സമാധാനത്തിന്റെ കാൽനടക്കാരനായ രാജഗോപാൽ

സമാധാനത്തിന്റെയും നീതിയുടെയും പര്യായമായി പദയാത്രകളെ പരുവപ്പെടുത്തിയ ഗാന്ധിമാർഗ്ഗ പ്രവർത്തകൻ പി വി രാജഗോപാലിന് 2023 ലെ നാൽപ്പതാമത്തെ നിവാനൊ(Niwano) സമാധാന പുരസ്‌കാരം.കണ്ണൂർ തില്ലങ്കേരിക്കാരനാണ് ഈ അംഗീകാരം നേടിയ ഗാന്ധിമാർഗ പ്രവർത്തകൻ പി വി രാജഗോപാൽ. 01.23 കോടി രൂപയും സ്വർണ്ണ മെഡലും സമ്മാനമായി ലഭിക്കുന്നതാണ്. മെയ് 11 നാണ് ടോക്യൊയിൽ പുരസ്‌കാരം നൽകുന്നത്. വടക്കേ ഇന്ത്യക്കാർ രാജാജി എന്നും അന്യരാജ്യക്കാർ പദയാത്രാ ഗാന്ധിയെന്നും വിളിക്കുന്ന ഈ ഗാന്ധിമാർഗ പ്രവർത്തകൻ സമാധാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഇന്ത്യക്കാരായ രണ്ടു പേർക്കാണ് ഇതിനു മുമ്പ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്.1995 ൽ ഡോക്ടർ എം ആറം,2010 ൽ വനിതകളുടെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സേവ സ്ഥാപക ഇള ഭട്ടിനുും.

നിവാനൊ പുരസ്‌കാര നിറവിൽ പി വി രാജഗോപാലുമായി അനിൽകുമാർ പി വൈ സംസാരിച്ചു തയ്യാറാക്കിയത:്

സത്യഗ്രഹത്തിന്റെ രീതിശാസ്ത്രം

ശാന്തി,സമാധാനം,നീതി, അഹിംസ എന്നിവ ഒത്തുചേരുന്ന പാരസ്പര്യത്തിനു മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ. ഗാന്ധിജി പഠിപ്പിച്ചതും പ്രവർത്തിച്ചതും ഒടുവിൽ രക്തസാക്ഷി ആയതും ഈ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനായിരുന്നു.ഗാന്ധിജി ജീവിച്ചു കാണിച്ചതും സത്യഗ്രഹം എന്ന ത്യാഗത്തിന്റെ രീതി ശാസ്ത്രത്തിലൂടെയായിരുന്നു.ഇന്ത്യ പോലുള്ള വൈവിധ്യമാർന്ന ഭൂമികയിൽ ഗാന്ധിമാർഗ പ്രവർത്തനത്തിന് പ്രസക്തി ഏറെയാണ്. അതുകൊണ്ടാണ്.

അണുബോംബ് പരീക്ഷണത്തിൽ ജീവിതം ദുസ്സഹമാക്കിയ ജപ്പാന്റെ മണ്ണിൽ നിന്നുള്ള സമ്മാനം ലോക സമാധാന പ്രവർത്തനങ്ങളുടെ ആവശ്യവും ആവശ്യകതയും കൂടുതൽ തെളിഞ്ഞു വരുന്ന കാലം കൂടിയാണ്. യുദ്ധത്തിനും ആയുധങ്ങൾ വാങ്ങി കൂട്ടുവാനും കണക്കില്ലാതെ പണം ചെലവഴിക്കുമ്പോൾ ഗാന്ധിജിയുടെ നാട്ടിൽ പോലും സമാധാന പ്രവർത്തനങ്ങൾക്ക് ഒരു മന്ത്രാലയമോ ഒരു വകുപ്പൊ ഉണ്ടായിട്ടില്ല. എവിടെയെങ്കിലും ഒരു സംഘർഷ അന്തരീക്ഷം ഉണ്ടാകുമ്പോൾ യൂണിഫോം ധരിച്ചും തോക്കു കൊണ്ടും ആദ്യം പോകുന്നതിനു പകരം പരസ്പരം സൗഹൃദത്തിലും സൗഹാർദത്തിലും സംസാരിച്ചു പരിഹരിക്കാവുന്ന പ്രശ്‌നങ്ങളായി കാണുവാൻ ഭരണ സംവിധാനത്തിന് കഴിയുന്നില്ല. അത് സാധ്യമായാലേ സമാധാനം നാട്ടിൽ വരൂ.

