ്ടിരുന്നു. ഞാന്‍ ഇടപെട്ടാല്‍  പ്രശ്‌നം തീരുമെന്ന  ചിന്ത  എങ്ങിനെയോ  അദ്ദേഹം വിചാരിച്ചു വശായി.

അവസാനം പുലര്‍ച്ചെ  സഖാവ് കോടിയേരിയെ  വിളിച്ചു വിവരം പറഞ്ഞു.സംസ്ഥാന റേഷന്‍കട വ്യാപാരികളുടെ സമ്മേളനം  ഉത്ഘാടനം  ചെയ്യാന്‍  ആലപ്പുഴയിലായിരുന്നു കോടിയേരി .  .മുഖ്യമന്ത്രിയുമായി  ഇക്കാര്യത്തില്‍ സംസാരിക്കുന്ന പ്രശ്‌നമേയില്ലെന്ന് കോടിയേരി വ്യക്തമാക്കി. ആ വിഷയം  ആരൊക്കെയോ ചേര്‍ന്ന്  കുളമാക്കിയതിന്റെ  കലിപ്പ് ആയിരുന്നു അതെന്ന് മനസിലായി. ഏതാനും മിനിട്ട് കഴിഞ്ഞപ്പോള്‍  കോടിയേരി എന്നെ വിളിച്ചിട്ട്  മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിക്കാന്‍ പറഞ്ഞു . ഞാന്‍ അത് നടക്കില്ലെന്ന് കട്ടായം പറഞ്ഞു. കോടിയേരി ഒരിക്കല്‍ക്കൂടി  വിളിച്ചിട്ടു പറഞ്ഞു , ഒരു മെസ്സേജ്  അയച്ചുകൂടെ എന്ന്  .അത് സമ്മതിച്ചു. മൂന്നോ നാലോ വരിയുള്ള  മെസ്സേജ്  വിട്ടു. ഇത്രമാത്രമാണ് അതില്‍ പറഞ്ഞത്. ഈ സമരം ഭൂമണ്ഡലമാകെ   കണ്ടുകൊണ്ടിരിക്കുകയാണ്. ഭാഷ അറിയാത്തവരും  ലോകഭൂപടത്തില്‍  പലയിടങ്ങളിലായി  കണ്ടുകൊണ്ടിരി ക്കുന്നുണ്ടാകും .അവര്‍ അന്വേഷിക്കുമ്പോള്‍  ഇതാണ് ഏകെജിയുടെ നാട്ടിലെ ഹതഭാഗ്യര്‍  എന്ന്  അറിയുമ്പോള്‍ , അതൊന്ന് ഓര്‍ത്തുനോക്കൂ  എന്നായിരുന്നു ഞാനയച്ച  മെസ്സേജ് .ഞായറാഴ്ച ആയിരുന്നിട്ടും മിനിറ്റുകള്‍ക്കുള്ളില്‍  ഭരണയന്ത്രം  സടകുടഞ്ഞെണീറ്റു .അതിസമര്‍ത്ഥനായ എം വി ജയരാജന്‍  ഈ പാവങ്ങളെ  സെക്രട്ടറിയേറ്റിന്  മുന്നിലെ സമരപന്തലില്‍   നിന്ന് മുഖ്യമന്ത്രിയുടെ  ഓഫീസില്‍ എത്തിച്ചു  വിസ്മയകരമായ വേഗത്തില്‍  പ്രശ്‌നം തീര്‍ത്തു. ദീനദയാലുവായ  എം വി ജയരാജൻ ഇത്തരം കാര്യങ്ങളിൽ  വ്യത്യസ്‍തനാണ് . അടുത്തയിടെ  ബാങ്ക് വായ്പ്പ  എടുത്ത്  കടഭാരം കൊണ്ട് ആത്മഹത്യ ചെയ്ത സ: പൂജപ്പുര  സാംബന്റെ  കാര്യത്തിലും സഹതാപാർഹമായ  ഇടപെടൽ  ആണ്  അദ്ദേഹത്തിൽ നിന്നുണ്ടായത്. എന്‍ഡോസള്‍ഫാന്‍  ഇരകളുടെ    തലേദിവസത്തെ യോഗത്തിലെ  മന്ത്രി   ശൈലജയുടെ തീരുമാനമെല്ലാം അസാധുവാക്കി. ആ ശാന്തത സൃഷ്ടിച്ചത്  ആരെന്ന്  ഏതെങ്കിലും മലയാളി  അറിഞ്ഞിട്ടുണ്ടോ? .

