അധികാരത്തിന്റെ നശ്വരത്വം; വാക്കുകളുടെ അനശ്വരത്വം

“All that remains is this ctiy of words. Words are the only victors.” Pampa Kampana/

Salman Rushdie.

ല്ലാം വിഴുങ്ങുന്ന സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ വിക്ടറി സിറ്റി അഞ്ഞൂറ് വർഷത്തിന് അപ്പുറം ദക്ഷിണേന്ത്യയിൽ വിജയക്കൊടി ഉയർത്തിയ വിജയ നഗര സാമ്രാജ്യത്തിന്റെ കഥയാണ്. അതേസമയം, അത് സമകാല ഭാരതത്തിന്റെ കഥയുമാണ്. അധികാരപ്രമത്തത ആത്മനാശകമാണ്; വാക്കുകൾ എല്ലാ അധികാര ശക്തികളെയും വെല്ലുവിളിച്ച് കാലാതി വർത്തിയായി നിലനിൽക്കുന്നു എന്ന് അത്തരം ശക്തികളുടെ കൊലക്കത്തിയെ നേരിട്ട എഴുത്തുകാരൻ ഈ കൃതിയിൽ പ്രഖ്യാപി ക്കുന്നു.

എല്ലാം വിഴുങ്ങുന്ന കാലത്തിനു പ്രണാമം. പതനമില്ലാത്ത ഒരു മഹാസാമ്രാജ്യവുമില്ല. സമഗ്രാധിപത്യങ്ങളുമില്ല. വെന്തുവെണ്ണീറാകാത്ത സർവ്വാധികാരികളുമില്ല. അനിവാര്യമാണ് സമഗ്രാധികാര ത്തിന്റെയും സാമ്രാജ്യത്തിന്റെയും പതനം. അക്ഷയമായി ജ്വലിച്ചു നില്ക്കുന്നത് വാക്കുകൾ മാത്രം. കാലത്തെ മറികടക്കുന്ന അമരത്വം. അധികാരത്തിന്റെ നശ്വരത്വവും വാക്കുകളുടെ അനശ്വരത്വവുമാണ് സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ ‘വിക്ടറി സിറ്റി’ (വിജയനഗരം) യുടെ കാതലായ പ്രമേയം. ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാൻ എന്നൊക്കെ അറിയപ്പെടുന്ന പ്രദേശത്തെ ദക്ഷിണഭാഗത്തു കിടക്കുന്ന ബിസ് നഗരം എന്നും വിളിക്കുന്ന സാമ്രാജ്യത്തിന്റെ ആവിർഭാവത്തിന്റെയും പതനത്തിന്റെയും ഗാഥയാണ് റുഷ്ദിയുടെ മാന്ത്രികാഖ്യാനത്തിൽ ചുരുൾ നിവരുന്നത്.

ദക്ഷിണേന്ത്യയിൽ പതിമൂന്നാം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ടു വരെ ഏകദേശം രണ്ടുനൂറ്റാണ്ടു കാലം വിരാജിച്ചിരുന്ന വിജയനഗര സാമ്രാജ്യമാണ് റുഷ്ദിയുടെ നോവൽ ‘വിക്ടറി സിറ്റി’യിലെ ആഖ്യാനഭൂമിക. നോവലിന്റെ ആഖ്യായകാരൻ നമ്മുടെ സമകാലികനാണ്. സാമ്രാജ്യത്തിന്റെ ആരംഭം മുതൽ അതിന്റെ തകർച്ച വരെയും ജീവിച്ചു മരണപ്പെടുമ്പോൾ ഇരുനൂറ്റി നാല്പത്തിയേഴ് വയസ്സ് പ്രായമായിരുന്ന പമ്പ കമ്പനയുടെ വിജയനഗരത്തെക്കുറിച്ചുള്ള ബൃഹത്കാവ്യമായ ‘ജയപരാജയ’യുടെ വിവർത്തനാഖ്യാനത്തിലൂടെയുമാണ് വിജയനഗരത്തിന്റെ ഉയർച്ചതാഴ്ച്ചയുടെ കഥ പ്രതിപാദിക്കപ്പെടുന്നത്.

 പമ്പ കമ്പന വിജയനഗരത്തിനു ആരാണ്? മാതാവാണെന്നു പറയാം. രാഷ്ട്രങ്ങൾക്കും സാമ്രാജ്യങ്ങൾക്കും അവകാശികളായി പിതാമഹന്മാർ അവരോധിക്കപ്പെടുന്നു. പക്ഷെ വംശപരമ്പരകൾക്ക് ജന്മം നൽകിയ മാതാമഹികൾക്ക് ഒരിക്കൽ പോലും അത്തരത്തിലുള്ള സ്ഥാനലബ്ധി ഉണ്ടാകാറില്ല. പമ്പ കമ്പനയുടെ കഥയും വ്യത്യസ്തമല്ല. സാധാരണവിത്തുകളെ മാന്ത്രികവിത്തുകളാക്കി മാറ്റിയ പമ്പ കമ്പനയുടെ ഒരത്ഭുതപ്രവർത്തിയിലൂടെയാണ് വിജയനഗരം സ്ഥാപിതമാകുന്നത്. നഗരവും ജനതയും കാർഷികവൃത്തിയും സംസ്‌കാരവും പട്ടണങ്ങളും കൊട്ടാരങ്ങളും മന്ദിരങ്ങളും ദേവാലയങ്ങളും പമ്പ കമ്പനയുടെ മാന്ത്രികവിത്തുകളിൽ നിന്ന് കിളിർത്തു വന്നതാണ്. ഇങ്ങനെ പൊട്ടിമുളച്ച ജനതയുടെ ചെവിയിലേക്ക് പമ്പ കമ്പന ഇല്ലാത്തൊരു ഭൂതകാലത്തെക്കുറിച്ചു ഒരു കഥ പറഞ്ഞുകേൾപ്പിച്ചു. പമ്പ കമ്പന മെനഞ്ഞ കഥയിൽ അവർ യഥാർത്ഥമായി ജീവിച്ചു. ഐതിഹ്യനിർമിതിയുടെ മാന്ത്രികസിദ്ധി കൈവശമുള്ള പമ്പ കമ്പന രചിച്ച കാവ്യമായ ‘ജയപരാജയ’ മഹാഐതിഹ്യങ്ങളെ പോലെ ജീവിതാവസ്ഥയുടെ സംഘർഷഭൂമിക എന്ന നിലയിൽ അധികാരവും കാമനയും അഭിലാഷങ്ങളും ഇച്ഛാഭംഗങ്ങളും പ്രകൃതിയും സാംസ്‌കാരിക ഉൽക്കർഷേച്ഛകളും കളിയാടുന്ന ഒരു വിസ്തൃത പ്രദേശമായും അതേസമയം പ്രകൃതിയിൽ തന്നെ സിദ്ധമായുള്ള പൊരുളറിയാ ജീവിതക്കയങ്ങളുടെ ദർപ്പണവുമായി തീരുന്നു.

‘ജയപരാജയ’ എന്ന കാവ്യനാമം തീർച്ചയായും മഹാഭാരതമെന്ന ഐതിഹ്യത്തിന്റെ മൂലരൂപമായ ‘ജയ’ എന്ന എന്ന പേര് ഓർമിപ്പിക്കും. ‘ജയ’ എന്നാണെങ്കിലും മഹാഭാരതത്തിന്റെ മൂലനാമധേയം ഭാരതം മഹാപരാജയങ്ങളുടെയും കൂടി ഇതിഹാസമാണ്. ജയത്തിൽ നിന്ന് വേർപ്പെടുത്താനാവാത്ത പരാജയവും അതിനായി അധികാരസ്ഥാനത്തിലുള്ളവർ ചെയ്തു കൂട്ടുന്ന വിപത്തുകളും പമ്പ കമ്പനയുടെ ഇതിഹാസസ്വഭാവമുള്ള കാവ്യത്തിലും തെളിയുന്നത് വ്യാഖ്യാനത്തിലൂടെ നമുക്കും അനുഭവവേദ്യമാകുന്നു.

