തോട്ട

ഒരു ഡബിൾ ബാരൽ ഗണ്ണിന്റെ കുഴലുകൾ പോലെയാണ് അപ്പന്റെ കണ്ണുകൾ. ഉള്ളിലോട്ട് കുഴിഞ്ഞ്, രണ്ട് കുഴലുകൾ പോലെ. അപ്പൻ ഉന്നം പിടിക്കുന്നതും കാഞ്ചി വലിക്കുന്നതും ലക്ഷ്യം ബേധിക്കുന്നതും എല്ലാം ആ കണ്ണുകൾ കൊണ്ടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓടി മറയുന്ന ഇരയിൽ പോലും ഒരു ലക്ഷ്യമുണ്ടെന്ന് എനിക്ക് കാണിച്ചു തന്നത് ആ കണ്ണുകളാണ്. അപ്പൻ പറയും ‘ ‘വെടിവെക്കുന്നേൽ ഒന്നുകേൽ തലക്ക് അല്ലേൽ നാഭിക്ക്, ഒറ്റ ഉണ്ടയിൽ തീരണം. അതാ നമ്മുക്കും ഇരക്കും എളുപ്പം.ഇട്ട് കഷ്ടപ്പെടുത്തരുത്. അവറ്റകളുടെ മരണവെപ്രാളം കാണുമ്പോ നമ്മുക്ക് മനസിളകും. കരുണ തോന്നിത്തുടങ്ങിയാ പിന്നെ ലക്ഷ്യം പെഴക്കും. ഒറ്റ വെടിക്ക് വീണു മലക്കണ കാട്ടുപന്നിയുടെ രൂപം അതൊരു ലഹര്യാ. അതാ നമ്മളെ പിന്നേം പിന്നേം വേട്ടക്കാരനാക്കണത്.’

അപ്പൻ വേട്ടക്കിറങ്ങുമ്പോൾ ഞാനും കൂടെ കൂടും. അത് കുഞ്ഞിലേ ഉള്ള ശീലമാണ്. അപ്പന്റെ നാലു മക്കളിൽ ഞാനാണ് ഏറ്റവും ഇളയത്. എനിക്ക് മൂന്ന് വയസുള്ളപ്പോഴായിരുന്നു അമ്മച്ചി മരിച്ചത്. കൂട്ടത്തിൽ എനിക്കാണ് അമ്മച്ചിയുടെ ഛായ കൂടുതൽ കിട്ടിയിരിക്കുന്നത് എന്നാണ് അപ്പൻ പറയാറ്. അത് കൊണ്ടാകാം അപ്പൻ എന്നോട് മറ്റു മക്കളെക്കാൾ കൂടുതൽ വാത്സല്യം കാണിച്ചിരുന്നത്.

