ആറ്റൂർ രവിവർമ്മ;
സമീപകാല കവികളെ
വഴിതെറ്റിച്ച കവി

മലയാള കവിതയുടെ ചരിത്രത്തിൽ ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകൾക്കുശേഷമുണ്ടായ കവിതകളെ വിലയിരുത്താൻ പൊതുവെ ഉത്തരാധുനികം എന്ന സംപ്രത്യയമാണ് ഉപയോഗിക്കുന്നത്. ആധുനിക കവിതകൾക്കുശേഷമുണ്ടാ യത് എന്ന അർത്ഥത്തിൽ പലരും ഇങ്ങനെ പ്രയോഗിക്കാൻ തുടങ്ങി. ആധുനിക കവിതകളിൽനിന്നും തീർത്തും വ്യത്യസ്തമായ കാവ്യപരിസരമാണ് തൊണ്ണൂറുകൾക്കുശേഷമുണ്ടായത് എന്ന് നമുക്കറിയാം. ഉള്ളടക്കത്തിന്റെയും സമീപനങ്ങളുടെയും കാര്യത്തിൽ ഈ വ്യത്യാസം പ്രകടമാണ്. എന്നാൽ രൂപത്തിന്റെയോ ശൈലിയുടെയോ കാര്യത്തിൽ പുതിയ കവികൾ മൗലികമായ എന്തെങ്കിലും കൊണ്ടുവന്നോ? ഇല്ല എന്നാണ് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ കാണാൻ കഴിയുക. പകരം ആധുനിക കവികളിൽ പ്രധാനികളായ മൂന്നുപേരുടെ ശൈലി അതുപോലെ അനുകരിച്ചുകൊണ്ടാണ് കാൽനൂറ്റാണ്ടിലധികമായി നമ്മുടെ സമീപകാല കവികൾ കവിതയെഴുതിയത്. കെ സച്ചിദാനന്ദൻ, കെ ജി എസ് , ആറ്റൂർ രവിവർമ്മ എന്നീ ആധുനിക കവികളെയാണ് അവർ അനുകരിച്ചത്. ഇതിൽ ആറ്റൂരിന്റെ ശൈലിയാണ് പുതുകവികളെ ഏറെ സ്വാധീനിച്ചത്.

 ആധുനികതയുടെ തുടക്കത്തിൽ വൃത്തബദ്ധമായി കവിതയെഴുതിക്കൊണ്ടാണ് ആറ്റൂർ രവിവർമ്മ മലയാള കവിതയിലേക്ക് കടന്നുവരുന്നത്. എന്നാൽ വൈകാതെ അദ്ദേഹം താളമുപേക്ഷിച്ച് ഗദ്യശൈലി പരീക്ഷിച്ചു. ആ ശൈലി അവസാനംവരെ അദ്ദേഹം പിന്തുടരുകയും ചെയ്തു. വാക്കുകൾ വളരെ കുറച്ചുപയോഗിച്ചുകൊണ്ട് ചെറിയ ചെറിയ കവിതകൾ രചിക്കുക എന്നതാണ് ആറ്റൂരിന്റെ രീതി. ആ അർത്ഥത്തിൽ നോക്കിയാൽ സമീപകാല കവികളുടെ പ്രധാന മാതൃക ആറ്റൂരാണ്. സമകാലികരായ കെ സച്ചിദാനന്ദൻ, കെ ജി എസ് തുടങ്ങിയവരിൽനിന്നും വ്യത്യസ്തമായി കവിതയിലും ജീവിതത്തിലും ഏകാന്ത വ്യക്തിത്വം സൂക്ഷിച്ച കവിയാണ് ആറ്റൂർ. അതിന്റെ പ്രതിഫലനം അദ്ദേഹത്തിന്റെ കവിതയിലും കാണാം.

