സിപിഎമ്മില്‍ സിഐഎയുടെ ട്രോജന്‍  കുതിര

സിഐഎ ഏജൻറ് എങ്ങനെ സംസ്ഥാന സമിതിയിലെത്തി?

മേരിക്കൻ ചാര ഏജൻസി സിഐഎയ്ക്ക് കമ്മ്യൂണിസ്റ്റ് സർക്കാരുകളിലും വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലുമുള്ള താല്പര്യം ലോകമെങ്ങും അറിയപ്പെടുന്ന കാര്യമാണ്. സാമ്രാജ്യത്വത്തിന്റെ ഈ പ്രധാന അന്താരാഷ്ട്ര ഏജൻസി, ചാരപ്രവർത്തനങ്ങൾ നടത്തുക മാത്രമല്ല എതിരാളികളെ വേണ്ടിവന്നാൽ കയ്യോടെ നശിപ്പിക്കാനുള്ള ശേഷിയും കൈമുതലായുള്ളവരാണ്. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും അവരത് ദാക്ഷിണ്യമില്ലാതെ പ്രയോഗിച്ചിട്ടുമുണ്ട്. ഇന്തോനേഷ്യയിൽ സുകാർണോയെയും കോംഗോയിൽ പാട്രിസ് ലുമുംബയെയും ചിലിയിൽ സാൽവദോർ അലന്‌ഡെയെയും വധിച്ചത് അവരുടെ ഹീനമായ ആഗോള അട്ടിമറി പ്രവർത്തനങ്ങളുടെ ഉദാഹരണമാണ്. വിവിധ രാജ്യങ്ങളിൽ അമേരിക്കൻ സ്ഥാനപതി കാര്യാലയങ്ങളുടെ ഭാഗമായും അല്ലാതെയും അവർ പ്രവർത്തിക്കുന്നു. ആനുകൂല്യങ്ങളും പദവികളും നൽകി ചാരന്മാരെയും അഞ്ചാംപത്തികളെയും സൃഷ്ടിക്കുന്നു. ലോകത്തെങ്ങും പുരോഗമനശക്തികൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി സിഐഎ നേതൃത്വത്തിൽ നടക്കുന്ന അട്ടിമറി പ്രവർത്തനങ്ങൾ തന്നെയാണ്.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ട നാല്പതുകൾ മുതൽ അവർ ഇവിടെയും ആഴത്തിൽ വേരുകൾ പടർത്തിയിട്ടുണ്ട്. അക്കാലത്തു വലിയ സന്നാഹങ്ങൾ വഴി ഈ പ്രദേശത്തെ സംബന്ധിച്ചു അവർ ശേഖരിച്ച അതിവിപുലമായ വിവരങ്ങൾ സിഐഎയുടെ രേഖകളിൽ കാണാവുന്നതാണ്. ലോകത്തു ആദ്യമായി ഇവിടെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നത് അവരെ ഞെട്ടിച്ചു. (അതിനുമുമ്പ് ഇറ്റലിയിലെ സന്മാറിനോയിൽ കമ്മ്യൂണിസ്റ്റ് ഭരണം വന്നു; പക്ഷേ കേരളത്തിലെ ഒരു പഞ്ചായത്ത് വാർഡിന്റെ വലുപ്പം മാത്രമേ അതിനുള്ളൂ). ഏഷ്യയിലും മറ്റു പ്രദേശങ്ങളിലും അന്ന് നടന്ന വിമോചന സമരങ്ങൾക്കു കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം നൽകാനിടയുള്ള ഉത്തേജനം അവരെ പരിഭ്രാന്തരാക്കി. അമ്പതുകളിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് തലവനായ ജോൺ ഫോസ്റ്റർ ഡാലസ് ഈ ഭീഷണിയെ സംബന്ധിച്ച് തുറന്നു പറഞ്ഞു. അതിനെ നേരിടാനുള്ള തന്ത്രങ്ങൾ തയ്യാറാക്കി. 1957ൽ കേരളത്തിൽ അധികാരത്തിൽ വന്ന സർക്കാരിനെ താഴെയിറക്കാൻ സിഐഎ നേരിട്ട് ഇടപെട്ടതായി അന്നത്തെ അമേരിക്കൻ അംബാസഡർ ഡാനിയൽ പാട്രിക് മൊയ്‌നിഹാൻ പിന്നീട് അദ്ദേഹത്തിന്റെ ആത്മകഥയിൽ വെളിപ്പെടുത്തി. ഇത് സംബന്ധമായ കൂടുതൽ വിശദാംശങ്ങൾ സമീപകാലത്തു പുറത്തുവന്നിട്ടുണ്ട്.