കൗമാരപ്രായം തൊട്ടാണ് വേട്ട എനിക്കും രസിച്ചു തുടങ്ങിയത്. കുട്ടിക്കാലത്ത് കരുണ കലർന്ന ഒരു ഭയമായിരുന്നു വേട്ടയാടാലിനോട്. പിന്നെ കുന്നും കാടും കേറാൻ ഇഷ്ടമായിരുന്നത് കൊണ്ട് അപ്പനെ അനുഗമിക്കും. കൽപ്പാത്തികുന്ന്, അതൊരു സ്വർഗീയ ഭൂമിയായിരുന്നു. മരങ്ങളും, വള്ളിപടർപ്പുകളും, ചോലക്കളും, മൃഗങ്ങളും, കാട്ടുശലഭങ്ങളും കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ഇടം. സ്‌കൂളിന് അവധിയുള്ള ദിവസങ്ങളിൽ ഞാൻ അപ്പനൊപ്പം കൂടും. അപ്പന് അന്ന് മലയുടെ താഴെ കൃഷിയുണ്ടായിരുന്നു. കിഴങ്ങു വർഗങ്ങളായിരുന്നു അധികവും, കൂടാതെ പച്ചക്കറി കൃഷിയും ഉണ്ടായിരുന്നു. കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിരുന്നു. കർഷകന്റെ ഒരു വർഷത്തെ പ്രതീക്ഷകളെ അവറ്റകൾ ഒരൊറ്റ രാത്രികൊണ്ട് തുരന്നെടുത്തു പോകും. ശല്യം രൂക്ഷമാവുമ്പോൾ അപ്പൻ നായാട്ടിനിറങ്ങും.കുടുക്ക് പൊട്ടിയ കുപ്പായവും ശ്വാസം വിട്ടാൽ ഊരിച്ചാടുന്ന ട്രൗസറും വലിച്ചു കേറ്റി ഞാനും അപ്പനെ അനുഗമിക്കും.വഴിയിൽ പറങ്കി മാങ്ങകൾ പറിച്ച് ട്രൗസറിന്റെ കീശയിൽ നിറയ്ക്കും. നടത്തിനിടെ ക്ഷീണം തോന്നുമ്പോൾ പറങ്കി മാങ്ങയുടെ നീര് തൊണ്ട കറയ്ക്കുവോളം കുടിച്ചിറക്കും. കാടിന്റെ പള്ളയിൽ ഒരു നീരുറവയുണ്ട്. ഏത് വേനലിലും അവിടെ ചെന്നാൽ തെളിനീരുണ്ടാകും. കല്ലിടുക്കിൽ നിന്നും സ്ഖലിച്ചിറങ്ങുന്ന ജലം അൽപം താഴെയായി കരിമ്പാറയുടെ കുമ്പിളിൽ തളം കെട്ടി കിടക്കും. കൈകുമ്പിളിൽ ജലം കോരിയെടുത്ത് മതിവരുവോളം കുടിക്കും . പറങ്കിമാങ്ങാ നീരിന്റെ മധുരമുള്ള തണുത്ത ജലദി അന്നനാളത്തിലൂടെ ഇഴഞ്ഞ് നാഭിയെ തൊടുമ്പോൾ ശരീരമാകെ ഉന്മേഷം നിറയും.

കാട്ടുപോത്തുകളുടെ കാൽപാടുകൾ പിന്തുടർന്ന് അവയുടെ വാസയിടങ്ങൾ കണ്ടെത്താൻ അപ്പനറിയാം. ഒളിച്ചിരിക്കാനുള്ള അനുയോജ്യമായ ഒരിടം കണ്ടെത്തലാണ് അടുത്ത ഘട്ടം. പിന്നെ തോക്കിന്റെ തലപ്പ് പുറമേ കാണാത്ത വിധം ഏതെങ്കിലും പൊന്തയിൽ അപ്പൻ തക്കം പാർത്തിരിക്കും, പിറകിലായി ഞാനും. ഒരു ഇലയനക്കം കാണുമ്പോഴേക്കും എനിക്ക് ആവേശം കയറും.

‘വെടിവെക്കപ്പാ’ ആ ആവേശത്തിൽ അറിയാതെ ഒച്ച ഉയർന്ന് പോകും. ഉള്ളിൽ അരിശം മൂക്കുമ്പോഴും പതിഞ്ഞ സ്വരത്തിൽ അപ്പൻ പറയും എടാ ജോയെ നിനക്കൊരു കാര്യം അറിയോ? കാട്ടുപന്നിയെ വീഴ്ത്താന്നുള്ള നമ്മടെ ആവശ്യത്തെക്കാൾ വലുതാ രക്ഷപ്പെടാന്നുള്ള കാട്ടുപന്നിയുടെ ആവശ്യം. കാര്യം ന്താച്ചാ നമ്മുക്ക് അത് വെറുമാരു ഭക്ഷണാ, അല്ലാച്ചാ ഒരു ക്രൂരവിനോദം. പക്ഷെ അവന് അത് അങ്ങനല്ല, സ്വന്തം ജീവനാ. അതോണ്ട് നീ ഇങ്ങനെ വെപ്രാളപെട്ടാ അത് അതിന്റെ പാട്ടിനു പോവും. വേട്ടക്കാരന് ഉന്നത്തേക്കാൾ മുഖ്യം  ക്ഷമയാ’

കാത്തിരുപ്പ് ചിലപ്പോൾ മണിക്കൂറുകളോളം നീളും.കാത്തിരിപ്പിന്റെ മടുപ്പ് മറക്കാൻ മുകളിൽ ചാഞ്ഞു നിൽക്കുന്ന കാട്ടുമര ചില്ലകളിലെ ഇലകൾ എണ്ണി തിട്ടപ്പെടുത്തിയ ദിവസങ്ങൾ വരെയുണ്ട്. ഒടുവിൽ കാത്തിരിപ്പിന്റെ മുഷിപ്പിന് വിരാമമിട്ട് അപ്പന്റെ തോക്ക് ശബ്ദിക്കും, ഇര നിലം പൊത്തും. അപ്പോഴാണ് അപ്പൻ തോക്ക് എനിക്ക് കൈമാറുന്നത്. ചത്തു വീണ കാട്ടുപന്നിയെ അടിമുടി നോക്കി അപ്പൻ അതിന്റെ തൂക്കം മനസുകൊണ്ട് തിട്ടപ്പെടുത്തും.