 തികച്ചും വൈയക്തികമായ ഒരനുഷ്ഠാനം എന്നനിലയിൽ മാത്രം കവിതയെ സമീപിച്ച കവിയാണ് ആറ്റൂർ. എന്നുകരുതി സാമൂഹികമായ ഉത്തരവാദിത്തത്തിൽനിന്നുണ്ടാവുന്ന ഉത്കണ്ഠകളോ ദൈനംദിന ജീവിതത്തിൽ സ്വാഭാവികമായും സംഭവിക്കുന്ന പരിവർത്തനത്തോടുള്ള കൗതുകമോ ആറ്റൂർ കവിതയിൽ ഇല്ലെന്നല്ല. തീർച്ചയായും ആറ്റൂരിന്റെ കവിതകളിൽ ഇത്തരം അനുഭവങ്ങൾ ധാരാളമുണ്ട്. എന്നാൽ ഈ അനുഭവങ്ങളെയെല്ലാം പരിപക്വമായ മനസ്സോടുകൂടി അകന്ന് നിന്ന് കാണുമ്പോളുണ്ടാവുന്ന സൂക്ഷ്മദർശിത്വം ചുരുക്കം വാക്കുകളിൽ അവതരിപ്പിക്കാനാണ് കവി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. അവിടെ പ്രക്ഷുബ്ധതയില്ല, ബഹളങ്ങളില്ല, കോലാഹലങ്ങളില്ല, തികച്ചും ശാന്തമാണ് അന്തരീക്ഷം. തന്റെ ഏറ്റവും അടുത്ത അയൽക്കാരന്റെ ചെവിയിൽ സ്വകാര്യമായി മന്ത്രിക്കുന്ന വിധം സാന്ദ്രമായി ആറ്റൂർ എഴുതി. വാസ്തവത്തിൽ തൊണ്ണൂറുകൾക്കു ശേഷമുണ്ടായ സവിശേഷമായ സാമൂഹിക സാഹചര്യങ്ങളോട് വളരെ ഉത്തരവാദിത്തത്തോടെ പ്രതികരിക്കേണ്ട പുതുകവികൾ ഒരിക്കലും അനുകരിക്കാൻ പാടില്ലാത്ത ശൈലിയായിരുന്നു ആറ്റൂരിന്റേത്. എന്നാൽ അവർ ആറ്റൂരിനെ അനുകരിച്ചു. ഈ പശ്ചാത്തലത്തിലാണ് തൊണ്ണൂറുകളിൽ എഴുതിത്തുടങ്ങിയ ചിലരുടെ കവിതകൾ സമാഹരിച്ച് ‘പുതുമൊഴിവഴികൾ’ എന്ന പേരിൽ ആറ്റൂർ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഈ സമാഹാരത്തിലൂടെ സമീപകാല കവികൾക്ക് ആദ്യമായി അംഗീകാരം നൽകുന്നത് ആറ്റൂരാണ്.

 ഇതൊക്കെയാണെങ്കിലും കാലത്തെ അതിജീവിക്കുന്നത് എന്ന് പറയാൻ മേഘരൂപൻ, സംക്രമണം തുടങ്ങി ഏതാനുംചില കവിതകൾ മാത്രമേ ആറ്റൂരിൽനിന്നും നമുക്ക് ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള കവിതകളെല്ലാം ഇന്ന് വായിക്കുമ്പോൾ വളരെ ലഘുവായ ചില ദൈനംദിനക്കുറിപ്പുകളായി നമുക്ക് തോന്നും. തന്റെ സ്ഥിരം ശൈലിയിൽനിന്ന് അണുവിട മാറാൻ ആറ്റൂർ ശ്രമിച്ചിട്ടേയില്ല. അതുകൊണ്ടുതന്നെ രൂപപരമായി ഒരേ അച്ചിൽ വാർത്തതുപോലുള്ള അനേകം കവിതകൾ അദ്ദേഹം എഴുതി. പലപ്പോഴും ശുദ്ധമായ ഗദ്യം വരികൾ മുറിച്ച് താഴെത്താഴെ എഴുതിയ കവിതകളാണ് ആറ്റൂരിൽനിന്ന് വായനക്കാർക്ക് ലഭിച്ചത്. ആറ്റൂരിന്റെ ‘ഗോപു’ എന്ന കവിത വരികൾ മുറിക്കാതെ നേരെ എഴുതിയാൽ ഇങ്ങനെയായിരിക്കും- “എന്റെ തോഴൻ ഗോപാലകൃഷ്ണപ്പിള്ള പുലർച്ചയ്ക്കു മരിച്ചു. ഞങ്ങൾ ഒരേ പ്രായക്കാർ, ഒപ്പം പണിയെടുത്തവർ, അയൽക്കാർ, ഒരേ സംഘടനയിലുള്ളവർ. താൻ മഹാകേമനെന്നാണ് ഗോപു എപ്പോഴും ഭാവിച്ചിരുന്നത്. ചെണ്ടപോലെ മുഴങ്ങുകയും ഇലത്താളം പോലെ കിലുങ്ങുകയും ചെയ്യും, വഴിയിൽ വെച്ച് കാണുമ്പോൾ. ഇയാൾ ഒറ്റയ്ക്കാകുമ്പോൾ എന്ത് ചെയ്യും. ഞങ്ങൾ പലപ്പോഴും കാണും, ഒപ്പം സദ്യ ഉണ്ണും, ഒരേ വഴിക്ക് നടക്കും. ഇപ്പോൾ ഗോപു മരിച്ചുപോയി. നിലത്ത് കിടത്തിയിരുന്നു. അയാളുടെ മുഖത്ത് മുമ്പില്ലാത്ത ശാന്തി. അയാളുടെ നെറ്റിയിൽ, കവിളുകളിൽ, ചുണ്ടുകളിൽ, കരുണം, തൃപ്തി, മിനുക്കം. അയാളോട് മുമ്പത്തെക്കാൾ ഇഷ്ടം തോന്നി, വിഷാദം തോന്നി എനിക്ക്. ഇറപ്പിലും പിറപ്പിലും മനുഷ്യൻ സുന്ദരൻ”. (263)

