കേരളത്തെ ദുരന്തത്തിലാക്കിയത്,
ജനങ്ങളല്ല, ഭരണകൂടങ്ങളാണ്

ാഷ്ട്രീയ ഭരണാധികാരം വിനിയോഗിക്കുന്നത് എന്തിനു വേണ്ടിയായിരിക്കണം? ജനനന്മയ്‌ക്കോ, ജനദ്രോഹത്തിനോ? ഭരണം കയ്യാളുന്നത് കമ്മ്യൂണിസ്റ്റ് ഇടതു-ജനാധിപത്യ സഖ്യസർക്കാരാണെങ്കിൽ, ഈ ചോദ്യങ്ങൾക്ക് കൃത്യമായ വ്യക്തവും സുതാര്യവുമായ പ്രതികരണം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ തുടർഭരണത്തിലെത്തിയ ഇടതു-ജനാധിപത്യ മുന്നണി സർക്കാർ സി പി ഐ (എം) നേതാവ് പിണറായി വിജയന്റെ നേതൃത്വത്തിലും മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ കലവറയില്ലാത്ത പിൻതുണയിലും അധികാരത്തിലിരിക്കുമ്പോൾ, സ്ഥിതി ഇതൊന്നുമല്ലെന്നു പറയേണ്ടിവന്നതിൽ ദുഃഖമുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെയും പുതിയ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെയും രണ്ടാം ബജറ്റും വിലയിരുത്തുമ്പോൾ ഈ രേഖ ജനങ്ങളുടെ നടുവൊടിക്കുന്നതാണെന്ന് നിസ്സംശയം പറയാൻ കഴിയും. അധികാരം കൊള്ളക്കുള്ള ലൈസൻസ് അല്ല എന്ന മുൻധാരണയും വിശ്വാസവും ഇപ്പോൾ ഇടതു സർക്കാരിനെപ്പറ്റി ആത്മാഭിമാനത്തോടെ നിരീക്ഷിക്കുന്ന കേരളീയ ജനതയ്ക്ക് നഷ്ടമായിരിക്കുന്നു എന്നാണ് പുതിയ ബജറ്റ് നികുതി നിർദ്ദേശങ്ങൾ വെളിവാക്കുന്നത്. ഒരു കാര്യം അംഗീകരിക്കാതെ തരമില്ല. സാക്ഷാൽ കൗടില്യൻ എന്ന അർത്ഥ ശാസ്ത്രവിശാരദൻ വിചാരിച്ചാലും, ആഗോളതലത്തിൽ അറിയപ്പെട്ടിരുന്ന മഹാമാന്ത്രികൻ ഹൗഡിനി പുനർജനിക്കുകയും തല പുകഞ്ഞ് ആലോചിക്കുകയും ചെയ്താലും, സംസ്ഥാന സമ്പദ്‌വ്യവ്‌സഥ അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താൻ ജനദ്രോഹ നടപടികളിലൂടെയല്ലാതെ സാദ്ധ്യമാവില്ല എന്ന പതനത്തിലാണ് ധനമന്ത്രി ബാലഗോപാൽ എത്തിപ്പെട്ടിരിക്കുന്നത്. തന്റെ മുൻഗാമി ഡോ തോമസ് ഐസക്കിനെപ്പോലെ കഥയും, കവിതയും ഇടകലർത്തിയുള്ള ബജറ്റ് പ്രസംഗ-അവതരണശൈലി തീർത്തും ഒഴിവാക്കി തന്റെ മനസ്സിലുള്ള അങ്കലാപ്പ് മറച്ചുവെക്കാൻ മെനക്കെട്ടില്ലെന്നതാണ് ബാലഗോപാലിന്റെ സവിശേഷതയായി കേൾവിക്കാർക്ക് ബോദ്ധ്യമായത്. തന്റേതായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഉറപ്പുള്ള നികുതിനിർദ്ദേശങ്ങൾ ജനദ്രോഹസ്വഭാവത്തോടെയുള്ളതല്ലെന്നൊന്നും അദ്ദേഹം വാദിക്കുന്നില്ല.മറ്റു മാർഗ്ഗങ്ങൾ അടഞ്ഞുപോയതിന്റെ പ്രതിഫലനമാണ് നികുതിനിർദ്ദേശങ്ങളിൽ ഏറെയും എന്ന് അദ്ദേഹം ആവർത്തിച്ച് സമ്മതിക്കുന്നുമുണ്ട്. ഇതിലേക്കു തന്നെ നിർബ്ബന്ധിതനാക്കിയതോ? കേന്ദ്ര മോദി സർക്കാരിന്റെ സംസ്ഥാനവിരുദ്ധ നിലപാടുകളും നയസമീപനങ്ങളുമാണ്!

