കർണാടകം: വരാനിരിക്കുന്ന യുദ്ധത്തിന്റെ തുടക്കം

ലേഖകൻ: രാജാജി മാത്യു തോമസ്

1 കർണാടക നിയമസഭാ തെരഞ്ഞെടുപ്പുഫലം ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിനും അഹന്തയോളം വളർന്ന ആത്മവിശ്വാസത്തിനും ഏറ്റ കനത്ത പ്രഹരമാണ്. തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന്,ഇതെഴുതുംവരെ, ബിജെപിയെയും നരേന്ദ്രമോദിയെയും ഗ്രസിച്ചിരിക്കുന്ന മൗനം അവരിൽ ഉണ്ടാക്കിയ ഞെട്ടലിന്റെ ആഴത്തെയാണ് തുറന്നുകാട്ടുന്നത്. മറുവശത്ത്, തെരഞ്ഞെടുപ്പ് വിജയത്തോട് വിനയാന്വിതമായാണ് പ്രതികരിച്ചതെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഉണ്ടായ കാലതാമസവും ആശയക്കുഴപ്പവും ആ വിജയത്തിന്റെ ശോഭ തെല്ല് കെടുത്തി. അത് രൂപീകരിക്കപ്പെടുന്ന സർക്കാരിന്റെ സുസ്ഥിരത സംബന്ധിച്ച് ജനങ്ങളിൽ ആശങ്ക വളർത്തി. എന്നിരിക്കിലും തങ്ങൾ കാഴ്ചവച്ച മിന്നും പ്രകടനം കോൺഗ്രസ്സിന് അനിവാര്യമായിരുന്ന ആത്മവിശ്വാസവും നിർണായകമായ രാഷ്ട്രീയ ഊർജവും പകർന്നു നൽകിയിട്ടുണ്ട്.

2. കർണാടകത്തിലെ വിജയം ഇക്കൊല്ലം അവസാനപാദത്തിൽ നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറാം തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഏറെ പ്രയോജനപ്പെടും. അവയിൽ ആദ്യത്തെ മൂന്നു സംസ്ഥാനങ്ങളിലും ബിജെപിയെ നേരിടേണ്ട മുഖ്യ രാഷ്ട്രീയശക്തി കോൺഗ്രസായിരിക്കും. അവിടങ്ങളിൽ 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചിരുന്നു. മധ്യപ്രദേശിൽ കാലുമാറ്റവും കുതിരക്കച്ചവടവും സംഘടിപ്പിച്ചാണ് അധികാരം കയ്യാളിയത്. 2024 ആരംഭത്തിൽ ആന്ധ്രാപ്രദേശ്, ഒഡിഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ നിയമസഭാതെരഞ്ഞെടുപ്പുകളും മെയ് മാസത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം കർണാടക തെരഞ്ഞെടുപ്പുഫലം വിലയിരുത്തപ്പെടാൻ.

3. ബിജെപി തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടിങ്ങ് ശതമാനം നിലനിർത്തിയെങ്കിലും കർണാടകത്തിലെ ജനങ്ങൾ അവരുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ തുറുപ്പുചീട്ടായി പ്രയോഗിച്ച അങ്ങേയറ്റത്തെ ഭിന്നിപ്പുതന്ത്രമായ ഹിന്ദുത്വയെ നിഷ്‌കരുണം തിരസ്‌കരിച്ചു. അതാവട്ടെ ദക്ഷിണേന്ത്യയിലേക്കുള്ള അവരുടെ കടന്നുകയറ്റ വ്യാമോഹത്തിന്റെ വാതിലാണ് കൊട്ടിയടച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ വികസനമായിരിക്കും തങ്ങളുടെ മുഖ്യചർച്ചാവിഷയമെന്നു അവകാശപ്പെടുകയും പതിവ് ഇരട്ടഎഞ്ചിൻ ആഖ്യാനം ഉടനീളം വിറ്റഴിക്കാൻ ശ്രമിക്കുകയുമുണ്ടായി. ഇരട്ടഎഞ്ചിൻ വ്യാമോഹം കർണാടകത്തിൽ ചെലവായില്ലെന്നു മാത്രമല്ല കോൺഗ്രസ് ഉന്നയിച്ച ‘40 ശതമാനം കമ്മീഷൻ’ വിമർശനത്തിനുമുന്നിൽ നിലതെറ്റിയ ബിജെപിക്ക് ഹിന്ദുത്വ പ്രചാരണമല്ലാതെ മറ്റുമാർഗം ഒന്നുമില്ലെന്ന സ്ഥിതിവന്നു.

