‘ഇന്ത്യയുടെ കോൺഗ്രസ് പാർട്ടി മോദിയുടെ ബി ജെ പി യെ തകർക്കുന്നു’

കർണ്ണാടകയിലെ കോൺഗ്രസിന്റെ അതിഗംഭീര വിജയത്തെ ഇംഗ്ലണ്ടിലെ ‘ദി ഗാർഡിയൻ’ പത്രം വിശേഷിപ്പിച്ചത്, ”ഇന്ത്യയുടെ കോൺഗ്രസ് പാർട്ടി, നരേന്ദ്ര മോദിയുടെ ബിജെപിയെ തോൽപ്പിച്ചു” എന്നാണ്. എന്താണിത് അർത്ഥമാക്കുന്നത്? ബിജെപി എന്ന പാർട്ടി മോദി, അമിത്ഷാ, അദാനി, അംബാനി എന്നീ നാല് ഗുജറാത്തി ബനിയമാർ നേതൃത്വം നൽകുന്ന ഒരു ഗുജറാത്തി – ഉത്തരേന്ത്യൻ മാഫിയ ആണ്. 2014 മുതൽ ഇന്ത്യയുടെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുകയും, ‘ഭരണഘടനാ – നിയമവാഴ്ച’യേയും മതേതരത്വത്തെയും തകർത്ത് ഒരു ‘ബനിയ – മാഫിയ’ രാജ് ആക്കിമാറ്റുകയുമായിരുന്നു  ബിജെപി ഭരണം.                        

ഇന്ത്യയുടെ രാഷ്ട്രീയ പൊതുമണ്ഡലത്തിന്റെ സംസ്‌കാര സമ്പന്നതയേയും അന്തസിനെയും നിരന്തരം അപമാനിക്കുകയും രാഷ്ട്രീയ സംവാദാത്മകതയുടെ സ്ഥാനത്ത്, വേട്ടയാടലുകളും നുണകളും ‘തിണ്ണമിടുക്കി’ (patriotism) ന്റെ ഐതിഹ്യമാലകളും ബീഫ് കൊലകളും വിദ്വേഷപ്രസംഗങ്ങളും ബിജെപി സ്ഥാപിച്ചു. പാർലമെന്ററി ജനാധിപത്യത്തിന്റെ സീമകളെയെല്ലാം ലംഘിച്ച ബിജെപി ഇന്ത്യയെന്ന മഹാത്മ്യത്തെയും 142 കോടി മനുഷ്യരെയും ഒരു ബനിയ – മാഫിയയുടെ കാൽക്കീഴിലമർത്തുകയാണുണ്ടായത്.

Union home minister Amit Shah address at the Meet the Press during Shah two-day visit to West Bengal, set the tone for the West Bengal assembly elections slated to be held next year in Kolkata,India on November 06,2020. (Photo by Debajyoti Chakraborty/NurPhoto via Getty Images)

2014-ൽ വലിയ ആരവങ്ങളോടെ എഴുന്നള്ളിക്കപ്പെട്ട നരേന്ദ്ര മോദിയുടെ തനിനിറം തിരിച്ചറിയുവാൻ ഉത്തരേന്ത്യൻ ജനത പരാജയപ്പെട്ടപ്പോൾ, തെക്കേ ഇന്ത്യക്കാർ അത് മനസിലാക്കി. നരേന്ദ്രമോദി എന്ന  വ്യാജബിംബത്തെ സൃഷ്ടിച്ച കൊടുംക്രൂര കൃത്യത്തിൽ പ്രധാനപ്രതികൾ ഉത്തരേന്ത്യൻ മുഖ്യധാരാ മാധ്യമങ്ങളാണ്. മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി, പുൽവാമായിൽ 40 സൈനികരെ ബലികൊടുത്തതിനെക്കുറിച്ച്, മുൻ കാശ്മീർ ഗവർണർ സത്യപാൽമല്ലിക്ക് നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ച ചെയ്യാൻ പോലും ഈ മാധ്യമങ്ങൾ തയ്യാറായില്ല. പ്രതിപ്പട്ടികയിൽ രണ്ടാമതു നിൽക്കുന്നത് നമ്മുടെ കോടതികളാണ്. ഇന്ത്യൻ ഭരണഘടനയുടെയും പീനൽ കോഡിന്റെയും മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ബാബ്‌റിമസ്ജിദ് കേസിൽ സുപ്രീം കോടതി  സ്വീകരിച്ച മാനദണ്ഡം ”ജനവികാരം” എന്ന നിയമവിരുദ്ധമായ ഒരു  അശ്ലീലതയാണ.് ‘ജനവികാരം’ എന്നതുകൊണ്ട് സുപ്രീം കോടതി ജഡ്ജിമാർ അർത്ഥമാക്കിയത് എന്താണ്? ബാബ്‌റിമസ്ജിദ് പൊളിച്ച്, അവിടെ രാമക്ഷേത്രം പണിയണമെന്ന് ആഗ്രഹിച്ചത് ആരൊക്കെയാണ്? ഒന്ന്, ബി ജെ പി എന്ന മാഫിയ. രണ്ട്, ഉത്തരേന്ത്യയിലെ നിസ്സാര ഭൂരിപക്ഷമായ സവർണർ, അയോധ്യയിൽ ഒരു രാമക്ഷേത്രമുണ്ടായിരുന്നുവെന്നും മുഗൾചക്രവർത്തി യായ ബാബർ അതു പൊളിച്ച്, മുസ്ലീം പള്ളി നിർമ്മിച്ചുവെന്നും വാദത്തിനുവേണ്ടി നമുക്കു   സമ്മതിക്കാം. എന്നാൽ, 16-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ, അയോധ്യയിലെ രാമക്ഷേത്രത്തിൽ ആർക്കായിരിക്കും പ്രവേശനമുണ്ടായിരുന്നത്? ഒരു ചെറുവിഭാഗം സവർണർക്കുമാത്രം എന്ന ഉത്തരം അനിഷേധ്യമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിലെ സാന്നിധ്യം മഹാഭൂരിപക്ഷം അവർണ മനുഷ്യരെ, അവിടെ നിന്ന് ആട്ടിപ്പായിച്ചി ട്ടുണ്ടാവും. രാമക്ഷേത്രം അവർണ മഹാഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഒരു മഹാ നരകം തന്നെയായിരുന്നിരിക്കും. അപ്പോൾ, ബാബർ ഈ ക്ഷേത്രം പൊളിച്ചാൽ, മഹാഭൂരിപക്ഷം അവർണരുടെ വികാരം എന്തായിരിക്കും? അവർ സന്തോഷം കൊണ്ട് തുള്ളിച്ചാടും, മധുരപലഹാരങ്ങൾ  വിതരണം ചെയ്യും, തെരുവുകളിൽ ആനന്ദനൃത്തമാടും. ഒരു ചെറിയ വിഭാഗം സവർണർക്കുമാത്രമേ സന്താപമുണ്ടാകുമായിരുന്നുള്ളൂ. ന്യൂനപക്ഷമായ സവർണരുടെ വികാരത്തെയാണ് സുപ്രീംകോടതി ‘ജനവികാര’മെന്നു വിശേഷിപ്പിച്ചത്.  എല്ലാ കാര്യത്തിലും അത് അങ്ങനെയാണല്ലോ, പ്രാചീന ഇന്ത്യാചരിത്രം മധ്യകാല ഇന്ത്യാചരിത്രം, ആധുനിക ഇന്ത്യാചരിത്രം എന്ന ശീർഷകങ്ങളിലിറങ്ങുന്ന പുസ്തകങ്ങളിലൊന്നും വിന്ധ്യാ പർവതത്തിനു തെക്കുള്ള പ്രദേശങ്ങളെക്കുറിച്ച് ഒരു പരാമർശം പോലുമുണ്ടാവില്ല. ഇക്കാര്യത്തിൽ യാതൊരു വ്യത്യാസവുമില്ല. ഇന്ത്യ എന്നാൽ ഉത്തരേന്ത്യ! ഇന്ത്യൻ ജനതയെന്നാൽ, ഉത്തേരന്ത്യൻ സവർണ ന്യൂനപക്ഷം!

ഏറ്റവുമൊടുവിൽ. ഒരു നിസ്സാര പദപ്രയോഗത്തിന്റെ പേരിൽ ഗുജറാത്തിലെ ഒരു ജഡ്ജി രാഹുൽ ഗാന്ധിയ്ക്കു നൽകിയ ശിക്ഷയുടെ അർത്ഥമെന്താണ്? ജഡ്ജിമാർ മോദിമാഫിയയുടെ ആജ്ഞാനുവർത്തികളായിരിക്കുന്നു. രാഹുൽഗാന്ധിയെ ശിക്ഷിച്ച ജഡ്ജിയ്ക്ക് ഉടൻതന്നെ പ്രതിഫലവും ലഭിച്ചു. നിഷ്പക്ഷതയുടെയും നീതിയുടെയും ഭരണഘടനാമൂല്യങ്ങളുടെയും സംരക്ഷകരാകേണ്ട നീതിപീഠവും മാധ്യമ സ്ഥാപനങ്ങളും ഇത്രമേൽ അധമരായ മറ്റൊരു രാജ്യം ലോകത്തുണ്ടോ? ഡൊണാൾഡ് ട്രംപ് എന്ന വംശീയഭ്രാന്തന് അമേരിക്കയിലെ കോടതികളെയോ മാധ്യമസ്ഥാപനങ്ങളെയോ മുട്ടുകുത്തിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന വസ്തുത നാം മറക്കരുത്. എന്നാൽ, ഇരിക്കാൻ പറഞ്ഞാൽ, മുട്ടുകാലിൽ ഇഴയുന്ന നാണം കെട്ട അവസ്ഥയിലേക്കാണ് ഇന്ത്യയിലെ ജുഡീഷ്യറിയും മാധ്യമവും ജീർണിച്ചത്.

നിരക്ഷരനായ മോദിയെക്കുറിച്ച് മാധ്യമങ്ങളും സാമൂഹ്യമാധ്യമ ശ്യംഖലകളും ചേർന്ന് കെട്ടിപ്പൊക്കിയ താരപ്പരിവേഷത്തിന്, ‘ഹിന്ദു സാമ്രാട്ട്’ പദവിക്ക്, അധികകാലം ഇന്ത്യയെ ഗ്രഹണത്തിലാഴ്ത്താൻ കഴിയില്ലെന്നാണ് കർണാടകയിലെ കോൺഗ്രസ്സിന്റെ ഉജ്ജ്വലവിജയം തെളിയിക്കുന്നത്. കർണാടകയിലെ ബി ജെ പിക്കുണ്ടായ ദയനീയ പരാജയത്തിന്റെ ‘ഐറണി’ എന്തെന്നാൽ, അത് മനുസ്മൃതിയുടെ ആര്യാവർത്ത സങ്കല്പം സാക്ഷാൽക്കരിക്കുന്നു എന്നതാണ്. മനുസ്മൃതി അനുസരിച്ച് ആര്യാവർത്തം, ആർഷഭാരതം എന്ന ഭൂപ്രദേശം വിന്ധ്യാപർവതത്തിനു വടക്കുള്ള പ്രസ്തുത വിഭാഗം മാത്രമാണ്. യാഗം ചെയ്യാൻ അനുയോജ്യമായ പ്രദേശത്ത് മാത്രമേ, ആര്യന്മാർ താമസിക്കാവൂ. കൃഷ്ണമാനുകൾ അധിവസിക്കുന്ന പ്രദേശമാണ് യാഗം ചെയ്യാൻ ഉചിതം. വിന്ധ്യനു തെക്കുള്ള പ്രദേശത്തെ മനുസ്മൃതി ചമച്ച ബ്രാഹ്‌മണർ ‘മ്ലേച്ഛഭൂമി’യെന്നാണ് നിന്ദാപൂർവ്വം വിശേഷിപ്പിച്ചത്. പക്ഷേ, ജനസംഖ്യാവർദ്ധനവിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും മറ്റും ഭൗതിക സമ്മർദ്ദങ്ങൾ ഈ ബ്രാഹ്‌മണശാസന ലംഘിക്കാൻ ബ്രാഹ്‌മണരെ  നിർബന്ധിതരാക്കി. പല പല ഘട്ടങ്ങളിലായി അവർ തെക്കേ ഇന്ത്യയിലേക്ക് കുടിയേറുകയും തദ്ദേശീയ ജനതയെ ‘കോളെണെസ്’ ചെയ്യുകയും അവരുടെ  ചരിത്രത്തെ തന്നെ തുടച്ചുമാറ്റുകയും ചെയ്തു. ഉത്തരേന്ത്യൻ ബ്രാഹ്‌മണാധിനിവേശത്തിനു പൂർണമായി കീഴടങ്ങാത്ത ജനത തമിഴരാണ്. മറ്റുപ്രദേശങ്ങളിൽ ചെറുത്തുനിന്ന തദ്ദേശീയരെ, ‘അയിത്തജാതി’കളായും വിധേയപ്പെട്ടവരെ ‘ശുദ്രരായും’ വർഗ്ഗീകരിച്ചുകൊണ്ട് ജാതിക്രമം സൃഷ്ടിച്ചു. ഇതിൽ ഏറ്റവും ദയനീയമായ അവസ്ഥയിലേക്കു തരം താഴ്ന്നുപോയത് കേരളത്തിലെ ശൂദ്രരാണ്.  ഈ അഴിഞ്ഞാട്ടക്കാരുടെയും നമ്പൂതിരിമാരുടെയും ജനസംഖ്യാ തുലോം തുച്ഛമായതിനാൽ ബി ജെ പി യ്ക്ക് കേരളത്തിൽ ദിവാസ്വപ്നങ്ങൾ കാണാനെ കഴിയൂ.  തമിഴ്‌നാട് എന്നും  ബി ജെ പി യ്ക്കു  പേടിസ്വപ്നം നൽകിക്കൊണ്ടിരിക്കും. ആന്ധ്രയിലും തെലങ്കാനയിലും അവരുടെ സ്ഥാനം അഗസ്ത്യകോടിയിലാണ്.

ഗുജറാത്തി ബനിയയുടെ ജൻമസിദ്ധമായ ചതി, കുതിരക്കച്ചവടം, പണമുഷ്‌ക് എന്നീ ഘടകങ്ങൾ കൊണ്ട് അവർ കർണാടകയിൽ അധികാരം പിടിക്കുന്നതിൽ വിജയിച്ചു. മോദിയുടെ ഭരണത്തിൻ കീഴിൽ, ഇന്ത്യ ചതഞ്ഞുകൊണ്ടിരുന്നതുപോലെ, കർണാടകയും ഊർദ്ധശ്വാസം വലിക്കുകയായിരുന്നു. പ്രതിപക്ഷങ്ങൾക്കിടയിലെ അനൈക്യമാണ് മോദി മാഫിയയുടെ ആയുസ് നീട്ടിക്കൊടുക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും കർണാടക കോൺഗ്രസ്സിലെ ഉരുക്കുപോലെ ഉറച്ച ഐക്യവും ജനങ്ങളിൽ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ടാക്കി. മോദി മാഫിയയ്ക്കു ബദലില്ല എന്ന  ആശങ്കയിൽ നിന്ന് ഇന്ത്യയിലെ ജനങ്ങളെ ഉണർത്തുന്നതിൽ രാഹുൽ ഗാന്ധി വഹിച്ച പങ്ക് നിസ്തുലമാണ്.

ഒത്തുതീർപ്പിന്റെ ആൾരൂപങ്ങളായ പടക്കുതിരകൾ പല തവണ, പല രൂപത്തിൽ അട്ടിമറികൾ നടത്തിയിട്ടും അവരുടെ ചതിക്കുഴികളിൽ വീഴാതെ, രാഹുൽഗാന്ധി ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരുന്ന കർണാടക തിരഞ്ഞെടുപ്പുവേളയിൽ, ‘വെറുപ്പിന്റെ കമ്പോളത്തിൽ, സ്‌നേഹത്തിന്റെ കട തുടങ്ങും’ എന്ന രാഹുലിന്റെ മുദ്രാവാക്യം സാധാരണ ജനങ്ങളുടെ ഹൃദയത്തിലാണ് പതിച്ചത്. ജനങ്ങളോട് ഹൃദയത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഷയിൽ സംസാരിക്കാൻ കഴിയുന്ന ഒരു നേതാവിനെയാണ്, ഇന്ത്യൻ പ്രതിപക്ഷ ഐക്യത്തി നാവശ്യം. 2024-ൽ ഉയർന്നുവരുന്ന ഐക്യപ്രതിപക്ഷത്തിന്റെ മഹാമുന്നേറ്റത്തിന്റെ ആദ്യ തുടികൊട്ടാണ് കർണാടകയിലെ കോൺഗ്രസ്സ് വിജയം. ദേഹമാസകലം മുറിവേറ്റു പിടയുന്ന ജനാധിപത്യ ഇന്ത്യയുടെ സ്വയം ചികിത്സ (Self healing) യാണ് കർണാടകയിൽ നാം കണ്ടത്.

കേരളം  പാലിക്കേണ്ട പാഠം

കോൺഗ്രസ്സിന്റെ വിജയത്തെ രഹസ്യമായി ശപിക്കുന്ന മനോഭാവമാണ് സി പി എം ന്റേത്. കർണാടകയിൽ ഉണ്ടായിരുന്ന ഒരു സീറ്റുപോലും നിലനിർത്താൻ കഴിയാത്ത സി പി എം ന്റെ കേരളത്തിലെ താത്വിക സെക്രട്ടറി പറഞ്ഞത്, ‘കോൺഗ്രസ്സിന്റെ കർണാടകയിലെ വിജയത്തിന് ദേശീയ പ്രസക്തി’ യില്ലെന്നാണ്. ഇത്ര വലിയൊരു ഫലിതം പറയാനുള്ള ‘താത്വികാവഗാഹം’ ലളിതമായി പറഞ്ഞാൽ ഉളുപ്പില്ലായ്മയാണ്. അതിനാൽ, മോദി മാഫിയയ്‌ക്കെതിരായ ആസന്ന മഹായുദ്ധ ത്തിൽ സി പി എം ൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നു മാത്രമല്ല, അവർ ഒറ്റുകാരായി മാറാനും സാധ്യതയുണ്ട്.

കരയോഗ പ്രമാണിമാരെ പോലെ കൊച്ചു കൊച്ചു വിഭാഗീയ സാമ്രാജ്യങ്ങൾ കെട്ടിപ്പൊക്കാൻ മത്സരിക്കുന്ന കോൺഗ്രസ്സ് നേതാക്കന്മാർ  ഇനിയെങ്കിലും ഗ്രൂപ്പുകളി അവസാനിപ്പിക്കണം. കർണാടകയിൽ തുടങ്ങിയ ഭൂമി കുലുക്കം കേരളത്തെ പിടിച്ചുകുലുക്കണമെങ്കിൽ, നിങ്ങളുടെ തമ്മിലടി അവസാനിപ്പിക്കണം. നിങ്ങൾ, ഗ്രൂപ്പു നേതാക്കന്മാർ പോയി ഡി കെ ശിവകുമാറിൽ നിന്ന് ഒത്തൊരുമയുള്ള സംഘടന എന്താണെന്നും അതിന്റെ പ്രയോജനമെന്താണെന്നും പഠിക്കാൻ തയ്യാറാവണം. എത്ര അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായാലും, ഒത്തൊരുമയുള്ള സംഘടനയില്ലെങ്കിൽ അത് പോളിംഗ് ബൂത്തിൽ വോട്ടായി എത്തുകയില്ല. കേരളത്തെ അഴിമതിയുടെ  മാലിന്യം കൊണ്ടു മൂടിക്കൊണ്ടിരി ക്കുന്ന കീടഫാസിസ്റ്റിനെതിരെ തെരുവുകൾ പ്രക്ഷുബ്ദമാകാത്തത് എന്തുകൊണ്ടാണ്?  കരയോഗ പ്രമാണിമാർക്ക് പ്രസ്താവനായുദ്ധത്തിനപ്പുറ ത്തേക്ക് കുതിക്കാനുള്ള ഐക്യവുമില്ല, ധൈര്യവുമില്ല, ഏറ്റവുമൊടുവിൽ, ഡോ. വന്ദനാ ദാസിന്റെ ക്രൂരമായ കൊലപാതകമുണ്ടായിട്ടും അതിനെ നിസ്സാരവൽക്കരിച്ചു കൊണ്ട് ആരോഗ്യമന്ത്രി സംസാരിച്ചിട്ടും കേരളം കത്താത്തതിനു കാരണം കോൺഗ്രസ്സിനെ വിഴുങ്ങിയ കരയോഗ പ്രമാണിമാരുടെ  കെടുകാര്യസ്ഥതയാണ്. മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും ആത്യന്തികഭീതി, മരണഭീതിയാണ്. മരണം കൺമുന്നിൽ കാണുമ്പോൾ, പേടിച്ച് സ്തംഭിക്കാനിരിക്കണമെങ്കിൽ, സൈനിക- ടെററിസ്റ്റ് പരിശീലനം ലഭിക്കണം. കേരളത്തിലെ മെഡിക്കൽ കോളേജുകൾ, military terrorist training collegeകൾകൂടി ആകണമെന്നാകണം വിവേകശൂന്യയായ ഈ ആരോഗ്യമന്ത്രി ഉദ്ദേശിച്ചത്. അങ്ങനെയുള്ള ഒരു മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അനുവദിക്കാത്ത സമര കൊടുങ്കാറ്റ് സൃഷ്ടിക്കാൻ പ്രതിപക്ഷത്തിന് കഴിയാത്തത് എന്തുകൊണ്ട്? 23 വയസ്സുള്ള ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടപ്പോൾ, ഓടി യൊളിച്ച പോലീസ് ക്രിമനലുകൾ ഇപ്പോഴും സർവീസിൽ തുടരുന്നത് എന്തുകൊണ്ട്? പ്രതിപക്ഷവും കോൺഗ്രസ്സും ഉത്തരം പറയേണ്ട ചോദ്യങ്ങളാണ് ഇതെല്ലാം.

കർണാടകയിലെ വിജയം കേരളത്തിലെ കോൺഗ്രസ്സിനുള്ള അവസാന പിടിവള്ളിമാത്രമല്ല, മുന്നറിയിപ്പു കൂടിയാണ്. കരയോഗ പ്രമാണിമാരുടെ വേഷം അഴിച്ചുകളയുക! ഡി കെ ശിവകുമാറിനെപോലെ സ്റ്റേറ്റ്‌സ്മാൻ ആവുക. അല്ലാത്തപക്ഷം, കർണാടകയുടെ കേരള പ്രഭാവത്തെ തല്ലിക്കെടുത്തുന്ന അഞ്ചാംപത്തികളായി നിങ്ങളെ ജനങ്ങൾ വിലയിരുത്തും. ഇനിയെങ്കിലും, ‘ഇന്ത്യയുടെ കോൺഗ്രസ്സ് പാർട്ടിയുടെ കേരളാഘടകം സൃഷ്ടിക്കുക!