കേരള സമ്പദ് വ്യവസ്ഥയ്ക്ക് മുന്നോട്ടു പോകാൻ വിവിധ വികസന മേഖലകളിൽ വ്യവസായം, കൃഷി, ടൂറിസം, സേവനങ്ങൾ, വ്യാപാരം തുടങ്ങിയവയുടെ വളർച്ചയും, വികസനവും അനിവാര്യമാണ്. ഇവിടെ നിന്നെല്ലാം വരുമാന സ്രോതസ്സുകൾ തേടി പോകേണ്ടിവരുകയും ചെയ്യും. ഈ വസ്തുത ധനമന്ത്രി ബജറ്റവതരണത്തിനു മുമ്പുതന്നെ തുറന്നു പറഞ്ഞിരുന്നതുമാണ്. എന്നാൽ, ഇതിലേക്കാവശ്യമായ നടപടികൾ മുന്നോട്ടു വെക്കാൻ തനിക്കുള്ള പരിമിതികൾ അദ്ദേഹം നിരത്തുന്നുമുണ്ട്. ഓഖിക്കും, കൊവിഡിനും പുറമെ തുടർച്ചയായ വെള്ളപ്പൊക്ക കെടുതികൾക്കും ശേഷം നേരിടേണ്ടിവന്ന മനുഷ്യനിർമ്മിതവും, കാലാവസ്ഥാവ്യതിയാനവും ഉൾച്ചേർന്ന വികസനവൈകൃതങ്ങളും കൂടിയായതോടെ കേരളീയ ജനതയുടെ ജീവൽപ്രശ്‌നങ്ങൾ വാനോളം ഉയരുകയായിരുന്നു. ജനങ്ങൾക്കൊപ്പം, ധനമന്ത്രിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭക്കും മാത്രമല്ല, മൊത്തം സംസ്ഥാന ഭരണസംവിധാനത്തിനും ഗുരുതരമായ ധനപ്രതിസന്ധിയാണ് ഇതിനെ തുടർന്നെല്ലാം അഭിമുഖീകരിക്കേണ്ടിവന്നതെന്നതിൽ തർക്കമില്ല. ഇതിൽ നിന്നെല്ലാം പൊടുന്നനെ മോചനം നേടാനുള്ള കുറുക്കുവഴികളി ല്ലെന്നു ബോദ്ധ്യമായതോടെയാണല്ലോ, കേന്ദ്ര മോദി സർക്കാരിന്റെ തുടർച്ചയായ കേരളവിരുദ്ധ നയസമീപനത്തെ പഴിചാരി സ്വന്തം ബാദ്ധ്യതയിൽ നിന്നും താല്ക്കാലികമായി ഒഴിഞ്ഞു മാറാനുള്ള തന്ത്രം മെനയേണ്ടിവന്നതും. ജി എസ് ടി യുടെ ഭാഗമായുള്ള നഷ്ടപരിഹാര ഇനത്തിൽ 5700 കോടി രൂപയോളം ലഭ്യമാകില്ലെന്നത് ഉറപ്പായിരുന്നല്ലോ. അതുപോലെ തന്നെ സംസ്ഥാന സർക്കാരിന് ആശ്രയിക്കാവുന്ന പൊതുവിപണിയിൽ നിന്നുള്ള കടമെടുപ്പിന്റെ ഉപരിപരിധിയിലും നിയന്ത്രണമുണ്ടാ യിരിക്കുമെന്നും നേരത്തെ തന്നെ വ്യക്തമായിരുന്നതുമാണ്. ഇതിന് ധനകാര്യ കമ്മീഷന്റെ ശുപാർശകളും ഇടയാക്കിയിട്ടുള്ളതാണല്ലോ.

കേന്ദ്ര സർക്കാരിനെ സംബന്ധിച്ചാണെങ്കിൽ എഫ് ആർ ബി എം നിയമവ്യവസ്ഥ നിർണ്ണയിച്ചിരിക്കുന്ന ധനകമ്മി പരിധി കടക്കാതിരിക്കാൻ പെടാപ്പാടു വന്നിട്ടുണ്ടെങ്കിലും കടമെടുക്കാൻ സംസ്ഥാന സർക്കാരുകളേക്കാൾ കേന്ദ്രസർക്കാരിന് സാദ്ധ്യതകൾ ഏറെയാണെന്ന യാഥാർത്ഥ്യവും നാം തിരിച്ചറിയേണ്ടതാണ്. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്താതിരുന്നതിനെ തുടർന്നുണ്ടായ വരുമാന ഇടിവ് 5,000 കോടി രൂപ ഇതിനു പുറമെയുമാണ് സംസ്ഥാന കടത്തിന്റെ പരിധിയിൽ മുൻ ധനകാര്യമന്ത്രി ഡോ തോമസ് ഐസക്ക് തുടർച്ചയായി വാദിച്ചിരുന്നത് പോലെ ”കിഫ്ബി”യുടെ കടബാദ്ധ്യത ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന വാദം കേന്ദ്ര ധനമന്ത്രാലയവും സി എ ജിയും തള്ളിക്കളഞ്ഞതും, കെ എൻ ബാലഗോപാലിനെ വെട്ടിലാക്കിയെന്നതാണ് വസ്തുത.

സംസ്ഥാനത്തെ പ്രമുഖ മാധ്യമം വിശേഷിപ്പിച്ചതുപോലെ, ധനമന്ത്രിക്ക് ബജറ്റ് തയ്യാറാക്കുന്ന അവസരമായതോടെ ഒരു ‘മാർഗം കളി’ക്കാരന്റെ റോൾ തന്നെയാണ് അഭിനയിക്കേണ്ടിവന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. മദ്ധ്യതിരുവിതാംകൂറുകാർക്ക് സുപരിചിതമായ നാടൻകലാരൂപം ‘മാർഗംകളി’ കൊല്ലം ജില്ലക്കാരനായ ബാലഗോപാലിന് ഒരുവിധം നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നു തന്നെ വേണം കരുതുവാൻ. എന്നാൽ അതിന്റെ കനത്ത ആഘാതം വന്നു പതിച്ചത് കേരളത്തിലെ സാധാരണക്കാരുടെ നടു ഒടിക്കുന്ന വിധമായിരിക്കുന്നു എന്നേയുള്ളു.

കേന്ദ്രത്തിന്റെ വക പൊടുന്നനെയുള്ളതെന്നു വിശേഷിപ്പിക്കപ്പെടുന്ന തീരുമാനത്തെ തുടർന്ന്, സംസ്ഥാന വായ്പാ പരിധിയിൽ 2,100 കോടി രൂപയുടെ കുറവുണ്ടായിരിക്കുന്നു എന്നതാണ് ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽതന്നെ, ധനമന്ത്രി ചൂണ്ടിക്കാട്ടിയത് . ഇതിന്റെ പരിണിതഫലമെന്ന നിലയിലാണ്, മറ്റൊരു വഴിയുമില്ലാതെ വന്ന സാഹചര്യത്തിൽ, രാഷ്ട്രീയമായ തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും പെട്രോൾ, ഡീസൽ വിലവർദ്ധനവിലേക്കു നയിക്കുമെന്ന് ബോദ്ധ്യമായിരുന്ന വിധത്തിൽത്തന്നെ രണ്ടിന്റേയും സെസ് നിരക്കുകളിൽ രണ്ടു രൂപവീതം വർദ്ധനവ് പ്രഖ്യാപിച്ചത്. ഈ നീക്കം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുതന്നെ മറച്ചുവെക്കേണ്ടിവന്നു. ഈ വിധേയമല്ലാതെ, 3000 കോടി രൂപയോളം അധിക നികുതിവരുമാനം സമാഹരിക്കാൻ കഴിയുമായിരുന്നുമില്ല.

