ഒരു ശതമാനം ആളുകൾ
സമ്പത്തിന്റെ 40.5 ശതമാനവും കൈക്കലാക്കിയ ബജറ്റ്!

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് മോദി സർക്കാർ പിൻതുടരുന്ന ആഗോളവൽക്കരണ പ്രക്രിയയുടെ ജനവിരുദ്ധതയുടെ തീവ്രത തുറന്നുകാട്ടുന്ന താണ്. കാർഷിക ബില്ലിനെതിരെ നടന്ന ഐതിഹാസികമായ കർഷക സമരത്തിന്റെ അവസാനം സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ ബജറ്റിൽ പൂർണ്ണമായി നിഷേധിച്ചിരിക്കയാണ്.

കാർഷികോൽപ്പനങ്ങൾക്കുള്ള താങ്ങുവില സംവിധാനം പൂർണ്ണമായി ഇല്ലാതാക്കി, കാർഷിക വളങ്ങൾക്കുള്ള സബ്‌സിഡിയിൽ ഗണ്യമായ കുറവ് വരുത്തി, തൊഴിലുറപ്പ് പദ്ധതിയുടെ തുക, ഭക്ഷ്യ സബ്‌സിഡിക്കുള്ള തുക, ആരോഗ്യ വിദ്യാഭ്യാസ ചിലവുകൾക്കുള്ള തുക എന്നിവ വെട്ടിക്കുറച്ച് അന്താരാഷ്ട ധനകാര്യ സ്ഥാപനങ്ങളായ ലോക ബാങ്ക്, ഐഎംഎഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിർദ്ദേശാനുസരണം സബ്‌സിഡികളും ക്ഷേമ പ്രവർത്തനങ്ങളും നിർത്തലാക്കാനുള്ള ത്വരയാണ് ബജറ്റിലുടനീളം. ഇതേ, ധനകാര്യ സ്ഥാപനങ്ങളുടെ നിർദ്ദേശാനുസരണം കോർപ്പറേറ്റ് താൽപ്പര്യാർഥം അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയിട്ടുണ്ട്. അതിവേഗ ഹൈവേകൾ , ഹൈ സ്പീഡ് ട്രയിൻ , വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവക്കാണ് ബഡ്ജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പണപ്പെരുപ്പം സൃഷ്ടിച്ച വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിന് ഒരു നിർദ്ദേശവുമില്ലാത്ത ബജറ്റ് ദരിദ്ര ജനങ്ങളോടുള്ള വെല്ലുവിളിയാണ് . ക്ഷേമ പ്രവർത്തനങ്ങളുടെ തുകയും സബ്‌സിഡികളും വെട്ടിക്കുറച്ചിട്ടും വരവും ചിലവും തമ്മിലുള്ള അന്തരം 1786816 കോടി രൂപയാണ്.

2018-19 മുതൽ മന്ദഗതിയിലായിരുന്ന സമ്പദ്ഘടനയുടെ പ്രതിസന്ധി മഹാമാരി കാലത്ത് രൂക്ഷമായി. കോവിഡ് കാലത്ത് വികസിത രാജ്യങ്ങൾ ഉൾപ്പടെ ലോക രാജ്യങ്ങളുടെ സമ്പദ്ഘടനകൾ തിരിച്ചടി നേരിട്ടു. വളർച്ച നിരക്ക് വലിയ നിരക്കിൽ താഴ്ന്നു. ഇതോടെ ലോക സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നടന്നടുത്തു. ഈ മാന്ദ്യം ഇന്ത്യൻ സമ്പദ്ഘടനക്കും സാരമായ ആഘാതം ഏല്പിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് 2023 24 കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. കോർപ്പറേറ്റ് പ്രീണന നയങ്ങളുടെയും മഹാമാരിയുടെയും ഇപ്പോഴുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെയും ഫലമായി വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും അതിരൂക്ഷമായി. രാജ്യം രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും അഭിമുഖീകരിക്കുമ്പോൾ അവതരിപ്പിക്കുന്ന ബജറ്റിൽ പ്രധാനമായി ഉണ്ടാകേണ്ടത് ആ പ്രശ്‌നങ്ങൾക്ക് ആശ്വാസം പകരുന്ന പദ്ധതികൾ ആയിരിക്കണം . രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെ ദൈനംദിന ജീവിതം വഴിമുട്ടി നിൽക്കുമ്പോഴല്ല 100 വർഷത്തെ വികസന ലക്ഷ്യം പ്രഖ്യാപിച്ച് ബജറ്റ് അവതരിപ്പിക്കേണ്ടത്. രാജ്യത്തെ തൊഴിലില്ലായ്മക്കും പട്ടിണിക്കും പരിഹാരമായി യു പി എ സർക്കാർ അവതരിപ്പിച്ച കേന്ദ്ര പദ്ധതികളായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യ സുരക്ഷ പദ്ധതിയും. ഈ രണ്ട് പദ്ധതികളും രാജ്യം നേരിടുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും താൽക്കാലികമായ പരിഹാരമായിരുന്നു. എന്നാൽ 2023 24 ബജറ്റിൽ തൊഴിലുറപ്പ് (എം ജി എൻ ആർ ഇ ജി എസ് ) പദ്ധതിയുടെ തുക കഴിഞ്ഞ ബജറ്റിനേക്കാൾ 33 ശതമാനം വെട്ടി കുറച്ചു .

തൊഴിൽ ദിനങ്ങൾ കുറയും

89400 കോടിയായിരുന്നു 2022-23 ബജറ്റിൽ ഈ പദ്ധതിക്ക് അനുദിച്ചിരുന്നതെങ്കിൽ 2023-24 ബജറ്റിൽ 29400 രൂപ കുറച്ച് 60000 കോടിയായി പരിമിതപ്പെടുത്തി. ചുരുക്കത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ വർഷം ലഭിച്ച തൊഴിൽ ദിനങ്ങൾ ഈ വർഷം ലഭിക്കില്ല. കഴിഞ്ഞ ബജറ്റിൽ ഭക്ഷ്യ സുരക്ഷക്ക് 2,06,831.09 കോടി രൂപ വകയിരുത്തിയപ്പോൾ 2023-24 ബജറ്റിൽ 97,350 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. അതേസമയം 2022-23 പുതുക്കിയ ബജറ്റിൽ 2,87,194.05 കോടി രൂപയായിരുന്നു ഭക്ഷ്യ സബ്‌സിഡിക്ക് അനുവദിച്ചിരുന്നത്. ഏകദേശം 90,000 കോടിയുടെ കുറവ്. മുൻഗണന വിഭാഗത്തിന് അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം സൗജന്യമായി 5 കിലോ അരി നൽകുന്ന പദ്ധതിക്ക് അന്ത്യം കുറിച്ച് കൊണ്ടാണ് ഭക്ഷ്യ സബ്‌സിഡി വെട്ടി കുറച്ചത്. ആദായ നികുതി നൽകുന്ന സ്ഥിര വരുമാനമുള്ള ചെറിയ ശതമാനം ജനങ്ങൾക്ക് ആശ്വാസമായി ആദായ നികുതി പരിധി ഉയർത്തിയിട്ടുണ്ട്. എന്നാൽ രാജ്യത്തെ 90 % തൊഴിലാളികളും പണിയെടുക്കുന്നത് അസംഘടിത മേഖലയിലാണ്. അവർക്ക് ആശ്വാസം പകരുന്ന ഒരു പദ്ധതിയും ബജറ്റിലില്ല.

ലേബർ ഹബ്‌ന് പകരം അൺഎംപ്ലോയ്‌മെന്റ്ഹബ്

ജനസംഖ്യയുടെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകൾ സമ്പത്തിന്റെ 40.5 ശതമാനവും കൈക്കലാക്കിയെന്നാണ് ഓക്‌സ്ഫാം റിപ്പോർട്ട്.അതാണ് ബജറ്റിന്റെ സവിശേഷത. എൻ ഡി എ സർക്കാരിന്റെ എല്ലാ ബജറ്റ് നിർദ്ദേശങ്ങളും രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന സമ്പത്ത് ധനിക വിഭാഗത്തിലേക്ക് ഒഴുകിയെത്തുന്നതിന് സഹായകരമായിരുന്നു . ഈ ബജറ്റും അതിന് അപവാദമല്ല.

 ‘ജനകീയ ബജറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഈ ബജറ്റ് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും ഉപജീവനമാർഗ്ഗത്തിന് മേലുള്ള കടന്നാക്രമണങ്ങൾ ശക്തമാക്കുന്നതിന് മാത്രം ഉപകരിക്കുന്നതാണ്. . പ്രതിവർഷം 2 കോടി തൊഴിൽ സൃഷ്ടിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയ സർക്കാർ പുതുതായി തൊഴിൽ സൃഷ്ടിച്ചില്ല. ‘ലേബർ ഹബ് ’ ആയി ഇന്ത്യയെ മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ 5 വർഷം കൊണ്ട് അതായത് ആദ്യ മോദി സർക്കാരിന്റെ അവസാന വർഷത്തിൽ തന്നെ 45 വർഷത്തെ ഇന്ത്യാ ചരിത്രത്തിൽ അഭിമുഖീകരിച്ചിട്ടില്ലാത്ത വിധം ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിലേക്ക് കൂപ്പ് കുത്തി. അതായത് രാജ്യം ‘ലേബർ ഹബ്’ ന് പകരം ‘അൺഎംപ്ലോയ്‌മെന്റ്ഹബ്’ ആയി മാറി. അതു മുതൽ സമ്പദ്ഘടനയുടെ വളർച്ച പടവലങ്ങ പോലെ കീഴോട്ടായിരുന്നു. അദ്ധ്വാനശേഷിയെ വിനിയോഗിച്ചു മാത്രമേ ജിഡിപി വളർച്ച സാദ്ധ്യമാകൂ. അദ്ധ്വാനത്തെ ഒഴിവാക്കി യന്ത്രവൽകൃതമായ വികസനത്തിനാണ് കോർപ്പറേറ്റ് താൽപ്പര്യം . അതിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രം ഊന്നൽ നൽകിയപ്പോൾ തൊഴിലില്ലായ് മയും പട്ടിണിയും പെരുകി. 121 രാജ്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ‘ഗ്ലോബൽ ഹംഗർ ഇൻഡക്‌സിൽ’ (GHI)ൽ ഇന്ത്യയുടെ സ്ഥാനം 107 ആണ്. ഇതിന് താൽക്കാലിക പരിഹാരമായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. അതിനുള്ള തുകയും വെട്ടി കുറച്ചു.ഉണ്ടായിരുന്ന കഞ്ഞിയിൽ കൂടി മണ്ണ് വാരിയിടുകയാണ് ഈ ബജറ്റ്.

 കേന്ദ്ര സർവീസിൽ മാത്രം നിലവിലെ ഒഴിവുകൾ 9.79 ലക്ഷമാണ്. നിലവിലുള്ള ഈ ഒഴിവു തസ്തികകൾ റദ്ദ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. മോദി സർക്കാരിന് മുൻപ് എല്ലാം ബജ റ്റിലും കാർഷിക മേഖലക്ക് ചെറിയ തോതിലെങ്കിലും പ്രാധാന്യം നൽകിയിരുന്നു. എന്നാൽ മോദി അധികാരത്തിൽ വന്നപ്പോൾ മുതൽ കാർഷിക മേഖലയും കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്ന നയങ്ങളാണ് നടപ്പിലാക്കിയത്. കാർഷികോൽപ്പന്നങ്ങൾക്ക് നൽകി വന്ന താങ്ങുവില സംവിധാനം ഈ ബജറ്റോടെ ഇല്ലാതാവുകയാണ്. 2022-23 ബജറ്റിൽ താങ്ങു വില നൽകാൻ 1500 കോടി വകയിരുത്തിയിരുന്നെങ്കിൽ കേവലം ഒരു ലക്ഷം രൂപ മാത്രമാണ് 2023-24 വർഷത്തിൽ വകയിരുത്തിയിട്ടുള്ളത് .

 ഇതിന്റെ ആത്യന്തിക ഫലം ഉൽപ്പന്നങ്ങൾക്കു വിലസ്ഥിരത ഇല്ലാതാകുമ്പോൾ പൊതുവിപണിയിൽ ഭീമമായ നഷ്ടത്തിന് വിറ്റഴിക്കേണ്ടി വരും. വില കിട്ടാതെ സവാളയും ഉരുളക്കിഴങ്ങും തക്കാളിയും വെളുത്തുള്ളിയും തുടങ്ങിയ ഉൽപ്പന്നങ്ങൾ വില ലഭിക്കാതെ കർഷകർ നിരത്തുകളിലും നദികളിലും ഉപേക്ഷിക്കുന്ന നടപടി സാധാരണമായിരിക്കുമ്പോഴാണ് ഈ ബജറ്റ് നിർദ്ദേശം. രാസവള സബ്‌സിഡി ഓരോ ബജറ്റിലും കുറഞ്ഞു വരികയാണ്. 2022-23 ബജറ്റിൽ 2,25,220 രൂപ യായിരുന്ന സബ്‌സിഡി 2023-24 ബജറ്റിൽ 50,121 1,75,099 കോടിയായി വെട്ടി കുറച്ചു. കർഷകർ പ്രധാനമായി ഉപയോഗിക്കുന്നത് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം ന്യൂട്രിയന്റ് രാസവളങ്ങളും യൂറിയയും ആണ് . ന്യൂട്രിയന്റ് രാസവള സബ്‌സിഡി 71,122 കോടിയിൽ നിന്ന് 44000 കോടിയായും യൂറിയ സബ്‌സിഡി 2022-23 ൽ 154,097 കോടി രൂപയായിരുന്നത് 1,31,099 കോടി രൂപയായും കുറച്ചു. മൊത്തത്തിൽ, ഈ രണ്ട് സബ്‌സിഡികളുടെ തുക 22 ശതമാനം കുറഞ്ഞു. കർഷക സമരം പിൻവലിച്ച് ഒത്തുതീർപ്പാകുന്ന സാഹചര്യത്തിൽ കർഷകർക്ക് നൽകിയ എല്ലാം വാഗ്ദാനങ്ങളും ഈ ബഡ്ജറ്റ് നിഷേധിച്ചിരിക്കയാണ്. അഗ്രികൾച്ചർ ആന്റ് ഫാർമേഴ്‌സ് വെൽഫയർ ഫണ്ട് കഴിഞ്ഞ ബജറ്റിൽ 1,24,000 കോടിയായിരുന്നത് ഈ ബജറ്റിൽ 8,469 വെട്ടി കുറച്ച് 1,15,531.79 ആക്കി മാറ്റി. പ്രധാനമന്ത്രി ഫസൽ ഭീമ യോജന 15500 കോടിയിൽ നിന്ന് 13625 കോടിയായി കുറവ് ചെയ്തു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 68000 കോടിയിൽ നിന്ന് 60000 കോടിയായി കുറവ് ചെയ്തു. ചുരുക്കത്തിൽ കർഷകർക്ക് ഗുണകരമായ എല്ലാം പദ്ധതികളുടെയും തുക ഈ ബജറ്റിൽ കുറവ് ചെയ്തിട്ടുണ്ട്. കാർഷിക മേഖലയിൽ കർഷക ആത്മഹത്യകളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ സ്ഥാനം 66 ആണ്

ദരിദ്ര ജനവിഭാഗങ്ങൾക്ക് നൽകിയിരുന്ന പാചക വാതക സബ്‌സിഡി 75 % ആണ് വെട്ടി കുറച്ചത്. 2022-23 സാമ്പത്തിക വർഷം 9,170 കോടിയായിരുന്ന സബ്‌സിഡി തുക 2,257 കോടിയാക്കി വെട്ടി കുറച്ചു. 6,913 കോടിയുടെ കുറവ്. പ്രധാന കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കെല്ലാം (സിഎസ്എസ്) ഈ വർഷത്തെ ബജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായി. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായുള്ള ബജറ്റ് 2022-23 ബി ഇയിൽ 99,214 കോടി രൂപയിൽ നിന്ന് 2023-24 ബി ഇയിൽ 86,144 കോടി രൂപയായി കുറഞ്ഞു.

സമൂഹത്തിലെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള പദ്ധതി തുകകളിലും കാര്യമായ മാറ്റമില്ല. ‘സബ്സ്റ്റാൻഷ്യൽ ഡവലപ്പ്‌മെന്റ് ഗോൾ ’ (SDG) പ്രകാരമുള്ള ഐക്യരാഷ്ട സഭയുടെ സർവ്വെ പ്രകാരം 100 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 66 ആണ്. ഇതിന്റെ അടിസ്ഥാനത്തിൽ 2030 ൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് കാര്യമായ പരിഗണന വേണമെന്ന് നീതി ആയോഗ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആ നിർദ്ദേശപ്രകാരമുള്ള ഒരു പദ്ധതിയും ബജറ്റിലില്ല. ദളിതർ, ആദിവാസികൾ ,വികലാംഗർ, സ്ത്രീകൾ, കുട്ടികൾ, മതന്യൂനപക്ഷങ്ങൾ തുടങ്ങിയ പാർശ്വവൽകൃത സമൂഹങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവർക്കെതിരെയുള്ള സാമൂഹ്യ വിവേചനം അവസാനിപ്പിക്കുന്നതിനും ഒരു പദ്ധതിയും ബജറ്റിൽ നിർദ്ദേശിച്ചിട്ടില്ല.

 മാത്രമല്ല മതന്യൂനപക്ഷമായ മുസ്ലീം ജനവിഭാഗങ്ങൾക്കുള്ള പദ്ധതികളിൽ അനുവദിച്ച ഫണ്ട് കഴിഞ്ഞ ബഡ്ജറ്റിനേക്കാൾ 38 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്. ഇത് സംഘപരിവാർ മുൻപോട്ടു വയ്ക്കുന്ന ഹിന്ദുത്വ അജണ്ടക്ക് പൂരകമാണ്. ന്യൂനപക്ഷങ്ങൾക്കായുള്ള പല പദ്ധതികൾ നിർത്തലാക്കുന്നതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പും നയ് ഉഡാനും (യുപിഎസ്‌സി, സംസ്ഥാന കമ്മീഷൻ പരീക്ഷകളുടെ പ്രിലിമിനറി പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള പിന്തുണ) സർക്കാർ ഇതിനകം നിർത്തലാക്കിയിട്ടുണ്ട്. I-VII ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് നിർത്തലാക്കി. വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾ, നൈപുണ്യ വികസനം, ഉപജീവന പദ്ധതികൾ, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക പദ്ധതികൾ എന്നിവയ്ക്കായി ബജറ്റിൽ വലിയ വെട്ടിക്കുറവുണ്ട്. പരമ്പരാഗത കല/കരകൗശല വികസനത്തിനുള്ള നൈപുണ്യ പരിശീലനം), നൈ റോഷ്‌നി (ന്യൂനപക്ഷ സ്ത്രീകളുടെ നേതൃത്വ വികസനം), നയ് മൻസിൽ (സംയോജിത വിദ്യാഭ്യാസ, ഉപജീവന സംരംഭം) തുടങ്ങിയ പദ്ധതികൾ ഇതുവരെ നിർത്തിയിട്ടില്ലെങ്കിലും അവയ്ക്ക് തുച്ഛമായ ബജറ്റാണ് അനുവദിച്ചിരിക്കുന്നത്.

പോഷകാഹാര സമൃദ്ധമായ ഭക്ഷണത്തിന് 8 രൂപ മാത്രം

പാർശ്വവൽകൃത സമൂഹങ്ങൾക്ക് നൽകുന്ന ബജറ്റ് വിഹിതം കുറയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കുട്ടികളുടെ പോഷകാഹാരക്കുറവ് മൂലമുള്ള മരണ നിരക്ക് ഉയർന്ന സാഹചര്യത്തിൽ, അങ്കണവാടികൾ വഴി നൽകുന്ന സപ്ലിമെന്ററി പോഷകാഹാരം വളരെ നിർണായകമായ ഇൻപുട്ടാണ്. 2018 മുതൽ പണപ്പെരുപ്പം 6.8 % വർദ്ധിച്ചിരിക്കുന്ന ഈ വർഷവും കുട്ടിക്ക് പോഷകാഹാരത്തിനുള്ള ഒരു ദിവസത്തെ ചെലവ് മാനദണ്ഡങ്ങൾ മാറിയിട്ടില്ല. കുട്ടികൾക്ക് മുട്ടയും പഴങ്ങളും ഉൾപ്പെടുത്തിയുള്ള പോഷകാഹാര സമൃദ്ധമായ ഭക്ഷണം ആവശ്യത്തിന് നൽകുന്നതിന് അനുവദിച്ച ബജറ്റ് വിഹിതം ഒരു കുട്ടിക്ക് പ്രതിദിനം 8 രൂപ മാത്രമാണ്! നമ്മുടെ രാജ്യത്തെ 35 ശതമാനം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണന്ന സർക്കാർ സ്ഥിതിവിവര കണക്ക് ഉള്ളപ്പോഴാണ് ഈ കുറഞ്ഞ വിഹിതം.

ജെൻഡർ ബജറ്റ് ജിഡിപിയുടെ 0.8 ശതമാനത്തിൽ നിന്ന് ജിഡിപിയുടെ 0.74 ശതമാനമായി കുറഞ്ഞു, മൊത്തം ചെലവിന്റെ 5 ശതമാനം മാത്രമാണ് ജെൻഡർ ബജറ്റിലേക്ക് നീക്കിവച്ചിരിക്കുന്നത്. കുട്ടികളുടെ ബജറ്റ് വിഹിതം ജിഡിപിയുടെ 0.33 ശതമാനവും കേന്ദ്രസർക്കാരിന്റെ മൊത്തം ചെലവിന്റെ 2 ശതമാനത്തിൽ താഴെയുമാണ്. ആഗോളതലത്തിൽ, ജിഡിപിയുടെ അനുപാതം എന്ന നിലയിൽ സാമൂഹിക സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് ഇന്ത്യയുടെ ബജറ്റ് വിഹിതം ഏറ്റവും കുറവാണന്ന് പല സർവ്വേകളും തുറന്ന് കാട്ടുന്നുണ്ട്. സാമൂഹിക സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ചാരിറ്റിയല്ല, മറിച്ച് ഉയർന്ന ഉൽപ്പാദനക്ഷമതയ്ക്കും സുസ്ഥിര വളർച്ചയ്ക്കും അടിത്തറയിടുന്ന മനുഷ്യ മൂലധനം കെട്ടിപ്പടുക്കുന്നതിനുള്ള നിക്ഷേപമാണ്. ഇന്ത്യ ഒപ്പുവച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) കൈവരിക്കേണ്ടതിനും ഇത് അത്യാവശ്യമാണ്. എന്നാൽ ഈ ലക്ഷ്യത്തിലേക്കെത്താൻ ജൻഡർ ബജറ്റിൽ ഒരു നിർദേശവുമില്ല.

വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ രാജ്യം ചിലവിടുന്ന തുക വളരെ കുറവാണെന്ന് ഐക്യരാഷ്ട സംഘടന തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ബജറ്റിൽ ആരോഗ്യ മേഖലക്ക് അനുവദിച്ച 86200 കോടിയിൽ ചിലവഴിച്ചത് 79145 കോടി . 7055 കോടി രൂപ ചെലവഴിക്കപ്പെട്ടില്ല. കോവിഡ് മഹാമാരി കാലത്ത് അടിയന്തിര ചികിൽസ ലഭിക്കാതെ ആയിരങ്ങൾ മരണപ്പെട്ടിട്ടുപോലും ഈ തുക ചിലവഴിക്കപ്പെട്ടില്ല എന്നത് സർക്കാരിന്റെ പൊതുജനാരോഗ്യ സംവിധാനത്തോടുള്ള മനോഭാവം വ്യക്തമാക്കുന്നതാണ്. അതുപോലെ, വിദ്യാഭ്യാസ ബജറ്റിൽ കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 104277 കോടിയിൽ ചിലവഴിച്ചത് 99881 കോടി. 4,396 കോടി രൂപ ചെലവഴിക്കപ്പെട്ടിട്ടില്ല. 2022 ഡിസംബറിലെ ഔദ്യോഗിക കണക്ക് പ്രകാരം ജനസംഖ്യയുടെ 25% ജനങ്ങളും ഈ 21ാം നൂറ്റാണ്ടിലും നിരക്ഷരരായിരിക്കുമ്പോഴാണ് അനുവദിച്ച തുക പോലും ചിലവഴിക്കാതിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയ പ്രകാരം ജിഡിപി യുടെ 6% വിദ്യാഭ്യാസത്തിന് ചിലവഴിക്കപ്പെടേണ്ടിടത്ത് കഴിഞ്ഞ വർഷം ജിഡി.പി യുടെ 2.64 % ആണ് വിലയിരുത്തിയത്. ആ തുക പോലും ചിലവഴിക്കാതിരിക്കെ ഈ വർഷം അത് 2.5% ആയി കുറച്ചു.

