മലമുകളിലെ നൃത്തവേദി
ശീതകാറ്റിൽ
തേനീച്ചകളന്യോന്യം പുണരുന്നു
തേൻകൂടിനു നടുക്ക് യേശു പിറന്നോരിടത്ത്
കിടക്കുന്നൂ തേൻ മണക്കുമൊരുണ്ണി.
കുംഭ വീർത്തൊരാളെപ്പോൽ
ചോന്നുരുണ്ട സൂര്യനസ്തമിക്കുന്നു
അയൽക്കാരൻ മരപ്പണിക്കാരനും
കിടക്കയിലേയ്ക്കുരുണ്ടു ചുരുണ്ടുകൂടും.
പുതുവത്സര ദിനമാണിന്ന്,
രാത്രി മുഴുവൻ ആലോചിക്കയായിരുന്നു
മാർക്‌സ് ചെയ്ത മണ്ടത്തരത്തെ പറ്റി .
മാർക്‌സിന്റെയബദ്ധം ലെനിനായിരുന്നു
ലെനിന്റെയബദ്ധം സ്റ്റാലിനാണെന്നാൽ
ഒരു തെറ്റും ചെയ്യാത്തവൻ സ്റ്റാലിൻ!
മുറ്റത്തൊരു ഹിമ മനുഷ്യനെ
ഒരു വിഷാദക്കാരൻ ഫാസിസ്റ്റിനെ മെനയുന്നു ഞാൻ.
അങ്ങനെ ഈ ശീതകാലത്തുമുണ്ടാവും ചില പ്രതിമകൾ.
ഞങ്ങടെ അയൽവാസി ആശാരിയും
വരുന്നൂ മുട്ടുകുത്തി നിന്നൊരു ഫോട്ടോ എടുക്കുന്നു.
താങ്ങാനാവാത്തൊരു മഞ്ഞുവീഴ്ചയെന്നാൽ
താങ്ങാനാവാത്തൊരു സന്തോഷക്കൊയ്ത്തു തന്നെ.
ഫാസിസ്റ്റിന് ഞാനൊരു ശീത ദേവാലയം പണിയും
യേശുവിന് ഞാൻ ചൂടുള്ളൊരു പള്ളി പണിയും.
വേനലിന്നാദ്യത്തെ കെടു കാറ്റും
വിരുന്നുകാരും പൊയ്ക്കഴിയുമ്പോൾ
മലയിറങ്ങി വരുന്നൂ ഞങ്ങൾ
സ്വന്തം കൈയും കാലുമല്ലാതെ
ഒന്നും രക്ഷക്കില്ലെങ്കിലും.
എവിടെ നാമൊരു പ്രതീക്ഷ കാണും
ആരെ നാം പ്രതീക്ഷിക്കും?