അടുത്ത ബജറ്റിൽ പുതിയ നികുതിക്കു ഇടമുണ്ടാകില്ല    

ധനമന്ത്രി എന്ന നിലയിൽ കെ എൻ ബാലഗോപാലിന് മറ്റൊരു വരുമാന മാർഗ്ഗവുമില്ലായിരുന്നു എന്നതും ഒരു വസ്തുതയാണ്. അദ്ദേഹത്തിന് മുന്നിൽ ഒരേ ഒരു മാർഗം മാത്രമേ തുറന്നുകിടന്നിരുന്നുള്ളു. അതായത്, ”ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലുമില്ല”.മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലോക സഭാ തെരഞ്ഞെടുപ്പുകൾ 2024 ൽ വരുമെന്നത് ഉറപ്പാണ്, അതുകൊണ്ടുതന്നെ, അടുത്ത (2024-25) ധനകാര്യവർഷത്തേക്കുള്ള ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾക്കു രാഷ്ട്രീയ കാരണങ്ങളാൽ ഇടമുണ്ടായിരിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പുകൾക്കാണെങ്കിൽ ഇനിയും വേണ്ടത്ര സമയം ബാക്കിയുണ്ട്.അതുവരെ എന്തെങ്കിലുമൊക്കെ പറഞ്ഞും ഭീഷണികൾ മുഴക്കി അണികളെ പിടിച്ചു നിർത്തിയും കാപ്‌സ്യൂളുകൾ ഇറക്കിയും മാധ്യമ പരസ്യങ്ങളിലൂടെയും വിമർശനങ്ങൾക്കെതിരെ പ്രതിരോധമാകാം. എന്നാൽ, ഇതെല്ലാം വെറും സാധ്യതകൾ മാത്രമാണ്. ഒരു പരിധിക്കപ്പുറം പ്രചരണങ്ങൾ നമ്മുടെ വോട്ടർമാർക്കിടയിൽ വിലപ്പോവില്ലെന്നത് ഉറപ്പല്ലേ ? സൗജന്യക്കിറ്റു വിതരണത്തിനുള്ള ഇടവുമില്ലാതായിരിക്കുന്നു.

പുതുവർഷത്തേക്കുള്ള ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ നോക്കുക. പെട്രോളിനും, ഡീസലിനും സെസ് വഴി രണ്ടു രൂപ ലിറ്ററൊന്നിന് വർദ്ധിക്കും. വാഹനവില ഉയരും, കെട്ടിടനികുതി വർദ്ധിക്കും, ഭൂമിയുടെ ന്യായവില 20 ശതമാനം കുതിച്ചുയരും. ഈ നികുതി നിർദ്ദേശങ്ങളെല്ലാം തന്നെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ വന്നു പതിക്കുക സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ഇടത്തരം വരുമാനക്കാരുടേയും മേൽ ആയിരിക്കുമെന്നത് ഉറപ്പല്ലേ?

പെട്രോളിയം, ഡീസൽ തുടങ്ങിവയുടെമേൽ സെസും, സർചാർജ്ജും ചുമത്തി, സംസ്ഥാന സർക്കാരുകളുടെ വരുമാനം കവർന്നെടുക്കുന്നതിന്റെ പേരിൽ കേന്ദ്ര മോദി സർക്കാരിനെ കുറ്റവിചാരണക്കു വിധേയമാക്കിയ സർക്കാർ കിഫ്ബിക്കായി ഒരു രൂപ സെസ് ഏർപ്പെടുത്തിയ കാര്യം ഏറെപ്പേർ മറന്നു കാണില്ല. ഈ സെസ് ഇപ്പോഴും തുടരുകയുമാണ്. ഇതേ എൽ ഡി എഫ് സർക്കാരിന്റെ പുതുക്കിയ രണ്ടാം പതിപ്പാണെങ്കിൽ, ധനമന്ത്രിയുടെ രണ്ടാം ബജറ്റിലൂടെ സെസ് നിരക്ക് രണ്ട് രൂപയാക്കി ഉയർത്തിയിരിക്കുന്നത് വിചിത്രമായി തോന്നുന്നതിൽ എന്തിന് അത്ഭുതപ്പെടണം ? ഇപ്പോൾതന്നെ തൊട്ടടുത്തുള്ള കേന്ദ്രഭരണപ്രദേശമായ മാഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.80 രൂപയാണെങ്കിൽ, കേരളത്തിൽ 106.03 രൂപയാണ്. പുതുക്കിയ ഇന്ധനവില നിലവിൽവരുന്നതോടെ രണ്ടു വിലകളും തമ്മിലുള്ള അന്തരം 11 രൂപയിൽ നിന്നും 14 രൂപയോളമാകും. ഡീസലിന്റെ വിലയിലും ഏറെക്കുറെ സമാനമായ വില വ്യത്യാസമായിരിക്കും വരുക. സ്വാഭാവികമായും, നിരവധി വാഹനങ്ങൾ അല്പം ക്ലേശം സഹിച്ചായാലും, മാഹിയിൽ നിന്നും ആവശ്യമായ പെട്രോളും, ഡീസലും വാങ്ങിച്ചാലും വാഹന ഉടമകൾക്ക് നിസ്സാരമല്ലാത്ത ലാഭമുണ്ടാകുമല്ലോ. അതുവഴി വരുന്ന ചരക്കു ലോറികൾ ഏതായാലും ഈ സാദ്ധ്യത പ്രയോജനപ്പെടുത്താതിരിക്കില്ല. ഇതുവഴിയുള്ള നേട്ടം അവർ സ്വന്തം പോക്കറ്റിലാക്കുകയല്ലാതെ ഉപഭോക്താക്കൾക്കു കൈമാറാൻ തക്ക ധാർമ്മികതയൊന്നും പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ടാ. ബസ്സുടമകളടേയും മറ്റു ദീർഘ ദൂരയാത്രികരുടേയും പ്രതികരണവും വ്യത്യസ്തമായിരിക്കില്ല. ഇതിന്റെയെല്ലാം നഷ്ടം സംസ്ഥാന സർക്കാരിനുണ്ടാകുന്ന നികുതി ചോർച്ചയായിരിക്കും. ജീവിത ചെലവ് വാണംപോലെ കുതിച്ചുയരുമെന്നത് ഉറപ്പാണ്. ഇതെ തുടർന്ന് വീട്ടമ്മമാരും സാധാരണക്കാരും തൊഴിലാളികളും ഉള്ളിൽ തീയുമായി കഴിയുകയുമാണ്.