മുഖ്യമന്ത്രിയുടെ  ഇങ്ങിനെ ഒരു  മുഖം കൂടി ജനങ്ങള്‍ അറിയണം.  ഭരണാധികാരി  അതിനൊരു  സ്റ്റേറ്റ്‌സ്മാന്‍ ആയിരിക്കണം. ഒട്ടേറെത്തവണ ഇതേ അനുഭവം  കെ കരുണാകരനില്‍ നിന്ന്  ഉണ്ടായിട്ടുണ്ട്. കാബിനറ്റ് ബ്രീഫിങ് കഴിഞ്ഞാല്‍  വട്ടം ചുറ്റിപ്പിടിച്ചു  ഒരു അഭ്യര്‍ത്ഥനയുണ്ട്  ‘ഒന്ന് കാണണം.ഇപ്പോള്‍ വിട്ടേക്കാം. ‘ അപ്പോഴെല്ലാം  ഗുണഭോക്താവ്  തൊഴിലാളിവര്‍ഗമായിരുന്നു. എണ്ണിയെണ്ണി പറയാനുണ്ട്.,ലീഡറുടെ   മഹാമനസ്‌കതയും.

എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രിയുടെ  അനാരോഗ്യം മുതലെടുത്തു മൂന്നുനാല് പേര് അടങ്ങിയ ഒരു അടുക്കള സംഘം ഭരണഘടനാ ബാഹ്യശക്തിയായി മാറിയതോടെ മുഖ്യമന്ത്രി ശീര്‍ഷാസനത്തിലായി. 

മുഖ്യമന്ത്രിക്ക് അപ്രിയമായ ചില സത്യങ്ങള്‍   വിളിച്ചുപറഞ്ഞതോടെ സ്വയംവിമര്‍ശനം നടത്തി തെറ്റ് തിരുത്തുകയല്ല, കൂടുതല്‍ ആക്രമണോല്‍സുകമായി മാറുകയാണ് സൈബര്‍  കാളികൂളി സംഘം.  എനിക്കെതിരെ   നേരത്തെ ദിവസം പ്രതി ഇട്ടിരുന്ന അശ്ലീല പോസ്റ്റ് ഇപ്പോള്‍ ഓരോ മണിക്കുറിലുമാക്കി ഉയര്‍ത്തി. കടുപ്പമുള്ള പുതിയ തെറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അനുചരന്മാര്‍. താന്‍ ഒന്നും അറിഞ്ഞിട്ടില്ല എന്ന നിസ്സംഗതയിലാണ് ഭരണത്തലവന്‍ . മരുമകന്‍  തന്നെയാണ്  സൈബര്‍  കൂട്ടസംഘത്തിന്റെ മുഖ്യ ബുദ്ധികേന്ദ്രം  എന്നറിഞ്ഞപ്പോള്‍  ഞാന്‍ ഞെട്ടി. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍….? 

പുതിയ വിവാദങ്ങളെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പാലക്കാട് നിന്ന് എന്നെ  ബന്ധപ്പെപ്പെട്ടിരുന്നു. തലസ്ഥാനത്തെ പാര്‍ട്ടി ഏരിയ  സെന്ററില്‍ പ്രവര്‍ത്തിക്കുന്ന   പ്രദീപ്കുമാര്‍ ആണ്  ഏകപക്ഷീയമായി   അശ്ലീല പോസ്റ്റുകള്‍  എനിക്കെതിരെ   ഇട്ടതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ  അയാള്‍ പാര്‍ട്ടിക്ക് പുറത്താണെന്ന തൊടുന്യായം പറഞ്ഞു ഒഴിയുകയായിരുന്നു. മുമ്പ് എന്റെ കുടുംബത്തിനെതിരെ ടെലിഫോണിലൂടെയുള്ള ആക്രമണം ദുസ്സഹമായ സന്ദര്‍ഭത്തില്‍  സഹോദരതുല്യനായ ജില്ലാനേതാവിനോട് എന്റെ വീട്ടില്‍ ലാന്‍ഡ് ഫോണില്‍ ഭാര്യയും രണ്ടു പെണ്‍മക്കളും നേരിടുന്ന അധിക്ഷേപത്തെക്കുറിച്ചു അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ചൂണ്ടിക്കാട്ടിയിരുന്നു. ഞാന്‍ മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പലവട്ടം നേരില്‍ പോയി പരാതി സമര്‍പ്പിച്ചിട്ടും മൊഴികൊടുത്തിട്ടും  സൈബർ വിഭാഗത്തിൽ  പരാതി എഴുതിക്കൊടുത്തിട്ടും  ഫലമുണ്ടായില്ല.