നമ്മുടെ ഈ കാലത്തിന്റെ സന്ദേഹങ്ങളെയും വ്യഥകളെയും രാഷ്ട്രീയ ബോധ്യങ്ങളെയും ചരിത്രാനുഭവപാഠങ്ങളിൽ നിന്നുള്ള തിരിച്ചറിവുകളെയും നാലര നൂറ്റാണ്ടു മുമ്പ് ചമയ്ക്കപ്പെട്ട ഈ കാവ്യരചനയിൽ നമ്മുടെ സമകാലികനായ വ്യാഖ്യാതാവ് പ്രതിഫലിപ്പിക്കുന്നുണ്ട്. നമ്മുടെ കാലത്തിന്റെ രാഷ്ട്രീയാനുഭവ സാക്ഷ്യങ്ങളെന്ന നിലയിൽ ശാക്തീകരിക്കപ്പെട്ട സ്ത്രീകളുടെ തുല്യപ്രഭാവവും, മതാന്ധമായ രാഷ്ട്രീയം പിടിമുറുക്കുന്നതോടെ അധികാരരാഷ്ട്രീയത്തിനു സംഭവിക്കുന്ന ദുർഗതികളും, ബഹുസ്വര സംസ്‌കാരം സമൂഹത്തിന്റെ വിഭിന്നതലങ്ങളിൽ പടർത്തുന്ന അഭിവൃദ്ധിയും, നൈതികശൂന്യവും അധികാരഭോഗാസക്തവുമായ തൻപ്രമാണിത്ത പ്രവണതകളും സ്വയമേ തന്നെ സൃഷ്ടിക്കുന്ന അനർത്ഥങ്ങളും ഈ ആഖ്യാനത്തിൽ ആവിഷ്‌കൃതമാകുന്നു. ലോകജനതയെ ഉൾക്കൊള്ളുന്ന കോസ്‌മോപോളിസിന്റെ നല്ല മാതൃകയും ഭൗതികാതീതവും ആത്മപ്രചോദിതവുമായ പ്രണയവും അപരനോടുള്ള കൂറും അതേ അളവിൽ തന്നെ കാണുന്ന വിദ്വേഷവും അത് സൃഷ്ടിക്കുന്ന അന്തഃഛിദ്രങ്ങളും റുഷ്ദിയുടെ വിജയനഗര ഇതിഹാസത്തിൽ കടന്നുവരുന്നു. ഇങ്ങനെയുള്ള ആലോചനകളിലെല്ലാം തന്നെ വർത്തമാനം കടന്നുവരുന്നുണ്ടെങ്കിലും ഇത് ഇന്ത്യയുടെ മധ്യകാലത്തിന്റെ കഥകൂടിയാണ്. മധ്യകാലം അതിന്റെ എല്ലാ പ്രാദുർഭാവത്തോടെയും ഈ ആഖ്യാനത്തിൽ തെളിയുന്നു. സുൽത്താന്മാരും പറങ്കികളും ചൈനക്കാരും അറബികളുമടങ്ങിയ വിദേശസഞ്ചാരികളും കച്ചവടക്കാരും വിജയനഗരത്തിലെ ചക്രവർത്തിമാരെ പോലെ ഈ ആഖ്യാനത്തിൽ പ്രാധാന്യമുള്ള വരാണ്.

 പമ്പ കമ്പനയുടെ കാവ്യമായ ‘ജയപരാജയം’ ആദ്യമൊന്ന് പരിചയപ്പെടുത്തിയതിനു ശേഷം റുഷ്ദി നോവലിന്റെ പ്രതിപാദനം ആരംഭിക്കുന്നത് ഇങ്ങനെയാണ്:

‘ബിസ്‌നാഗയുടെ കഥ ആരംഭിക്കുന്നത് പതിനാലാം നൂറ്റാണ്ടിലാണ്. നമ്മൾ ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാൻ എന്ന വിളിക്കുന്ന പ്രദേശത്തിന്റെ ദക്ഷിണഭാഗത്താണ്’ ബിസ്‌നാഗ (BISNAGA).  അതുതന്നെയാണ് വിജയനഗരം. റുഷ്ദിയുടെ വിക്ടറി സിറ്റി. വിജയനഗരം ലോപിച്ചതല്ല ബിസ്‌നാഗ. ബിസ്‌നാഗ വിജയനഗരത്തിന്റെ പോർത്തുഗീസ് ഉച്ചാരണഭേദമാണ്. ഈ ഉച്ചാരണഭേദത്തിന്റെ അടിത്തട്ടിൽ ഒരു പ്രണയകഥയുണ്ട്. ആ പ്രണയകഥയുടെ സാഫല്യം കൂടിയായാണ് ഈ മഹാനഗരത്തിന്റെ മാതാമഹിയുടെ കാവ്യരചനയിൽ ഈ പേര് സ്ഥാനം പിടിച്ചതും. പഴയ സ്ഥലനാമങ്ങൾ മാറ്റി പമ്പ കമ്പനയും സമകാലികനായ ഈ കവിതയുടെ വ്യാഖ്യാതാവും ബിസ്‌നാഗ എന്ന പോർത്തുഗീസ് പേരുതന്നെ ആവർത്തിച്ചുപയോഗിക്കുന്നത് വംശീയലക്ഷ്യത്തോടെ പുതിയ പേരുകൾ നൽകിയും ചരിത്രത്തെയും അതുവഴി വർത്തമാനത്തെയും മാറ്റിമറിക്കുന്ന അധികാര കുൽസിതത്വത്തിനുള്ള നല്ല ഊക്കൻ ചൊട്ടുകൂടിയാകുന്നു . ഈ പേരിന്റെ ഒരടരിൽ പ്രണയം കളിയാടി നിൽക്കുമ്പോൾ മറ്റൊരു അടരിൽ വിഷനാഗം എന്ന കൊട്ടാര അന്തപുരത്തിലെ ഉപജാപക വൃത്തികളെയുടെയും സൂചനയാകുന്നു.

പോർത്തുഗലിൽ നിന്നുവന്ന കുതിരക്കച്ചവട ക്കാരനായ സഞ്ചാരി ഡോമിംഗോ ന്യുനസിനു വിജയനഗരം എന്ന് ഉച്ചരിക്കാൻ പഠിപ്പിച്ചു കൊടുക്കുകയാണ് പമ്പ കമ്പന. എങ്കിലും അയാളുടെ നാവിൽ ഇത് തിരിഞ്ഞുവന്നത് ബിസ്‌നാഗ എന്നാണ്. പമ്പ കമ്പനയ്ക്ക് അത് വലിയ ഇഷ്ടമായി. അയാളുടെ ഉച്ചാരണത്തെ മാത്രമല്ല; അയാളെയും. പക്ഷെ അപ്പോഴേക്കും വിജയനഗരത്തിന്റെ ആദ്യരാജാവ് ഹുക്കയുടെ രാജ്ഞിയായി മാറിക്കഴിഞ്ഞിരുന്നു പമ്പ കമ്പന

വിജയനഗരത്തിന്റെ ആദ്യരാജാവായ ഹുക്കാ രായ ഒന്നാമൻ സഹോദരൻ ബുക്കയുമൊത്തു ദൽഹി സുൽത്താനുമായുള്ള അവരുടെ രാജ്യത്തിന്റെ പടയിൽ തോറ്റുതൊപ്പിയിട്ടു മടങ്ങുന്ന വഴിയാണ് പമ്പ കമ്പനയെ ആദ്യം കാണുന്നത്. അപ്പോൾ പമ്പ വിദ്യാസാഗർ എന്ന ആത്മീയാചാര്യന്റെ ഗുഹയിൽ താമസിക്കുകയായിരുന്നു. ഗോപാലകന്മാരായ സഹോദരങ്ങൾ ഹുക്കയും ബുക്കയും പമ്പയെയും വിദ്യാസാഗറേയും കണ്ടുമുട്ടുമ്പോൾ അവരുടെ ഭാണ്ഡക്കെട്ടിൽ ഏതാനും വിത്തിനങ്ങൾ മാത്രമാണുണ്ടായിരുന്നത്. യുദ്ധത്തിൽ പരാജയപ്പെട്ട രാജ്യത്തിലെ പ്രജകളായ ഹുക്കയെയും ബുക്കയെയും വിജയികൾ മതവും മാറ്റിയിരുന്നു. സുന്നത്തു കഴിഞ്ഞ ഹുക്കയും ബുക്കയും രാജ്യം വിട്ടതിനു ശേഷം തങ്ങളുടെ പൂർവിക വിശ്വാസങ്ങളിലേക്ക് മടങ്ങുകയും ചെയ്തിരിക്കുന്നു പമ്പ കമ്പനയെ കണ്ടുമുട്ടുമ്പോൾ. അവരുടെ പക്കലുണ്ടായിരുന്ന വിത്തിനങ്ങളെയാണ് പമ്പ കമ്പന മാന്ത്രികവിത്തുകളാക്കി മാറ്റുന്നത്. ഹുക്കയും ബുക്കയും പാറമേൽ പാകിയ ഈ മാന്ത്രികവിത്തുകളിൽ നിന്നാണ് വിജയനഗരം ഉയിർക്കൊള്ളുന്നത്. പമ്പയുടെ അത്ഭുതശക്തിയിൽ അതിശയമോഹിതരായ ചേട്ടനും അനിയനും പമ്പയോട് അനുരാഗം തോന്നിയത് സ്വാഭാവികം. എങ്കിലും ആദ്യരാജാവായ ചേട്ടൻ ഹുക്കയുടെ രാജ്ഞിപദവിയാണ് പമ്പ സ്വീകരിക്കുന്നത്. പമ്പ കമ്പന വലിയ ദുഃഖം മനസ്സിൽ പേറുന്നവളാണ്. കുഞ്ഞായിരിക്കുമ്പോൾ അവളുടെ രാജ്യം ദൽഹി സുൽത്താനുമായുള്ള യുദ്ധത്തിൽ തോറ്റിരുന്നു. രാജ്യഭടനായ അവളുടെ പിതാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. പടയോട്ടത്തിൽ തോറ്റ രാജ്യത്തിലെ സ്ത്രീകൾ നടത്തിയ ദുരാചാരമായ കൂട്ടസതിക്ക് പമ്പ കമ്പന കുഞ്ഞായിരിക്കേ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൂട്ടസതിയിൽ തന്റെ അമ്മയും എരിഞ്ഞടങ്ങുകയായിരുന്നു. പുരുഷനേക്കാൾ ആന്തരികമായി ധീരയാണ് സ്ത്രീ എന്ന സത്യം സ്വാനുഭവങ്ങളിൽ നിന്ന് പമ്പ കമ്പന ഉൾക്കൊണ്ടിരുന്നു.