അദ്ധ്യാപക നേതാക്കളുടെ മൗനം അർത്ഥഗർഭം

   കേന്ദ്ര സർക്കാർ വരുമാനവിഹിത കൈമാറ്റം തുടർച്ചയായി വെട്ടിക്കുക വഴി സംസ്ഥാന സർക്കാരിനെ കരുതിക്കൂട്ടി ദ്രോഹിക്കുകയാണെന്ന് നിരന്തരം ആക്ഷേപം ചൊരിഞ്ഞുവരുകയാണല്ലൊ, മുഖ്യമന്ത്രിയും ഘടകക്ഷിനേതാക്കളും മന്ത്രിമാരുമെല്ലാം. എന്നാൽ അർഹമായ വിഹിതം പോലും സംസ്ഥാ നസർക്കാരിന്റെ അനാസ്ഥയും കൊടുകാര്യസ്ഥതയും മൂലം നഷ്ടപ്പെടുന്നതായി സമീപകാലത്ത് ഒരു റിപ്പോർട്ട് ഒരു പ്രമുഖ ദേശീയ ദിനപത്രം പുറത്തു വിട്ടിരുന്നു. യു ജി സി ശമ്പളക്കുടിശ്ശിക ഇനത്തിൽ സംസ്ഥാനത്തെ സർവ്വകലാശാല കോളേജ് അദ്ധ്യാപകർക്ക് ലഭിക്കേണ്ട ഇനത്തിൽ 750 കോടി രൂപയാണ്, കേന്ദ്രം നിരന്തരം ഓർമ്മപ്പെടുത്തിയതിനു ശേഷവും, മതിയായ രേഖകളോടെ കൃത്യസമയത്ത് അപേക്ഷ നല്കാത്തതിനെതുടർന്ന് നഷ്ടമായിരിക്കുന്നതത്രെ! 2016 ജനുവരി 1 മുതൽ 2019 മാർച്ച് 31 വരെയുള്ള മൂന്നു വർഷക്കാലത്തേക്കുള്ള 7-ാം ശമ്പളക്കമ്മീഷൻവക കുടിശിക ഇനത്തിലുള്ള ആനുകൂല്യമാണിത്. മൊത്തം 1500 കോടി രൂപയാണ് ആനുകൂല്യമെങ്കിലും, ഇതിൽ പകുതി തുകയായ 750 കോടി രൂപ മാത്രമാണ് കേന്ദ്രം നല്കുക. മുൻധാരണയനുസരിച്ച് ശേഷിക്കുന്ന പകുതി തുക സംസ്ഥാന സർക്കാരിന്റെ വിഹിതവുമാണ്. കേന്ദ്ര വിഹിതം കിട്ടുന്നതിന് ശുപാർശകളുടെ സമ്പൂർണ്ണ രേഖകളടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെട്ട് 2022- ൽ രണ്ടു കത്തുകൾ അയച്ചെങ്കിലും, ഇതിലേക്കായി നിർണ്ണയിക്കപ്പെട്ടിരുന്ന അവസാന തീയതിയായ മാർച്ച് 31 നും സംസ്ഥാന സർക്കാർ അനങ്ങിയില്ല. തുടർന്നയച്ച മറുപടിയിലും സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടാതിരുന്നതിനാൽ, കേന്ദ്രസർക്കാർ ഇപ്പോൾ കൈമലർത്തിയി രിക്കുന്നതിൽ എന്താണ് തെറ്റ് ? ഫലത്തിൽ, ഇന്നത്തെ നിലയ്ക്ക് 750 കോടി രൂപ സംസ്ഥാനസർക്കാർ തന്നെ കണ്ടെത്തിയേതീരു എന്നായിരിക്കുന്നു കാര്യങ്ങൾ. ശമ്പള പെൻഷൻ പരിഷ്‌കരണത്തിന്റെ ഭാഗമായ കുടിശ്ശികയുടെ അവശേഷിക്കുന്ന രണ്ടു ഗഡുക്കൾക്ക് 2800 കോടി രൂപയും ക്ഷാമാശ്വാസ കുടിശ്ശികയുടെ രണ്ടുഗഡുക്കൾക്ക് 1400 കോടിരൂപയും സംസ്ഥാന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ”അനുവദിക്കുന്ന കാര്യം പരിഗണിക്കും” എന്നാണ് ധനമന്ത്രിയുടെ പ്രതികരണം. പോരേ പൂരം!!

ആനുകൂല്യങ്ങൾക്കായി മുറവിളി കൂട്ടിയിരുന്ന അദ്ധ്യാപക സംഘടനാ നേതാക്കൾ അർത്ഥഗർഭമായ മൗനത്തിലുമാണ്. എന്നാൽ പണപ്പെരുപ്പവും വിലക്കയറ്റവും മൂലം നിത്യജീവിതം വഴി മുട്ടുകയും, കുടിവെള്ളക്കരം കുത്തനെ ഉയരുകയും ചെയ്യുമെന്ന സാഹചര്യത്തിൽ വെള്ളംകുടി തന്നെ അസാദ്ധ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, സാധാരണ ജനങ്ങൾ കയ്യുംകെട്ടി ഇരിക്കുമെന്നു കരുതുന്നതിൽ അർത്ഥമില്ലെന്നാണ് കരുതേണ്ടിവരുക. ഒരു കിലോ ലീറ്ററിനു 1000 ലിറ്റർ – 4.40 രൂപ മുതൽ 12 രൂപ വരെയായിരുന്നതാണ്. 14.4രൂപ മുതൽ 22 രൂപ വരെയായി ഉയരുക എന്നത് ദുസ്സഹമെന്നല്ലാതെ മറ്റെന്താണ്. ഇതിനുപുറമെ, പ്രതിവർഷം 5 ശതമാനം വീതം അധികവർദ്ധനവിനും തീരുമാനമായിട്ടുണ്ട്. വെള്ളക്കരം ഉയർത്തിയതിനെ തുടർന്ന് ബോധം കെടാൻ സാദ്ധ്യതയുള്ള ഒരു മനുഷ്യന് മുഖത്ത് തളിക്കാൻ ഒരിറ്റുവെള്ളംപോലും കിട്ടാത്ത അവസ്ഥ വരുമോ എന്ന ആശങ്ക പ്രതിപക്ഷത്തു നിന്നും ഉയർന്നപ്പോൾ, കെ എം മാണിയുടെ പ്രിയ ശിഷ്യൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം എന്തായിരുന്നു!~ അത്തരമൊരു പ്രതിസന്ധി വരുന്നു എങ്കിൽ തനിക്കൊരു കത്തയച്ചാൽ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്നായിരുന്നു ഈ പ്രതികരണം. മാത്രമല്ല, ഒരു കുപ്പി കുടിവെള്ളത്തിനു 20 രൂപ വരെ മുടക്കുന്നവരല്ലേ നാം കേരളീയർ ? എന്നൊരു മറുചോദ്യവും മന്ത്രി ഉയർത്തിയിരുന്നു. നോക്കണേ, ഒരു എൽ ഡി എഫ് ഘടകകക്ഷി മന്ത്രിയുടെ ദാർഷ്ട്യം ? ‘യഥാ രാജാ തഥാ പ്രജ’ എന്ന് പറയുന്നതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. സി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറിക്കും സമാനമായ വികാരമാണുള്ളത്.

സേവന മേഖലകളുടെ വളർച്ചയോ യഥാർത്ഥ വളർച്ച?

ബജറ്റിന്റെ പൊതു സ്വഭാവവും, നികുതി നിർദ്ദേശങ്ങളും, ധനമന്ത്രി ബാലഗോപാലിന്റെ നിസ്സഹായാവസ്ഥയെ ആണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറയേണ്ടിവരുന്നു. സാമ്പത്തികാവലോകന റിപ്പോർട്ടും, തുടർന്നു അവതരിപ്പിക്കുപ്പെടുന്ന ബജറ്റ് രേഖയും തമ്മിൽ പൊരുത്തക്കേട് പ്രകടമാക്കപ്പെടാൻ തുടങ്ങിയിട്ട് കാലം ഏറെയായിരിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും, കേരളം അടക്കമുള്ള സംസ്ഥാന സർക്കാരുകളും ഒരേ തൂവൽ പക്ഷികൾ തന്നെയാണ്. സാമ്പത്തികാവലോകന റിപ്പോർട്ടിൽ ധനമന്ത്രി സൂചിപ്പിക്കുന്നത് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്പന്നം (ജി എസ് ഡി പി) 2020-21 ൽ 8.43 ശതമാനമായിരുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 12.01 ശതമാനമായി ഉയർന്നിട്ടുണ്ടെന്നാണ്. ദേശീയ തലത്തിൽ ഇതേ കാലയളവിൽ രേഖപ്പെടുത്തിയതോ, വെറും 8.7 ശതമാനം വർദ്ധനവും. കാർഷിക മേഖലയുടെ വളർച്ച 0.24 ൽ നിന്ന് 4.64 ശതമാനത്തിലേക്കും, വ്യവസായ മേഖലയുടേത് 2.82 ൽ നിന്ന് 3.87 ശതമാനത്തിലേക്കും, സേവന മേഖലയുടെ വളർച്ച 14.44 ശതമാനത്തിൽ നിന്നും 17.3 ശതമാനത്തിലേക്കുമായിരുന്നു. ഓഖി മുതൽ കൊവിഡ് മഹാമാരിവരേയും പ്രകൃതി കോപത്തിന്റേയും (മനുഷ്യന്റെ തന്നെ പിടിപ്പുകേടിന്റെയും) ഫലമായുണ്ടായ രണ്ട് പ്രളയക്കെടുതികളുടേയും വകയായി ആശങ്കാജനകമായ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടതിന്റേയും ആഘാതങ്ങൾ തരണം ചെയ്തതിനെ തുടർന്നുണ്ടായ നേട്ടങ്ങളായിരുന്നു ഇതെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതാണെന്ന് ധനമന്ത്രി പറയുന്നു. മാത്രമല്ലാ, 2020 ലും 2021 ലും പ്രഖ്യാപിച്ച രണ്ടു സാമ്പത്തിക പാക്കേജുകളിലൂടെ 20,000 കോടി രൂപയും, 2021 ൽ ഇടത്തരം – ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്നതിനായി പ്രഖ്യാപിച്ച 5650 കോടി രൂപയുടെ അനുബന്ധ പാക്കേജും സാമ്പത്തിക വളർച്ചക്ക് സഹായകമായിട്ടുണ്ടത്രെ. ഇതിന്റെയെല്ലാം അന്തിമഫലമാണ് ജി എസ് ഡി പി യിലുണ്ടായ 12 ശതമാനം വളർച്ച എന്നതാണ് ധനമന്ത്രിയുടെ അവകാശവാദം. ഇത്രയും മികവാർന്ന ഒരു വളർച്ചാ നിരക്കുണ്ടായതു പ്രധാനമായും അടിസ്ഥാന സാമ്പത്തിക മേഖലകളായ വ്യാവസായിക, കാർഷിക മേഖലകളുടെ വളർച്ചയിലൂടെ ആയിരുന്നില്ലെന്ന യാഥാർത്ഥ്യം മേഖല തിരിച്ചുള്ള വളർച്ചാ നിരക്കുകൾ പരിശോധിച്ചപ്പോൾ തന്നെ നാം കണ്ടതാണ്. അതായത്, സേവന മേഖലകളുടെ വളർച്ച. ഇതാണോ യഥാർത്ഥ വളർച്ച എന്നതാണ് പ്രശ്‌നം.

അതിദാരിദ്ര്യത്തിൽ കഴിയുന്നവരുടെ സഹായത്തിലേക്ക് ബജറ്റിൽ വേണ്ടത്ര ഊന്നൽ നല്കിയിട്ടില്ലെന്ന വിമർശനം കണക്കിലെടുക്കേണ്ടത്, സാമ്പത്തികാവലോകനയിൽ കാണുന്ന വിവരങ്ങൾ തെളിവാണ്. ഈ വിഭാഗത്തിൽപ്പെടുന്നവരായി 64,000 കുടുംബങ്ങളുണ്ടെന്നും ഇതിൽ 75 ശതമാനം പൊതുവിഭാഗത്തിലും 5 ശതമാനം എസ് സി, എസ് ടി വിഭാഗങ്ങളിലും ഉൾപ്പെടുന്നവരാണത്രെ. സംസ്ഥാന സർക്കാരിന്റെ സർവ്വെയനുസരിച്ച് തന്നെ 81 ശതമാനം ഗ്രാമങ്ങളിലും, 15 ശതമാനം മുനിസിപ്പാലിറ്റികളിലും, 4 ശതമാനം കോർപ്പറേഷനുകളിലും വീതം ഉൾപ്പെടുന്ന ഭൂപ്രദേശങ്ങളിലാണുളളതെന്നും കാണുന്നു. അതിദരിദ്ര കുടുംബങ്ങളെടുത്താൽ മലപ്പുറം ജില്ലയാണു മുന്നിൽ- 8553; ഏറ്റവും താഴെ കോട്ടയം ജില്ലയും- 1071 കുടുംബങ്ങൾ. ഈ കണക്കുകളെല്ലാം 2011 ലെ സർവ്വെയുടെ അടിസ്ഥാനത്തിലുള്ളതാണെന്നതുകൊണ്ടുതന്നെ, പ്രായോഗികമായ പ്രശ്‌നങ്ങൾ അവ അഭിമുഖീകരിക്കേണ്ടിവരുന്ന ഘട്ടത്തിൽ നേരിടേണ്ടിവരുമെന്നത് ഉറപ്പാണല്ലോ. എന്നാൽ ഇതൊന്നും പരിഗണിക്കാതെയുള്ള സംസ്ഥാനത്തെ ഇല്ലായ്മയുടെ ഏകദേശചിത്രം തയ്യാറാക്കുകയും, അതിനുള്ള ഏതാനും ചില ഒഴുക്കൻമട്ടിലുള്ള പരിഹാര നിർദ്ദേശങ്ങൾ ബജറ്റിലൂടെ മുന്നോട്ടു വെക്കുകയുമാണ് ചെയ്തിട്ടുള്ളത്.