നീതി നിർവഹിക്കപ്പെടില്ല  എന്ന് അറിയുമ്പോൾ, , അതും   ഒരു ഒളി യുദ്ധത്തിൽ,  ഒരു കുടുംബം എത്ര നിസ്സഹായാവസ്ഥയിൽ  ചെന്നുപെടുന്നു എന്നത് ഒരാൾക്ക് അനുഭവിക്കുമ്പോഴേ മനസ്സിലാകൂ .ഈ  ഒളിപ്പോരിൽ  പെൺകുട്ടികളും  ഉപയോഗിക്കപ്പെടുന്നു എന്നതാണ്  ഏറെ ദുഃഖകരംഎനിക്ക് സഹോദരതുല്യനായ  ജില്ലാ നേതാവിനോട്  അദ്ദേഹത്തെ നേരിൽകണ്ട്  എന്റെ കദനകഥ വിവരിച്ചിട്ടും  അദ്ദേഹത്തിന്റെയും  മനസ്സ് അലിഞ്ഞില്ല. ആ നേതാവിനും  ഒരു മകള്‍ ഉണ്ട്. എത്ര ദുഃഖഭാരത്തോടെയാണ് ഞാന്‍ എന്റെ മക്കളുടെയും  ഭാര്യയുടെയും കഥ വിവരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകബുദ്ധി അദ്ദേഹത്തിനുമുണ്ടായില്ല. ഭയമാണ് അദ്ദേഹത്തിനും. പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ എന്റെ കുടുംബത്തെ അപമാനിക്കുമ്പോള്‍ എന്റെ കൂടെപ്പിറപ്പു പോലെ ഉള്ള ഒരാള്‍ക്ക് ഒരു ദുഖവുമില്ല? പാര്‍ട്ടിയിലെ അടിമത്വം അങ്ങിനെയാണ്.

കഴിഞ്ഞ വര്‍ഷമാണ് എന്റെ അമ്മ മരിച്ചത്. അമ്മ നിര്‍ദേശിച്ചിരുന്ന ഒരു കാര്യം, എന്റെ  അനുജത്തി അപ്പോഴും ഓര്‍മ്മിപ്പിച്ചു. നേമം ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കണ്ണൂരില്‍ നിന്നുള്ള പി. സതിദേവി അടക്കം ഒരു ഡസനോളം പെണ്‍കുട്ടികളെ എന്റെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. ഫലം വന്നപ്പോള്‍ സിപിഎം വന്‍ഭൂരിപക്ഷത്തോടെ ജയിച്ചെങ്കിലും സതിദേവി അടക്കം പലരും പല പദവികളില്‍ എത്തിയെങ്കിലും ഇത്രയും  പൊന്നുപോലെ നോക്കിയ അമ്മയെ ഒരു തവണ പോലും കാണാന്‍ എത്തിയില്ല. എന്നാല്‍ ആനാവൂര്‍ മാത്രം കുറച്ചുനാള്‍ കഴിഞ്ഞു എന്റെ വീട്ടില്‍ എത്തി സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞുവത്രേ . അങ്ങനെയുള്ള കുടുംബത്തെ  ഇങ്ങിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടും ആനാവൂരിന്റെ മനസ്സില്‍ ഇപ്പോള്‍ ഒരു ഖേദവുമില്ല. നിസ്സംഗത?. എന്താ,  കണ്ണൂരുകാരുടെ അപ്രമാദിത്വത്തിന്  മുന്നില്‍ അടിയറവ് ? എകെജി സെന്ററില്‍ പാത്രം കഴുകുന്നവര്‍ പോലും കണ്ണൂരുകാര്‍. എന്ത് പാര്‍ട്ടിയിത്?  മാവോ  പറഞ്ഞിട്ടുള്ളത്  പാര്‍ട്ടി ഹെഡ് ക്വര്‍ട്ടേഴ്‌സ്   ബോംബ് വെച്ച് തകര്‍ക്കണം എന്നായിരുന്നല്ലോ.