‘ടാ ഒരു രണ്ടു രണ്ടര കായം തൂക്കം കാണും’

മൃഗകച്ചവടക്കാർ തമ്മിൽ പറയുന്ന ഒരു കോഡ് ഭാഷയാണ് ഈ കായത്തിന്റെ കണക്ക്. വില്പനക്കാരന്റെ കണ്ണിൽ പൊടിയിടാനാണ് ഈ രഹസ്യ ഭാഷ. അപ്പൻ തന്റെ പോത്ത് കച്ചവടത്തിൽ നിന്ന് പഠിച്ചതാണ് ആ ഭാഷയും കണ്ണുകൊണ്ട് തൂക്കം തിട്ടപ്പെടുത്തുന്ന രീതിയും.

 കാട്ടുപന്നിയുടെ മുറിവിലെ ചോര വാർന്നു പോകാൻ ഞങ്ങൾ കാത്തിരിക്കും. പിന്നെ ഒന്നരാൾ കനമുള്ള കാട്ടുപന്നിയെ പോലും അപ്പൻ അരിചാക്കെടുക്കുന്ന ലാഘവത്തോടെ തട്ടി തോളിലേക്ക് കയറ്റിവെച്ച് കാടിറങ്ങും. ഓരോ തവണയും അത്ഭുതത്തോടെ അത് നോക്കി നിൽക്കുന്ന എന്നോട് അപ്പൻ പറയും

‘ഡാ എന്റെ ഓരോ കയ്യിലും വയസ്സായ ന്റെ അപ്പനെയും അമ്മച്ചിയേയും താങ്ങിപ്പിടിച്ച് കുത്തിയൊലിക്കണ മീനച്ചലാറ് നീന്തികടന്നിട്ടുണ്ട് ഈ അപ്പൻ. വർഷം കനത്താല് ഞങ്ങള് താമസിക്കണ സ്ഥലത്തെ ഉരുൾപൊട്ടല് പതിവാ. മഴ പന്ത്യല്ല ന്ന് കണ്ടാ ഞങ്ങള് വീട് വീട്ടിറങ്ങും. വയ്യാത്ത അവരെ ഞാനെന്റെ രണ്ട് കയ്യിലും താങ്ങി പിടിച്ച് അപ്പുറം പറ്റും. എന്നിട്ടും അവസാനത്തെ ഉരുൾപട്ടലില് അവര് പോയി.’

ഒരു വീമ്പ് കലർന്ന മുഖഭാവത്തോടെയാണ് അപ്പനത് പറയുന്നതെങ്കിലും അതൊരു നുണയായി തോന്നിയിട്ടില്ല ഒരിക്കലും. തന്റെ അറുപതുകളിലും രണ്ടാൾ തൂക്കമുള്ള കാട്ടുപോത്തിനെ പോലും തോളിലേറ്റി കിലോമീറ്ററുകളോളം കാട് താണ്ടുന്ന അപ്പന് തന്റെ യൗവനത്തിൽ അതിന് സാധിച്ചിരിക്കും എന്ന് ഞാനും വിശ്വസിക്കും.

കാട്ടുപന്നിയുടെ വായിൽ നിന്നും ഇറ്റുവീഴുന്ന ചോരത്തുള്ളികൾ കാട്ടുചേമ്പിന്റെ ഇലകളിലേക്ക് അടർന്ന് വീണ് ചുവന്ന പവിഴ മണികൾ പോലെ താഴേക്ക് ഊർന്നുവീണ് ഉടയും. നടുവഴവിട്ട ശിരസിൽ തെളിയുന്ന വരപോലെ, കാലടികൾ പതിഞ്ഞ് കാടിന്റെ മൂർദ്ധാവിൽ തെളിഞ്ഞ ഒറ്റയടി പാതയിലൂടെ ഞങ്ങൾ കാടിറങ്ങും. താഴെ പാവിട്ടചോല ഒഴുക്കുന്നു. കുന്നിന് താഴെയുള്ള ഗ്രാമങ്ങളിൽ കൃഷിക്കും കുളിക്കാനും ഈ ചോലെയിലെ ജലം മാത്രം മതി. വേനലിലും വറ്റാതെ ഒഴുകുന്ന ചോല ഞങ്ങളുടെ ഗ്രാമങ്ങളെ ജലസമൃധമാക്കിയിരുന്നു.