സാമ്രാജ്യത്വ ഇടപെടലുകളെ കുറിച്ച് സിപിഎം എന്നും ജാഗ്രത പുലർത്തിയതായി കാണാവുന്നതാണ്. ഉദാഹരണത്തിന്, അട്ടിമറിക്കപ്പെട്ട ആദ്യ ഇഎംഎസ് സർക്കാരിന്റെ അധികാരാരോഹണത്തിന്റെ അമ്പതാം വാർഷിക വേളയിൽ 2007ൽ തിരുവനന്തപുരത്തു സിപിഎം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഈ വിഷയം സംബന്ധിച്ച് സുദീർഘമായി സംസാരിച്ചു. അമേരിക്കയും അവരുടെ വിവിധ ഏജൻസികളും ഇടതുപക്ഷ സർക്കാരുകൾക്കും പ്രസ്ഥാനങ്ങൾക്കും ലോകമെങ്ങും ഉയർത്തുന്ന ആപത്തുകളെപ്പറ്റിയുള്ള മുന്നറിയിപ്പായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ കാതൽ.

വളരെ സമയോചിതമായ ഒരു മുന്നറിയിപ്പ് തന്നെയാണ് സിപിഎം ജനറൽ സെക്രട്ടറി അന്ന് പാർട്ടി നേതൃത്വത്തിനും അണികൾക്കും നൽകിയത്. 1957-59 കാലത്തെ അട്ടിമറിയോടെ സിഐഎ അവരുടെ പരിപാടികൾ അവസാനിപ്പിക്കുകയുണ്ടായില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1960കളിൽ പശ്ചിമ ബംഗാളിൽ സിപിഎം പങ്കാളിത്തത്തിൽ അധികാരത്തിൽ വന്ന സർക്കാരിനെ അട്ടിമറിക്കാനും സിഐഎ ശ്രമം നടത്തി. അക്കാലത്തു കേരളത്തിൽ അധികാരത്തിൽ വന്ന രണ്ടാം ഇഎംഎസ് മന്ത്രിസഭയെയും അവർ നിരന്തരം നിരീക്ഷിച്ചു. കേരളത്തിലെ സർക്കാരിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര പ്രശ്‌നങ്ങൾ അവർ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. അന്നത്തെ മന്ത്രിസഭയിൽ അംഗങ്ങളായ ദമ്പതികൾ (ഗൗരിഅമ്മയും ടിവി തോമസും) കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനെ തുടർന്നു വ്യത്യസ്ത കക്ഷികളിൽ ആയതിനാൽ അവർ ഒരേ മന്ത്രിമന്ദിരത്തിൽ താമസിക്കുന്നതു പോലും പാർട്ടി വിലക്കി എന്ന് സിഐഎയുടെ ദൽഹിയിൽ നിന്നുള്ള അക്കാലത്തെ ഒരു രഹസ്യ റിപ്പോർട്ടിൽ കാണു ന്നുണ്ട്. ഇത്തരത്തിലുള്ള നൂറുകണക്കിന് രേഖകൾ പിന്നീട് സിഐഎ തന്നെ ക്ലാസിഫൈഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി അവരുടെ ആർക്കൈവുകളിൽ ലഭ്യമാക്കിയിട്ടുമുണ്ട്.