വിജയനഗരത്തിന്റെ ആദ്യരാജാവായ ഹുക്ക രായ ഒന്നാമന്റെ കാലത്തു നഗരം അന്യപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് സ്വാഗതമോതിയിരുന്നു. രാജ്യത്തിന്റെ അതിർത്തികൾ വികസിപ്പിക്കാനാണ് ഹുക്ക രായ പരിശ്രമിച്ചത്. രാജാവിനെ തളർത്തിയത് രാജ്ഞിയുടെ വിദേശിയുമായുള്ള പ്രണയബന്ധമാണ്. ഒരേസമയം രണ്ടു ബന്ധങ്ങളും പമ്പ കമ്പന നിലനിർത്തി. ഹുക്കരായ അന്ധവിശ്വാസിയായിരുന്നു. വിദ്യാസാഗറിനു രാജ്യകാര്യ വിഷയങ്ങളിൽ സ്വാധീനമുണ്ടായിരുന്നു. അക്കാലത്തു ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ തുടങ്ങിയ അറബ് നാട്ടിൽ നിന്നുള്ള മതത്തെ വിദ്യാസാഗർ എതിർത്തു. ഹുക്ക റായ്‌യുടെ സർവമതാശ്ലേഷിയായ കാഴ്ചപ്പാട് വിദ്യാസാഗറിനു സ്വീകാര്യമായിരുന്നില്ല. തന്റെ ആത്മീയപ്രഭാവം സങ്കോചിക്കുമോ എന്ന ചിന്തയാണ് വിദ്യാസാഗറിനെ ബാധിച്ചത്. അതേസമയം അറബ് നാട്ടിൽ നിന്നു ഉത്ഭവിച്ച മതത്തിന്റെ സവിശേഷതയായ സംഘം ചേർന്നുള്ള പ്രാർത്ഥന ഹുക്ക റായ്ക്ക് നന്നേ ബോധിച്ചു. ഹുക്കരായ ഇത്തരം രീതികളെ സ്വീകരിക്കാൻ തയ്യാറായി. എങ്കിലും ശിവാരാധനയ്ക്ക് മറ്റു ദൈവാരാധനയെക്കാൾ പ്രാമുഖ്യം നൽകി. ഇങ്ങനെ ഭരണകൂടം തന്നെ നേരിട്ട് ഇടപെട്ടു കൊണ്ടു മതരീതികളിൽ വരുത്തിയ മാറ്റത്തെ എതിർക്കുന്ന എതിർവാദക്കാർ (Remonstrance)എന്ന പ്രസ്ഥാനം തന്നെ രൂപപ്പെട്ടു വിജയനഗരത്തിൽ.

എതിർവാദക്കാരിൽ പ്രധാനി ഹാലെയ കൊട്ടെയാണ്. ഇയാൾ പിന്നീട് പമ്പ കമ്പനയുടെ മക്കളിലൊരാളുമായി പ്രണയത്തിലാകും. മതകീയതയ്ക്ക് പ്രാധാന്യം നല്കിയതായിരുന്നു ഹുക്കരായ ഒന്നാമന്റെ ഭരണം. പക്ഷെ മധുരയിലെ യുദ്ധം കഴിഞ്ഞു മടങ്ങി വന്ന ഹുക്കരായ ഒന്നാമൻ മരണപ്പെട്ടു. പ്രവാചകയായ പമ്പ കമ്പന ബുക്കയോട് ഹുക്കയുടെ മരണാനന്തരം അയാൾ രാജാവാകുമെന്നു പ്രവചിച്ചിരുന്നു. മാത്രമല്ല, പമ്പ കമ്പന ഹുക്കയുടെ അനുജൻ ബുക്ക രായയുടെ ഭാര്യാപദവി കൂടി അലങ്കരിക്കുകയും അവർക്ക് മൂന്നു ആൺ മക്കളുണ്ടാവുകയും ചെയ്യുന്നു. പമ്പ കമ്പനയുടെ വീണ്ടും കണ്ടെടുക്കപ്പെട്ട ഇതിഹാസകാവ്യം ‘ജയപരാജയ’ യിൽ ബുക്ക ഭരണമേറ്റെടുത്ത സമയത്തെപ്പറ്റി പറയുന്നുണ്ട്. ആഖ്യാതാവായ വിവർത്തകൻ ഇപ്രകാരമാണ് ഇത് രേഖപ്പെടുത്തുന്നത്: ‘തുല്യമായ തെളിച്ചത്തോടെ വിജയത്തെയും നാശത്തെയും കാണുന്ന പമ്പ കമ്പനയുടെ ജയപരാജയത്തിൽ ബുക്ക രാജ്യോപദേശകനായി നിയമിക്കുന്നത് ഗംഗാദേവി എന്ന സ്ത്രീയെയാണ്. പമ്പ കമ്പനക്ക് വിദ്യാസാഗർ നല്കിയ പേരും ഇതാണ്. ഗംഗാദേവി സാമൂഹികവും കലാപരവുമായ കാര്യങ്ങളെ ഉപദേശിക്കുവാനാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. മധുരൈ വിജയം എന്ന മഹാകാവ്യം എഴുതിയത് ഗംഗാദേവിയാണെന്നു’ ജയപരാജയയിൽ പറയുന്നു. വാസ്തവത്തിൽ, ഇത് എഴുതിയതും പമ്പ തന്നെ. സമകാലികനായ വിവർത്തകൻ പറയുന്നത് പമ്പക്ക് ഗ്രന്ഥകാരി എന്ന പദവിയിൽ താല്പര്യമില്ലായിരുന്നു എന്നാണ്. എങ്കിലും ഭാവിയിൽ വായനക്കാർ തന്നെ തിരിച്ചറിഞ്ഞു കൊള്ളുമെന്നുള്ള സ്വകാര്യബോധ്യവും ഉണ്ടായിരിക്കാമെന്ന് വിവർത്തകൻ അനുമാനിക്കുന്നു. ആധുനിക എഴുത്തിന്റെ മണ്ഡലത്തിൽ എഴുത്തുകാരുടെ ആത്മരതിയുടെ സ്വഭാവപകർച്ചയുള്ള നാമധേയ മുദ്രണത്തെ ക്കുറിച്ചുള്ള വിമർശനമായി ഇതിനെ വായിക്കാം. എന്തായാലും ബുക്ക റായ്‌യുടെ ഭരണം കീർത്തിപ്പെട്ടതായിരുന്നു. നീരിശ്വരവാദത്തോടു ഏതാണ്ട് സമരസപ്പെട്ടു പോകുന്ന ബുക്ക രായയുടെ ഭരണത്തിൽ ഒരു ജനവിഭാഗത്തെയും അനുകൂലമായോ പ്രതികൂലമായോ വിവേചിച്ചില്ല. ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം മറ്റൊരു വംശത്തിൽപ്പെട്ട വിജയനഗരത്തിന്റെ ഏറ്റവും ശോഭനമായ ഭരണത്തെ പ്രധാനം ചെയ്തു എന്നു കരുതുന്ന കൃഷ്ണദേവ രായയുടെ ഭരണവുമായാണ് ബുക്ക് രായയുടെ വാഴ്ച്ചയ്ക്ക് സാമ്യമെന്നാണ് ആഖ്യാതാവ് പറയുന്നത്.