4. ഹിന്ദുത്വവാദം ബംഗളൂരുവിലും തീരദേശകർണാടകത്തിലും ബിജെപിക്ക് തങ്ങളുടെ കോട്ടകൾ സംരക്ഷിക്കാൻ സഹായകമായെങ്കിലും മറ്റെല്ലാമേഖലകളിലും അത് ജനങ്ങളെ അവരിൽനിന്നും അകറ്റിയെന്നാണ് തെരഞ്ഞെടുപ്പുഫലങ്ങൾ തെളിയിക്കുന്നത്. സാമൂഹ്യമായും വിദ്യാഭ്യാസപരമായും കടുത്ത പിന്നാക്കാവസ്ഥയിലുള്ള മുസ്ലിങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നാലുശതമാനം സംവരണം കന്നഡത്തിലെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തുകൾക്കും വൊക്കലിംഗയ്ക്കും തുല്യമായി വീതിച്ചുനൽകാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനവും അവർക്കു വിനയായി. പകുതിവെന്ത വികസനപദ്ധതികൾ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആഘോഷപൂർവം ഉൽഘാടനം ചെയ്തു ജനങ്ങളെ കബളിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ശ്രമങ്ങളും റോഡ്‌ഷോകളും പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്നുമാത്രമല്ല പലപ്പോഴും വിപരീതഫലമാണ് സമ്മാനിച്ചത്. ഉൽഘാടനംകഴിഞ്ഞു ദിവസങ്ങൾ പിന്നിടുമ്പോഴേക്കും പൊട്ടിപ്പൊളിഞ്ഞു വെള്ളക്കെട്ടുകൾ രൂപപ്പെട്ട ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ്സ്‌വേയടക്കം ജനങ്ങൾക്കു മുന്നിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് തട്ടിപ്പുകൾ തുറന്നുകാട്ടി.

5. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയം മുതൽ തെരഞ്ഞെടുപ്പു പ്രചാരണംവരെ എല്ലാറ്റിനും ചുക്കാൻ പിടിച്ചിരുന്നത് മോദിയും ഷായും ഉൾപ്പെട്ട കേന്ദ്രനേതൃത്വത്തിലെ മേലാളസംഘമായിരുന്നു. സംസ്ഥാനത്തെ പ്രബലനായ വൈ എസ് യദിയൂരപ്പ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് തുടങ്ങിയ സംസ്ഥാനനേതാക്കൾക്ക് മോദി, ഷാ, നഡ്ഡ, ആദിത്യനാഥ് തുടങ്ങിയ ദേശീയ പ്രചാരക വൃന്ദത്തിനു അകമ്പടി സേവിക്കുന്നതിലും നിശബ്ദരായി വേദി പങ്കിടുന്നതിലുമപ്പുറം കാര്യമായ ഉത്തരവാദിത്തങ്ങൾ ഒന്നും നിർവഹിക്കാനുണ്ടായിരുന്നില്ല. കർണാടകയിലെ പ്രബലരായ ബിജെപിയുടെ പ്രാദേശികനേതാക്കളുടെ ചിറകരിഞ്ഞൊതുക്കി വിധേയരുടെ ഒരു പുതുതലമുറ നേതൃത്വത്തെ തൽസ്ഥാനത്ത് അവരോധിക്കാനുള്ള സ്വേച്ഛാധിപത്യ പ്രവണതയാണ് മറനീക്കി പുറത്തുവന്നത്. അതിൽ വലിയൊരളവ് അവർ വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പുഫലം തങ്ങളുടെ ഗൂഢനീക്കത്തിന് തിരിച്ചടിയായി. മോദിയുടെ റാലികളിലും റോഡ് ഷോകളിലും പ്രതീക്ഷിക്കപ്പെട്ട ജനത്തിരക്ക് ഉണ്ടായില്ലെന്നു മാത്രമല്ല അവ പലപ്പോഴും ശുഷ്‌കവുമായിരുന്നു. അധികാര ലഹരിയിൽ ഉന്മത്തനായ മോദിക്ക് സംസ്ഥാനങ്ങളിലെ തന്റെ നേതാക്കളിലും കാര്യകർത്താക്കളിലും പൂർണവിശ്വാസം ഇല്ലെന്ന വസ്തുത ഇപ്പോൾ സുവിദിതമാണല്ലോ. 

