നിര്‍മ്മിതം

ശരീഫ മണ്ണിശ്ശേരി

ഏതൊരോഫീസിലും,യന്ത്രമനുഷ്യരാണ് ഭൂരിപക്ഷം. നാമമാത്രമാണ് മനുഷ്യജീവനക്കാർ. യന്ത്രമേത് മനുഷ്യനേത് എന്നൊരു ശങ്കയും ചിലപ്പോൾ തോന്നും. സംഘർഷങ്ങൾ കല്ലിച്ചു കല്ലിച്ച് മനുഷ്യമുഖങ്ങൾ വറ്റി വരണ്ട ഭൂമി പോലെ ആയിട്ടുണ്ട്. ആകുലതയാണ് സ്ഥായീഭാവം, ഇനിയെന്ത് എന്ന നിരാശയാണ് ഓരോ നെടുവീർപ്പിലും.

തൊഴിൽശാലകളെ റോബോട്ടുകൾ ഏറ്റെടുത്തിട്ട് കൊല്ലങ്ങൾ കുറച്ചായി. ശമ്പളം കൊടുക്കുക എന്ന ബാധ്യത വളരെ ചുരുങ്ങിയ സന്തോഷത്തിലാണ് കുത്തകമുതലാളിമാർ. പണ്ടത്തെ ജാതീശ്രേണി പോലെ ഓരോ തൊഴിലിനും ഓരോ തരമാണ് റോബോട്ട്. നാമമാത്രമായ മനുഷ്യജീവനക്കാരെ നിരീക്ഷിക്കാൻ ക്യാമറക്കണ്ണുകൾ സദാ തുറന്നിരിപ്പുണ്ട്. വേസ്റ്റാകുന്ന സമയത്തിനെല്ലാം ശമ്പളം  കട്ട് ചെയ്യുന്നത്‌കൊണ്ട്,  ഊണും ഉറക്കവുമില്ലാത്ത യന്ത്രങ്ങളായിത്തീരാനാണ് മനുഷ്യരും  വൃഥാ പരിശ്രമിക്കുന്നത്.

നിശ്ശബ്ദതയാണ് കുറെയായി ലോകത്തിന്റെ താളം. എങ്ങും ക്യാമറകൾ ഉള്ളത്‌കൊണ്ട് വാ തുറക്കാൻ പോലും ഭയമാണ് എല്ലാവർക്കും. ആളുകൾ തിരക്കിട്ടു നടന്നു പോകുന്ന തെരുവുകൾ കാണാക്കാഴ്ചയായിട്ടുണ്ട്.  ഉദ്യോഗസ്ഥരായ കുറച്ചു പേർ മാത്രം തങ്ങളുടെ കാറുകളിൽ ഒരു വിഷാദഗാനം പോലെ സഞ്ചരിക്കുന്നത് കാണാം.

നിരീക്ഷണത്തിന്റെ കട്ടി കൂടിയ വലക്കുള്ളിൽ ശ്വാസം മുട്ടി കഴിയുകയാണ് എല്ലാ മാധ്യമങ്ങളും. എഴുതാൻ അത്യാർത്തി പൂണ്ട സാഹിത്യകാരന്മാർ വീടുകളിൽ പൊറുതി കെട്ട് നടക്കുന്നു, വീട്ടുകാരോട് വഴക്കിടുന്നു. ചിലപ്പോൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി നിറം കെട്ട ജീവിതം അവസാനിപ്പിക്കുന്നു.

അയാൾക്ക് എങ്ങനെയെങ്കിലും ആ ചടങ്ങിൽ പങ്കെടുത്തേ പറ്റൂ. ഒരാഴ്ച്ച മുമ്പ് ആഹ്ലാദാരവങ്ങളോടെ കടന്നു പോയ ഒരു അറിയിപ്പ് അയാളുടെ ഉള്ളിൽ എപ്പോഴും ഭീകരമായി ചിറകടിക്കുന്നു.