വിദ്യാസാഗറിന്റെ സ്വാധീനം തെല്ലു കുറച്ചുകൊണ്ടുവരാനായി അയാൾക്ക് പ്രത്യേക മന്ദിരമുണ്ടാക്കി അവിടെ കരംപിരിക്കാനുള്ള അവകാശവും നൽകി. മാത്രമല്ല, എതിർവാദ പ്രസ്ഥാനക്കാരുടെ മുഖ്യനായ ഹാലെയാ കോട്ടേയ്ക്ക് രാജ്യഭരണത്തിനു മേലിലുള്ള സ്വാധീനത്തിൽ വിദ്യാസാഗറിനു കന്മഷമുണ്ടായിരുന്നു. പമ്പ കമ്പനയെയും ഹാലെയാ കോട്ടേയെയും തുരത്താനുള്ള അവസരം കാത്തിരിക്കുകയായിരുന്നു ഈ ആത്മീയഗുരു. ഇതിനുള്ള അവസരം വന്നുഭവിച്ചതും പമ്പ കമ്പനയുടെ തന്നെ ദീർഘവീക്ഷണപരമായ ഒരു ഇടപെടൽ നിമിത്തമായിരുന്നു. പലപ്പോഴും വർത്തമാനകാലത്തെ മറികടന്നു പോകുന്ന ദീർഘവീക്ഷണം അതിന്റെ ഉപജ്ഞാതാക്കൾക്കു തന്നെ തിരിച്ചടിയായി മാറാറുള്ളത് ഇവിടെയും സംഭവിക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ വിരാജിച്ചിരുന്ന വിജയനഗരത്തിൽ പമ്പ നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങൾ അടുത്ത നൂറ്റാണ്ടിൽ സംഭവിക്കാനുള്ളതാണെന്നു ബുക്ക പ്രിയതമയായ പമ്പയോട് പറയുന്നുണ്ട്. പമ്പ അതിനോട് പ്രതിവചിക്കുന്നത് ‘നമ്മുടെ ശക്തമായ സാമ്രാജ്യം അതിലെ ജനതയെ ഭാവിയിലേക്ക് നയിക്കുന്നതാകണം. മറ്റിടങ്ങളൊക്കെ പതിനാലാം നൂറ്റാണ്ടിലായിരിക്കും. എന്നാൽ വിജയനഗരം പതിനഞ്ചാം നൂറ്റാണ്ടിലാണ് ’ എന്നാണ്. അതായത് ഒരു നൂറ്റാണ്ടു മുന്നിലായിരുന്നു പമ്പ കമ്പനയുടെ കാഴ്ചപ്പാട്.

പമ്പ കമ്പനയുടെ ഭാവിബോധമാണ് സ്ത്രീശാക്തീകരണ നിലപാടുകൾ കൈക്കൊള്ളാൻ അവരെ പ്രേരിപ്പിക്കുന്നത്. ബുക്ക രായയുടെ അനന്തര ഭരണാധികാരികളെ നിശ്ചിയിക്കാനുള്ള ആലോചന നടക്കുന്ന വേളയിൽ പമ്പ നിഷ്‌ക്കർഷിക്കുന്നത് ഡോമിംഗോ ന്യുൻസിൽ പമ്പയ്ക്കുണ്ടായ മൂന്ന് പെണ്മക്കളെയാകണം രാജ്യത്തിന്റെ ഭരണമേൽപിക്കുന്നത് എന്നാണ്. പമ്പയ്ക്ക് ബുക്ക രായയിലുണ്ടായ ആൺമക്കൾക്ക് അധികാരം നൽകരുതെന്നും പമ്പ ശഠിച്ചു. ഇതിനെതിരെ ശബ്ദമുയർത്തിയ ആൺമക്കളെ ശ്രീലങ്കയിലേക്ക് നാടുകടത്തി. ഇത് രാജ്യത്തിൽ ചില പുകിലുകളൊക്കെ സൃഷ്ടിക്കാൻ കാരണമായി. വിദ്യാസാഗർ തനിക്ക് തിരിച്ചുവരാനുള്ള അവസരമായി ഇതിനെ ഉപയോഗിച്ചു. സാമ്രാജ്യത്തിന്റെ പുറത്തു നിർത്തപ്പെട്ട ഹുക്കയുടെയും ബുക്കയുടെയും മൂന്ന് സഹോദരന്മാരും ബുക്കയുടെ ആൺമക്കളും ചേർന്നു ബുക്കയുടെ മരണാന്തരം അധികാരം പിടിച്ചെടുത്തു. അവരുടെ മാതാവായ പമ്പ കമ്പനയെയും പെൺമക്കളെയും അവർ പുറത്താക്കി. ഇന്ത്യൻ ഇതിഹാസ പർവ്വങ്ങളിൽ കാണുന്ന മാതിരി ഇവർ ആരണ്യയാനി എന്ന വനത്തിലേക്കാണ് രാജ്യഭ്രഷ്ടരാക്കപ്പെട്ടത്. ആഖ്യാനത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത് അവിടെ നിന്നാണ്.

യോത്സ്‌നാ യുക്താക്ഷരി സ്‌റേൽദ ഡോമിംഗോ ന്യുൻസിൽ പമ്പ കമ്പനക്ക് പിറന്ന മൂന്നു പെണ്മക്കളുമായിട്ടാണ് ആരണ്യയാനിയിലേക്ക് വാനപ്രസ്ഥയാകുന്നത്. രാജ്യഭ്രഷ്ടിന്റെ അധ്യായം ആരംഭിക്കുന്നിടത്തു തന്നെ ആഖ്യാതാവ് മഹാഭാരതത്തിൽ കുന്തിദേവി പഞ്ചപാണ്ഡവരുമായി ആരണ്യവാസത്തിനു പോകുന്നത് ഓർക്കുന്നുണ്ട്. ആരണ്യനി ദേവിയുടെ കടാക്ഷമുള്ള വനാന്തരത്തിലെ പമ്പയുടെ ജീവിതം ഇതിഹാസങ്ങളിലെ വനവാസം പോലെ പ്രതീകാത്മകമാണ്. അധികാരത്തിന്റെ ആഡംബരങ്ങളിൽ നിന്നും മുക്തയായി പ്രകൃതിയുമായി താദാത്മ്യപ്പെടുകയാണ് അവർ. പമ്പ കമ്പനയിൽ നിന്ന് രണ്ടു വംശങ്ങൾ പിറവിയെടുക്കുന്നു. ഇതിഹാസ പ്രതീതി നൽകുന്നതാണ് ഈ വംശാവലിയുടെ വികർഷണം. ബുക്കയിലുണ്ടായ ആൺസന്തതികൾ വെറും ഊളകളായി മതാന്ധമായ വിശുദ്ധിയിൽ വിശ്വസിച്ചു കൊണ്ട് വിദ്യാസാഗർ എന്ന ആത്മീയ ആൾദൈവത്തിന്റെ അനുഗ്രഹാശ്ശിസുകൾക്ക് അനുസരിച്ചു ജനോപദ്രവഭരണം നടത്തുന്നു. എന്നാൽ, പമ്പ കമ്പനയുടെ മൂന്ന് പെണ്മക്കൾ പുരോഗമനചിന്തയുള്ള സ്വാതന്ത്ര്യബോധമുള്ള ധീരകളായി വളരുന്നു. പമ്പ കമ്പനയുടെ കൂടെ വനത്തിലേക്ക് പലായനം ചെയ്തവരിൽ ഹാലെയാ കോട്ടെയും ഗ്രാൻഡ് മാസ്റ്റർ ലീയുമുണ്ട്. ലോകാനുഭവങ്ങളുള്ള ഗ്രാൻഡ് മാസ്റ്റർ ലീയുടെയൊപ്പം സ്‌റേൽദ എല്ലാവരുടെയും അറിവോടെ കൂടുതൽ അറിവുകൾ നേടാനായി അവിടം വിട്ടു പോകുന്നു. അമ്പതു വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും യോത്സ്‌നയും ഹാലെയാ കോട്ടേയും പ്രണയബദ്ധരാകുന്നു. പമ്പ കമ്പനയുടെ മനസ്സ് ബിസ്‌നാഗയിലായിരുന്നു. അവിടെ എന്ത് നടക്കുന്നു എന്നറിയാനാണ് അവർക്ക് ഏറെ താല്പര്യം. ഹാലെയാ കൊട്ടെയുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത് ബിസ്‌നാഗയിലെ ഭരണം നിർവഹിക്കുന്നത് ഒരു കൂട്ടം മതാചാര്യന്മാരാണ് എന്നാണ്. ഭരണം നിയന്ത്രിക്കുന്ന ഈ പുരോഹിത വർഗത്തെ ഡിവൈൻ അസെൻഡൻസി സെനറ്റ് എന്നാണ് ആഖ്യാതാവ് വിളിക്കുന്നത്. ഡാസ് എന്നാണ് ഇതിന്റെ ചുരുക്കപ്പേര്. പക്ഷെ ഇതിനെതിരെ എതിർവാദക്കാർ രഹസ്യമായ പ്രവർത്തനം നടത്തിവന്നിരുന്നു. ജനജീവിത പ്രദേശങ്ങളിൽ ചുമരുകളിൽ എതിർവാദക്കാരുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. ചുവരെഴുത്തുകളും അംഗീകൃത സംഘടനകളുടേതല്ലാത്ത പോസ്റ്ററുകളും ഇന്നും ഭരണാധിപന്മാരുടെ ഉറക്കം കെടുത്താറുണ്ടെന്നതല്ലേ കാലാതീത സത്യം!