പ്രമുഖ സംസ്ഥാനനേതാക്കളെ തഴഞ്ഞും അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചും നടത്തിയ സ്ഥാനാർഥിനിർണയം കർണാടക ബിജെപിയിൽ ഉണ്ടാക്കിയ പൊട്ടിത്തെറികളുടെ കഥകൾ ഇവിടെ ആവർത്തിക്കുന്നില്ല. ഈ പശ്ചാത്തലമാണ് കർണാടക തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം നരേന്ദ്ര മോദിയുടേത് മാത്രമാകുന്നത്.

6. തിരഞ്ഞെടുപ്പുവിജയത്തെ തുടർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഉണ്ടായ കാലതാമസവും കോലാഹലങ്ങളും കോൺഗ്രസ് ചരിത്രത്തിൽനിന്ന് പാഠം ഉൾകൊള്ളാൻ ഇനിയും വിസമ്മതിക്കുന്നു എന്ന പ്രതീതിയാണ് കാഴ്ചവെക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തോടെ ബിജെപി പത്തിമടക്കി താഴ്ന്നു കിടക്കുമെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്കു തെറ്റിയെന്നതിന്റെ സൂചനകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഉത്തരകർണാടകത്തിലെ ഭട്കലിലെ ഒരു നാൽക്കവലയിൽ പച്ച, കാവി, ബാബ       അംബേദ്കറുടെ ചിത്രത്തോടുകൂടിയ നീലക്കൊടികൾ ഉയർന്ന് പാറുന്ന വീഡിയോക്കൊപ്പം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം വർഗീയ അസ്വസ്ഥതകൾ ഇളക്കിവിടാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തിന്റെ ഭാഗമായി നിരീക്ഷകർ വിലയിരുത്തുന്നു. തങ്ങൾ തൂത്തുവാരിയ തീരകർണാടകത്തിലാണ് ബിജെപി ഭരണത്തിൽ മതന്യൂനപക്ഷങ്ങൾക്കുനേരെ വിദ്വേഷപ്രചാരണവും അതിക്രമങ്ങളും തീവ്രരൂപം പൂണ്ടത്.തെരഞ്ഞെടുപ്പ് പരാജയത്തിന്റെപേരിൽ ഇതുവരെ പിന്തുടർന്നുപോന്ന വിധ്വംസക പ്രവർത്തനങ്ങൾ സംഘപരിവാർ ശക്തികൾ അവസാനിപ്പിക്കുമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമായിരിക്കും. വിദ്വേഷപ്രചാരണവും അക്രമപ്രവണതകളും സജീവമായി തുടർന്നുകൊണ്ടേ അവർക്ക് നഷ്ടമായവ തിരിച്ചുപിടിക്കാൻ കഴിയു. 2024ലെ പൊതുതെരഞ്ഞെടുപ്പിലും ഈ വിദ്വേഷ രാഷ്ട്രീയവും ഭിന്നിപ്പിക്കൽ തന്ത്രവുമായിരിക്കും അവരുടെ മുഖ്യ ആയുധം. ‘വിദ്വേഷത്തിന്റെ വിപണിയിൽ സ്‌നേഹത്തിന്റെ കടതുറക്കുക’യാണ് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ സ്വന്തം ഭവനത്തിൽനിന്നും കോൺഗ്രസ് അത് ആരംഭിക്കേണ്ടിയിരിക്കുന്നു.