സാമ്പത്തിക ഫെഡറലിസം അട്ടിമറിക്കുന്നു

എസ് സി / എസ് റ്റി ജനസംഖ്യ 16 ശതമാനമാണ് . എന്നാൽ എസ്‌സി ബജറ്റ് 3.5 ശതമാനവും എസ്ടി ബജറ്റ് 8.6 ശതമാനവും മാത്രമാണ്. സാമ്പത്തിക ഫെഡറലിസത്തെ അട്ടിമറിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. നികുതി പിരിവ് പോലും ജിഎസ് റ്റി സമ്പ്രദായത്തിലൂടെ കൈവശപ്പെടുത്തിയ കേന്ദ്രം ജനങ്ങളുടെ വിദ്യാഭ്യാസ ആരോഗ്യ ഭക്ഷ്യ തൊഴിൽ പ്രശ്‌നങ്ങളുടെ എല്ലാം ഉത്തരവാദിത്തങ്ങളും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വത്തിൽ കെട്ടിവച്ചിരിക്കയാണ് .

ജനങ്ങൾക്ക് ആവശ്യമായ ആശ്വാസം നൽകാനും ആഭ്യന്തര വിഭവ സമാഹരണം വർധിപ്പിക്കുന്നതിനോ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികളിൽ പൊതുനിക്ഷേപം ഗണ്യമായി വർധിപ്പിക്കുവാനോ ഒരു നടപടിയും പുതിയ ബജറ്റിലില്ല. കോർപ്പറേറ്റുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ബജറ്റിൽ കൂടുതൽ പ്രാധാന്യം. വിലക്കയറ്റവും പണപ്പെരുപ്പവും ഉണ്ടാകുമ്പോൾ പലിശ നിരക്ക് ഉയർത്തിയും നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്ക് കുറച്ചുമാണ് സർക്കാരുകൾ അതിനെ നിയന്ത്രിക്കുന്നത്. സ്വതന്ത്ര ജനാധിപത്യ സർക്കാർ എന്നവകാശപ്പെടുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ജിഎസ്റ്റി കൗൺസിൽ നിലവിൽ വന്നതോടെ നികുതി നിരക്കിൽ വ്യത്യാസം വരുത്താൻ അവകാശമില്ലാതായിരിക്കുന്നു. ജിഎസ്റ്റി കൗൺസിൽ നിർദ്ദേശിക്കുന്ന നികുതി ഘടന നടപ്പിലാക്കുക എന്ന ബാദ്ധ്യത മാത്രമാണ് സർക്കാരിനുള്ളത്. ഈ ജിഎസ്റ്റി കൗൺസിലിൽ സർക്കാരിന് 49% ഓഹരി മാത്രമാണ് ഉള്ളത്. ബാക്കി 51% ൽ കോർപ്പറേറ്റ് സ്ഥാപനങ്ങളായ എച്ച് ഡിഎഫ് സി , ഐസിഐസിഐ ബാങ്കുകൾ 30% ഓഹരി പങ്കിടുന്നു. ബാക്കി 11 % എൽ.ഐ.സി. ഹൗസിംഗ് ഫിനാൻസും 10% എൻഎസ് ഇ സ്ട്രാറ്റജിക്ക് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടയും ഓഹരിയാണ്. ഈ കൗൺസിൽ അംഗീകരിക്കാതെ ഉപ്പിന്റെ പോലും നികുതി കൂട്ടാനോ കുറയ്ക്കാനോ കഴിയില്ല. സ്വകാര്യ മേഖലയിലുള്ള 51% ഓഹരി വാങ്ങി ജി.എസ്.റ്റി കൗൺസിൽ സർക്കാർ കമ്പനിയാക്കി മാറ്റണമെന്ന 2018 ലെ ജി.എസ് റ്റി. കൗൺസിൽ തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ചുരുക്കത്തിൽ ജനങ്ങൾക്ക് വിലക്കയറ്റത്തിന് ആശ്വാസം പകരുന്ന തരത്തിൽ നികുതിഘടനയിൽ മാറ്റം വരുത്താൻ പോലും കഴിയാത്ത വിധം നമ്മുടെ നികുതി സംവിധാനം പോലും മോദി ഭരണത്തിൽ കോർപ്പറേറ്റുകൾക്ക് കീഴിലായതിന്റെ ദുരന്തം കൂടിയാണ് നാം ഇന്ന് അനുഭവിക്കുന്നത്.

ഈ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ, ഈ ബജറ്റ് മാനവ വികസനവും എസ്ഡിജികളും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, മാത്രമല്ല അരികുവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ സമ്പൂർണ്ണമായി പരാജയപ്പെടുകയും ചെയ്യുന്നു.