അഭയസങ്കേതമായ ആരണ്യയാനിയിൽ നിന്ന് രണ്ടുതവണയാണ് പമ്പ കമ്പന ബിസ്‌നാഗയിലേക്ക് വരുന്നത്. ഒരുതവണ വന്നപ്പോൾ ദേവ രായ ഒന്നാമനാണ് രാജാവ്. ദേവരായ നഗരത്തിന്റെ സ്ഥാപന ചിത്രത്തെക്കുറിച്ചുള്ള ഐതിഹ്യം കേട്ടിട്ടുണ്ട്. എങ്കിലും അതിൽ പൂർണമായും വിശ്വസിച്ചിരുന്നില്ല. പമ്പ കമ്പനയുടെ കാവ്യത്തിൽ ദേവരായയെ ‘പാവ രാജാവ്’ എന്നാണ് വിളിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പാവരാജാവ് പുരോഹിതസഭയുടെ നിയന്ത്രണത്തിലായിരുന്നുവെങ്കിലും ഒടുവിലേക്ക് ഇതു മാറിവരുന്നുണ്ട്. പമ്പ കമ്പനയുടെ സ്വാധീനത്തിൽ പുത്തൻ എതിർവാദക്കാർ ഉയർന്നുവന്നിരുന്നു. അവർ ലിംഗവൈവിധ്യവും കവിതയും സംഗീതവും അംഗീകരിച്ചിരുന്നു. അധികാരത്തിൽ നിന്ന് മതം മാറിനിൽക്കണമെന്ന എതിർവാദക്കാരുടെ മൗലികമായ ആശയം അവർ നിലനിർത്തി. വിദ്യാസാഗറിന്റെ സ്വാധീനം തീരെ കുറഞ്ഞിരുന്ന കാലഘട്ടമായിരുന്നു ഇത്. മാത്രമല്ല, പമ്പ കമ്പനയെ പോലെ വിദ്യാസാഗറിനും നല്ലപോലെ പ്രായമായിരുന്നു. പമ്പ കമ്പനയ്ക്ക് തന്റെ വിചിത്രമായ ഉണ്മയെപ്പറ്റി തിരിച്ചറിവുണ്ടാവുന്നു. തന്റെ അസാധാരണമായ മാന്ത്രികസിദ്ധിയും ചിരംജീവിതവും പമ്പയെ തെല്ലുലയ്ക്കുന്നു എന്നുവേണം കരുതാൻ. താൻ ഒരു സ്വപ്നമോ അല്ലെങ്കിൽ ഒരു നിഴൽ മാത്രമോ ആയി തീർന്നിരിക്കുന്നു എന്നവർ തിരിച്ചറിയുന്നു. വിദ്യാസാഗർ ഇതിനിടയിൽ മരണപ്പെടുന്നു. പറങ്കിയിൽ നിന്നുള്ള പുതിയൊരു കുതിരക്കച്ചവടക്കാരനായ ഫെർണാവോ പയസിനെ പമ്പ കമ്പന പരിചയപ്പെടുന്നുണ്ട്. ഇതിനുശേഷം അവർ വീണ്ടും ആരണ്യയാനിയിലേക്ക് മടങ്ങിപ്പോകുന്നു. അപ്രതീക്ഷിതമായി ഒരു സന്ദർശക പമ്പ കമ്പനയെ തേടിയെത്തുന്നു. ഗ്രാൻഡ് മാസ്റ്റർ ലീയുടെയും സ്‌റേൽദ സംഘമയുടെയും ആറാം തലമുറയിലുള്ള മകൾ സ്‌റേൽദ ലീ. പമ്പ കമ്പന തന്റെ പ്രായത്തെക്കുറിച്ച് ഓർക്കാനുള്ള കാരണമാകുന്നു ഇത്. അപ്പോൾ വർഷം 1509 ആണ്. ഏതാണ്ട് രണ്ടുനൂറ്റാണ്ടായി പമ്പ ജനിച്ചിട്ട്. ഇപ്പോൾ പ്രായം നൂറ്റി തൊണ്ണൂറു വയസ്സ്. എന്നിട്ടും കണ്ടാൽ പ്രായം മുപ്പത്തിയഞ്ചോ മുപ്പത്തിയെട്ടോ മാത്രം. പമ്പ കമ്പനയും അഞ്ചു തലമുറകൾക്കു ശേഷം പിറന്ന സ്‌റേൽദ ലീയുമായി വിജയനഗരത്തിലേക്ക് തിരിച്ചുപറക്കുകയാണ്.

വിജയനഗരത്തിന്റെ ചരിത്രത്തിൽ സാമ്രാജ്യത്തിന്റെ ഏറ്റവും സുവർണ്ണ കാലഘട്ടമായിരുന്നു അപ്പോൾ. കൃഷ്ണദേവ രായരാണ് ഭരിക്കുന്നത്. സംഗമ വാഴ്ച്ചക്കു ശേഷം തുളുവ വംശം അധികാരത്തിൽ അവരോധിതമായിരിക്കുകയാണ്. വൈഷ്ണവ വിശ്വാസികളാണ് തുളുവ വംശജർ. ശൈവരായിരുന്നു ഇതിനുമുമ്പ് വിജയനഗരം ഭരിച്ചിരുന്നത്. എന്നാൽ ഈ സുവർണ്ണ കാലത്തിൽ തന്നെയാണ് സാമ്രാജ്യത്വത്തിന്റെ ആത്യന്തിക പതനത്തിനു ഹേതുവായ അന്തക തീരുമാനങ്ങൾ രായൻ കൈക്കൊള്ളുന്നത്. ഏതു സാമ്രാജ്യത്വത്തിന്റെയും ഗതി ഇതുതന്നെ. സുവർണ്ണദശയിൽ എല്ലായിടത്തും ഉച്ചത്തിൽ അഭംഗുരം കേൾക്കുന്ന പ്രശംസാവാചകങ്ങളിൽ മതിമറന്നു കൊണ്ടു ഭരണം നടത്തുന്ന പഴയകാല ചക്രവർത്തിമാരും അഭിനവ ഏകഛത്രാധിപതികളും ഇക്കാലയളവിൽ നടപ്പാക്കുന്ന പല നടപടികളും അന്തഃഛിദ്രത്തിനു വഴിവെക്കുകയും സാമ്രാജ്യം ഒടുവിൽ തകരുകയും ചെയ്യുന്നു. കൃഷ്ണ ദേവരായയ്ക്കുശേഷം മറ്റൊരു വംശവും കൂടി അധികാരത്തിലേക്ക് വന്നെങ്കിലും ക്ഷയോന്മുഖമായ സാമ്രാജ്യത്തിന്റെ അരികുകളിലേക്ക് അവർ പായിക്കപ്പെടുകയും ഒരിക്കൽ വിസ്തൃതമായ സാമ്രാജ്യം സമ്പൂർണമായും തേജസ്സ് ക്ഷയിച്ചു നഷ്ടപ്രതാപത്തിന്റെ അവശിഷ്ടങ്ങളായി തീരുന്നു.

