മുല്ലപ്പൂ വിൽക്കുന്നവളുടെ ഗന്ധം

നീണ്ട മുടിയിഴകളിലെ
മുല്ലപ്പൂ ഗന്ധം ഉന്മാദമായിരുന്ന പഴയകാല ഓർമ്മയിലാവാം
പൂവ് വേണോ എന്നവൻ ചോദിച്ചു

മുടിയിഴകളുടെ സൗന്ദര്യ സങ്കൽപം പാടേ മാറിപ്പോയ എനിക്ക്
വേണ്ടെന്ന് പറയേണ്ടി വന്നു
ഒപ്പം ആ ചോദ്യം അവളുടെ കണ്ണിലും
കത്തി നിന്ന വിളക്ക് പോലെ അണയുന്നത് കണ്ടു.

ജീവിതം മുഴം അളന്നു മുറിച്ചു
വിൽക്കുമ്പോൾ മുടിയിലെ സൗന്ദര്യം അവൾ ശ്രദ്ധിക്കാറില്ലല്ലോ.
തന്നിൽ നിന്നകലുന്ന സുഗന്ധത്തെ
തെല്ലു ആശ്വാസത്തോടെ നോക്കുക മാത്രം.

പൂവിന്റെ വാസന ജീവിതത്തിൽ ഇല്ലെങ്കിലും
കെട്ടിയൊരുക്കിയ
പൂവിനോട് അവൾക്കു ഏറെ സാമ്യം

വാടുന്നതിനുമുന്നേ
വിറ്റഴിയുമോ എന്ന ആശങ്കയിൽ
അൽപ സമയം കഴിഞ്ഞാലുള്ള പൂവിന്റെ വാട്ടം
അവളുടെ മുഖത്ത് പ്രതിഫലിക്കുന്നു

ചുറ്റിവച്ച മുല്ലമാലപോലെ
ജീവിതത്തിന്റെ വട്ടക്കൊട്ടയിൽ അവളും ഒന്ന് ചുരുണ്ടു കിടക്കുന്നു.