1994 (ഇന്ന്) ജൂണ്‍ 30  നായിരുന്നു എന്റെ അച്ഛന്റെ മരണം. ഇന്ന്) ചരമവാര്‍ഷികം .   അന്ന്  അനുശോചനം അറിയിക്കാന്‍ വിവിധ തുറകളില്‍ പെട്ട വന്‍ ജനാവലി  എന്റെ വീട്ടില്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് ശ്രീ കെ ജി മാരാര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരുന്നത് സഖാവ് ഇ കെ നായനാര്‍ ആയിരുന്നു. മനസ്സ് വീര്‍പ്പുമുട്ടുന്നുണ്ടാകുന്നത് കാരണമാകാം, മാരാര്‍ജി നായനാരെ ഓര്‍മ്മിപ്പിക്കുന്നത് കേട്ടു. ‘ഞാന്‍ ഈ വീട്ടില്‍ മുമ്പൊരു പാതിരാത്രി വന്നിരുന്നു നായനാരെ’. ഞാനും നായനാരും ഒരേപോലെ മാരാര്‍ജിയുടെ മനസ്സ് കൂടുതല്‍ തുറക്കരുതേ എന്ന് ആഗ്രഹിച്ചുപോയി. എന്തെന്നാല്‍ ആ രാത്രിയില്‍ കണ്ണൂരില്‍ സ്‌കോര്‍ ബോര്‍ഡില്‍ ചത്തുമലച്ചവരുടെ എണ്ണം ഏഴോ എട്ടോ എത്തിയിരുന്നു .

ഒരു മനുഷ്യസ്‌നേഹിയ്ക്കു ആ ദിവസം ട്രിവാന്‍ഡ്രം ഹോട്ടലില്‍ കിടന്നിട്ട് ഉറക്കം വന്നില്ല. അദ്ദേഹത്തിന്റെ പേരാണ് മാരാര്‍ജി. എന്റെ വീട്ടില്‍ ഇരുന്നു അരമണിക്കൂറോളം രാത്രിനേരം സംസാരിക്കുമ്പോഴും മാരാര്‍ജി  കണ്ണ് തുടച്ചുകൊണ്ടേയിരുന്നു. നേരം  വെളുത്തോട്ടെ;  ആദ്യ ബസില്‍ തന്നെ എകെജി സെന്ററില്‍ പോകാമെന്ന് വാക്കുകൊടുത്തു  പിരിഞ്ഞു ..രാവിലെ   ചെന്നപാടെ നായനാരോട് രാത്രി നടന്ന സംഭാഷണ വിവരം പറഞ്ഞപ്പോള്‍ ഒരു കുട്ടിയെപ്പോലെ കരയുകയായിരുന്നു നായനാര്‍. കൂടുതല്‍ നീട്ടുന്നില്ല. ഉച്ചയ്ക്ക് പ്രാദേശിക വാര്‍ത്ത കേട്ടപ്പോള്‍ കേരളം ദീര്‍ഘനിശ്വാസം വിട്ടു. ‘ഇതുവരെ ഒരാളും കൊല്ലപ്പെട്ടിട്ടില്ല. കണ്ണൂര്‍ ശാന്തം’ ആ കേരളം സൃഷ്ട്ടിച്ചത്  ആരെന്ന്  ഏതെങ്കിലും മലയാളി  അറിഞ്ഞിട്ടുണ്ടോ? .    അമേരിക്കയും സോവിയറ്റ് റഷ്യയും ഒരേ ബട്ടണില്‍ അമര്‍ത്തിയപോലെ.

                                  ഇത്ര നീണ്ട കാലം   മാധ്യമരംഗത്ത്  സജീവമായിരുന്ന  ഒരാൾക്ക്  സ്വന്തം അഭിപ്രായം  ഉണ്ടാകുന്നത്  തെറ്റാണോ? അത് പരസ്യപ്പടുത്തുന്നത്  കുറ്റമാണോ? എന്നെ സാമൂഹ്യമീഡിയയിൽ മ്ലേച്ചമായി അധിക്ഷേപിക്കുമ്പോൾ  എങ്ങിനെയാണ്  നിങ്ങളുടെ  സ്വാധീനം  ഉയരുന്നത്? 