‘കൃത്രിമബുദ്ധി മനുഷ്യ ബുദ്ധിയെ കീഴടക്കുന്ന സുന്ദര നിമിഷത്തിന് സാക്ഷികളാകുവിൻ. യന്ത്രഭാവനകളിൽ വിരിഞ്ഞ നോവലുകളിൽ നിന്ന് ഒന്നിതാ നമ്മുടെ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരം നേടിയിരിക്കുന്നു. നവംബർ 25ന് നടക്കുന്ന വർണാഭമായ ചടങ്ങിൽ യന്ത്രമനുഷ്യനായ ബെൽ ഹോമിന് നമ്മുടെ അധികാരി പുരസ്‌കാരം നൽകുന്നു.’

ഒരു യന്ത്രമനുഷ്യൻ ആദ്യമായി അവാർഡ് വാങ്ങുന്ന ചടങ്ങ്..അത് ചിന്തിച്ചതും അയാളുടെ വായിൽ ഉമിനീർ കയ്ച്ചു. വിഷാദം തൊണ്ടയെ ഞെരിച്ചു.  ലോകം കൂരിരുളിൽ മയങ്ങുമ്പോൾ ബെഡ്‌ലാംബിന്റെ അരണ്ട വെളിച്ചത്തിൽ താൻ എഴുതിത്തീർത്ത തന്റെ പ്രിയപ്പെട്ട നോവൽ. അതിലെ കൊടുങ്കാറ്റ് പോലുള്ള ചില വരികൾ ഓർത്തപ്പോൾ അയാളിൽ ഭയം അട്ടയായി കടിച്ചു തൂങ്ങി, ഞണ്ടായി അയാളുടെ കൈ വിരലുകളെ ഇറുക്കി. ഇരുമ്പ്ശരീരമുള്ള ചിരിക്കാത്ത ഏകാധിപതിയുടെ കഥയാണത്. അതിന്റെ രചനാവേളയിലെല്ലാം ഒരു പറ്റം പൊലീസുകാർ തന്റെ പിന്നാലെ അലറിക്കൊണ്ട് ഓടുന്നതായും വെടിശബ്ദം പ്രകമ്പനമാകുന്നതായും അയാൾക്ക് അനുഭവപ്പെട്ടു. ഒളിക്യാമറകളുടെ തുറുകണ്ണുകളിൽ നിന്ന് ബലമേറിയ ഒരു കുരുക്ക് തന്റെ കഴുത്തിലേക്ക് നീണ്ടു വരുന്നതായി അയാൾക്ക് ഇടക്കിടെ തോന്നി. സഹായത്തിനായി അലറി വിളിക്കാൻ ശ്രമിക്കുമ്പോഴെല്ലാം തനിക്ക് നാവില്ലെന്നും കൈവിരലുകൾ നഷ്ടപ്പെട്ടെന്നും തിരിച്ചറിഞ്ഞ് അയാൾ സ്വപ്നത്തിലും വിങ്ങി വിങ്ങിക്കരഞ്ഞു.