7. അടുത്ത പൊതുതെരെഞ്ഞെടുപ്പിന് ഒരു വർഷക്കാലം സമയം ഇനിയുമുണ്ട്. വലിയ തിരിച്ചടികളെ നേരിട്ട് നേടിയ വിജയമാണ് കർണാടകത്തിൽ കോൺഗ്രസിന്റേത്. ബിജെപിയുടെ ഹിന്ദുത്വ അടിത്തറക്ക് യാതൊരുകോട്ടവും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായില്ല. എന്നാൽ അവരുടെ ദുർഭരണത്തോടുള്ള സാമാന്യജനങ്ങളുടെ പ്രതികരണമാണ് തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചത്. ബിജെപിയുടെ ഡബിൾഎഞ്ചിൻ ഭരണത്തിൽ പ്രാദേശിക എഞ്ചിൻ 40 ശതമാനം കൈക്കൂലി കൂടാതെ പ്രവർത്തിക്കില്ലെന്നു വലിയൊരുവിഭാഗം ജനങ്ങൾക്കും ബോധ്യപ്പെട്ടിരുന്നു. സംഘപരിവാർ സംഘടനകളിൽ ഒന്നായ ഹിന്ദു യുവ വാഹിനിയുടെ ദേശീയ സെക്രട്ടറിമാരിൽ ഒരാളും സർക്കാർ കോൺട്രാക്ടറുമായ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യ ബൊമ്മയ് മന്ത്രിസഭയിൽ അംഗമായിരുന്ന ഈശ്വരപ്പയുടെ 40 ശതമാനം അഴിമതിപ്പണത്തിനുവേണ്ടിയുള്ള അത്യാർത്തിയെ തുടർന്നാണെന്ന് പാട്ടീൽ തന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. ഈശ്വരപ്പക്ക് ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും അയാൾ മോദിയുടെ മൈസൂരു പ്രചാരണപരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം സ്ഥാനംപിടിച്ച ഏക നേതാവായിരുന്നു. അറിയപ്പെടുന്ന അഴിമതിക്കാരനായ ഒരാൾക്ക് ലഭിക്കുന്ന ഇത്തരം അംഗീകാരം സാമാന്യജനങ്ങളെ അമ്പരപ്പിച്ചിട്ടുണ്ടാവണം. ബിജെപിക്കെതിരായ ജനവിധി അഴിമതിക്കെതിരായ ജനവിധിയായിരുന്നു. കോൺഗ്രസ് ഭരണം അതിൽനിന്നു എത്ര വ്യത്യസ്തമായിരിക്കുമെന്നു കർണാടകത്തിൽ മാത്രമല്ല ഇന്ത്യയിലുടനീളം ജനങ്ങൾ വിലയിരുത്തും. പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നത് കർണാടകത്തിൽ കോൺഗ്രസ് കാഴ്ചവെക്കുന്ന പ്രകടനത്തെക്കൂടി ആശ്രയിച്ചിരിക്കും.

8. കർണാടകത്തിൽ ബിജെപി അവശേഷിപ്പിക്കുന്നത് സാമുദായികമായി ശിഥിലീകരിക്കപ്പെട്ട, അഴിമതിയുടെ കൂത്തരങ്ങായ, വിലക്കയറ്റവും തൊഴിൽരാഹിത്യവും രൂക്ഷമായ, ഖനിമാഫിയകൾ ഉൾപ്പടെ ലാഭാർത്തിപൂരണത്തിന് എന്തുംചെയ്യാൻമടിയില്ലാത്ത മാഫിയാസംഘങ്ങൾ ആധിപത്യംപുലർത്തുന്ന, മത ന്യുനപക്ഷങ്ങൾ സദാ ഭയത്തിന്റെ നിഴലിൽ കഴിഞ്ഞുകൂടേണ്ടിവരുന്ന ഒരു സമൂഹത്തെയാണ്. അതിലെന്ത് മാറ്റം കൊണ്ടുവരാൻ കോൺഗ്രസിന് കഴിയുമെന്നതാണ് വെല്ലുവിളി.