ഒരു ജന്മമേ ഉള്ളൂ മനുഷ്യന്. അര വയസ് മാത്രമുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം എ ബേബിക്ക് ഫോര്‍വേഡ് ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ഒരു ചിഹ്‌നം അദ്ദേഹത്തിന്റെ കണ്ണിലും ഊറുന്നതും പൊട്ടുന്നതും കണ്ടു. അവള്‍ക്ക് ഇപ്പോള്‍ രണ്ടുവയസ്സ് കഴിഞ്ഞു. പെൺകുട്ടികളെ  വളർത്താൻ  ഭയമാണ്  രക്ഷിതാക്കൾക്ക്  . പ്രത്യേകിച്ചും പാർട്ടി വിട്ടവരുടെ  കുടുംബങ്ങളിൽ  ആകുമ്പോൾ.   

ഈ  പരിതസ്ഥിതിയില്‍ ഫേസ്ബുക്കിലെ എന്റെ വ്യക്തിപരമായ അക്കൗണ്ട് പ്രവര്‍ത്തനം മരവിപ്പിക്കുകയാണ്. ഇത് ഒരു ചുവട് പിന്നോട്ട് വെക്കലല്ല. ഫേസ് ബുക്കിലെ   എന്റെ അക്കൗണ്ട്  മരവിപ്പിച്ചാലേ  ഈ സമൂഹത്തിൽ   സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കൂ  എന്നൊരു സന്ദേശമാണ് സൈബർ കാളികൂളി സംഘം  നൽകുന്നത്. അവരുടെ കൺകണ്ട ദൈവത്തെ  ആരും   വിമർശിക്കാൻ പാടില്ല..വിമർശനങ്ങൾക്കും  തെറ്റ് തിരുത്തലുകൾക്കും  അതീതനാണ്  അവരുടെ  ദൈവം  എന്നത്  എല്ലാവരും  സമ്മതിച്ചുകൊടുക്കണം. ഇതെന്താ വെള്ളരിക്കാപട്ടണമാണോ?

കൂടുതൽ കരുത്തോടെ  കൊടുങ്കാറ്റുപോലെ കടന്നാക്രമിക്കുകയാണ്  ഇന്നത്തെ  സൈനിക മുറ. അതിന് ഇന്നത്തെ കരുത്തു പോരാ. പ്രഹരശേഷി  പതിന്മടങ്ങാക്കണം. ഇന്നത്തെ  സൈനിക മുറ. കൂടുതൽ  വേഗത്തിലും  കൈതോലപ്പായിൽ രഹസ്യസങ്കേതങ്ങളിലേക്ക്  കടന്നുകയറി  ടോർച്ചു  തെളിച്ചും   തൊണ്ടിമുതൽ  സൂം ചെയ്തു   യഥാർത്ഥ കള്ളന്റെ  ഇരിപ്പടം  കാണിച്ചും മുന്നോട്ടുപോകാനാകണം. ജനശക്തി ഓണ്‍ലൈന്‍ സംവിധാന ഉടനെ സാധിതപ്രദമാക്കണം.. janashakthionilne.in ,janashakthionline.com . ഇതോടൊപ്പം ജനശക്തിയുടെ യൂട്യൂബ് ചാനലിലേക്കും പ്രവേശിക്കുകയാണ്.

ഞങ്ങള്‍ വിക്കിലീക്‌സോ  വിസില്‍ ബ്ലോവറോ  അല്ല.സാധാരണ  മനുഷ്യര്‍ . ഈ  അമ്പെയ്ത്തില്‍ ഏതെങ്കിലും നരാധമന്‍  കടപുഴകി  വീണാല്‍  അതൊരു ചരിത്ര നിയോഗം  ആയിരിക്കും. എല്ലാ മാളങ്ങളും  ഞങ്ങള്‍  പരിശോധിക്കും. ഞങ്ങള്‍ വക്കില്‍ തൊട്ടപ്പോള്‍ തന്നെ,  ,കായംകുളം  കൊച്ചുണ്ണിയെപ്പോലെ എത്ര  കോടികള്‍  അപഹരിച്ചെടുത്തു എന്ന് കണ്ടതാണ്. അപഹരിച്ച പണമല്ല പൊതിഞ്ഞ പായയും  കൊണ്ടുപോയ കാറിനേയും  ചൊല്ലി യാണ് വിവാദം . 