രാജഗോപാലിന്റെ നിരന്തരമായ സമ്മർദ്ദത്തിൽ രാജസ്ഥാനിൽ സമാധാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു വകുപ്പ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അതിനു ആവശ്യമായ പിന്തുണ സംവിധാനം ഏകത പരിഷത് നൽകി വരുന്നു.

മണ്ണും മനുഷ്യനും സമാധാനവും

മണ്ണിന്റെ മക്കൾക്ക് മണ്ണിൽ ജീവിക്കാൻ അവകാശമുണ്ട്. അസമത്വത്തിൽ നിന്നാണ് അസ്വസ്ഥതയും സംഘർഷവും ഉണ്ടാകുന്നത്.ഭൂമിയുടെ വിഭവങ്ങൾ പങ്കുവക്കുന്നതിലുള്ള അസമാനതകൾ കൂടിക്കൂടി വരുന്നു.ആദിവാസികൾ, പാർശ്വവൽകൃതർ,മത്സ്യത്തൊഴിലാളികൾ, നാടോടികൾ,നഗരദരിദ്രർ, പുറമ്പോക്കിൽ കുടിൽകെട്ടി താമസിക്കുന്നവർ എന്നിങ്ങനെ എല്ലാവരും ഉൾപ്പെടുന്ന ശബ്ദമില്ലാത്തവരുടെ ശബ്ദം ഉറക്കെ പറയാനും അധികാരികളെ ബോധ്യപ്പെടുത്താനുമായിരുന്നു ഏകത പരിഷത്തിന്റെ പ്രവർത്തനം രാജഗോപാൽ തുടക്കമിട്ടത്. ഗാന്ധിജി വിഭാവനം ചെയ്ത അഹിംസയും സത്യഗ്രഹവുമായിരുന്നു സമരമാർഗമായി തെരെഞ്ഞെടുത്തത്. അവിടെ പദയാത്ര ഒരു സമരപഥമായി മാറി. മൂന്നര ലക്ഷം ഭൂരഹിതർക്ക് അവരുടെ മണ്ണിൽ സമാധാനത്തിലൂടെ അവകാശം സ്ഥാപിച്ചെടുത്തു നൽകാൻ അവർക്കൊപ്പം പ്രവർത്തിച്ചു.പോലീസ് വെടിവയ്‌പ്പൊ,ലാത്തി അടിയൊ വേണ്ടി വന്നില്ല.ആദിവാസികൾക്കിടയിൽ മണ്ണ് ലഭിച്ചപ്പോൾ സമാധാനം സ്വാഭാവികമായി. ഇത്തരം ചെറിയ പ്രവർത്തനങ്ങൾ വടക്കേ ഇന്ത്യയിലെ പാവപ്പെട്ടവർക്കിടയിൽ പ്രാവർത്തികമാക്കാൻ അവർക്കൊപ്പം കൂടി. ഇതെല്ലാം ഇന്ത്യക്ക് പുറത്ത് ശ്രദ്ധിച്ചു. ഗാന്ധിയുടെ നാട്ടിൽ ഇങ്ങിനെയൊക്കെ നടക്കുന്നുണ്ടെന്ന് പ്രചാരമുണ്ടായി.ഈ അവാർഡ് അങ്ങിനെ വന്നു ചേർന്നിരിക്കാമെന്നാണ് രാജഗോപാൽ പറയുന്നത്.

പദയാത്ര ഒരു സമരരൂപം

രാജഗോപാലിനെ നഗരകേന്ദ്രങ്ങളിൽ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്താൻ മാത്രമായെ കാണാറുള്ളൂ.ഈ പാവപ്പെട്ടവർ മെട്രോ നഗര ചുറ്റുപാടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരുമല്ല.അതുകൊണ്ടു തന്നെ ഇന്ത്യയിലെ മറ്റു സാമൂഹിക പ്രവർത്തകരെ അറിയുന്ന വർണ്ണാഭമില്ല രാജഗോപാലിന്. അതിനു ശേഷമാണ് ഏകത പരിഷത്തിലൂടെ ആദിവാസികൾക്കിടയിലെ പ്രവർത്തനം.അവരുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുവാനായിരുന്നു പദയാത്ര എന്ന സമരമാർഗ്ഗം ചിട്ടപ്പെടുത്തിയത്. ഭൂമിക്കു വേണ്ടി ആദിവാസികളെ അണിനിരത്തി 2007ൽ 25,000 പേരുമായി ഗ്വോളിയോർ-ന്യൂഡൽഹി പദയാത്രയാണ് ഇന്ത്യക്കകത്തും പുറത്തും രാജഗോപാൽ നേതൃത്വം നൽകിയ പദയാത്ര ഈ സമരമാണ് കേന്ദ്ര സർക്കാർ ദേശീയ ഭൂപരിഷ്‌കരണ കൗൺസിൽ രൂപീകരിച്ചതും വനാവകാശ നിയമം,പാർപ്പിട അവകാശ നിയമം, ഭൂമി ഏറ്റെടുക്കൽ നിയമം എന്നിവ പ്രാബല്യത്തിൽ വന്നത്. 2012 ൽ ഒരു ലക്ഷം പദയാത്രികരുമായി നടന്ന ജനസത്യഗ്രഹയും ലോകം ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽ 2019 ഒക്ടോബർ രണ്ടിന് രാജ്ഘട്ടിൽ നിന്നും ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ ജനീവയിലേക്ക് ജയ് ജഗത്(ലോകം ജയിക്കട്ടെ) എന്ന സമാധാന സന്ദേശവുമായി ഒരു വർഷക്കാലം കൊണ്ട് 150 പേരുമായി പദയാത്ര തുടങ്ങി. ഇങ്ങിനെ വിവിധ പദയാത്രകളിലൂടെ 35,000 കിലോമീറ്ററിലധികം നടന്നു.