 വാസ്തവത്തിൽ ഇതൊരു ഡയറിക്കുറിപ്പാണ്. ഗദ്യത്തിൽ ഡയറിക്കുറിപ്പുകൾക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് നമുക്ക് സമ്മതിക്കാം. എന്നാൽ ഈ ഗദ്യം വരികൾ മുറിച്ച് താഴെത്താഴെ എഴുതിയതുകൊണ്ട് സാഹിതീയമായി എന്തെങ്കിലും പ്രയോജനമുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. ആറ്റൂരിന്റെ ഏതാണ്ടെല്ലാ കവിതകളും ഇതുപോലെ ചില അനുഭവങ്ങളുടെ ദൈനന്ദിനക്കുറിപ്പുകൾ മാത്രമാണ്. അനുഭവക്കുറിപ്പുകൾക്ക് കവിതയാവാൻ പാടില്ല എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. അനുഭവക്കുറിപ്പുകളും കവിതയാവാണമെങ്കിൽ വാക്കുകളിൽ കവി ശ്രദ്ധിക്കണം. ഈ കവിതയിൽ നേരെ ചൊവ്വേ കാര്യം പറയുകയാണ് കവി. അതിൽ വാക്കുകളെ ഒരിടത്തും സംസ്‌കരിച്ചുപയോഗിച്ചിട്ടില്ല. രൂപമെന്തോ ആയിക്കൊള്ളട്ടെ, തെരഞ്ഞെടുക്കുന്ന പദങ്ങളിലാണ് കവി ആദ്യം ശ്രദ്ധിക്കേണ്ടത്. അത്തരത്തിൽ ശ്രദ്ധയോടെ വാക്കുകളുപയോഗിക്കാൻ കഴിയാത്തയാളല്ല ആറ്റൂർ. ‘സംക്രമണ’ത്തിൽ നാമത് കണ്ടതാണ്. എന്നാൽ ആറ്റൂരിന്റെ ഭൂരിഭാഗം കവിതകളും ഇത്തരത്തിൽ വരികൾ മുറിച്ചെഴുതിയ ശുഷ്‌കമായ ഗദ്യമാണ്.

 ഇനി വരികൾ മുറിക്കാതെ ആറ്റൂരെഴുതിയ ഗദ്യവും പരിശോധിക്കാം. ആറ്റൂർ എഴുതിയ ‘ദേശത്തെപ്പറ്റി ഒരുപന്യാസം’ എന്ന ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്-“മഴതുടങ്ങിയാൽ നിൽക്കില്ല. ഊരിനിടയൂടെ പോവുന്ന തോട് നിറയുന്ന ഒരു ദിവസമുണ്ട്. അന്ന് തോടും പാടവുമൊന്നാവും. പിന്നെ അരികെയുള്ള തൊടികളിലേക്ക് കേറും. ഞങ്ങൾക്കൊരു പുഴകിട്ടും. അത് കാണാനൊന്നും ആരും പോവില്ല. പട്ടണത്തിൽ പോയിവന്ന ഞങ്ങളിൽ ചിലർ ഇറങ്ങിനോക്കും”.(175) ഗൃഹാതുരത്വമുണർത്തുന്ന അനുഭവങ്ങളെ ചെറിയ ചെറിയ വാക്കുകൾകൊണ്ട് കവി അവതരിപ്പിക്കുകയാണ്. സമാനമായ നാട്ടനുഭവമാണ് ആറ്റൂർ തന്റെ മിക്ക കവിതകളിലും ഇതുപോലെ അവതരിപ്പിക്കുന്നത്. ‘അടയാളം’ എന്ന കവിതയുടെ തുടക്കം നോക്കുക-