അന്വേഷണം  പൊതുസമൂഹത്തിന്റെയും  വേണ്ടിവന്നാൽ അന്വേഷണഏജൻസികളുടെ യും മുമ്പിൽ  എത്തിപ്പെടുമെന്നിരിക്കെ   അതിന്മേൽ  കൂട്ടിച്ചേർക്കേണ്ടതുണ്ടെന്ന്‌  ഞങ്ങൾ കരുതുന്നില്ല. ഞങ്ങൾ ഒരു രാഷ്ട്രീയപാർട്ടിയിലും  അംഗമല്ല.ആർക്കും വീടുവേല ചെയ്യാനുമില്ല. അതൊക്കെ  സമൂഹം  തീരുമാനിക്കട്ടെ. കൂടുതൽ കരുത്തോടെ  കൊടുങ്കാറ്റുപോലെ കടന്നാക്രമിക്കുകയാണ്  അതിപ്പോൾ  പൊതുസമൂഹത്തിന്റെയും  വേണ്ടിവന്നാൽ അന്വേഷണ ഏജൻസി കളുടെ മുമ്പിൽ  എത്തിപ്പെടുമെന്നിരിക്കെ   അതിന്മേൽ  എന്തെങ്കിലും കൂട്ടിച്ചേർക്കേണ്ടതുണ്ടെന്ന്‌  ഞങ്ങൾ കരുതുന്നില്ല. ഞങ്ങൾ ഒരു രാഷ്ട്രീയപാർട്ടിയിലും  അംഗമല്ല.ആർക്കും വീടുവേല ചെയ്യാനുമില്ല.  എന്റെ  ഫേസ് ബുക്ക്  പോസ്റ്റിൽ പ്രതിപക്ഷം ശക്തമായി  പ്രതികരിച്ചത് കണ്ടു. അതെല്ലാം  പ്രതിപക്ഷത്തിരിക്കുന്നവരുടെ പതിവ് വ്യായാമം എന്നതിനപ്പുറം  ഞാൻ വ്യക്തിപരമായി  ഒന്നും കാണുന്നില്ല. അതിനെ അഭിനന്ദിക്കുകയോ നിരാകരിക്കുകയോ ചെയ്യേണ്ടത്  എന്റെ ജോലിയല്ല. അതിലെല്ലാം  നിയമത്തിന്   അതിന്റെ  വഴി സ്വീകരിക്കാനുണ്ടെങ്കിൽ അതനുസരിച്ചു നടക്കട്ടെ.എനിക്ക് അതിൽ നിഷേധാത്മക സമീപനമല്ല,ക്രിയാത്മക  സമീപനം  തന്നെയാണ്  ഉള്ളത്.

തിന്മയുടെ ജനങ്ങൾക്കുവേണ്ടിയുള്ള  യുദ്ധം തുടരാൻ  ധീരവും സുദൃഢവുമായ ചുവടുവെപ്പിലേക്ക്  നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരുടേയും സമ്മർദ്ദങ്ങൾക്കോ  പ്രലോഭനങ്ങൾക്കോ  വഴങ്ങാത്ത   ഒരു മാധ്യമ  സാംസ്ക്കാരം  ഉരുത്തുരിഞ്ഞു  വരേണ്ടിയിരിക്കുന്നു. ജനങ്ങളുടെ യഥാർത്ഥ ജിഹ്വ. അതിന്  ഭാരിച്ച ചെലവുണ്ട്. മാധ്യമരംഗത്തെ  ഒട്ടേറെ ചെറിയ  പ്രസിദ്ധീകരണങ്ങൾ കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒഴുക്കിനെതിരെ  നീന്താനുള്ള നമ്മുടെ  ചുവടുവെപ്പ്  വിജപ്രാപ്തിയിലെത്തുമോ  എന്നത് കാലമാണ്  തീരുമാനിക്കേണ്ടത്.