മുൻ ധനമന്ത്രിയും അക്കാദമിക ഗവേഷകനുമായ ഡോ. ടി എം തോമസ് ഐസക് അത്തരം ചില രേഖകൾ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ കൈവശമുള്ള രേഖാസഞ്ചയത്തിൽ കണ്ടെത്തി അവയുടെ കോപ്പി അന്നത്തെ പാർട്ടി സെക്രട്ടറിക്ക് (പ്രകാശ് കാരാട്ട്) എത്തിച്ചതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരം വിഷയം സംബന്ധിച്ച് പഠനം നടത്തിയ പല അമേരിക്കൻ ഗവേഷകരുമായും ഡോ. ഐസക് സംസാരിക്കുകയുമുണ്ടായി. അത്തരം വിവരങ്ങളും അദ്ദേഹം പാർട്ടിക്ക് നൽകിയിരിക്കണം എന്നാണല്ലോ അനുമാനിക്കേണ്ടത്.

അങ്ങനെ കേരളത്തിൽ സിഐഎയുടെ ഇടപെടലുകൾ സംബന്ധിച്ച അതിവിപുലമായ ഒരു രേഖാസഞ്ചയവും തെളിവുകളും സിപിഎം അടക്കമുള്ള ഇടതുപാർട്ടികൾ ഇക്കാലയളവിൽ സമ്പാദിക്കുകയുണ്ടായി. പാർട്ടിയിലും സർക്കാരുകളിലും അവർ സ്ഥാപിക്കുന്ന ആഴത്തിലുള്ള രഹസ്യബന്ധങ്ങളെ കുറിച്ചും ഓരോ നേതാവിനെയും സമയാസമയങ്ങളിൽ വീഴ്ത്താൻ, അല്ലെങ്കിൽ തങ്ങളുടെ താല്പര്യങ്ങൾക്ക് വിധേയരാക്കാൻ, ആവശ്യമായ വിധം അവർ സംഭരിക്കുന്ന വ്യക്തിഗത വിവരങ്ങളെക്കുറിച്ചും അതൊക്കെ നൽകാൻ തയ്യാറാകുന്ന അഞ്ചാംപത്തികൾക്കു അവർ നൽകുന്ന സവിശേഷമായ ആനുകൂല്യങ്ങളെ കുറിച്ചും ഒക്കെ പാർട്ടിക്ക് വ്യക്തമായിത്തന്നെ അറിവുള്ളതാണ്. കമ്മ്യൂണിസ്റ്റ് വിരോധമാണ് സിഐഎയുടെ ജനിതകമുദ്ര. അതിനാൽ സിഐഎയെ അങ്ങേയറ്റം കരുതലോടെ കൈകാര്യം ചെയ്യുക എന്നതാണ് എന്നും പാർട്ടിനയം.

 2017 ൽ ഇഎംഎസ് സർക്കാരിന്റെ അറുപതാം വാർഷികത്തിൽ കാരാട്ട് ഇതേ വിഷയത്തെ പറ്റി വീണ്ടും ഒരു ലേഖനമെഴുതി. കേരളത്തിലും ബംഗാളിലും രണ്ടു ഇടതുസർക്കാരുകളെ അട്ടിമറിക്കാൻ അമേരിക്കൻ ഏജൻസി ശ്രമിച്ചു എന്ന് അതിലും അദ്ദേഹം പറയുന്നു. എന്നാൽ ഈ ദശാബ്ദത്തിനിടയിൽ (2007- 2017) വളരെ ഗുരുതരമായ വേറെയും ചില സംഭവവികാസങ്ങൾ അരങ്ങേറിയിരുന്നു. ദൽഹിയിൽ യുപിഎ സർക്കാർ അമേരിക്കയുമായി സിവിൽ ആണവക്കരാറിൽ ഏർപ്പെട്ടത് സർക്കാരിനെ പിന്തുണച്ച സിപിഎം ശക്തമായി എതിർത്തു. ഇന്ത്യയിൽ സമീപകാലത്തു അമേരിക്കയുടെ ഏറ്റവും നിർണായകമായ സാമ്പത്തിക സൈനിക ഇടപെടലാണ് ഈ കരാറിൽ ഉൾപ്പെട്ടിരുന്നത്. സിപിഎം എതിർപ്പ് വന്നതോടെ കേന്ദ്രസർക്കാർ വീഴുമെന്ന പരിഭ്രാന്തി പോലും പടർന്നു. മറുവശത്ത്, സിപിഎം ശക്തികേന്ദ്രമായ കേരളത്തിൽ 2006 ൽ വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ ഒരു പുതിയ സർക്കാർ അധികാരത്തിൽ വന്നു. പാർട്ടിക്കകത്തു നിയോലിബറൽ നയങ്ങളെ പിന്തുണച്ച വിഭാഗങ്ങളുടെ വമ്പിച്ച എതിർപ്പിനെ അതിജീവിച്ചാണ് പുതിയ സർക്കാർ അധികാരമേറ്റത്. പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾ കാരണം അത്തരമൊരു സർക്കാർ വരാനിടയില്ല എന്നായിരുന്നു അമേരിക്കയുടെ പൊതുനിഗമനം. തങ്ങൾക്കു ഒരു വിധത്തിലും സ്വാധീനിക്കാൻ സാധ്യതയില്ലാതിരുന്ന ‘കടുംപിടുത്തക്കാരനായ’ ഒരു നേതാവിന്റെ കീഴിലുള്ള ആ സർക്കാരിനോടു അവർക്ക് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. അതിനാൽ കേരളത്തിലെ സർക്കാരിനെ വേണ്ടിവന്നാൽ അട്ടിമറിക്കാനും ആണവക്കരാർ വിഷയത്തിൽ സിപിഎമ്മിൽ തങ്ങൾക്കു അനുകൂലമായ ചില നീക്കങ്ങൾ സംഘടിപ്പിക്കാനും അവർ ഗൂഢമായി ശ്രമങ്ങൾ ആരംഭിച്ചിരുന്നു. അതിനായി ദൽഹിയിലെ യുഎസ് എംബസ്സിയിലെ ഉദ്യോഗസ്ഥരും സിഐഎ ഏജന്റുമാരും സംയുക്ത ശ്രമങ്ങൾ നടത്തി. സിപിഎമ്മിൽ ആരൊക്കെ തങ്ങൾക്കു എതിരായി നിൽക്കും; ആരാണ് തങ്ങളുടെ താല്പര്യങ്ങൾക്ക് പ്രയോജനകരമാകുക തുടങ്ങിയ വിവരങ്ങളാണ് അവർ പ്രധാനമായും തേടിയത്.

ഇതു സംബന്ധിച്ച പൂർണമായ വിവരങ്ങൾ ഇന്നും അജ്ഞാതമാണെങ്കിലും 2010ൽ അവിചാരിതമായി പുറത്തുവന്ന വിക്കിലീക്‌സ് രേഖകളിൽ അതിന്റെ ചില സൂചനകൾ പ്രത്യക്ഷ പ്പെട്ടിരുന്നു. ഈ രണ്ടു കാര്യങ്ങളിലും അമേരിക്കൻ ഏജന്റുമാർ നടത്തിയ നീക്കങ്ങളുടെ സൂചനകളാണ് അതിലൂടെ വെളിയിൽ വന്നത്. അതു പ്രകാരം, 2007ൽ ദൽഹിയിൽ നിന്ന് ഹോപ്പർ എന്നൊരു ഉദ്യോഗസ്ഥൻ അയച്ച ഒരു രഹസ്യ റിപ്പോർട്ടിൽ പറയുന്നത് ഫെബ്രുവരി 11, 14 തിയ്യതികളിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാനസെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന വിഭാഗം മുഖ്യമന്ത്രി അച്യുതാനന്ദന്റെ വിഭാഗത്തെ പൂർണമായും നിലംപരിശാക്കുമെന്നാണ്. വേണ്ടിവന്നാൽ അച്യുതാനന്ദനെ പുറത്താക്കി പുതിയൊരു നേതൃത്വത്തെ അധികാരത്തിൽ കൊണ്ടുവരാനും പാർട്ടി തയ്യാറായേക്കും എന്നും അതിൽ പറയുന്നു. അതോടെ കേരളത്തിൽ അമേരിക്കൻ ബിസിനസ്സ് താൽപര്യങ്ങൾക്കു അനുകൂലമായ അന്തരീക്ഷം ഒരുങ്ങും. എന്നാൽ സിവിൽ ആണവക്കരാർ വിഷയത്തിൽ പാർട്ടിയുടെ നിലപാടിൽ മാറ്റം വരാൻ സാധ്യതയില്ല എന്നും അതിൽ മുന്നറിയിപ്പ് നൽകുന്നു. സിപിഎമ്മിൽ അന്ന് നിലനിന്ന രാഷ്ട്രീയഭിന്നതകളും അതിൽ ഉൾപ്പെട്ട വ്യക്തികളെ സംബന്ധിച്ചുമുള്ള വളരെ വ്യക്തിപരമായ പല വിവരങ്ങളും ഈ രഹസ്യരേഖയിൽ നമുക്ക് വായിക്കാനാകും.

തങ്ങൾ ഇത്തരം വിവരങ്ങൾ ശേഖരിച്ചതു ‘പാർട്ടി ഇൻസൈഡറും’ ദേശാഭിമാനിയുടെ മുൻ ദൽഹി ബ്യുറോ ചീഫും കൈരളി ടിവി മാനേജിങ് ഡയറക്ടറും പിണറായി വിജയന്റെ ഏറ്റവും അടുത്ത ഉപദേശകനുമായ ജോൺ ബ്രിട്ടാസിൽ നിന്നാണെന്ന് ഹോപ്പർ രഹസ്യസന്ദേശത്തിൽ പറയുന്നുണ്ട്. സിപിഎം ആഭ്യന്തരരാഷ്ട്രീയം സംബന്ധിച്ച നിർണായക വിവരങ്ങളാണ് ഈ കുറിപ്പിൽ സിഐഎയുടെ ഉന്നത വൃത്തങ്ങളിലേക്കു കൈമാറുന്നത്.

രഹസ്യമായി നടന്ന ഈ അഞ്ചാംപത്തി ഏർപ്പാട് പുറത്തു വന്നത് മൂന്നുവർഷം കഴിഞ്ഞു 2010ൽ ജൂലിയൻ അസാഞ്ജ് വിക്കിലീക്‌സിലൂടെ ലക്ഷക്കണക്കിനു അമേരിക്കൻ രഹസ്യരേഖകൾ ഒറ്റയടിക്കു പുറത്തുവിട്ടതോടെയാണ്. അമേരിക്കയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയ വിവരങ്ങളാണ് അന്ന് വെളിയിൽ വന്നത്. എന്നാൽ തങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ രേഖ സംബന്ധിച്ച് പാർട്ടി ഒരിക്കലും ഔദ്യോഗികമായി പ്രതികരിക്കുകയുണ്ടായില്ല. ഇതുസംബന്ധിച്ച അന്വേഷണം നടത്തിയ മാധ്യമപ്രവർത്തകരോടു ഉന്നതനേതാക്കൾ ഓഫ് ദി റെക്കോർഡ് ആയി പറഞ്ഞത് രേഖയിൽ പരാമർശിക്കപ്പെടുന്ന വ്യക്തി പാർട്ടി അംഗമല്ല; അതിനാൽ പാർട്ടിയുടെ ഭാഗത്തു നിന്ന് നടപടിയുടെ ആവശ്യമില്ല എന്നാണ്.