കുന്നിന്റെ പല ഭാഗങ്ങളും സ്വകാര്യ ഭൂമികളാണ്. അതിൽ തന്നെ അപ്പന് ഏക്കറുകളോളം ഭൂമി ഉണ്ടായിരുന്നു. എല്ലാം പണ്ട് വെട്ടിപിടിച്ചതാണ്. കയ്യിൽ ഒന്നുമില്ലാതെ കടങ്ങോടിലേക്കു കുടിയേറിയവനാണ് അപ്പൻ. തന്റെ അപ്പനെയും അമ്മച്ചിയേയും നഷ്ടപെട്ടത്തോടെ അപ്പൻ ഇങ്ങോട്ടേക്ക് കുടിയേറി. അന്ന് ജന്മികുടുംബങ്ങളുടെ കയ്യിലായിരുന്നു ഇവിടുത്തെ ഭൂമി അധികവും. അവർ തങ്ങളുടെ കുടിയാന്മാരെ പാർപ്പിച്ചിരുന്നത് കുന്നിന്റെ താഴ്‌വാരങ്ങളിലായിരുന്നു. താൽക്കാലികമായി വെച്ചുകെട്ടിയ ചെറ്റകളുടെ ഒരു കോളനി ആയിരുന്നു ഇവിടം. കൃഷിക്കായി അപ്പനും അവിടെ കുറച്ചു ഭൂമി വളച്ചെടുത്ത്, പരുവപ്പെടുത്തി കൃഷി തുടങ്ങി. നാട്ടിലെ പ്രമാണിമാരായ നായന്മാര് വന്ന് അപ്പനെ തല്ലിയും ഭീഷിണിപ്പെടുത്തിയും അവിടെനിന്നും ആട്ടിയോടിച്ചു . അപ്പനും വിട്ടുകൊടുത്തില്ല, അന്ന് നാട്ടിലെ ഒരു ചില്ലറ ചട്ടമ്പിയായിരുന്ന ഹൈദരുമായി ചങ്ങാത്തമായി. അയാളെ മുന്നിൽ നിർത്തി കുന്നിന്റെ വലിയൊരു ഭാഗം അപ്പൻ കൈവശപ്പെടുത്തി. ഹൈദറെ അപ്പൻ പലപ്പോഴും ഓർക്കും.

‘അവന് ആരോഗ്യീണ്ട് ന്നല്ലാതെ ബുദ്ധി കൊറവായിരുന്നു. കള്ളും പെണ്ണും കൊടുത്താൽ എന്തിനും കൂടെ നിൽക്കും. ഒടുക്കം ഞങ്ങള് കള്ളുകുടിക്കിടെ പറഞ്ഞു തമ്മിൽ തെറ്റിയപ്പൊ എന്റെ കൃഷിയിടത്തിലെ പൊട്ടകിണറ്റിലാ അവനെ കൊന്ന് താഴ്ത്തിയത്. പിന്നീട് അവനെ കുറിച്ച് ആരും തിരക്കിയില്ല. ആ ശല്യം ഒഴിഞ്ഞന്ന് നാട്ടുകാരും ആശ്വസിച്ചിരിക്കണം. വീട്ടില് നല്ല പെണ്ണുങ്ങളുണ്ടേല് അവനെ കാണിക്കാതെ മറയ് ക്കണം എന്ന അവസ്ഥയായിരുന്നു. അത്രയ്ക്ക് ആഭാസൻ, അതുപോലെ തന്നെ ധൈര്യവും. അവനെ മുന്നിൽ നിർത്തിയാ ഞാനീ കണ്ട ഭൂമിയൊക്കെ കൈവശപെടുത്തിയെ. പിന്നെ കുറെ കാശു എറിഞ്ഞു പട്ടയം ഒപ്പിച്ചെടുത്തു.’