തിന്മയുടെ മഹാമേരുവിനെ നമുക്ക് കടപുഴക്കണം . പുതിയ  ഓണ്‍ലൈനിലും  ഇതേ നിലപാട് തുടരും . നന്മയുള്ള  മടിയില്‍ പത്തുരൂപയെങ്കിലും  മിച്ചം ഉള്ള ഓരോരുത്തരോടും  കേഴുകയാണ് , ഞങ്ങള്‍ക്കൊപ്പം  നില്‍ക്കണം.

 ജനശക്തിയുടെ പ്രസാധകനും എഡിറ്ററുമായ ഞാന്‍. മരണം വരെ ഇങ്ങിനെ ആയിരിക്കും. തലസ്ഥാന നഗരത്തില്‍ ഒരു ചായ കുടിക്കണമെങ്കില്‍ ചായയ്ക്കു  7 രൂപയെന്ന് ബോര്‍ഡ് എഴുതിയിട്ടുള്ള സ്ഥലം തേടിയെത്താറുണ്ട്.  എന്റെ പതിവ് വാഹനം കെ എസ് ആര്‍ ടി സി ബസ് മാത്രം. എന്റെ വീട്ടില്‍ രണ്ട് കാര്‍ ഉണ്ടെങ്കിലും കുടുംബ ആവശ്യത്തിനു മാത്രമാണ് അത് ഉപയോഗിക്കുന്നത്. കഴിയുന്നത്ര ലളിതമായി  ജീവിക്കുന്നു. എന്റെ മുതല്‍ മുടക്ക് മുഴുവന്‍ ഗ്രന്ഥങ്ങളിലാണ്.

എങ്കിലും ഞങ്ങള്‍ക്ക് ഇപ്പോള്‍ അത്യാവശ്യമായി പണം വേണം. 18 വര്‍ഷമായി ഞങ്ങള്‍ ജനശക്തി നടത്തുന്നുവെങ്കിലും സംഭാവന വാങ്ങാറില്ല. എന്തൊക്കെ തരത്തില്‍ ഞങ്ങളെ ദ്രോഹിക്കാമോ അതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്; ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.  അച്ചടിച്ച കോപ്പികള്‍ തപാലില്‍ എത്തിക്കാന്‍ അനുവദിക്കില്ല.. വഴിയില്‍ മുക്കും. ഞങ്ങള്‍ക്ക് അര്‍ഹമായ പരസ്യം നല്‍കാറില്ല.നേരിയ തുകയ്ക്കുപോലും  പരസ്യം തരില്ല. രാജാവിനേക്കാള്‍  രാജഭക്തിയുള്ളവരാണ്  ഘടക കക്ഷികള്‍. പക്ഷെ ഇത് നിലനിന്നേ പറ്റൂ, ഈ കലുഷിത കാലത്തിന്റെ കണ്ണും കാതും ആണിത്.

എന്നെപ്പോലുള്ളവര്‍ക്കു കഴിഞ്ഞ 18 വര്‍ഷത്തെ പോലെ ഇനിയും ശമ്പളമോ മറ്റു എന്തെങ്കിലും ആനുകൂല്യമോ വേണ്ട. നടന്നു പോകാവുന്നിടത്തോളം നടക്കും. മുറുക്കി ഉടുക്കാവുന്നിടത്തോളം അങ്ങിനെ ചെയ്യും . ഞാന്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍  ആയിരുന്നപ്പോള്‍   സുഹൃത്ത് ഗോപാലകൃഷ്ണനും ഞാനും പുളിമൂട്ടില്‍ ഏറെ തിരക്കുള്ള ഒരു സാദാ  ഹോട്ടലില്‍  ഉച്ചഭക്ഷണത്തിന് ക്യു നില്‍ക്കാറുണ്ടായിരുന്നു. ഹോട്ടല്‍ ഉടമ ഉറക്കെ വിളിച്ചു പറയും പുറത്തുനില്‍ക്കുന്ന  രണ്ടുപേരില്‍ ഒരുത്തന്‍ ആദ്യം  കേറിക്കോ എന്ന്. ചിലപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ സെക്രട്ടറിയറ്റ് അംഗം ജനാര്‍ദ്ദനന്‍ ആശാരിയുടെ ഒരു തുണ്ടു കടലാസ്സ് കിട്ടാന്‍ കാത്തുനില്‍ക്കും. സഖാവ് ആശാരിയുടെ കുറിമാനം എപ്പോഴും ഒന്നുതന്നെ: ‘ഒരു ഊണ്;  ഓംലറ്റ് വേണ്ട’. 