ഭരിക്കുന്നവർക്ക് അനുകൂലമായി രചനകൾ നടത്തുന്ന മോഡിലായിരുന്നു ക്രിയേറ്റിവ് റോബോട്ടുകൾ..വാഴ്ത്തുപാട്ടുകളായ കഥകളും കവിതകളും എങ്ങും പറവകളെപ്പോലെ സഞ്ചരിച്ചു. ‘ഏറ്റവും സന്തുഷ്ടരായ പ്രജകളുടെ അധിപൻ’ എന്നൊരു  പതക്കവും ഈയടുത്ത് അധികാരിക്ക് കിട്ടുകയുണ്ടായി.ഒരു കോടിയിലേറെ വിലയുള്ള ആ പതക്കത്തിൽ ഏറ്റവും വില കൂടിയ കല്ലുകൾ പ്രകാശം പൊഴിച്ചു.  അതിന്റെ സ്വീകരണച്ചടങ്ങിൽ ആദ്യമായി അധികാരി പുഞ്ചിരിക്കുന്നത് കണ്ട് ഏവരും അതിശയിച്ചു. അപ്പോൾ വെളിപ്പെട്ട അയാളുടെ നീണ്ട പല്ലുകൾ ചോരക്കറ പിടിച്ച് കറുത്തതാണെന്ന് എല്ലാവരും ഞെട്ടലോടെയാണ്  തിരിച്ചറിഞ്ഞത്.  ‘അവർ ലോഡ്’  എന്നാണ് അധികാരി അറിയപ്പെടുന്നത്. അവർ ലോഡ്, ബിലവഡ് ലോഡ് എന്നൊരു സ്തുതിഗീതം അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടി എന്നും പ്രഭാതത്തിൽ എല്ലാവരും ആലപിക്കുന്നു. ചൊല്ലാത്തവരുടെ പേരുവിവരങ്ങൾ ഉടനടി ഐ ടി സെൽ ശേഖരിക്കും.ദണ്ഡനമുറകൾ അവരെ കാത്തിരിക്കും.

ചടങ്ങിൽ,  മുൻ നിരകളിലെല്ലാം നെറ്റിയിൽ നിന്ന് നീലവെളിച്ചം പ്രസരിക്കുന്ന യന്ത്രമനുഷ്യരായിരുന്നു. ചിരിക്കാനും സന്തോഷിക്കാനും ദുഃഖിക്കാനും മനസ്സ് വായിക്കാനും മാത്രമേ അവർക്കിനി അറിയാത്തതായി ഉള്ളൂ. അവ കൂടി നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ശാസ്ത്രലോകം. പിൻനിരയിൽ സാഹിത്യകുതുകികളായ അഞ്ചാറു ശോഷിച്ച മനുഷ്യർ ഇരിപ്പുണ്ട്. കെടാൻ വിസമ്മതിക്കുന്ന ഒരു കനൽ അവരുടെ കണ്ണുകളെ ജ്വലിപ്പിക്കുന്നുണ്ട്. നിശിതമായ നോട്ടങ്ങൾ അവരുടെ കണ്ണുകളിൽ നിന്ന് സ്റ്റേജിലേക്ക് പാറി വീഴുന്നുണ്ട്..

നിർമിതനോവലിനെ വാഴ്ത്തിക്കൊണ്ടുള്ള അനേകം പ്രഭാഷണങ്ങൾ എങ്ങും അലയടിച്ചു. അധികാരി സമ്മാനം കൊടുക്കുമ്പോൾ, പൊടുന്നനെ ചടച്ചു കോലം കെട്ട ഒരു മധ്യവയസ്‌കൻ ഒരു പുസ്തകവുമായി സ്റ്റേജിലേക്ക് ഓടിക്കയറി. യന്ത്രമനുഷ്യന്റെ കാൽക്കൽ ആ പുസ്തകം അർപ്പിച്ചുകൊണ്ട് അയാൾ പൊട്ടിക്കരഞ്ഞു, ‘എന്റെ വർഷങ്ങളുടെ അധ്വാനമണിത്. നിനക്കാകട്ടെ ഒരു നോവലെഴുതാൻ അഞ്ചു മിനിറ്റ് പോലും വേണ്ട. എത്ര മഹാനാണ് നീ’. അയാൾ യന്ത്രമനുഷ്യന്റെ കാലടികളെ കണ്ണീരാൽ കഴുകി. നിസ്സംഗനായ യന്ത്രം നീലവെളിച്ചം തൂകിക്കൊണ്ട് ചുറ്റും കണ്ണോടിച്ചു. സംഘാടകർ ക്ഷുഭിതരായി അയാളെ വെളിയിലേക്ക് വലിച്ചിഴച്ചു.