കൃഷണദേവരായരുടെ ഭരണത്തിൽ പമ്പ കമ്പന മഹത്ത്വം ദർശിച്ചിരുന്നു. സാമ്രാജ്യത്തിന്റെ മാതാമഹിയായ പമ്പ കമ്പനയ്ക്ക് ഏറെ പ്രായമായിരുന്നുവെങ്കിലും കാഴ്ച്ചയിൽ മുപ്പത്തിയഞ്ച് വയസ്സ് മാത്രമേ തോന്നിച്ചിരുന്നുള്ളൂ എന്ന് ആഖ്യാനകാരൻ പറയുന്നുണ്ട്. പമ്പ കമ്പന ഒരിക്കൽ തനിക്ക് കൃഷ്ണദേവ രായയോടു അനുരാഗമാണോയെന്നു സംശയിച്ചിരുന്നു. ഇല്ല; ഭരണനൈപുണ്യത്തോടുള്ള ആദരവായിരുന്നിരിക്കാം അത്. പമ്പ കമ്പന ക്വീൻ റീജന്റായി അവരോധിക്കപ്പെടുന്നു. പമ്പ കമ്പനയുടെ പേരമകളുടെ പേരമകളായ സ്‌റേൽദ ലീയെ കൃഷ്ണദേവ രായ വിവാഹം കഴിക്കുന്നു. പക്ഷെ, രാജാവ് മറ്റൊരു വിവാഹവും ഔപചാരികമായും ആർഭാടപൂർണമായും കഴിക്കുന്നുണ്ട്. തിരുമലദേവിയെ. അവർ രാജ്ഞിയായി മാത്രം ഒതുങ്ങാൻ തയ്യാറായിരുന്നില്ല. അധികാരത്തിൽ സ്ഥാനമുറപ്പിക്കുക അവരുടെ ലക്ഷ്യമായിരുന്നു. പമ്പ കമ്പനയെ രാജാവ് റീജന്റ് രാജ്ഞിയാക്കിയതിൽ അവർക്ക് എതിർപ്പുണ്ട്. മാത്രമല്ല, മറ്റൊരു രാജ്ഞിയായ സ്‌റേൽദ ലീയുടെ സ്വാധീനം പരിമിതപ്പെടുത്താൻ ഏതറ്റംവരെ പോകാനും തിരുമലദേവിയും അമ്മയും തയ്യാറെടുത്തിരുന്നു. ഇതിനിടയിൽ രണ്ടു രാജ്ഞിമാരും ഗർഭവതികളാകും. പക്ഷേ പ്രസവവേളയിൽ സ്‌റേൽദ ലീ മരണപ്പെടുന്നു. കൃഷ്ണദേവ രായ പടയോട്ടങ്ങളിൽ വിജയം നേടിക്കൊണ്ടിരിക്കുന്ന വേളയിൽ തന്നെ കൊട്ടാരത്തിന്റെ അന്തഃപുരങ്ങളിൽ ഉപജാപം തകൃതിയായി നടക്കുകയായിരുന്നു. റായ്ച്ചൂരിൽ യുദ്ധം ജയിച്ചുവന്ന രാജാവ് തന്റെ മകനായ തിരുമല ദേവനെ രാജാവായി വാഴിക്കണമെന്നു തീരുമാനിച്ചതാണ്. പക്ഷെ അജ്ഞാതകാരണങ്ങൾ കൊണ്ടു അയാൾ മരണത്തിനു കീഴടങ്ങി. പ്രധാനമന്ത്രിയാ യിരുന്ന സാലുവ തിമ്മരശുവിന്റെ ഉപജാപം നിമിത്തമാണ് യുവരാജാവ് മരണപ്പെട്ടതെന്നു തിരുമല ദേവിയും അമ്മ നാഗാലാദേവിയും പമ്പ കമ്പനയും ആരോപിച്ചു. കോപാക്രാന്തനായ കൃഷ്ണദേവ രായ പമ്പയെയും തിമ്മരശുവിനെയും സ്ത്രീയോദ്ധാക്കളെ ക്കൊണ്ടു അന്ധരാക്കി.

അന്ധയാക്കപ്പെട്ട പമ്പ കമ്പനയും തിമ്മരശുവും മാധവാചാര്യന്റെ മഠത്തിൽ അഭയംതേടി. പമ്പ കമ്പനയുടെ ജയപരാജയയിൽ അന്ധയായതിനു ശേഷമുള്ള എഴുത്തിൽ പ്രധാനമായും ഒരു മാറ്റം പ്രകടമാകുന്നു. അറിയപ്പെടാത്ത, അജ്ഞാതരായ സാധാരണപൗരന്മാരുടെയും ചെറിയമനുഷ്യരുടെയും ശബ്ദം കേൾക്കാൻ തുടങ്ങുന്നു. ബിസ്‌നാഗയുടെ യഥാർത്ഥ ജീവിതമാണ് ഈ ഭാഗങ്ങളിൽ തെളിയുന്നത് എന്നാണ് ജയപരാജയെക്കുറിച്ചു അന്വേഷിച്ച പണ്ഡിതർ പറയുന്നത്. കൃഷ്ണദേവ രായ പൂർണമായും തകർന്നുകഴിഞ്ഞിരുന്നു. ആശ്വാസത്തിനായി പലക്ഷേത്രങ്ങളിലും സന്ദർശനം നടത്തി. മനോവ്യഥയുടെ ആഴങ്ങളിൽ അകപ്പെട്ട രായ താനുമായി അകന്നുകഴിഞ്ഞിരുന്ന സഹോദരനുമായി സന്ധി ചെയ്യാൻ തീരുമാനിച്ചു. പമ്പ കമ്പനയെ അന്ധയാക്കുകയും അധികാരഭ്രഷ്ടയാക്കുകയും ചെയ്തപ്പോൾത്തന്നെ കൃഷ്ണദേവ രായയുടെ അകമേയുള്ള വെളിച്ചം അണഞ്ഞുപോയിരുന്നു. ആന്തരിക ആന്ധ്യ ബാധിതനായ രാജാവിനു എങ്ങും ഇരുൾപടർന്ന പോലെ അനുഭവപ്പെടാൻ തുടങ്ങി. ദൈവതുല്യം ആരാധിക്കപ്പെട്ടിരുന്ന സ്വന്തം കഴിവുകളിൽ ആത്മവിശ്വാസം നിറഞ്ഞുനിന്നിരുന്ന മഹായോദ്ധാവായിരുന്ന കൃഷ്ണദേവ രായ ഒടുവിൽ മരിക്കുന്ന വേളയിൽ സ്വയംകൃതാനർത്ഥങ്ങളുടെ ക്ലേശഭാരങ്ങൾ സഹിച്ചു അഭിമാനഭംഗം സംഭവിച്ചു എല്ലാ ബഹുമാന്യതയും നഷ്ടപ്പെട്ട, തന്റെ തന്നെ പ്രതാപത്തെ തിരിച്ചറിയാൻ പറ്റാത്ത വിധം തന്നിലൂടെ അന്ധരാക്കപ്പെട്ട ജനതയുടെ പ്രാകൽ കേട്ടാണ് മരണപ്പെടുന്നത്. മരണവേളയിൽ ചുണ്ടിൽ നിന്നുതിർന്ന അവസാനവാക്ക് ‘എതിർവാദം’ എന്നാണെന്ന് പമ്പ കമ്പന സ്വകാര്യമായി അറിയുന്നു.