എന്നാൽ കാരാട്ടിന്റെ 2017ലെ ലേഖനത്തിലും ഈ വിക്കിലീക്‌സ് രേഖ സംബന്ധിച്ച ഒരു പരാമർശവുമില്ല എന്നത് അത്ഭുതാവഹമാണ്. ദശാബ്ദങ്ങളായി പാർട്ടിയുടെ ഉന്നതനേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തി സിപിഎമ്മിലെ ആഭ്യന്തരവിഷയങ്ങൾ സംബന്ധിച്ച് സിഐഎ ഏജന്റുമാരുമായി നടത്തിയ സംഭാഷണം ഒരു പരാമർശം പോലും അർഹിക്കാത്ത വിധം അപ്രസക്തമായി പാർട്ടി വിലയിരുത്തിയോ? വിവരങ്ങൾ നൽകിയ വ്യക്തി പാർട്ടി അംഗമല്ല എന്ന സാങ്കേതികത്വം അതിൽ ഉൾപ്പെട്ട ഗുരുതരമായ അട്ടിമറി സാധ്യതകളെ ഇല്ലായ്മ ചെയ്യുമെന്ന് പാർട്ടിക്ക് ബോധ്യമായിരുന്നുവോ? ആരാണ് കാരാട്ടിന്റെ കരങ്ങൾക്ക് കൂച്ചുവിലങ്ങിട്ടത്?

അതവിടെ ഇരിക്കട്ടെ. പുറമേ പറഞ്ഞത് തന്നെയാണ് പാർട്ടിയുടെ ബോധ്യം എങ്കിൽ എങ്ങനെ ഇതേ കഥാപാത്രം നാലുവർഷത്തിനകം സിപിഎം സംസ്ഥാന സമിതിയിൽ അംഗമായി മാറി എന്നും പാർട്ടി വിശദീകരിക്കണം. 2022ൽ കൊച്ചിയിൽ നടന്ന സമ്മേളനം ജോൺ ബ്രിട്ടാസിനെ സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കി. സിഐഎ ഏജന്റുമാർക്ക് സിപിഎം സംസ്ഥാന സമിതിയിൽ പ്രത്യേക സംവരണം വല്ലതുമുണ്ടോ? അല്ലെങ്കിൽ പാർട്ടിയുടെ ഒരു ഘടകത്തിലും അംഗമല്ലാതെ അകത്തളങ്ങളിൽ ഇരുന്ന ഒരു വ്യക്തി അതിന്റെ ആനുകൂല്യത്തിൽ അമേരിക്കൻ ചാരന്മാരുമായി പാർട്ടി രഹസ്യങ്ങൾ പങ്കുവെച്ച ഒരു ഒറ്റുകാരൻ എങ്ങനെ രായ്ക്കുരാമാനം സംസ്ഥാന കമ്മിറ്റിയിലെത്തി? ഇത്തരം സംഭവങ്ങൾ ഇതിനുമുമ്പ് എന്നെങ്കിലും സിപിഎമ്മിൽ എന്നല്ല, ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കേട്ടുകേൾവിയുള്ള കാര്യമാണോ? കൈരളി ടിവി പാർട്ടി സ്ഥാപനമല്ല എന്ന് പാർട്ടി ആണയിടുമ്പോഴും അതിന്റെ ഡയറക്ടർ ബോർഡിൽ സിപിഎം നേതാക്കൾ നിർണായക സ്ഥാനങ്ങളിലുണ്ട്. അതിനായി കെട്ടുതാലി പോലും പണയം വെച്ച് പണം മുടക്കിയ പാർട്ടിക്കാരും ഇന്നാട്ടിലുണ്ട്. അതിനാലാണ് പാർട്ടി നേതാക്കൾ അതിന്റെ നിർണായക സമിതികളിൽ അംഗമായത്. എന്നാൽ തങ്ങളുടെ സ്ഥാപനമേധാവിയുടെ ഇത്തരം ഇടപാടുകൾ സംബന്ധിച്ച് അത്തരം പാർട്ടി ചുമതലകൾ കാലാകാലങ്ങളിൽ നിർവഹിച്ച പിബി അംഗങ്ങളായ എം എ ബേബി, എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് തുടങ്ങിയവർ എപ്പോഴെങ്കിലും പരിശോധിക്കുകയോ അതേക്കുറിച്ചു പാർട്ടിക്ക് മുന്നറിയിപ്പു നൽകുകയോ ഉണ്ടായിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?

