പകര്‍പ്പവകാശമുള്ള മരണങ്ങള്‍

രാജൻ സി എച്ച്

ഭൂരിപക്ഷം മരണങ്ങളും
അനാഥമാണ്,
പകർപ്പവകാശമില്ലാത്തവ.
എന്നാൽ ചില മരണങ്ങളെങ്കിലുമുണ്ട്
പകർപ്പവകാശമുള്ളതായി.
അമ്പതല്ല അമ്പതിനായിരം
വർഷങ്ങൾ കഴിഞ്ഞാലും
കാലഹരണപ്പെടാത്തവ.
നോക്കൂ,യേശുദേവന്റെ മരണം.
കുരിശിൽക്കിടന്നുള്ള
അന്ത്യശ്വാസം.
പകർപ്പവകാശം നേടിയ
കുരിശുകളുണ്ട് ലോകമാകെ
ആ വിശുദ്ധസന്ദർഭങ്ങളെ
ശില്പപ്പെടുത്തിക്കൊണ്ട്.
ശ്രീരാമന് സരയുവുണ്ട്
എല്ലാ ദർപ്പങ്ങളുടേയും
വില്ലുമമ്പുമൊഴിഞ്ഞ്
ഏകനായുള്ള പിൻമടക്കത്തിൽ.
ബുദ്ധനോ
ആളൊഴിഞ്ഞ അരയാൽത്തറയുണ്ട്
ബോധിയെന്നു ബോധമകന്ന്.
ഓരോ വലിയ മരണങ്ങൾക്കുമുണ്ട്
പകർപ്പവകാശം
ഉരുട്ടിയുയരം കാട്ടിയ കല്ലുകളെ
താഴേക്കെന്നു കൈവിടും
നാറാണത്തെ ജ്ഞാനിയെപ്പോലെ.
നോക്കൂ,ഗാന്ധിജിയുടെ
രക്തസാക്ഷ്യം.
പകർപ്പവകാശം നേടിയ
ആ നഗ്‌നമാറിടമുണ്ട്
തുളവീണ് ഓരോ ഭാരതീയനിലും.
മരിച്ചവരറിയുമോ
അവരവശേഷിപ്പിച്ചു പിൻമടങ്ങിയ
അവകാശങ്ങളെ?
പിൻതലമുറയിലവരവശേഷിപ്പിക്കുന്ന
ബാദ്ധ്യതകളെ?
നമ്മളവരെ ശില്പങ്ങളോ
ആരാധനാലയങ്ങളോ ആക്കി
നമ്മുടേതെന്നും അവരുടേതെന്നുമാക്കി
പകർത്തെടുക്കുന്നു
അവകാശങ്ങളെന്നു
ശേഷിപ്പുകളെ.
അവശേഷിക്കാതിരിക്കാൻ
അവസരങ്ങളെ..