അപ്പന്റെ ഭൂമിയിൽ പാതിയും മിച്ചഭൂമിയായിരുന്നു. അധികാരികളിലെ വെള്ളാനാകളെ വിലക്കെടുത്ത് അപ്പൻ എല്ലാം തന്റെ വഴിക്ക് കൊണ്ടുവന്നു. പക്ഷെ അപ്പനെപോലെ അനധികൃതമായി സ്ഥലം കൈവശപ്പെടുത്തിയവരുടെ എല്ലാം ഭൂമി യിൽ എസ്റ്റേറ്റ് മാഫിയകൾ ഒരുവശത്തുനിന്നും വിഴുങ്ങിക്കൊണ്ടിരുന്നു. അവർക്കതിന് കൈയൂക്കിന് പുറമെ പണത്തിന്റെയും അധികാരത്തിന്റെയും പിൻബലമുണ്ടായിരുന്നു. അവർ അപ്പനെയും സമീപിച്ചിരുന്നു. പണം വാഗ്ദാനം ചെയ്തു.സ്ഥലത്തിന് നാട്ടിലെ നടപ്പ് വിലയേക്കാൾ അഞ്ചോ പത്തോ അധികമായി തരാനും അവർ തയ്യാറാണ്. എത്ര തന്നാലും വേണ്ടാന്ന് അപ്പൻ. പിന്നെ അവരുടെ ശബ്ദം കടുത്തു ‘മിച്ചഭൂമി വളച്ചെടുത്ത് കൈവശം വച്ചിരിക്കണ തന്നെ വെറും കയ്യോടെ ഇവിടെ നിന്നും ഇറക്കി കാണിച്ചു തരാടാ വരുത്തൻ മാപ്ലെ’ എന്നായി. അപ്പൻ ഒന്നിനും കുലുങ്ങിയില്ല. അപ്പൻ ഒഴികെ എല്ലാവരും കിട്ടിയ വിലയ്ക്ക് വസ്തു കൈമാറി. ഈ മലമൂട്ടിൽ കിടക്കണ ഭൂമിക്ക് കിട്ടാവുന്നതിലും വലിയ വിലയായിരുന്നു അത്. അപ്പന് പക്ഷെ അത് വെറുമൊരു വസ്തുവല്ല, അമ്മച്ചിയോടപ്പമുള്ള ജീവിതത്തിന്റെ ഗൃഹാദുരമായ ഓർമക്കൾ ഉറങ്ങാത്ത മണ്ണാണ്. അമ്മച്ചിയെ അടക്കിയ ഇടം.

 ഞാനൊഴികെയുള്ള മറ്റു മക്കളുടെ നിർബന്ധവും റിയൽ എസ്റ്റേറ്റുകാരുടെ ശല്യവും സഹിക്കാതായപ്പോൾ അപ്പൻ ഒടുക്കം സ്ഥലം കൈമാറി. കൽപ്പാത്തികുന്നും താഴ്‌വാരവും പൂർണമായും അവരുടെ കൈകളിലായി. അവിടെ ഒരു കരിങ്കൽ ക്വാറി തുടങ്ങാൻ പോകുന്നു. നാട്ടിലെ കുറേ പേർക്ക് ജോലി കിട്ടും, നാട്ടിലേക്കുള്ള റോഡുകൾ നന്നാവും. എല്ലാവരും സന്തോഷത്തിലായി. തുടക്കകാലം ആവേശകരമായിരുന്നു, ഞങ്ങളുടെ സമീപഗ്രാമങ്ങളിൽ എവിടെയും ക്വാറികൾ ഇല്ല. ലോറികളും ജെസിബികളുടെയും തോട്ടകളുടെയും ഒച്ച ഞങ്ങളുടെ നാടിന്റെ സ്വഭാവികമായ നിശബ്ദതയെ ഭംഗിച്ചു.

ഗ്രാമങ്ങൾ പതിയെ മാറിത്തുടങ്ങി. തോട്ടകളുടെ ഒച്ചയും കമ്പങ്ങളും ഇടതടവില്ലാതെ ഓടുന്ന ലോറികളും ഞങ്ങൾക്കു ശീലമായി. നാൾക്കുനാൾ ക്വാറിയുടെ വ്യാപ്തി കൂടിവന്നു. തോട്ട വിഴുങ്ങിയ കാട്ടുപന്നിയെ പോലെ കൽപ്പാത്തികുന്നിന്റെ ശിരസ് പിളർന്നു. അവിടെ ഇപ്പോൾ കാടില്ല എല്ലാം വെട്ടിതെളിയിക്കപ്പെട്ടു. തോട്ട വെടിവെക്കുമ്പോൾ ചീട്ടുകൊട്ടാരം പോലെ ക്വാറിയുടെ ചുമരുകൾ ഇടിഞ്ഞു വീഴുന്നത് കണ്ടു നില്ക്കാൻ രസം തോന്നും.