സമസ്തസൗകര്യങ്ങളും അതിന്റെ ഉച്ചസ്ഥായിയില്‍ നിന്ന കുടുംബം ആയിരുന്നു എന്റേത്. അന്നും ഇന്നും. പക്ഷെ ഒരു ചെഗുവേരയാകണം എന്നായിരുന്നു എന്റെ  മോഹം. ഇന്നും അതുതന്നെ മോഹം. അതിനു  കപട കമ്മ്യുണിസ്റ്റുകളെ നേരിടണം. എതിര്‍ത്തു തോല്‍പ്പിക്കണം.  നമ്മുടെ മുഖ്യന്റെ വിദേശ നിര്‍മ്മിത  ബാഗില്‍ മറന്നുവെച്ചിരിക്കുന്ന  പഴയ വെടിഉണ്ട ഉണ്ടാകാം. പക്ഷെ കാഞ്ചി അതിലില്ല. ആ കാഞ്ചി ജനങ്ങളുടെ കയ്യിലാണ്. നമ്മള്‍ പ്രയോഗിക്കുമ്പോഴാണ് ഇടിമുഴക്കം പോലെ വെടി മുഴങ്ങുക. അതിനാണ്  വിജയന്‍ മാഷ് പറയാറില്ലേ,  മുട്ടയ്ക്ക് ഉള്ളിലിരിക്കുന്നതു ജീവനുള്ളതോ അല്ലയോ  എന്നതാണ്  അറിയേണ്ടത്. ജീവനില്ലാത്ത ചത്ത കുഞ്ഞാണെങ്കില്‍  കൊത്തിയിട്ടും കാര്യമില്ല. കൊത്തുന്ന ജീവനുള്ള  കുഞ്ഞിനെക്കൊണ്ടേകാര്യമുള്ളൂ.  അതിനാണ്  ഈ എളിയ സഹായാഭ്യര്‍ത്ഥന. നമുക്ക്  ജീവനുള്ള  കോഴിക്കുഞ്ഞുങ്ങളുടെ പ്രപഞ്ചം സൃഷ്ടിക്കണം. അതങ്ങനെ മണ്ണില്‍ തുള്ളി തുള്ളി  ചാടട്ടെ. നൂറ് കുഞ്ഞുങ്ങള്‍ വിരിയട്ടെ  .

മറ്റ് ചില ഓണ്‍ലൈന്‍ മാഗസിനുകളുടെ മാതൃക പിന്തുടര്‍ന്നാണ്  സംശുദ്ധ മാധ്യമപ്രവര്‍ത്തനത്തിന് ഞങ്ങളും വിനയ പുരസ്സരം കൈനീട്ടുന്നത്. ഉറ്റ മിത്രങ്ങളോടായി ഒരു പ്രത്യേക കാര്യം പറയുകയാണ്. പലതുള്ളി പെരുവെള്ളം എന്നതാണ് ഇക്കാര്യത്തില്‍ ഞങ്ങളുടെ ലക്ഷ്യം. എന്റെ ആത്മ മിത്രങ്ങള്‍ അതുകൊണ്ട് വലിയ തുക അയക്കരുത്. എനിക്കറിയാം അങ്ങിനെ ചെയ്യുന്നവരുണ്ടെന്നുള്ളത് .  എന്നാല്‍ ഇത് ഒരു യുദ്ധഭൂമിയാണ് 

പ്രിയ ടിപി ഇവിടെ വിട്ടുപോയ പോയ ചില സ്വപ്നങ്ങളുണ്ട്. ആ സ്വപ്നം സഫലമാകണമെങ്കില്‍ ഈ ബട്ടണുകളില്‍ വിരല്‍ പതിയുമ്പോള്‍ ഒരു മണിനാദം മുഴങ്ങും.  അതിനുള്ള ശ്രമത്തില്‍ സഹകരിക്കുക, സഹായിക്കുക.

ജനശക്തിയുടെ  ഓണ്‍ലൈനിലെ അക്കൗണ്ടില്‍ അല്ലെങ്കില്‍  GPay  (9847055 422 )യില്‍ ആണ് പണം അയക്കേണ്ടത്.

Janashakthi
A/C No 0819214000006
IFSC :CNRB 0000819
Canara Bank
Main Branch
janashakthi@gmail.com