ഈ ചോദ്യങ്ങൾക്കു അടിയന്തിരമായി ഉത്തരം പറയാൻ സിപിഎം സംസ്ഥാന നേതൃത്വവും പിബി, സിസി അടക്കമുള്ള ഉന്നത സമിതികളിലെ അംഗങ്ങളും ബാധ്യസ്ഥരാണ്. ചാനലിന്റെ മേധാവി എന്ന നിലയിൽ പാർട്ടി തന്നിൽ ഏല്പിച്ച ഉത്തരവാദിത്വം ഇദ്ദേഹം എങ്ങനെയാണ് നിറവേറ്റിയത്, അതിന്റെ പേരിൽ പാർട്ടിക്ക് നേരിട്ട നഷ്ടങ്ങൾ എന്തൊക്കെ എന്നൊരു പരിശോധനയും വേണ്ടതല്ലേ? അമൃതാനന്ദമയിയെ കുറിച്ചു എന്തൊക്കെയോ പുലമ്പിയ ഒരു സ്ത്രീയെ അമേരിക്കയിൽ പോയി ഇന്റർവ്യൂ ചെയ്ത വകയിൽ കൊല്ലത്തു കെട്ടിവെച്ച കാശുപോകുന്നതിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട നേതാവിനും എന്തേ ഇക്കാര്യത്തിൽ മിണ്ടാട്ടമില്ലാതെ പോയി? ആർക്കുവേണ്ടിയാണ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അപഹസിക്കുന്ന വിധം പ്രത്യേക അഭിമുഖം തയ്യാറാക്കി ചാനലിൽ കാണിച്ചത്? സിംഗപ്പൂരിലെ കിഡ്‌നി കച്ചവടവും കേരളത്തിലെ അട്ടിമറി ശ്രമങ്ങളും ആർക്കുവേണ്ടിയാണ് നടത്തിയത്? ഇക്കാര്യത്തിൽ അമേരിക്കൻ ഏജൻസികൾക്ക് എന്തെങ്കിലും പ്രത്യേക താല്പര്യം ഉണ്ടായിരുന്നുവോ?