കെ എൻ ബാലഗോപാലിന്റെ രണ്ടാമത്തെ ധനകാര്യരേഖ എന്ന നിലയിൽ, സ്വന്തം സർക്കാരിനെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുന്നതിന് വഹിച്ചിട്ടുള്ള പങ്ക് എന്തെന്ന് പുതിയ ബജറ്റിൽ കൃത്യമായും സുതാര്യമായും വെളിപ്പെടുത്തിയിട്ടില്ല. മറിച്ച്, സ്വന്തം സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ കേന്ദ്ര മോദി സർക്കാരിനെ കുറ്റപ്പെടുത്തുന്നതിനാണ് കൂടുതൽ സമയം ചെലവാക്കിയിരിക്കുന്നത്. ഈ അടവിലൂടെ സ്വന്തം പിഴവുകൾ മറച്ചുവെക്കാൻ കഴിയുന്നുമില്ല. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷൻ തയ്യാറാക്കിയ റിപ്പോർട്ട് എത്തിച്ചേർന്നിരിക്കുന്ന നിഗമനങ്ങൾ സംസ്ഥാന സർക്കാരിന് തള്ളിക്കളയാൻ കഴിയില്ല. കാരണം, ഈ ഗവേഷണ-പഠന സ്ഥാപനം സർക്കാരിന്റേതും കൂടിയാണെന്നതുതന്നെ. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് 19 സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി സംബന്ധമായൊരു താരതമ്യപഠനമാണ് നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഈ റിപ്പോർട്ട് 2016 മുതൽ 2019 വരെയുള്ള സംസ്ഥാനത്തിന്റെ നികുതി സമാഹരണ യത്‌നത്തെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത് കേരളത്തിന്റെ നേട്ടം വെറും 2 ശതമാനം മാത്രമാണെന്നും, മറ്റു 19 സംസ്ഥാനങ്ങളുടേത് ശരാശരി 6.3 ശതമാനമാണെന്നുമാണ്. ഇതനുസരിച്ചാണെങ്കിൽ നമ്മുടെ സ്ഥാനം പതിനേഴാമതു മാത്രമാണ് . നമ്മുടെ വരുമാനത്തിലെ മുഖ്യ ഇനങ്ങൾ മദ്യം, ലോട്ടറി എന്നിവ അടക്കം 22 ശതമാനം നികുതി ഇതര വരുമാനവുമാണുള്ളത്.അഖിലേന്ത്യാടിസ്ഥാനത്തിൽ നാലാം സ്ഥാനവുമാണു നമ്മുടേത്. അന്നത്തെ ധനമന്ത്രി ഡോ തോമസ് ഐസക്കുമായിരുന്നല്ലോ. അതേ അവസരത്തിൽ കടബാദ്ധ്യതയുടെ കാര്യത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന യു ഡി എഫ് സർക്കാർ അധികാരമൊഴിയുമ്പോൾ കടബാദ്ധ്യത 1,89,768 കോടി രൂപയായിരുന്നെങ്കിൽ, 2021 ൽ ആദ്യ പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ ഇത് 3,08,386 കോടി രൂപയായി വർദ്ധിക്കുകയാണു ചെയ്തത്. 2021-22 ൽ ഉണ്ടായ നികുതി പിരിവിലെ ഇടിവ് 13,492 കോടി രൂപവരെയുമായിരുന്നു. മറ്റൊന്ന്, കടബാദ്ധ്യതകളുടെ ഉള്ളടക്കമാണ്. 2005 നും 2020 നും ഇടക്ക് കേന്ദ്ര വായ്പാ- അഡ്വാൻസ് ഇനങ്ങളിലായി കേന്ദ്രത്തിനുള്ള സംസ്ഥാനത്തിന്റെ കടബാദ്ധ്യത 15.8 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നാണ് ധനമന്ത്രിയുട വാദം. ഈ നേട്ടമുണ്ടായതിനുശേഷവും സംസ്ഥാനത്തിനു അനുകൂലമായ വിധം വായ്പാ പരിധി ഉയർത്താൻ മോദി സർക്കാർ സന്നദ്ധമായില്ല എന്നാണ് കെ എൻ ബാലഗോപാലിന്റെ പരാതി. ഇത്തരമൊരു പരാതിയിലേക്ക് ധനമന്ത്രിയെ നയിച്ചത്, മറ്റ് അധിക വരുമാന സാദ്ധ്യതകൾ ഇല്ലാത്ത ഒരു അവസ്ഥാവിശേഷം തന്നെയാണ്. അതായത്, 2023-24 വർഷത്തിലും, ബജറ്റ് ചെലവുകൾക്കായി വൻതുക – 28,852.79 കോടി രൂപ കടം വാങ്ങേണ്ടിവരുമെന്നാണ്. വരും വർഷങ്ങളിലേയും സ്ഥിതി സമാനമായിരിക്കും. ഇന്നത്തെ നിലയിലാണ് കടത്തിന്റേയും പലിശബാദ്ധ്യതയുടേയും പോക്കെങ്കിൽ, അടുത്തവർഷം കേരളത്തിന്റെ പൊതു കടം 4,11,053.11കോടി രൂപ വരെയാ കും.2024-25 ൽ ഇത് വീണ്ടും ഉയർന്ന് 4,55,727.77 കോടി രൂപയിലെത്തുകയും ചെയ്യും. പലിശ ഇനത്തിലുള്ള ഇന്നത്തെ ബാദ്ധ്യതയായ 25965 കോടി രൂപയും സമാനമായ നിലയിലോ, അതിലേറെയോ, ആയി ഉയരും. അതായത് ഒറ്റനോട്ടത്തിൽ ഇത് 28,961 കോടി രൂപയാകും എന്നതിൽ തർക്കമില്ല തന്നെ. പൊതുകടബാദ്ധ്യത 5 കോടിയിലെത്താൽ ഏറെ കാത്തിരിക്കേണ്ടിവരുകയുമില്ല.

വികസനപദ്ധതികൾ: സാദ്ധ്യതകൾ കാണുന്നില്ല

സാഹചര്യങ്ങൾ ഈ നിലയിലായിരിക്കെ, സംസ്ഥാന ആസൂത്രണ ബോർഡ് അവകാശപ്പെടുന്നതുപോലെ നിലവിൽ കേരളത്തിന്റെ ജി എസ് ഡി പി 12.01 ശതമാനമെന്ന വളർച്ചാ നിരക്ക് 2023-24 ൽ 12.5 ശതമാനമായും, 2024-25 ൽ 13.5 ശതമാനമായും ഉയരുന്നതെങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്.

ഒരു വശത്ത് കടവും, പലിശബാദ്ധ്യതയും അനുനിമിഷം പെരുകി വരുമ്പോൾ, മറുവശത്ത് വികസനേതര, ആഡംബര ചെലവുകൾ അനിയന്ത്രിതമായി തുടരുകയുമാണ്. ഈ യാഥാർത്ഥ്യം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് മാത്രമല്ലാ, കേരള സർവ്വകലാശാല മുൻധനശാസ്ത്ര വകുപ്പു മേധാവിയും, യു ഡി എഫ് സർക്കാർ നിയോഗിച്ച എക്‌സ്‌പ്പെൻടിച്ചർ കമ്മിറ്റി അദ്ധ്യക്ഷനുമായ ഡോ ബി എ പ്രകാശം കണക്കുകൾ സഹിതം വ്യക്തമാക്കിയിട്ടുള്ളതുമാണ്. ശമ്പളവും, പെൻഷനും നല്കാൻ 2020-21ൽ വേണ്ടിവന്നത് 46,754 കോടി രൂപയായിരുന്നത്, 2021-22 ൽ 71393 കോടിയായും വർദ്ധിച്ചതായി ബജറ്റിൽ പറയുന്നു. അതായത് 53 ശതമാനം വർദ്ധന. ഈ തോതിലുണ്ടായിരിക്കുന്ന അധിക ബാദ്ധ്യത കുറക്കാൻ മാത്രമല്ല, നിലവിലുള്ള ശമ്പള-പെൻഷൻ കുടിശ്ശിക- ക്ഷാമബത്ത അടക്കം തീർക്കാൻ എന്തെങ്കിലും വഴിയുള്ളതിന്റെ വിദൂരസാദ്ധ്യതകൾ പോലും സൂചിപ്പിക്ക പ്പെട്ടിട്ടുമില്ല. കിഫ്ബി അടക്കമുള്ള സംവിധാനങ്ങളിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ആഭിമുഖ്യത്തിൽ എന്തെങ്കിലും വികസനപദ്ധതികൾ നടപ്പാക്കുന്നതിനും സാദ്ധ്യതകൾ കാണുന്നില്ല. ഒന്നും രണ്ടും തദ്ദേശഭരണസ്ഥാപനങ്ങളല്ലാ 1200 സ്ഥാപനങ്ങളാണ് ധനകാര്യവർഷാവസാനത്തിന് ഏതാനും ദിവസങ്ങൾ മാത്രമേ അവശേഷിച്ചി രിക്കെ, വികസനപദ്ധതികളുടെ പകുതിപോലും നടപ്പാക്കാൻ, വിഭവദാരിദ്ര്യം മൂലം പ്രതിസന്ധിയിലായിരിക്കുന്നത്.

ചങ്ങാത്ത മുതലാളിത്ത പാത

കെ റെയിൽ അഥവാ ”സിൽവർലൈൻ” എന്ന അർദ്ധ അതിവേഗ റെയിൽ പാത എങ്ങുമെത്താതെ തുടരുമ്പോളും നാളിതുവരെയായി ”5 ജി” യുടെ പച്ചക്കൊടിക്കായി കാത്തിരിക്കുന്ന സർക്കാരിന്റെ ”കെ-ഫോൺ” പദ്ധതിക്ക് വേണ്ടി വരുമെന്ന് കണക്കാക്കിയിരിക്കുന്ന 1516.76 കോടി ചെലവിനത്തിൽ 100 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്. ഇതുവരെയായി ഈ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട 500 കോടി രൂപയുടെ അഴിമതി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ടെന്നതും നാം ഓർക്കുന്നത് നന്നായിരിക്കും. ”സിൽവർ ലൈൻ” പാതക്കായി മഞ്ഞക്കുറ്റിക്കായും, സാമൂഹ്യാഘാത പരിസ്ഥിതി ആഘാത പഠനത്തിനായും എല്ലാമായി ഏതാനും കോടികൾ പാഴാക്കിയ കഥയും ഈ അവസരത്തിൽ ”കാര്യ” മായി ഇപ്പോൾ കണക്കാക്കുന്നതായിരിക്കും അഭികാമ്യമായിരിക്കുക.