 വേനലെത്തും മുൻപെ ഞങ്ങളുടെ ചോലകൾ വറ്റി തുടങ്ങും. ഒരിക്കൽ ജലസമൃദ്ധമായിരുന്ന ഞങ്ങളുടെ ഗ്രാമങ്ങൾ വരൾച്ചയെ നേരിട്ടുതുടങ്ങി. ചൂട് കടുക്കുന്നത്തോടെ വീടിന്റെ ശുചിമുറിയുടെ ക്ലോസെറ്റിൽ തവളകളെ കണ്ടുതുടങ്ങും, ജല സ്രോതസുകൾ വറ്റിവരണ്ടതോടെ അവറ്റകൾ ജലം തേടിയിറങ്ങുകയാണ്.

ഒരിക്കൽ ഹരിതസുന്ദരമായിരുന്ന കാൽപാത്തികുന്ന് ഉണങ്ങിവരണ്ട്, വെയിലിൽ കരിഞ്ഞ് മൃതപ്രായയായി കിടന്നു. വർഷകാലത്ത് പോലും അവിടെ പുല്ലുപോലും മുളയ്ക്കാതായി.മരുഭൂവിലെന്ന പോലെ ഇടയ്‌ക്കെല്ലാം കള്ളിച്ചെടികളുടെ കൂട്ടങ്ങൾ ഫണമുയർത്തിനിൽക്കുന്നു. ക്വാറിയുടെ ഓരങ്ങളിൽ മറക്കുറ്റികളിന്മേൽ തട്ടടിച്ച് ട്ടാർപ്പായ വലിച്ചു കെട്ടിയ പുരകളിലാണ് തൊഴിലാളികളെ പാർപ്പിച്ചിരുന്നത്.

 കാടിന്റെ മുക്കാൽഭാഗവും തോട്ടകൾ കാർന്നു തിന്നതിന് ശേഷമാണ് ഞങ്ങൾ ഒരു സമരമുന്നണിയെ കുറിച്ച് ചിന്തിച്ചത്. നാലും മൂന്നും ഏഴുപേരടങ്ങിയ സമരമുന്നണിയുടെ പ്രക്ഷോഭങ്ങളൊന്നും തോട്ടകളുടെ ഗർജനങ്ങളെ നിശബ്ദമാക്കാനായില്ല. ജലക്ഷാമം നേരിടുന്നിടത്തെല്ലാം ക്വാറി ഉടമകൾ ജലം എത്തിച്ചു, രോഗികൾക്ക് ചെറിയ ധനസഹായങ്ങൾ നൽകി. ചിലരുടെയെങ്കിലും കണ്ണിൽപ്പൊടിയിടാൻ അത് ധാരാളമായിരുന്നു. ഒരു നാടിന്റെ ജലസ്രോതസുകളെയെല്ലാം മലിനമാക്കി, ആളുകളെ രോഗികളാക്കി അവർ തന്നെ രക്ഷകരായി ചമഞ്ഞു. സമീപവാസികളിൽ പലരുടെയും വീടുകൾ വിണ്ടുതുടങ്ങിയതോടെ പലരും ഗൗരവം തിരിച്ചറിഞ്ഞ് സമരത്തിനൊപ്പം കൂടി. അധികാരികൾക്ക് പരാതികൾ അയച്ചു, ചെറിയ സമരങ്ങൾ നടത്തി. ക്വാറി ഭൂമിയിൽ സമരക്കാർ വൃക്ഷതൈകൾ നട്ടു. ഒന്നും പഴയപോലെ ആവില്ലെന്നറിയാം, എങ്കിലും പ്രതീക്ഷകൾ നട്ട് കുന്നിറങ്ങുമ്പോൾ, തോട്ടവെച്ചു പിടിച്ച കാട്ടുപോത്തിന്റെ ജഡം എന്റെ തോളുകളിൽ ഭാരമേല്പിക്കുന്നുണ്ടെന്നു തോന്നി.