 മഹാഭാരതേതിഹാസവുമായുള്ള സാദൃശ്യം റുഷ്ദിയുടെ ‘വിക്ടറി സിറ്റി’ നോവലിന്റെ ആഖ്യാനത്തിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നുണ്ട്. ആദ്യമേ സൂചിപ്പിച്ചപോലെ, ജയപരാജയ മഹാഭാരതമൂലകൃതിയുടെ നാമധേയമായ ജയയെ അനുസ്മരിപ്പിക്കുന്നു. ഇതിവൃത്തഘടനയിലും ഈ സാദൃശ്യത്തിന്റെ തരളത കാണുന്നു. അവസാനത്തെ അധ്യായമായ ‘സാമ്രാജ്യത്തിന്റെ പതന’ത്തിലും കടന്നുവരുന്നുണ്ട് പ്രമുഖമായ സാദൃശ്യം. വ്യാസ മഹർഷിയ്ക്കായി ഭാരതം എഴുതാൻ നിയോഗമുണ്ടായത് ഗണേശനാണല്ലോ. ഈ പ്രസിദ്ധമായ ഭാരത ഉപാഖ്യാനം റുഷ്ദിയും ഈ ആഖ്യാനത്തിൽ കൊണ്ടുവന്നിരിക്കുന്നു. അന്ധയാക്കപ്പെട്ട പമ്പ കമ്പനയുടെ കാവ്യാഖ്യാനം എഴുതാൻ സ്വയംനിയുക്തയായത് കൃഷ്ണദേവ രായയുടെയും തിരുമലദേവിയുടെയും മകളായ തിരുമലംബ ദേവിയാണ്. സാമ്രാജ്യത്തിന്റെ മാതാമഹിയായ പമ്പ കമ്പനയെ തേടിചെല്ലുകയാണ് തിരുമലംബ ദേവി. അപ്പോഴേക്കും കൃഷ്ണദേവ രായയ്ക്കു ശേഷം അനുജൻ അച്യുത രായയുടെ ദുർഭരണം ആരംഭിച്ചു കഴിഞ്ഞിരുന്നു. അധികാരത്തിന്റെ സർവവിധ ഭോഗാശ്ലീലതയും നിറഞ്ഞുനിന്നതായിരുന്നു അച്യുത രായയുടെ ഭരണം. കുടിച്ചും കൂത്താടിയും സർവ്വാധികാരപ്രമത്തതയാൽ ജനതയെ വെറുപ്പിച്ചും അയാൾ ഭരണം നിർവഹിച്ചു. വേർപെട്ടു നിന്നിരുന്ന സുൽത്താന്മാർ ബിസ്‌നാഗക്കെതിരെ ഒന്നിച്ചു. രാജാവിനെതിരെയുള്ള ഉപജാപത്തിനു മുന്നിൽ നിന്നത് തിരുമലാംബ ദേവിയുടെ കണവൻ ആലിയയായിരുന്നു. ആലിയ രാം രായ എന്ന പേരാണ് അയാൾ സ്വീകരിച്ചത്. മലബാറിനെ മുച്ചൂടും മുടിപ്പിച്ചും മംഗലാപുരത്തെ തദ്ദേശവാസികളെ കൊന്നൊടുക്കിയും ദക്ഷിണേന്ത്യയെ കീഴടക്കാൻ തയ്യാറെടുത്തിരുന്ന പറങ്കികളുമായാണ് ആലിയരാമ റായ് കൂട്ടുകൂടിയത്. ബിജാപ്പൂർ സുൽത്താനായ ആദിൽ ഷായുടെ നേതൃത്വത്തിൽ അഞ്ചു സുൽത്താനത്തുകളും ഒരുമിച്ചുചേർന്ന് 1565 തളിക്കോട്ടയിൽ വെച്ച് ബിസ്‌നാഗയെ നേരിട്ടു. സാമ്രാജ്യം യുദ്ധത്തിൽ നിരാധാരമായി. യുദ്ധാനന്തരം മൂന്നാംദിവസം തളിക്കോട്ടയിൽ നിന്ന് വിജയനഗരത്തിലേക്ക് സുൽത്താൻമാരുടെ പടയെത്തി. വിശ്രുതനഗരത്തെ തകർത്തു തരിപ്പണമാക്കി. കൊള്ളയടിച്ചതിനു ശേഷം നഗരത്തെ ചുട്ടുചാമ്പലാക്കി. എരിഞ്ഞുതീർന്ന നഗരത്തിനു ചുറ്റും കഴുകന്മാർ വട്ടമിട്ടു പറന്നു. ബിസ്‌നാഗ മഹാനഗരമാകുന്നതിനു മുമ്പ് അവിടെ ഭരിച്ചിരുന്ന കമ്പില രായയെ യുദ്ധത്തിൽ തോൽപ്പിച്ചതിന് ശേഷം ദൽഹി സുൽത്താന് വിജയപ്രതീകമായി രായയുടെ അറുത്ത തലയാണ് നൽകപ്പെട്ടത്. അക്കാലത്തെ യുദ്ധനീതിയിൽ പ്രധാനമാണ് തോറ്റ രാജാവിന്റെ അറുത്ത തല പ്രദർശനവസ്തുവാക്കുക യെന്നത്. ബിസ്‌നാഗ രാജാക്കന്മാരും ഇത് ചെയ്തിട്ടുണ്ട്. രാജാവിന്റെ ശിരച്ഛേദത്തിൽ തുടങ്ങി തീയിൽ വെണ്ണീറായ സാമ്രാജ്യത്തിന്റെ ഗാഥയാണ് പമ്പ കമ്പന രചിച്ചത്. സർവ്വാധികാരത്തിന്റെ നശ്വരതയുടെ ഗാഥ. രണ്ടര നൂറ്റാണ്ടു വിരാജിച്ച മഹാസാമ്രാജ്യം കേവലം നഷ്ടപ്രതാപത്തിന്റെ അവശിഷ്ടമായി ഇന്നും ഹംപിയിൽ ശേഷിക്കുന്നു. ഒരു ഇന്ത്യൻ യാത്രയിൽ റുഷ്ദി ഹംപിയിൽ സന്ദർശനം നടത്തിയിരുന്നു. ആ സന്ദർശനത്തിലാകണം ഈ കഥ റുഷ്ദിയുടെ മനസ്സിൽ അങ്കുരിച്ചത്.

വാക്കുകളുടെ അമരത്വമാണ് സൽമാൻ റുഷ്ദി ഉയർത്തുന്ന ആശയം. പുതിയൊരു ആശയമല്ലെങ്കിലും റുഷ്ദിയുടെ അനുഭവലോകത്തിന്റെ പരിസരത്തിൽ അതിനു വലിയ പ്രാധാന്യമുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എഴുത്തിനെയും എഴുത്തുകാ രെയും സ്വതന്ത്രധിഷണയെയും വെറുപ്പോടെ കാണുന്ന സമഗ്രാധികാരത്തിന്റെ വാഴ്‌വിൽ റുഷ്ദിയുടെ അനുഭവലോകത്തിലെ വാക്കിന്റെ ആന്തരികശക്തി എന്ന ആശയം നമ്മുടേതുമാകുന്നു. ദുശ്ശാസക വ്യവസ്ഥകളെ അതിജീവിക്കാനുള്ള പ്രത്യാശയുമാ കുന്നു. ആയത്തുള്ളയുടെ ഫത്വ മുപ്പത്തിമൂന്ന് വർഷങ്ങൾക്കു ശേഷം നടപ്പാക്കാൻ പുറപ്പെട്ട മതാന്ധ്യം ബാധിച്ച ഇരുപത്തിനാലു വയസ്സുകാരൻ ഹാദി മറ്റാരുടെ കുത്തേറ്റ റുഷ്ദിയ്ക്കു പകുതി കാഴ്ച നഷ്ടപ്പെട്ടു. കുത്തേറ്റതിനു മുമ്പാണ് ഈ നോവൽ രചിച്ചത് എങ്കിലും സ്വതന്ത്രധിഷണ നേരിടാൻ നിർബന്ധിതമായ അന്ധനാക്കൽ പ്രക്രിയ റുഷ്ദി മുൻകൂട്ടി കണ്ടിരുന്നു. സ്ത്രീസ്വാതന്ത്ര്യത്തോടും സ്ത്രീയുടെ സർഗാത്മക പ്രവർത്തനങ്ങളോടും പുരുഷാധികാരജ്വരാ ബാധിതവും അന്ധവുമായ അധികാരം വെച്ചുപുലർത്തുന്ന മുൻവിധികളും വിദ്വേഷവും നോവലിൽ തുറന്നുകാണിക്കുന്നുണ്ട്. പമ്പ കമ്പനയെ ചുട്ടു കൊല്ലണമെന്നാണ് അച്യുത രായ് ആദ്യം നിശ്ചയിക്കുന്നത്. പക്ഷെ രാജപ്രമുഖർ അതിനു തടസ്സം നിൽക്കുന്നതിനാൽ അയാൾക്ക് അത് ചെയ്യാനാകുന്നില്ല. പകരം അവർ പമ്പ കമ്പനയോട് പ്രകടിപ്പിക്കുന്ന ധിക്കാരം ലോകത്തെ ജീവിച്ചിരുന്നതും ജീവിക്കുന്നതുമായ എല്ലാ സമഗ്രാധികാരികൾക്കും ചേരുന്നതാണ്:

‘എനിക്ക് നിന്നെ കൊല്ലാൻ കഴിയില്ലെങ്കിൽ… എനിക്ക് നിന്റെ പുസ്തകത്തെ കത്തിച്ചു കളയാം. അത് വായിക്കണമെന്നു പോലുമില്ല. കാരണം അതിൽ നിറച്ചും നിരോധിക്കപ്പെട്ട അനധികൃതമായ ചിന്തകളാണ്. നീ മരണപ്പെടും. നിന്നെ ആരും ഓർക്കുക പോലുമില്ല. നിന്റെ പേര് എന്നെന്നേക്കുമായി മായ്ക്കപ്പെടും. ഞാനെന്ന മൂർത്തിമത്ഭാവം അവശേഷിക്കും, കാലാതീതമായി. നീ എന്ത് പറയുന്നു?’

