ഉടഞ്ഞ ചില്ല്
ചില്ലുടഞ്ഞു ചിതറിയ
വഴിയിലൂടെ
നടക്കാനാവില്ലെന്നാണ്
എല്ലാവരും പറഞ്ഞത്
പക്ഷെ, നോക്കുമ്പോൾ
എല്ലായിടത്തും
ആകാശം പ്രതിബിംബിച്ച്
എന്നെ വിളിച്ചുകൊണ്ടിരുന്നു.
പിന്നെ ഒന്നും നോക്കിയില്ല,
വേദനയറിയാതെ
ദൂരമറിയാതെ നടന്നു മുന്നേറി.
പിന്തിരിഞ്ഞു നോക്കുമ്പോഴുണ്ട്
പാതയിലെല്ലാം
രക്തം വാർന്ന പാദമുദ്രകൾ.
അടയാളം കണ്ടു നടക്കാൻ
എളുപ്പമായിരുന്നതിനാൽ
എത്ര തലമുറകളാണ്
നാടും നഗരവും കടന്നത് !
അടഞ്ഞ അദ്ധ്യായങ്ങൾക്കുള്ളിൽ
മിഴിയടച്ച്
അടയിരുന്നവരൊഴികെഎല്ലാവരും കണ്ടു,
കൊലകൊമ്പന്മാർ വഴിതടഞ്ഞിട്ടും
യാത്രമുടക്കാത്തവരുടെ
ചുവന്ന വഴിപ്പാടുകൾ.