സാമൂഹിക പരിവർത്തനം വിജയം കണ്ട ചമ്പൽ മേഖല

1972 ഏപ്രിൽ 14 ലെ അംബേദ്കർ ദിനത്തിലാണ് ആദ്യമായി 200 കൊള്ളക്കാർ ആയുധം ഉപേക്ഷിച്ചു സമാധാന മാർഗം സ്വീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തുന്നത്. തുടർന്ന് 572പേരെ നേർവഴി നടത്താൻ പരിശീലിപ്പിച്ചത് രാജഗോപാലായിരുന്നു. ചമ്പൽകൊള്ളക്കാരുടെ ഭൂപ്രദേശമായ മധ്യപ്രദേശിലെ ജോറാ ജില്ലയിൽ സ്ഥാപിച്ച മഹാത്മാഗാന്ധി സേവാ ആശ്രമത്തിലൂടെയായിരുന്നു കീഴടങ്ങൽ സാധ്യമാക്കിയത്. ആശ്രമത്തിന്റെ സെക്രട്ടറി ആയിരുന്നു രാജഗോപാൽ. ഇന്ദിരാഗാന്ധിയുമായി ജയപ്രകാശ് നാരായണനും പ്രമുഖ ഗാന്ധിമാർഗ്ഗ പ്രവർത്തകൻ ഡോ എസ് എൻ സുബ്ബറാവുമായി ധാരണയിലെത്തിയത് കീഴടങ്ങിയ കൊള്ളക്കാരെ തൂക്കികൊല്ലാതെ നിയമത്തിന്റെ മുമ്പിൽ വിചാരണ നേരിടുമെന്നായിരുന്നു.

അങ്ങിനെ ശിക്ഷിക്കപെട്ടവരുടെ കുടുംബത്തിന്റെ പുനരധിവാസ പ്രവർത്തനം രാജഗോപാലിന്റെ മേൽനോട്ടത്തിലായിരുന്നു നടന്നത്.കുട്ടികളെ പഠിപ്പിക്കാൻ, വനിതകൾക്ക് തൊഴിൽസംരംഭങ്ങൾ സ്ഥാപിക്കാൻ, ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഇങ്ങിനെ അവരിൽ ഒരാളായി.

തുടർന്നുള്ള 50 വർഷത്തെ പ്രവർത്തനം ഹിന്ദി മേഖലയിലായതിനാൽ മലയാളികൾ രാജഗോപാലിനെ അറിഞ്ഞിട്ടും വേണ്ടവിധം അറിയാതെ പോയി.

ഇന്ത്യയെ കണ്ടെത്തിയ തീവണ്ടിയാത്ര

ഗാന്ധിമാർഗ പശ്ചാത്തലമായിരുന്നു രാജഗോപാലിന്റേത്. കോഴിക്കോട് രാമനാട്ടുകരയിലെ സേവാമന്ദിറിലെ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കെ രാധാകൃഷ്ണമേനോനായിരുന്നു വഴികാട്ടി.

സേവാഗ്രാമിലെ പഠനത്തിനു ശേഷം 1969 ൽ മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി വർഷത്തിൽ കേന്ദ്ര സർക്കാർ ഒരു വർഷക്കാലം സംഘടിപ്പിച്ച രണ്ട് ഗാന്ധി ദർശൻ തീവണ്ടി ഇന്ത്യ ചുറ്റിക്കറങ്ങി. അതിൽ ഒരു തീവണ്ടിയിൽ രാജഗോപാൽ വോളന്റിയറായി.