മുകളിൽ സൂചിപ്പിച്ച വിധത്തിലുള്ള ധാരാളിത്തത്തിനുപുറമെ വൈദ്യുതി ബോർഡിന് വൈദ്യുതി കുടിശ്ശിക ഇനത്തിൽ വിവിധ സർക്കാർ വകുപ്പുകൾ കോടികൾ ബാദ്ധ്യത വരുത്തിവെച്ചിരിക്കുമ്പോളാണ് അധിക വൈദ്യുതി ചാർജ്ജ് വർദ്ധന ജനങ്ങൾക്കുമേൽ അടിച്ചേല്പിക്കുന്നത്. 2021 ലെ സി എ ജി റിപ്പോർട്ട് അനുസരിച്ച് കടക്കെണിയിലായിരിക്കുന്ന കേരളത്തിന് കെ എസ് ഇ ബി ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള കുടിശ്ശിക 21797.86 കോടി വരുമെന്നും ഇതിൽ 7100.32 കോടി രൂപ അഞ്ചു വർഷത്തിലേറെ പഴക്കമുള്ള ഇനങ്ങളിലുമാണ് ഈ തുകയാണെങ്കിൽ സംസ്ഥാനത്തിന്റെ 22-23 ശതമാനത്തോളം വരുന്നുമുണ്ട്. മൊത്തം കടത്തിന്റെ 27.62 ശതമാനവും, വിവിധ സർക്കാർ വകുപ്പുകളുടെ വകയുമാണത്രെ. ചില വകുപ്പുകളുടെ കുടിശ്ശികക്ക് 1952 മുതൽ പഴക്കമുണ്ടെന്നും സി എ ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതിൽ സംസ്ഥാന എക്‌സൈസ് വകുപ്പും ഉൾപ്പെടുന്നു എന്ന് അറിയുമ്പോൾ അത്ഭുതം തോന്നുന്നു. ഈ വകുപ്പടക്കം 11 സർക്കാർ വകുപ്പുകളുടെ വിവിധ കാലഘട്ടങ്ങളിലെ അവശേഷിക്കുന്ന നികുതി കുടിശ്ശിക ബാദ്ധ്യതയാണ് പുതിയ നികുതികളുടെ രൂപത്തിൽ നിരപരാധികളായ കേരള ജനതയ്ക്കുമേൽ അടിച്ചേല്പിക്കപ്പെടുന്നത്. 2018-19 ലെ സി എ ജി റിപ്പോർട്ട് അനുസരിച്ചുള്ള റവന്യു വരുമാനം 92854.48 കോടി രൂപയാണ്. 2017-18 ൽ ഇത് 83,020.14 കോടി രൂപയായിരുന്നു. ഇതിൽ തന്നെ 67 ശതമാനം നികുതി വരുമാനമായിരുന്നു. അതായത് യഥാക്രമം 50,644.11 കോടി രൂപ 11,783.24 കോടി രൂപ എന്നിങ്ങനെ ശേഷിക്കുന്ന 33 ശതമാനമാണെങ്കിൽ അതായത് 19,038.17 കോടി – കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതമായും ഗ്രാന്റ്-ഇൻ -എയ്ഡ് ആയും ലഭ്യമായത്. ഇത്തരം കണക്കുകളെല്ലാം കൃത്യമായ രേഖകളുടെ പിൻബലത്തോടെയുള്ളതുമാണ്. കാരണം, ഇതെല്ലാം ലിഖിത നിയമവ്യവസ്ഥകളെ അടിസ്ഥാനമാക്കി, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് ഒരു ഭരണഘടനാ സ്ഥാപനമായ കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി എ ജി) യാണ് കാലാകാലങ്ങളായി കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും നടത്തിവന്നിട്ടുള്ളത്. ഇതെല്ലാം മറ്റൊരു ഭരണഘടനാ സ്ഥാപനമായ ധനക്കമ്മീഷന്റെ പരിശോധനക്കുകൂടി വിധേയമാക്കപ്പെടുന്നതുമാണ്. സി എ ജി യുടെ പിടി വീഴാതിരിക്കാനുള്ള വിദഗ്ദ്ധമായൊരു അടവും തന്ത്രവും എന്ന നിലയിലാണ്, ”കിഫ്ബി” എന്ന പേരിൽ ഒരു പ്രത്യേക സംവിധാനത്തിന് രൂപം നല്കുകയും അതിനെ ”ബോഡി കോർപ്പറേറ്റ്” എന്ന ഒരു ഓമനപ്പേര് നല്കി, രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും വിപണി വായ്പ അടക്കമുള്ള വായ്പാ തുകകൾ സമാഹരിച്ച് അങ്ങനെ യഥേഷ്ടം വികസന പദ്ധതികൾ നടപ്പാക്കി വരുകയും ചെയ്തിട്ടുള്ളത്. പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ നികുതി വരുമാനത്തിനു പുറകെയാണ് വിപണി വായ്പകളെയും ആശ്രയിക്കാൻ കിഫ്ബിയിൽ വ്യവസ്ഥയുള്ളതും. ഈ വിധത്തിലുള്ള നികുതി ‘ചോർത്തി’യെടുക്കൽ പ്രക്രിയക്ക് ആക്കം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണെങ്കിൽ തന്നെയും ഈ യാഥാർത്ഥ്യം മറച്ചുവെച്ചാണ് പെട്രോൾ, ഡീസൽ വിലകൾ ലിറ്റർ ഒന്നിന് 2 രൂപ നികുതി വർദ്ധനവിലൂടെ 2955 കോടി രൂപ അധിക സാമ്പത്തിക ബാദ്ധ്യത വികസന ക്ഷേമ മേഖലകൾക്കു വേണ്ടിയാണെന്ന് ബജറ്റിൽ അവകാശപ്പെട്ടിരിക്കുന്നതും അത് മുഴുവനായും നിരാലംബരായ കേരള ജനതയിൽ നിന്നും പിരിച്ചെടുക്കുകയും ചെയ്യാൻ തീരുമാനമെടുത്തിരിക്കുന്നതും. നികുതി കുടിശ്ശിക ഇക്കാലമത്രയും ക്രമേണ പെരുകിയിട്ടുള്ളതുപോലെ, തുടർന്നും സമൂഹത്തിലെ സമ്പന്നർക്ക് അനുകൂലമായ വിധം പെരുകിക്കൊണ്ടുമിരിക്കും.

ഇതുപോലൊരു വികസനപാതയെ ഒരർത്ഥത്തിലും ഒരു ഇടതു-ജനാധിപത്യവികസന പാതയെന്നോ, നവകേരള വികസന മാതൃകയെന്നോ, വിശേഷിപ്പിക്കാനാവില്ല. മറിച്ച് ഇത് ഫലത്തിൽ ഒരു ”ക്രോണിക്യാപിറ്റലിസ്റ്റ്’- ‘ചങ്ങാത്ത മുതലാളിത്ത’ പാതയാണ്. കേരളീയ സമ്പദ്‌വ്യവസ്ഥയെ ഈ പതനത്തിലേക്കു നയിച്ചത്, ഇവിടത്തെ ജനങ്ങളല്ലാ ഭരണാധികാരവർഗ്ഗത്തിന്റെ ധാർഷ്ട്യം നിറഞ്ഞ നിലപാടുകളാണ്.