നോവലിൽ നിന്ന് അധികാരിക്ക് പ്രിയപ്പെട്ട ഏതാനും വരികൾ സ്റ്റേജിലെ സ്‌ക്രീനിൽ അപ്പോഴെല്ലാം  ഒഴുകി നീങ്ങികൊണ്ടിരുന്നു. 

പിടിച്ചു മാറ്റപ്പെട്ടയാൾ മൂലയിൽ ഒരു പഴന്തുണി കണക്കെ അവശനായി ഇരുന്നു. തന്റെ പുസ്തകം പലരുടെ കാലടിക്കടിയിൽ ഞെരിയുന്നതും ചേറും ചെളിയും പല രൂപത്തിൽ അതിൽ മുദ്രിതമാകുന്നതും അയാൾ വ്യസനത്തോടെ അറിഞ്ഞു. തന്റെ ചോരയും നീരുമായ അക്ഷരങ്ങൾ..കണ്ണീർ, മഷിയായി പരന്നു കിടക്കുന്ന താളുകൾ..ഓരോ പേജിലും അമർന്നു കിടക്കുന്ന രോദനങ്ങൾ..

നിരാശയുടെ കൊടുമയിൽ , സർവശക്തിയും മുഷ്ടിയിൽ ആവാഹിച്ച് അയാൾ ചാടിയെഴുന്നേറ്റു. പിന്നെ, തൊണ്ട പൊട്ടുമാറ് അലറി വിളിച്ചു, ‘ചിരിക്കാത്ത യന്ത്രങ്ങളേ,നിങ്ങൾക്ക്  സങ്കടവും സന്തോഷവും എന്തെന്നെറിയാമോ? കണ്ണീരുപ്പ് എന്തെന്നെറിയാമോ? ഇതൊന്നും അറിയാതെ നിങ്ങളെങ്ങനെ ഉത്തമാസഹിത്യം രചിക്കും? നിസ്സംഗരായ ദുർഭൂതങ്ങളേ, മനുഷ്യർ ഈ പാതാളങ്ങളിൽ നിന്നെല്ലാം ഒരു നാൾ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും. നോക്കിക്കോ..’

കാലങ്ങളായി കനത്തു കല്ലിച്ച,  ഭയം നിറഞ്ഞ മൗനത്തിലേക്ക്  മൂർച്ചയേറിയ പാറക്കല്ലുകളായി അയാളുടെ വാക്കുകൾ ചിതറി വീണു. എല്ലാവരും അമ്പരപ്പോടെ അയാളെ തുറിച്ചു നോക്കി. എന്തൊരു കനമുള്ള ശബ്ദം! എന്തൊരു ധൈര്യം! അവർ ആരാധനയോടെ വീണ്ടും വീണ്ടും അയാളെ നോക്കി.

പോലീസ് ഡ്യൂട്ടിയിലുള രണ്ടു റോബോട്ടുകൾ, അയാളുടെ ചുരുട്ടിയ മുഷ്ടിയിലും കനമേറിയ ശബ്ദത്തിലും മുഖത്തെ ഭാവമാറ്റത്തിലും ചില അപകടസിഗ്‌നലുകൾ തിരിച്ചറിഞ്ഞു. അവർ അയാളെ പൊക്കിയെടുത്തു, പശ കൂടിയ ടാപ്പിനാൽ അയാളുടെ വായയെയും കൈകളെയും ബന്ധിച്ചു,  തൊട്ടടുത്ത തടവറ ഏതെന്ന്  ഉള്ളംകയ്യിലെ സ്‌ക്രീനിൽ പരിശോധിച്ചു.

അനന്തരം ഭീകരമായ ബീപ്പ് ശബ്ദത്തോടെ ഡ്രൈവറില്ലാതെത്തന്നെ ഓടുന്ന പോലീസ് വാഹനം തടവറ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു..