മങ്ങിപ്പോയ മോദി പ്രതാപം
ലേഖകൻ: പ്രേം ചന്ദ്രൻ
കർണാടകയിൽ ബിജെപിയ്ക്കു കിട്ടിയത് കോലാഹലങ്ങളൊന്നും ഇല്ലാതെ ജനങ്ങൾ അവർക്കായി കരുതിവച്ച ഒരു പ്രഹരം. ഭരണവിരുദ്ധ വികാരം നഗരങ്ങളിലോ നാട്ടിൻപുറങ്ങളിലോ പോലും ഒരിക്കലും വലുതായി പ്രത്യക്ഷപ്പെട്ടിരുന്നില്ല. എങ്കിലും ചുവരെഴുത്ത് എന്ത് എന്ന കാര്യത്തിൽ ആർക്കും വലിയ സംശയം ഒന്നും ഇല്ലായിരുന്നു. കൃഷ്ണരാജപുരം സ്റ്റേഷനു അധികം അകലെയല്ലാതെ കസ്തുരി നഗറിൽ ഇരുന്ന് തലസ്ഥാനമായ ബംഗളൂരുവിലും മറ്റു പ്രദേശങ്ങളിലും നടന്ന തെരഞ്ഞെടുപ്പ് പ്രചാരണം വീക്ഷിക്കാൻ ഇടയായ ഈ ലേഖകന്, പൊതുജനങ്ങളിൽ ആർക്കും ഇതിനോടൊന്നും കാര്യമായ ഒരു താത്പര്യവും ഇല്ല എന്ന ഭാവം ശ്രദ്ധയിൽ പെട്ടിരുന്നു. ‘വരട്ടെ, കാണാം’ എന്ന ഉദാസീനമായ ഒരു മട്ട്. ബിജെപിയുടെ ഭരണത്തെക്കുറിച്ചു നല്ല അഭിപ്രായങ്ങൾ കേൾക്കാനേ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു. കോൺഗ്രസിനെ കുറിച്ച് നല്ലതു പറയാത്തവരും, സിദ്ധരാമയ്യയും ഡി കെ ശിവകുമാറും നല്ല നേതാക്കൾ എന്ന് ഊന്നിപ്പറയുന്ന അവസ്ഥ ഉണ്ടായിരുന്നു. മിടുക്കുള്ള നേതാക്കന്മാർ മുന്നിൽ നിന്നാൽ വിജയം ഉറപ്പ് എന്ന് കർണാടകം തെളിയിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പറന്നിറക്കവും വീണ്ടും വീണ്ടുമുള്ള വരവും വലിയ മീറ്റിംഗുകളും അവിടെയും ഇവിടെയുമായി നിരന്തരം നടക്കുമ്പോൾ തന്നെ, ജനങ്ങൾക്കിടയിൽ കാണപ്പെട്ട തെരഞ്ഞെടുപ്പ് സംബന്ധിച്ച നിർവികാരത നാട്ടിലെങ്ങും, പ്രത്യേകിച്ച് ബംഗളുരു നഗരത്തിൽ, വളരെ വ്യക്തമായിരുന്നു. റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇവിടെ ഇലക്ഷൻ നടക്കും എന്ന തോന്നലുണ്ടാക്കാത്ത ഒരു അവസ്ഥയാണ് കാണപ്പെട്ടത്. കാടടച്ചുള്ള പ്രചാരണങ്ങളോ മൈക്കു വെച്ചുള്ള ഊരുചുറ്റലുകളോ ഒക്കെ വളരെ കുറവായി മാത്രമേ കാണുകയുണ്ടായുള്ളൂ. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് രംഗത്തിൽ ചൂടും ചൂരും ഇല്ലാതെ പോയത്? കേട്ടറിഞ്ഞത്, പാർട്ടികളും സ്ഥാനാർത്ഥികളും ഇന്ന് കൂടുതൽ ശ്രദ്ധിക്കുന്നത് ആയിരങ്ങളുടെ നോട്ടുകൾ എണ്ണി പോക്കറ്റിൽ ഇട്ടുകൊടുത്തു വോട്ടു വിലയ്ക്ക് വാങ്ങുന്നതിലാണ് എന്നാണ്. സാധാരണക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ, ചൗളുകളിൽ, തലയെണ്ണി കണക്കുപറഞ്ഞു കാശു കൊടുത്ത് വോട്ടുകൾ റിസർവ് ചെയ്യുന്നു. ഇതൊക്കെ നമ്മുടെ നാട്ടിലും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പോലും ഇപ്പോൾ നല്ലതോതിൽ പ്രാവർത്തികം ആക്കിയിരിക്കുകയാണല്ലോ.
രാഷ്ട്രീയത്തിനാണോ പണത്തിനാണോ വിലയില്ലാതെയായത് എന്ന സംശയം ബാക്കിയാകുന്നു. ആദർശം പരണത്തു കയറ്റിവെച്ച് വ്യക്തിതാത്പര്യങ്ങൾക്ക് നേതാക്കന്മാർ മുൻഗണന നൽകുന്ന കാലത്ത് ,രാഷ്ട്രീയത്തിന്റെ പേരിൽ വെറും വോട്ടുകുത്തികൾ ആകാനിന്ന് ഒരുപക്ഷേ കേരളത്തിൽ മാത്രമേ ആളുകളെ കിട്ടുകയുള്ളൂ എന്ന സ്ഥിതിയും കാണാതെ പോകരുത്. പിണറായി വിജയൻ കിറ്റു കൊടുത്തു ജനങ്ങളെ സുഖിപ്പിച്ചു വോട്ടു വാങ്ങിയത് ഇതിന്റെ മറ്റൊരു വശം.
അധികമായാൽ അമൃതും വിഷം എന്നാണല്ലോ. കർണാടകയിലൂടെ ആഴ്ചകളോളം തേരാപാരാ നടന്നു പ്രചാരണം നടത്തിയ പ്രധാനമന്ത്രി മോദി മറന്നുപോയ ഒരു കാര്യം അതായിരുന്നു. പലകാര്യങ്ങളിലും മിതത്വം മോദിയുടെ പ്രത്യേകതയാണ്. അമ്മയുടെ മരണദിവസം പോലും സഹമന്ത്രിമാരോട് ‘അവിടെയിരുന്നു നിങ്ങൾ നിങ്ങളുടെ ജോലി നോക്കിക്കോളു’ എന്നാണദ്ദേഹം പറഞ്ഞത്. കർണാടകം നഷ്ടപ്പെട്ടാൽ തെന്നിന്ത്യ മൊത്തം പോയി എന്ന ബോധത്തിൽ നിന്നും കൂടിയാകണം അദ്ദേഹം ഇങ്ങനെ ഒരു അതിസാഹസത്തിനു മുതിർന്നത്. ഇലക്ഷൻ കാമ്പയിനുകൾ പൊതുവെ അദ്ദേഹത്തിന് ഒരു ഹരം ആണുതാനും. ബിജെപിയെ മമത മുൾമുനയിൽ നിർത്തിയ ബംഗാളിൽ ഓടിനടന്നു പ്രസംഗിച്ചിട്ടും നാണംകെട്ടു തിരിഞ്ഞോടേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായി. ഹിമാചലിൽ പോലും അത് ആവർത്തിച്ചു. കർണാടകയിൽ ജനം ഇത്തവണ അദ്ദേഹത്തെ തേച്ചുകുളിപ്പിച്ച് വിട്ടു എന്നതാണ് സത്യം.
സ്വയംകുഴിച്ച കുഴിയിൽ കുത്തനെ വീണു എന്നതാണ് ബിജെപിയ്ക്ക് കർണാടകയിൽ സംഭവിച്ചത്. തുടക്കം മുതൽ തന്നെ, ലിംഗായത്ത് എന്ന സമുദായത്തിന്റെ സ്വന്തം പാർട്ടി എന്ന ഖ്യാതി അവർ നേടിയിരുന്നു. സംസ്ഥാനത്തു ഏതാണ്ട് പതിനാറു ശതമാനം വീതം ജനസംഖ്യയുള്ള രണ്ടു പ്രബല സമുദായങ്ങളാണ് ലിംഗായത്തും വൊക്കലിംഗയും. ലിംഗായത്തുകൾ വിദ്യാഭ്യാസത്തിൽ മുന്നോക്കം. വൊക്കലിംഗ ജന്മിമാരുടെയും കർഷകരുടെയും സമുദായം. അതിന്റെ പിന്തുണ കുറെകാലമായി മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കുടുംബത്തിന്റെ കുത്തകയായി നിലനിന്നു. ഒരു പ്രാദേശിക പാർട്ടിയ്ക്ക് അങ്ങനെയാകാം. എന്നാൽ ഒരു ദേശീയ പാർട്ടി, പല സമുദായങ്ങളും വിഭാഗങ്ങളും ഉൾക്കൊണ്ട കർണാടകം പോലെയുള്ള ഒരു വലിയ സംസ്ഥാനത്ത് ഏതെങ്കിലും ഒരു സമുദായത്തിന്റെ കുത്തക ആയി കാണപ്പെടുമ്പോൾ കഥ മാറും. ഒരു സമുദായത്തിന്റെ ശക്തിയുടെയും പിന്തുണയുടെയും മറവിൽ ലിംഗായത്തു നേതാവായ യെദിയൂരപ്പ അവിടെ അഴിഞ്ഞാടി. രണ്ടു ആൺമക്കളെ ഇരുവശവും ഇരുത്തി ഭരണം പൊടിപൊടിച്ചു. ഭരണവും പാർട്ടിയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി. നാൽപ്പതു ശതമാനം കമ്മീഷന്റെ സർക്കാർ എന്ന ഖ്യാതിയും ബിജെപിയെ വേട്ടയാടി. അവസാനം മോദിയും അമിത്ഷായും ഇടപെട്ടപ്പോഴേക്കും തെറ്റുതിരുത്തലിനുള്ള സമയം കഴിഞ്ഞിരുന്നു. അവർ പകരം കണ്ടെത്തിയത് ബാസവരാജ് ബൊമ്മയ് എന്ന ശക്തിഹീനനെ. അതാകട്ടെ, മറ്റൊരു ‘അച്ഛന്റെ മകൻ’ കുടുംബപുരാണം.
കർണാടകയിൽ ജനം ബിജെപിയുടെ ഭരണം കണ്ടു മടുത്തു എന്നതാണ് വാസ്തവം. ഇവിടെ ഒരിക്കൽ പോലും ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപി തെരഞ്ഞെടുപ്പുകളിൽ നേടിയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 104 സീറ്റു നേടി അവർ മുന്നിൽ വന്നപ്പോഴും, കോൺഗ്രസ്സും ജെഡിഎസും കൂടി സഖ്യമുണ്ടാക്കി ഭരണത്തിൽ വരുകയായിരുന്നു. കുറേകഴിഞ്ഞു, അവരെ അട്ടിമറിച്ചാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. ഒരു രാഷ്ട്രീയ പാർട്ടിയെയും തുടരെ വീണ്ടും തിരഞ്ഞെടുത്ത ചരിത്രവും കർണാടകയ്ക്കില്ല. എല്ലാംകൂടി ആയപ്പോൾ ഇത്തവണ ബിജെപി വേണ്ടാ എന്ന അഭിപ്രായം ബലപ്പെട്ടു. ബൊമ്മയ് എന്ന ബൊമ്മയ്ക്കു ജനങ്ങളിൽ എന്തെങ്കിലും ആവേശമോ താത്പര്യമോ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതും ഈ അഭിപ്രായത്തെ ബലപ്പെടുത്തി. ഒരു ലിംഗായത്തിനെ മുഖ്യമന്ത്രിപദത്തിൽ നിന്ന് മാറ്റിയപ്പോൾ, മറ്റൊരു ലിംഗായത്തിനെ തന്നെ ബിജെപി അവിടെ പ്രതിഷ്ഠിച്ചു എന്നതും ശ്രദ്ധിക്കപ്പെട്ടു.
ജാതിസമവാക്യങ്ങൾ കോൺഗ്രസിന് തുണയായി. രണ്ടു പ്രധാന വിഭാഗങ്ങൾ കോൺഗ്രസ്സിന് വേണ്ടിയുള്ള പോർമുഖത്തിനു മുന്നിൽ നിലയുറപ്പിച്ചു. ജനസംഖ്യയിൽ ഏറ്റവും പ്രബലരായ ദളിത് വിഭാഗം ഏതാണ്ട് ഒറ്റക്കെട്ടായി രംഗത്തു വന്നപ്പോൾ, അവരുടെ വിഭാഗത്തിൽ പെട്ട സിദ്ധരാമയ്യയ്ക്ക് വീണ്ടും മുഖ്യമന്ത്രി ആവാനുള്ള സാധ്യത മാത്രമല്ല, മറ്റൊരു ദളിത് നേതാവായ മല്ലികാർജുൻ ഖാർഗെ നയിക്കുന്ന പാർട്ടി കോൺഗ്രസ്സിന്റെ വിജയം തങ്ങളുടെ ആത്മാഭിമാനത്തിന്റെ വിജയമായും അവർ കണ്ടു. ദളിതർ ജനസംഖ്യയുടെ 20 ശതമാനം വരും എന്നാണു കണക്ക്. ഇതോടൊപ്പം, 15 ശതമാനം വരുന്ന മുസ്ലിംകൾ അരയും തലയും മുറുക്കി കോൺഗ്രസ്സിനു വേണ്ടി രംഗത്തെത്തി. സംസ്ഥാന കോൺഗ്രസ് പ്രസിഡണ്ട് ഡി കെ ശിവകുമാറിന്റെ ആകർഷണണത്തിൽ നല്ലൊരു വിഭാഗം വൊക്കലിഗകളും, അവരുടെ സ്വന്തം കുമാരസ്വാമിയെ തഴഞ്ഞിട്ടു ഇത്തവണ കോൺഗ്രസിനൊപ്പം കൂടിയെന്നാണ് വോട്ടു വിശകലന കണക്കുകൾ കാണിക്കുന്നത്.
കോൺഗ്രസിന് നിശബ്ദമെങ്കിലും ശക്തമായ ഒരു തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് പാർട്ടിക്ക് കിട്ടിയ സീറ്റുകളും വോട്ടുകളും സ്ഥിരീകരിക്കുന്നു. പല കാര്യങ്ങൾ അതിനനുകൂലമായി ഭവിച്ചു. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും കൂടി ഒറ്റമനസ്സോടെ കൈകോർത്തപ്പോൾ തന്നെ, പകുതി വിജയം കോൺഗ്രസ് നേടിയെന്നു പറയണം. അവരുടെ യോജിച്ചുള്ള പ്രവർത്തനം, സ്ഥാനാർഥി നിർണയത്തിലെ അവധാനത, എല്ലാത്തിനും ഉപരി നല്ലൊരു പ്രകടനപത്രിക. വളരെ ചിട്ടയായ പ്രവർത്തനം ഇതൊക്കെ ഇത്തവണ കോൺഗ്രസിന്റെ പ്രത്യേകത ആയിരുന്നു. കോൺഗ്രസിന്റെ പ്രകടനപത്രിക എല്ലാവരുടെയും പ്രതീക്ഷകളെ കടത്തിവെട്ടി. വീട്ടമ്മമാർക്ക് രണ്ടായിരം രൂപ പ്രതിമാസം കൊടുക്കുമെന്ന വാഗ്ദാനം തന്നെ കോൺഗ്രസ്സിന്റെ വിജയം ഉറപ്പിച്ചു എന്നുപറയാം. ഇതിന്റെ അർഥം, ജനസംഖ്യയുടെ നാലിൽ ഒന്ന് വരുന്ന വിഭാഗത്തിനു ഈ ആനുകൂല്യം കൊടുക്കേണ്ടിവരും എന്നാണ്. അതായത് ഒന്നരകോടി വനിതകൾക്ക് ഈ സഹായം മാസാമാസം ലഭിക്കും.
ഇതു കൂടാതെ, സ്റ്റേറ്റ് ട്രാൻസ്‌പോർട്ടു ബസുകളിലും ബെംഗളൂരു സിറ്റി ട്രാൻസ്‌പോർട്ട് ബസുകളിലും എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര; ജോലിയില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം രണ്ടായിരം രൂപയുടെ സഹായം രണ്ടു വർഷത്തേക്ക്, ഡിപ്ലോമക്കാർക്കു 1500 രൂപ പ്രതിമാസം, അങ്ങനെ പോകുന്നു ‘ഓഫറുകൾ. ബിജെപി പ്രകടനപത്രിക ഇറക്കിയതിനു അടുത്ത ദിവസമാണ് കോൺഗ്രസ് പ്രകടനപത്രിക ഇറക്കിയത്. അതിലെ വാഗ് ദാനങ്ങൾ കണ്ടു ബിജെപി നേതാക്കന്മാരുടെ കണ്ണ് തള്ളിയിട്ടുണ്ടാവണം. പക്ഷെ, ചോദ്യങ്ങൾ അവശേഷിക്കുന്നു. ഇത്രയും പണം സർക്കാർ എവിടെനിന്നു കണ്ടെത്തും? ഇത് കോൺഗ്രസിന്റെ ഒരു ജീവന്മരണ പോരാട്ടം ആയിരുന്നുവല്ലോ. ജയിക്കുക എന്ന ഒറ്റ ലക്ഷ്യം. ‘എൻഡ് ജസ്റ്റിഫൈസ് ദ മീൻസ് ’ എന്നാണല്ലോ പ്രമാണം.
ഇതൊന്നും ഇല്ലാതെ തന്നെ, കോൺഗ്രസ്സിനോടുള്ള ആളുകളുടെ അഭിനിവേശം രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ തന്നെ വ്യക്തമായിരുന്നു. കേരളത്തിലെ ആവേശം കണ്ടു മനംകുളിർത്ത രാഹുൽഗാന്ധി, കർണാടകയിൽ എത്തിയതോടെ ജനം ഇളകി ഓടിയെത്തുന്ന കാഴ്ചയാണ് കണ്ടത്. ദളിതരും മുസ്ലിമുകളും കർണാടകയിൽ എന്നും കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തിയിട്ടുള്ള ജനവിഭാഗങ്ങളാണ്. അതുതന്നെയാണല്ലോ ഉത്തരേന്ത്യയിൽ പണ്ട് അടിതെറ്റിയപ്പോൾ ഇന്ദിരാഗാന്ധിയെ ചിക്കമംഗളൂരിൽ എത്തിച്ചതും. സംഘടനാപരമായി ശക്തമായ ബദൽ ഉണ്ടാക്കാൻ പല തവണ ഭരണത്തിൽ ഇരുന്ന ബിജെപി സംസ്ഥാനത്തു വേണ്ടത്ര പരിശ്രമിച്ചില്ല എന്നും കാണണം.
മുൻ മുഖ്യമന്ത്രി യെദിയൂരപ്പ ഈ ഇലക്ഷനിൽ ഒളിച്ചുകളി നടത്തി എന്നത് പകൽപോലെ വ്യക്തം. ചത്ത കുഞ്ഞിന്റെ ജാതകം ഇനി എഴുതണമോ എന്ന ഒരു ചോദ്യം അദ്ദേഹത്തിന്റെ മുഖത്തു വ്യക്തമായി നിഴലിച്ചിരുന്നു. തനിക്കു ശേഷം പ്രളയം തന്നെ അഭികാമ്യം എന്ന ചിന്ത അദ്ദേഹത്തെ ഗ്രസിച്ചിരുന്നു. ഒരു മൂലയിലേക്ക് മാറ്റിയിരുത്തിയ വില്ലാളിവീരനെ ഇലക്ഷൻ അടുത്തപ്പോൾ അമിത് ഷായും കൂട്ടരും കൂടി അനുനയിപ്പിക്കാനും മകന് ഒരു സീറ്റു കൊടുക്കാനും താത്പര്യം എടുത്തെങ്കിലും, അങ്ങിനെ വളയാൻ താൻ തയ്യാറല്ലെന്ന സന്ദേശം യെദിയൂരപ്പ സ്പഷ്ടമായി തന്നെ അണികൾക്ക് നൽകിയിരുന്നു. പ്രചാരണകാലത്തു അധികസമയവും അദ്ദേഹം ചിലവഴിച്ചത് മകൻ വിജയേന്ദ്രയുടെ ശിക്കാരിപുര മണ്ഡലത്തിൽ ആയിരുന്നു. മകൻ വിജയിക്കുകയും ചെയ്തു.
കർണാടകയിൽ നിന്നും കോൺഗ്രസ് ഇനി എങ്ങോട്ട് എന്ന ചോദ്യം പ്രസക്തമാണ്. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സ്വന്തമായ വ്യക്തിത്വം ഉള്ള നേതാവാണ്. അദ്ദേഹവും ബദ്ധശത്രു സച്ചിൻ പൈലറ്റും പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു എങ്കിലും രാഷ്ട്രീയ മെയ്‌വഴക്കം കൂടുതലും ഗെഹ്ലോട്ടിനു തന്നെ. ഇവരെ ഒന്നിച്ചു കൊണ്ടുപോവുക എന്ന കാര്യത്തിൽ കോൺഗ്രസിന് പഠിച്ചപണി പതിനെട്ടും പയറ്റേണ്ടി വരും. മുഖ്യമന്ത്രിപദം ഉറപ്പു കൊടുത്തില്ലെങ്കിൽ മറുകണ്ടം ചാടാൻ സച്ചിൻ പൈലറ്റ് തയ്യാറുമായേക്കാം. എന്നാൽ ഗെഹ്ലോട്ടിനു നാവുള്ളോടത്തോളം ഇത് നടന്നു എന്നു വരില്ല. വർഷാവസാനം നടക്കാൻ പോവുന്ന അസംബ്ലി തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്കുള്ള സമയം ആയിരിക്കുന്നു. കർണാടകയിൽ നേടിയ വിജയത്തിന്റെ തിളക്കം നിലനിർത്തണമെങ്കിൽ രാജസ്ഥാനിൽ ജയം കോൺഗ്രസിന് അനിവാര്യമാണ്. അവിടെയും ബിജെപി പ്രധാനമന്ത്രിയെ ആശ്രയിച്ചുള്ള പ്രചാരണം നടത്താനുള്ള സാധ്യതയാണുള്ളത്.
ഈ വർഷാവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനം മധ്യപ്രദേശ് ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഭൂരിപക്ഷത്തോടടുത്ത സീറ്റുകൾ മാത്രമേ കിട്ടിയിരുന്നുള്ളു. കോൺഗ്രസ് ഭരണം കമൽനാഥിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയെങ്കിലും, അതിനു നിലനിന്നു പോവാൻ കഴിഞ്ഞില്ല. ബിജെപിയുടെ ശക്തനായ നേതാവ് ശിവരാജ് സിംഗ് ചൗഹാൻ നേതൃത്വം കൊടുക്കുന്ന ഭരണം വീണ്ടും വന്നു. രാഷ്ട്രീയത്തിൽ നിന്നും ശരദ് പവാറിനെ പോലെ വാരിക്കോരി പണം ഉണ്ടാക്കിയ കമൽനാഥ് ഏതടവും പയറ്റാൻ കെൽപ്പുള്ളവനാണ്. ശിവരാജ് ചൗഹാൻ പിന്നോക്ക വോട്ടുകളുടെ ബലത്തിൽ വാഴുന്നു. ഏതാണ്ട് ഈ സമയത്തു തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു രണ്ടു സംസ്ഥാനങ്ങൾ ഛത്തിസ്ഗഡും തെലുങ്കാനയുമാണ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റുകൾ തൂത്തുവാരി ബിജെപിയെ ഒരു മൂലയിൽ ഒതുക്കിയിരുന്നു. തെലുങ്കാനയിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ശക്തമായി മുന്നോട്ടു പോകുന്നു. കോൺഗ്രസ്സിനോ ബിജെപിക്കോ അവിടെ വലിയ ശക്തി ഇല്ല.
ഇപ്പോൾ കോൺഗ്രസ് നാല് പ്രധാന സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടിയായി ബലം സംഭരിച്ചിക്കുന്നു. ഒന്നോ രണ്ടോ കൂടി കിട്ടിയാൽ, നല്ലൊരു മുഖത്തോടെ ഈ പാർട്ടിക്ക് അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയും. ഇപ്പോൾ കിട്ടിയ പുതുജീവൻ പാർട്ടിയെ ഒന്നിച്ചു നിർത്തുന്നതിൽ വലിയൊരു പങ്കു വഹിക്കുമെന്നത് തീർച്ച. ബിജെപിയിലേക്ക് കണ്ണുനട്ടിരുന്ന നേതാക്കൾ ഇനി ഇവിടെത്തന്നെ നിന്ന് ഒരങ്കം കൂടി പയറ്റിനോക്കാം എന്ന തീരുമാനത്തിൽ എത്തിച്ചേരും. ഇത് കേരളത്തിനും ബാധകമാണ്. രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തി ഈ യുദ്ധം നടത്താം എന്നും അറച്ചുനിന്ന കോൺഗ്രസ്സുകാർ പറയും. കോൺഗ്രസിനെ എഴുതിത്തള്ളിയ പ്രദേശിക പാർട്ടികളും പ്രധാനമന്ത്രിപദം കാംക്ഷിച്ചു നിൽക്കുന്ന ഇത്തരം പാർട്ടികളുടെ നേതാക്കന്മാരും മമതയും നിതീഷ് കുമാറും ഉൾപ്പെടെ കർണാടകാ തിരഞ്ഞെടുപ്പിനു ശേഷം, പത്തി അല്പം താഴ്ത്താനുള്ള സാധ്യതയാണുള്ളത്. മറ്റുള്ള പാർട്ടികൾ മുൻപിൽ നിൽക്കട്ടെ എന്ന ശശി തരൂരിന്റെ ഈയിടെയുള്ള പ്രസ്താവനകൾക്കും, പുതിയ സാഹചര്യത്തിൽ പ്രസക്തി കുറഞ്ഞു. ബിജെപിയ്ക്ക് എതിരായ യുദ്ധത്തിൽ കോൺഗ്രസ് മുന്നിൽ നിൽക്കണം എന്നതിൽ ഇപ്പോൾ, ഈ വിജയത്തിന് ശേഷം, കൂടുതൽ അഭിപ്രായ സമന്വയം ഉണ്ടാവും; ഉണ്ടാവണം. എന്തെല്ലാം ദോഷങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഈ രാജ്യത്തിനു ദിശാബോധത്തോടെ, അർപ്പണ മനോഭാവത്തോടെ നേതൃത്വം നൽകാൻ അധികം പാർട്ടികളില്ല. ബിജെപിയും കോൺഗ്രസുമാണ് അവയിൽ മുഖ്യം എന്ന കാര്യത്തിൽ തർക്കമില്ല.
ഇടതുപക്ഷം എവിടെ?, ഇന്ത്യയിലെ, ‘ആളില്ലെങ്കിലും വീമ്പുപറയുന്ന’ പാർട്ടിയുടെ കർണാടകയിലെ ശോചനീയ സ്ഥിതി നോക്കുക.. ആകെ മത്സരിച്ച നാലു സീറ്റുകളിൽ ഒന്നിൽ പതിനായിരത്തിലേറെ വോട്ടുവാങ്ങി മൂന്നാമതെത്തിയ സിപിഐ(എം) മറ്റു മൂന്നിടത്തും നാമമാത്രമായ വോട്ടുകൾ കൊണ്ട് തൃപ്തിപ്പെട്ടു. ഒരു ശതമാനം വോട്ടുപോലും ഒരു മണ്ഡലത്തിൽ കിട്ടാത്ത അവസ്ഥ ഇവർക്കല്ലാതെ മറ്റാർക്ക്? ‘വോട്ടല്ല പ്രധാനം, ഞങ്ങൾ ഈ രാജ്യത്തിന്റെ അജണ്ട നിശ്ചയിക്കുന്ന പാർട്ടിയാണ്’ എന്ന് വീരവാദം ഇളക്കാൻ യെച്ചൂരിയ്ക്കല്ലാതെ അഭിമാനബോധം ഉള്ള ആർക്കു സാധിക്കും? കമ്യൂണിസത്തിന് അടുത്തകാലം വരെ പുറത്തുകാണിക്കാൻ പറ്റിയ ഒരു മുഖം പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടേതായിരുന്നു. ഇന്ന് ആക്ഷേപങ്ങളുടെ മേൽ ആക്ഷേപങ്ങളുടെ ഭാണ്ഡക്കെട്ടുമായി നടക്കുന്ന അദ്ദേഹത്തിന് കേരളത്തിൽ തന്നെ തലയുയർത്തി നടക്കാൻ പറ്റാത്ത ദുരവസ്ഥയാണ്. കമ്യൂണിസം ഇന്ന് ആരുടെ പ്രസ്ഥാനം? അവസരവാദികളുടെയും സ്വാർത്ഥമതികളായ സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും പാർട്ടിയായി കമ്യൂണിസം അധഃപതിച്ചു പോയിരിക്കുന്നു.