സ്ത്രീകൾക്ക് സൗജന്യ ബസ്‌യാത്ര, രണ്ടായിരം രൂപയുടെ അലവൻസ്, സൗജന്യ വൈദ്യുതി തുടങ്ങിയവ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ആശ്വാസം പകരുന്ന സാമ്പത്തിക നടപടികൾ തന്നെ. എന്നാൽ ബിജെപിഭരണം സമൂഹത്തിൽ സൃഷ്ടിച്ച ആഴമേറിയമുറിവുകൾ ഉണക്കാൻ എന്ത് കർമപരിപാടിയാണ് അവർ നടപ്പാക്കുക എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്ത് ഉയർന്നുവരുന്ന ഒരു ബദൽ രാഷ്ടീയത്തിന്റെ ദേശീയതലത്തിലുള്ള സ്വീകാര്യത. തെരഞ്ഞെടുപ്പ് വിജയത്തേക്കാളും ആ വിജയം ജനങ്ങൾക്ക് ആശ്വാസം പകർന്ന് സമൂഹത്തിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്തി നിലനിർത്തുകവഴിയേ അത്തരം ഒരു ദേശീയ ബദലിന് ശക്തമായ അടിത്തറ പാകാനാവൂ.

9. മോദിയും ബിജെപിയും ഭരണനിർവഹണത്തെക്കാൾ തെരഞ്ഞെടുപ്പ് മുറയിൽ നിതാന്തജാഗ്രത പുലർത്തുന്ന ഒരു സംവിധാനമാണെന്നു കഴിഞ്ഞ ഒമ്പതുവർഷത്തെ മോദിഭരണം നമ്മെ ബോധ്യപ്പെടുത്തുന്നു. അവർ പാലൂട്ടിവളർത്തുന്ന ചങ്ങാത്തമുതലാളിത്തം അതിനാവശ്യമായ അളവറ്റ വിഭവസമ്പത്ത് അവർക്ക് ഒരുക്കിനൽകുന്നു. ആർഎസ്എസും ഡസൻകണക്കായ സംഘപരിവാർ സംഘടനകളും അവരുടെ കാലാൾപടയാണ്. കർണാടകത്തിലെ തെരഞ്ഞെടുപ്പുപരാജയം അവരെ തെല്ലൊന്നു ഞെട്ടിച്ചിട്ടുണ്ടെങ്കിലും പൊതുതെരഞ്ഞെടുപ്പെന്ന യുദ്ധം ജയിക്കാനുള്ള ആയുധശേഖരം അവരുടെ പാളയത്തിലും ആവനാഴികളിലും സമാനതകളില്ലാത്തവിധം സജ്ജമാണ്. വരാൻപോകുന്ന ആ യുദ്ധമാണ് ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത, മതനിരപേക്ഷ, ജനാധിപത്യ, ക്ഷേമരാഷ്ട്രമായി നിലനിക്കണമോ എന്ന് നിർണയിക്കുക. അതിൽ കോൺഗ്രസിന്റെ കർണാടകത്തിലെ വിജയം പ്രതീക്ഷക്കുമാത്രം ഇടംനൽകുന്നതാണ്. ആ യുദ്ധത്തിലെ വിജയം വിപുലവും വിശാലവുമായ പ്രതിപക്ഷഐക്യം കൂടാതെ അസാധ്യമാണെന്ന് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കർണാടക നിയമസഭാതെരഞ്ഞെടുപ്പുഫലം ആ യാഥാർഥ്യബോധത്തെ ബലപ്പെടുത്താനുള്ള അവസരമായി ബന്ധപ്പെട്ട എല്ലാവരും പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കാം.