സിപിഎമ്മിൽ നടക്കുന്ന ഈ തിരുവാതിരക്കളിയുടെ പൂർണമായ വിവരങ്ങൾ ഇന്നും വേണ്ടവിധം ചർച്ച ചെയ്യപ്പെടുന്നില്ല എന്നത് സത്യമാണ്. എന്തുകൊണ്ട് എന്ന ചോദ്യത്തിനും പ്രസക്തിയില്ല. കാരണം ‘കാരണഭൂതന്റെ’ കരുണാകടാക്ഷം മറ്റെല്ലാത്തിനേയും അപ്രസക്തമാക്കും എന്ന പരമസത്യം നിലനിൽക്കുന്നു. എന്നാൽ ഇന്ന് ഈ പാർട്ടിയിൽ കാണുന്ന അമിതാധികാര പ്രവണതകളും പാർട്ടി സംഘടനാ സംവിധാനത്തെയും അച്ചടക്കത്തെയും നോക്കുകുത്തിയാക്കി നടത്തപ്പെടുന്ന ദല്ലാൾ വിളയാട്ടങ്ങളെയും നമ്മുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി കണക്കാക്കി വിശദമായി പരിശോധിക്കേണ്ടതാണ്. അങ്ങനെ നോക്കുമ്പോൾ സമാനമായി നമുക്ക് കാണാനാകുന്നത് അടിയന്തിരാവസ്ഥയ്ക്കു തൊട്ടുമുമ്പും തുടർന്ന് അടിയന്തിരാവസ്ഥ കാലത്തും ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ്സിൽ സംഭവിച്ച ദുരന്തങ്ങളാണ്. അന്ന് പ്രധാനമന്ത്രി ഇന്ദിരയുടെ ഇളയമകൻ സഞ്ജയ് ഗാന്ധി, സർവതന്ത്ര സ്വതന്ത്രനായി ഒരു സർവ്വാധികാരിയായി പെരുമാറാൻ തുടങ്ങിയത് രാഷ്ട്രം കണ്ടതാണ്. എക്‌സ്ട്രാ കോൺസ്റ്റിറ്റുഷനൽ അതോറിറ്റി (ഭരണഘടനയ്ക്കു പുറത്തുള്ള അധികാരകേന്ദ്രം) എന്നാണ് പ്രതിപക്ഷം അന്നത്തെ അവസ്ഥയെ വിശേഷിപ്പിച്ചത്. കേന്ദ്രസർക്കാരും ഭരണകക്ഷിയും അന്ന് ആ അധികാരകേന്ദ്രത്തിന്റെ കൈപ്പിടിയിലായി. രാജ്യം അതിനു വലിയ വില കൊടുക്കേണ്ടിയും വന്നു. തുടർന്ന് ഇന്ദിരയുടെ തോൽവിയിലേക്കു നയിച്ചതും അതുതന്നെ. ഇന്ന് കേരളവും കേരളത്തിലെ പ്രധാന അധികാര രാഷ്ട്രീയപ്പാർട്ടിയും അത്തരമൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്ന് സമീപകാലത്തെ പല അനുഭവങ്ങളും സൂചിപ്പിക്കുന്നു. സിപിഎമ്മിന്റെ നവാഗത രാജ്യസഭാംഗം പാർട്ടിക്കുമേൽ പുതിയൊരു അധികാര കേന്ദ്രമായി മാറുകയാണ് എന്ന കാര്യം അണികളിൽ പലരും ഇപ്പോൾ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. പാർട്ടി നയങ്ങൾ പോലും നേതൃത്വത്തെ അരികിലേക്ക് തള്ളി അദ്ദേഹം പ്രഖ്യാപിക്കുന്നു. ബാബ്‌റി മസ്ജിദ് വിഷയം സംബന്ധിച്ച് അദ്ദേഹം ഈയിടെ കോഴിക്കോട്ടു മുജാഹിദ് സമ്മേളനത്തിൽ നടത്തിയ പ്രഖ്യാപനം ഇപ്പോൾ ഗുരുതരമായ കേസിലേക്ക് പാർട്ടിയെ നയിച്ചിരിക്കുകയാണ്. സുപ്രീംകോടതി തീർപ്പാക്കിയ വിഷയത്തിൽ എന്താണ് സിപിഎം ആഗ്രഹിക്കുന്നത്? പരമോന്നത കോടതിയുടെ വിധി റദ്ദാക്കി വീണ്ടും ഹിന്ദുക്കളും മുസ്ലിംകളും തെരുവിൽ ഏറ്റുമുട്ടണമെന്നോ? ആരും ഒന്നും പറയുന്നില്ല. തിരുവായ്ക്കു എതിരെ മിണ്ടാൻ ആർക്കും ധൈര്യവുമില്ല.

എന്താണ് സഖാക്കളേ യഥാർത്ഥത്തിൽ നടക്കുന്നത്? ഈ പാർട്ടിയെക്കുറിച്ചു നിങ്ങൾക്കു ഒരു ചുക്കും അറിയില്ല എന്നൊരു നേതാവ് പണ്ടേ പറഞ്ഞിരുന്നു. അത് ഒരുപക്ഷേ സത്യവുമാകാം. എഴുപതുകളിൽ പാർട്ടിയുടെ ഭാഗമായ ഒരാളാണ് ഇതെഴുതുന്നത്. പാർട്ടിയെ വേണ്ടവിധം മനസ്സിലാക്കിയില്ല എന്നത് കുറ്റമെങ്കിൽ അത് ഏൽക്കുന്നു. എന്നാൽ കേരളത്തിലെ സിപിഎം ഇന്നൊരു വെള്ളരിക്കാപ്പട്ടണമാണ് എന്ന് അംഗീകരിക്കാൻ മനസ്സ് ഇപ്പോഴും സമ്മതിക്കുന്നില്ല എന്നുമാത്രം പറഞ്ഞുവെക്കട്ടെ.