വാക്കുകളുടെ ഉപാസക എന്ന നിലയിൽ പമ്പ കമ്പന ആത്മപ്രചോദിതമായി രാജാവിന്റെ ധാർഷ്ട്യത്തോട് പ്രതിവചിച്ചത് ഇങ്ങനെയാണ്:

‘എന്റെ തലയ്ക്കകത്തു ഇതെല്ലാം ഓർത്തുവെച്ചിട്ടുണ്ട്. ഓർത്തുവെച്ച വാക്കുകളെ ഉന്മൂലനം ചെയ്യാൻ നിനക്ക് എന്റെ തല തന്നെ അറുക്കണം.’

പമ്പ കമ്പനി മാത്രമല്ല മാധവാചാര്യനും തിരുമലാംബ ദേവിയും മനപാഠമാക്കിയിട്ടുണ്ട് ജയപരാജയ എന്ന ഗാഥ. തിരുമലംബ ദേവി ഒരിക്കൽ എഴുത്തിനിടയിൽ പമ്പ കമ്പനയോടു ചോദിക്കുന്നുണ്ട്, അവരുടെ ഈ പ്രായത്തിൽ ഏന്തെങ്കിലും ആഴത്തിൽ അഭിലഷിക്കുന്നുവോ എന്ന്. അതിനുള്ള പമ്പ കമ്പനയുടെ മറുപടി: ‘എന്റെ അഭിലാഷത്തിന്റെ കാലം അസ്തമിച്ചിരിക്കുന്നു. ഞാൻ ഇപ്പോൾ തേടുന്നത് വാക്കുകളെയാണ്. വാക്കുകൾ മാത്രമാണ് എനിക്ക് വേണ്ടത്.’ ഇരുനൂറ്റി നാല്പത്തിയേഴു വയസ്സു പ്രായമായ പമ്പ കമ്പന കണ്ടുകഴിഞ്ഞ സാമ്രാജ്യത്തിന്റെ ഉദയാസ്തമനത്തിൽ നിന്ന് താൻ ഉൾക്കൊണ്ട കാലാതീതമായ പാഠം, മരണത്തിനോടടുത്ത വേളയിൽ അവർ രാമാനുജാചാര്യ എന്ന യുവസന്യാസിയോട് പങ്കുവെക്കുന്നുണ്ട്. ആ പാഠത്തിലുണ്ട് അനാദിയും എന്നാൽ ചിരകാലികവുമായ ജീവിതദർശനം:

‘ഒന്നും അവശേഷിക്കുന്നില്ല. പക്ഷേ ഒന്നും അർത്ഥരഹിതവുമല്ല. നമ്മൾ വാഴുന്നു; വീഴുന്നു. വീണ്ടും ഇതു തുടരുന്നു. ഞാനും ഇതുതന്നെ ആവർത്തിക്കുന്നു. മരണം അടുത്തിരിക്കുന്നു. മരണത്തിൽ വിജയവും പരാജയവും പരസ്പരം കണ്ടുമുട്ടുന്നു. നമ്മൾ വിജയത്തിൽ നിന്നെന്നതിനേക്കാൾ പഠിക്കേണ്ടത് പരാജയത്തിൽ നിന്നാണ്.’ ജയപരാജയ എഴുതിയതിനു ശേഷം ആശ്രമത്തിന്റെ ഒരുഭാഗത്തു ഈ കൃതി കുഴിച്ചിടുകയാണ്. നാലര നൂറ്റാണ്ടിനു ശേഷം വീണ്ടും കണ്ടെടുക്കും വരെ ഇത് അവിടെത്തന്നെ കിടന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ സങ്കീർണതകളിലേക്കും അന്തർഗതങ്ങളിലേക്കും ഉൾക്കാഴ്ച്ചയുടെ വെളിച്ചം വിതറുന്ന റുഷ്ദിയുടെ പ്രമാദങ്ങളായ നോവലിന്റെ സവിശേഷതകൾ ‘വിക്ടറി സിറ്റി’യിലും ദർശിക്കാം. ഇന്ത്യാചരിത്രത്തിലെ മധ്യകാലത്തെ മുൻനിർത്തിയുള്ള റുഷ്ദിയുടെ പ്രധാന നോവലാണ് ‘Enchantress of Florence.’ അക്ബറാണ് അതിലെ പ്രതിപുരുഷൻ. പമ്പ കമ്പനയെ പോലെ ഖ്‌റ കോസ് എന്ന രാജകുമാരിയാണ് ഇതിലെ പ്രധാന കഥാപാത്രം. ഏറെ ഗവേഷണത്തിനു ശേഷം എഴുതപ്പെട്ട നോവൽ എന്ന സവിശേഷതയും ഇതിനുണ്ട്. ഗവേഷണ ജിജ്ഞാസയോടെ നടത്തിയ വായനയ്ക്കു ശേഷമാണ് റുഷ്ദി ‘വിക്ടറി സിറ്റി’ എന്ന നോവലും രചിച്ചിരിക്കുന്നത്. നോവൽ രചനയ്ക്ക് ആധാരമായ പുസ്തകങ്ങളുടെ റഫറൻസ് അവസാനപേജിൽ നൽകിയിട്ടുണ്ട്. മധ്യകാലത്തിലെ ‘ഹിന്ദുസാമ്രാജ്യം’ എന്ന ചിലരെങ്കിലും വിശേഷിപ്പിക്കുന്ന വിജയനഗരത്തിന്റെ ചരിത്രം റുഷ്ദിക്ക് സിദ്ധമായ മാന്ത്രികശൈലിയിൽ അവതരിപ്പിക്കുന്നതിലൊരു കൗതുകം തീർച്ചയായും വായനക്കാർക്ക് അനുഭവപ്പെടേണ്ടതാണ്. പ്രത്യേകിച്ചും ഹിന്ദുരാഷ്ട്ര നിർമിതി ത്വരിതഗതിയിൽ നടക്കുന്ന സമകാലിക ചരിത്രസന്ദർഭത്തിൽ. ഹിന്ദുത്വ സമഗ്രാധികാരത്തെക്കുറിച്ചു ഗൗരവമായ വിമർശനങ്ങൾ റുഷ്ദി ഉയർത്തിയിട്ടുമുണ്ട്. ബിസ്‌നാഗയുടെ ചരിത്രത്തിൽ നിന്ന് സമകാലികമായ ഹിന്ദുരാഷ്ട്ര നിർമിതിയെക്കുറിച്ചുള്ള ലാക്ഷണികവായന സാധ്യമാണെന്നു തോന്നുന്നില്ല എങ്കിലും ബിസ്‌നാഗയുടെ മധ്യകാല കോസ്‌മോപോളിസിനെ മുൻനിർത്തി ജനജീവിത വൈവിധ്യത്തിന്റെ പ്രാധാന്യവും സഹിഷ്ണുത രാജ്യപുരോഗതിക്ക് എത്രമേൽ അനിവാര്യമാണെന്നുമുള്ള വസ്തുത റുഷ്ദി ഈ നോവലിൽ പ്രതിപാദിക്കുന്നുണ്ട്.

 ബുക്കരായ ഒന്നാമന്റെ ഭരണകാലയളവിലും കൃഷ്ണദേവ രായ ഭരിച്ചിരുന്ന സമയത്തും അനോന്യസങ്കലിതമായ സംസ്‌കാരം പൊതുനന്മയ്ക്ക് എത്രമാത്രം ഈടുറ്റതാണെന്ന് റുഷ്ദി വ്യക്തമായിതന്നെ അവതരിപ്പിക്കുന്നു. അതേസമയം, തിയോക്രാറ്റിക് ഭരണം ആത്യന്തികമായി മനുഷ്യവിദ്വേഷപരവും സ്വയംഹത്യാപരവുമാണെന്നുള്ള യാഥാർഥ്യവും നോവലിൽ ആവിഷ്‌കരിക്കപ്പെടുന്നു. ആധുനികവും വിമോചനാത്മകവുമായ ആശയധാരകളെ മധ്യകാലത്തെ ബിസ്‌നാഗ സമൂഹത്തിന്റെ പരിതഃസ്ഥിതിയിൽ പ്രതിഷ്ഠിക്കുക വഴി റുഷ്ദി വർത്തമാനകാല സങ്കുചിത്വത്തിനെതിരെ ചരിത്രാനുഭവപരമായ ഇച്ഛാശക്തിയെ ഉണർത്തുകയാണെന്നാണ് അനുഭവപ്പെടുക.