 “പാടത്തിന്റെ നടുക്ക് വലിയ

ആലുണ്ടായിരുന്നു

 കൊമ്പുകൾ പടർന്നു നീണ്ട്

 വയൽപ്പരപ്പിൽ

 ഒരു നാഴിക അകലെനിന്നേ കാണാം

 കന്നുമേയ്ക്കുന്നവൻ അതിൻ കീഴെ

 ദൂരെനിന്നു നോക്കുമ്പോൾ

 ബുദ്ധനാണെന്നു തോന്നും

 അയവിറക്കുന്ന പശുക്കൾ ചുറ്റും

 ആൽ എന്റെ ഊരിലേക്കുള്ള

 വഴി അടയാളം”. (231)

ഈ രണ്ടു രചനകളിലും ആറ്റൂരുപയോഗിക്കുന്നത് സ്വകാര്യ സംഭാഷണത്തിൽ സാധാരണ എല്ലാവരും ഉപയോഗിക്കുന്ന വാക്കുക ളാണ്. ഈ രണ്ടു രചനകളും തമ്മിൽ ഒരു വ്യത്യാസം മാത്രമേയുള്ളൂ. ഒന്ന് വരികൾ മുറിക്കാതെ നേരെയെഴുതിയിരിക്കുന്നു, രണ്ടാമത്തേത് വരികൾ മുറിച്ച് താഴെത്താഴെ എഴുതിയിരിക്കുന്നു. ഈ വ്യത്യാസംകൊണ്ടുമാത്രം ആദ്യത്തേത് ലേഖനവും രണ്ടാമത്തേത് കവിതയുമാവുമോ? അങ്ങനെയെങ്കിൽ നാളിതുവരെ മലയാളത്തിൽ എഴുതപ്പെട്ട ലേഖനങ്ങളെല്ലാം വരികൾ മുറിച്ച് താഴെത്താഴെ എഴുതിയാൽ അവയെല്ലാം കവിതയാവുമല്ലോ.

 അപ്പോൾ വരികൾ മുറിക്കുന്നതിലെ കേവലമായ രൂപഘടനയിലല്ല കവിതയുള്ളത് എന്ന് വ്യക്തം. പകരം ഭാഷയുടെ സൂക്ഷ്മമായ ഉപയോഗത്തിലാണ്. ഭാഷയെ ലാഘവത്തോടെ ഉപയോഗിച്ചു എന്നതാണ് ഒരു കവി എന്ന നിലയിൽ ആറ്റൂരിന്റെ പരിമിതി. ആറ്റൂരിന്റെ ഈ പരിമിതി തിരിച്ചറിയണമെങ്കിൽ അദ്ദേഹത്തിന്റെ സമീപഭൂതകാലത്തെഴുതിയ ഇടശ്ശേരി, വൈലോപ്പിള്ളി, പി കുഞ്ഞിരാമൻ നായർ തുടങ്ങിയവരുടെ കവിതകളുമായി ആറ്റൂർകവിതകൾ താരതമ്മ്യം ചെയ്താൽ മതി.

 എന്നാൽ ഇടശ്ശേരിയെപ്പോലുള്ള കവികളല്ല പകരം, ഉൾക്കാമ്പില്ലാത്ത, കേവല പ്രസ്താവനകൾ മാത്രം കവിതയിൽ കൊണ്ടുവന്ന ആറ്റൂരായിരുന്നു തൊണ്ണൂറുകൾക്കുശേഷം വന്ന കവികളുടെ പ്രധാന മാതൃക. അതിനാൻ പുതുകവികളുടെ കവിതകളും കേവല പ്രസ്താവനകൾ മാത്രമായി മാറി. ആ പാരമ്പര്യമാണ് അവർ കാൽനൂറ്റാണ്ടു കഴിഞ്ഞിട്ടും പിന്തുടരുന്നത്. ഇതാണ് സമീപകാല കവിതയുടെ വലിയ ദുരന്തം. ആറ്റൂരിന്റെ ശൈലി അതുപോലെ അനുകരിച്ച കവികൾക്കാവട്ടെ ആർക്കുംതന്നെ സ്വന്തമായ പദവിന്യാസക്രമം രൂപപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നുമോർക്കണം. അങ്ങനെ നോക്കുമ്പോൾ പുതു കവികളെ സർഗ്ഗാത്മകമായി വഴിതെറ്റിച്ചതിൽ പ്രധാനി ആറ്റൂരാണന്ന് നിശ്ചയമായും പറയാം.

 ഉദ്ധരിച്ച കൃതി 1. രവിവർമ്മ ആറ്റൂർ (2012) ആറ്റൂർ കവിതകൾ, ഡി സി ബുക്‌സ്, കോട്ടയം