നീതിയുള്ള ചുമകള്‍
അജിത്രി
ആജീവനാന്തം
ജയിൽ വാസത്തിന്
ചീട്ടുകിട്ടിയൊരാൾ
അന്ന് മാത്രം
പരോൾ വരുന്ന പോലെയാണ്
ചപ്പാത്തി
പരത്തിയത്
കുറുമ പാത്രത്തിൽ
കുറച്ച് മാറ്റി വെച്ചത്
ഒറ്റ രാത്രിയിൽ
ഒപ്പു വെയ്ക്കപ്പെട്ട്
ദേഹം കുനിച്ച്
വിനയപ്പെടുന്ന
സർക്കാർ മുദ്രയുള്ള
ഉത്തരവുകൾ
ആലിപ്പഴങ്ങളായി തണുക്കുന്ന മൺ ചെരാതുകൾ …
ലോക്കപ്പ് തൊട്ടുണർന്ന താക്കോലിന്റെ
കൊഞ്ചൽപോലെ
എലികളുടെ
ദീർഘ സഞ്ചാരമുള്ള
ഫയൽ മുറി
ആദ്യം കണ്ടുമുട്ടിയ
കീറിയ യൂണിഫോം
അതിൽ ദ്വാരങ്ങളുള്ള
ഇടങ്ങളിലൊക്കെ ഇപ്പോൾ ചാര കണ്ണുകൾ.
ഒരു തൊപ്പിമാത്രം തലയിൽ തിരിച്ചു
വെച്ചൊരാൾ
കൈവീശി
നടക്കുകയാണ്.
കുറ്റം ചെയ്തതും
കോടതി വിചാരണയും
അയാൾ
മറന്നു പോയിരിക്കുന്നു.
വഴിയിലൊക്കെ ജീവിത ഗന്ധം.
ഭൂമിയാകെ
തടവുകാരുടെ
പേരുകൾ പടരുന്നു.
കഴിഞ്ഞ ചരിത്രങ്ങളൊക്കെ ഏറ്റവും പഴയ
ഫയൽ മുറയിൽ
പുനർജനിക്കുന്നു .
പോയ ദിന പക്ഷികൾ, വേദനകൾ, കേൾവികൾ,
തിരികെയെത്തുന്നു .
കല്ലിൽ വീണു കിടക്കുന്ന
പ്രതിയെ പോലെ
വിലങ്ങിട്ട
കൈപ്പത്തിയിൽ
കണ്ട രാജ മുദ്രയുള്ള
ശിലാഹൃദയത്തോട്
അയാൾ പല കുറി പറഞ്ഞതാണ് .
വെള്ളായിയപ്പന്റെ
മകനെ പോലെ
ഒരു പൊളളുന്ന
വേനൽ
ഉള്ളിലുണ്ടെന്ന് .
കടൽക്കരക്കിരുപുറം
ഉണ്ടോ?
പൊള്ളിയടർത്തുന്ന
വിചാരണകളുടെ
ചുവന്ന ചക്രവാളത്തിൽ
വെളിച്ചപ്പേടിയുള്ള
നത്തുകൾ പാർക്കുന്നുണ്ടോ?
വക്കീലേ
നിനക്ക് ചിരിയാണ് .
നിയമങ്ങളിൽ ഊഞ്ഞാൽ കെട്ടി
നീതിയിലേയ്ക്ക് കുതിക്കെന്ന് പറയാൻ മാത്രം
നീയൊന്നു നിന്നു … ചുമച്ചു
പിന്നെയും.